സെബാസ്റ്റ്യൻ പോളിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അഭിഭാഷകൻ; ഹൈക്കോടതിയിലെ മാധ്യമ വിലക്ക് പുതിയ മാനങ്ങളിലേയ്ക്ക്

ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ഡോ. കെ പി പ്രദീപാണ് കോടതിയലക്ഷ്യക്കേസിന് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്

സെബാസ്റ്റ്യൻ പോളിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അഭിഭാഷകൻ; ഹൈക്കോടതിയിലെ മാധ്യമ വിലക്ക് പുതിയ മാനങ്ങളിലേയ്ക്ക്

രണ്ടുമാസമായി കേരളത്തിൽ ഹൈക്കോടതിയും മറ്റുകോടതികളും രഹസ്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ലാത്ത കോടതി സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്നും പരാമർശമുള്ള ലേഖനം മാതൃഭൂമിയിലെഴുതിയ ഡോ. സെബാസ്റ്റ്യൻ പോളിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അഭിഭാഷകന്റെ ഹർജി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ഡോ. കെ പി പ്രദീപാണ് കോടതിയലക്ഷ്യക്കേസിന് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. മാധ്യമപ്രവർത്തകർ കോടതികളിലേയ്ക്കു പോകണം

എന്ന തലക്കെട്ടിൽ കഴിഞ്ഞ സെപ്തംബർ 19നാണ് സെബാസ്റ്റ്യൻ പോളിന്റെ ലേഖനം മാതൃഭൂമി പ്രസിദ്ധീകരിച്ചത്.

ലേഖനത്തിലെ പരാമർശങ്ങൾ കോടതികളെ പൊതുജനങ്ങൾക്കിടയിൽ ബോധപൂർവം അപമാനിക്കുന്നതാണെന്ന് അപേക്ഷയിൽ പറയുന്നു. അഭിഭാഷകനായി സന്നദെടുത്ത വ്യക്തിയാണ് അഭിഭാഷകരെയും കോടതികളെയും ആക്ഷേപിച്ച് ലേഖനമെഴുതിയതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.

ജഡ്ജിമാർ മുൻകൈയെടുത്ത് രൂപവത്‌കരിച്ച മീഡിയ റിലേഷൻസ് സമിതിക്കോ അഡ്വക്കറ്റ് ജനറൽ അധ്യക്ഷനായി രൂപവത്‌കൃതമായ ഉന്നതാധികാര സമിതിക്കോ പ്രശ്നത്തിന് പരിഹാരംകണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ശുഭപ്രതീക്ഷയോടെ എത്തിയ ആക്ടിങ് ചീഫ് ജസ്റ്റിസ് ശാന്തന ഗൗഡർക്കും ഗുണപരമായി ഒന്നും ചെയ്യാനായിട്ടില്ലെന്നും ലേഖനത്തിൽ പരാമർശമുണ്ട്.

കേരള ഹൈക്കോടതിയിലെ അപ്രഖ്യാപിത മാധ്യമവിലക്കിനെ അതിരൂക്ഷമായാണ് സെബാസ്റ്റ്യൻ പോൾ മാതൃഭൂമി ലേഖനത്തിൽ വിമർശിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ലാത്ത കോടതി സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്നും സംശയത്തിന്റെ നിഴലിൽ പ്രവർത്തിക്കുന്ന കോടതിയെ ജനാധിപത്യത്തിലെ കോടതിയെന്ന്‌ വിളിക്കാനാവില്ലെന്നും ലേഖനം തുറന്നടിക്കുന്നു. സുതാര്യതയുടെ അഭാവത്തിൽ സത്യസന്ധത സംശയാസ്പദമാകുമെന്നും പൊതുതാത്പര്യത്തിന്‌ വിരുദ്ധമായ ഒത്തുതീർപ്പുകൾക്കും ഒത്തുകളികൾക്കും സാധ്യത വർധിക്കുമെന്നും ഡോ. സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടുന്നു.

സൗമ്യ കേസിലെ സുപ്രിംകോടതി വിധി തൽക്ഷണം റിപ്പോർട്ടു ചെയ്ത മാധ്യമങ്ങൾക്ക് അബദ്ധം സംഭവിച്ചത് മാധ്യമപ്രവർത്തകർ അഭിഭാഷകരെ വിശ്വസിച്ചതുകൊണ്ടാണ്. അഭിഭാഷകരെ ആശ്രയിക്കരുതെന്നതാണ് കോർട്ട് റിപ്പോർട്ടിങ്ങിലെ ആദ്യപാഠമെന്ന പരിഹാസവും ലേഖനത്തിലുണ്ട്.

"പതിനായിരം വാക്കുകളിൽ പരത്തിയെഴുതുന്നതിനെ ബ്രീഫ് എന്നുവിളിക്കുന്നവരാണ് അഭിഭാഷകർ. ഏഴുദിവസത്തെ പ്രപഞ്ചസൃഷ്ടിയെ കേവലം 700 വാക്കിലൊതുക്കുന്ന കലയാണ് മാധ്യമപ്രവർത്തനം. റിപ്പോർട്ടർമാരുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള അഭിഭാഷകരുടെ നീക്കം അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ സന്നത് എടുത്തുള്ളതല്ല മാധ്യമപ്രവർത്തനം. അഭിഭാഷകർക്ക് ബാർ കൗൺസിൽ എന്നതുപോലെ മാധ്യമപ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിക്ക് സംവിധാനമില്ല. സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും പ്രഥമദൃഷ്ട്യാ മനസ്സിലാക്കാൻ പ്രയാസമുള്ളതുമായ കാര്യങ്ങളാണിവ. മാധ്യമപ്രവർത്തനത്തിലെ മികവിന് അക്കാദമിക് യോഗ്യത നിർബന്ധമല്ല. അതേസമയം, അഭിഭാഷകരേക്കാൾ മുന്തിയ അക്കാദമിക് യോഗ്യതയുള്ളവരാണ് മാധ്യമപ്രവർത്തകരിൽ ഭൂരിഭാഗവും" - ഇങ്ങനെ പോകുന്നു സെബാസ്റ്റ്യൻ പോളിന്റെ വിമർശനം.

മാധ്യമങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം വിട്ടുവീഴ്ചകൾക്ക് വിധേയമല്ലെന്ന് ലേഖനം വാദിക്കുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പോലെത്തന്നെ പരമമായ പ്രാധാന്യമുള്ളതാണ് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം. സ്പീക്കർ ശ്രീരാമകൃഷ്ണൻ ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ കോടതിയുടെ ഉടമസ്ഥർ അഭിഭാഷകരല്ല. കോടതിമുറികൾ അവരുടെ നിയന്ത്രണത്തിലല്ല. ജഡ്ജിമാരുടെ ചേംബറുകളിലേക്കും സ്റ്റെനോപൂളിലേക്കും മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആരുടെയും പ്രവേശനം തടയുന്നതിന് അഭിഭാഷകർക്ക് അധികാരമില്ല. മീഡിയറൂം തുറക്കുന്നതിന് അഭിഭാഷകരുടെ സമ്മതം വേണ്ട എന്നാണ് ലേഖനം അവസാനിക്കുന്നത്.

Read More >>