ആ ഉമ്മ, ആനന്ദത്തെ കുറിച്ച്...

വിനീത് ശ്രീനിവാസന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ ആനന്ദം സിനിമയ്‌ക്കൊപ്പം നാല്‍പ്പതു ദിവസം നീണ്ട യാത്രയില്‍ ഒരു ഉമ്മയുണ്ടായിരുന്നു. ആ ഉമ്മ, തികച്ചും വൈകാരികമായി ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതി. ആനന്ദം സിനിമയുടെ ഫീല്‍ എന്തെന്ന് തൊട്ടറിഞ്ഞ ആ വാക്കുകകളിലൂടെ...

ആ ഉമ്മ, ആനന്ദത്തെ കുറിച്ച്...

ഒരൂസം അന്നക്കിളി ഫോണില്‍ വിളിച്ചു പറഞ്ഞു... ഉമ്മാ എന്നെ സില്‍മേലെടുത്തിട്ടുണ്ട് കേട്ടോ... ഒരു യാത്രയുടെ കഥ പറയുന്ന സിനിമയാണ്.. ഉമ്മായും എന്റെ കൂടെ ഉണ്ടാവണം... നമുക്കൊത്തിരി സ്ഥലങ്ങളൊക്കെ കാണാം...

എനിക്ക് ദേഷ്യം വന്നു.; ഈ സമയത്തോ... ? ഞാനെങ്ങും വരുന്നില്ല...

എന്നു പറഞ്ഞാ, ചര്‍ച്ചയും വാഗ്വാദങ്ങളും ദിവസേനയുള്ള ഫേസ്ബുക്ക് പോസ്റ്റുമൊന്നുമില്ലാത്തിടത്തേക്ക് അതും രാഷ്ട്രീയം അതിന്റെ സര്‍വ്വവിധ സന്നാഹങ്ങളോടും കൂടി കേരളത്തില്‍ വ്യാപിച്ചിരുന്ന ഇലക്ഷന്‍ സമയത്ത് ഇവിടന്ന് വിട്ട് നില്‍ക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കാണേലും സങ്കടോം ദേഷ്യോം ഒക്കെ വരത്തില്ലേ..? അതും വോട്ട് പോലും രേഖപ്പെടുത്താന്‍ കഴിയാതെ പോവുന്നത്രയും ദൂരെ ദൂരെ.. കാര്യം മകളൊരു സിനിമയിലൊക്കെ അഭിനയിക്കുന്നത് ആനന്ദം പകരുന്നുണ്ടെങ്കിലും. ഇതെനിക്ക് സഹിക്കാനായില്ല..

എനിക്ക് ശരിക്കും സങ്കടമായിരുന്നു... കണ്ണിങ്ങനെ നിറഞ്ഞ് നിറഞ്ഞ് വന്നു... പക്ഷേ അവളാദ്യായി സിനിമയിലഭിനയിക്കുമ്പോ കൂടെ നില്‍ക്കാതെങ്ങനാ...?

[caption id="attachment_51733" align="alignright" width="296"]lali 4 ലാലി കുഞ്ഞ് അനാര്‍ക്കലിയുമായി[/caption]

വായിക്കാന്‍ കുറച്ചു പുസ്തകങ്ങളൊക്കെ എടുത്ത് മനസ്സില്ലാ മനസ്സോടെ അങ്ങ് പോയി.. ഞാനാണെങ്കീ വീടുമായി അത്രയേറേ അറ്റാച്ച്ഡ് ആയൊരു ആളാണ്. എന്റെ പച്ചക്കറികള്‍... പൂച്ച... ഇതൊക്കെ എന്റെ പ്രധാന താല്പര്യങ്ങളും. അതാ ഏറ്റവും വലിയ പ്രശ്‌നം..

ബോറടിക്കുമെന്നും പോസ്റ്റാകുമെന്നുമൊക്കെ ചിന്തിച്ച് നിരാശപ്പെട്ട് അങ്ങനെ സിനിമാ ഷൂട്ടിംഗ് സെറ്റില്‍ ചെന്നു. ഷൂട്ടിംഗ് എന്ന് കേള്‍ക്കുമ്പഴേ എന്റെ മനസ്സിലുണ്ടായിരുന്നത് 'DIRECTOR' എന്നെഴുതിയ ഒരു കസേരയാണ്.. അവിടെ അദ്ദേഹം മാത്രേ ഇരിക്കൂ.. ബാക്കിയുള്ളവരൊക്കെ അദ്ദേഹത്തിന്റെ മുന്നില്‍ ഓഛാനിച്ച് നില്‍ക്കും... ഹൈറാര്‍ക്കിയുടെ ഏറ്റവും മുകളില്‍ അദ്ദേഹമങ്ങനെ ഇരിക്കും.

ആനന്ദം എന്റെ ഇത്തരം ചിന്തകളെയൊക്കെ ദൂരെയെറിഞ്ഞു; നമ്മളീ സിനിമക്കാരെക്കുറിച്ച് കരുതുമ്പോലെയൊന്നുമല്ല.. ആകപ്പാടെ ഒരു സൗഹൃദ സമ്മേളനം. എല്ലാവര്‍ക്കും ആനന്ദം, സ്‌നേഹം. ഈ സംവിധായകന്‍, ക്യാമറാമാന്‍ പിന്നെ മുഖ്യ താരങ്ങള്‍ സഹനടന്മാര്‍ അങ്ങനെ പ്രാധാന്യത്തില്‍ മുകളില്‍ നിന്ന് താഴോട്ട് വരുന്ന ഒരു രീതിയൊന്നുമില്ല.. എല്ലാവരും തുല്യര്‍.. അവനവന്റെ പണിചെയ്യുന്നു

ഞാനും പിന്നെ അവരിലൊരാളായി. അന്താക്ഷരിയും ഡംഷെറാബ്‌സും പിന്നെ പേരിട്ടിട്ടില്ലാത്ത അനേകം കളികളുമൊക്കെയായി അങ്ങനെ ഷൂട്ടിംഗ് ദിനങ്ങളെ ആസ്വദിച്ചു..

aananam 1
എന്താ ചോദിച്ചേ..? രാഷ്ട്രീയമോ..? ഹേയ്.. അതില്ലാതെ എനിക്കെന്ത് ആഘോഷം.. ആനന്ദം.! അവിടെ എനിക്ക് രാഷ്ട്രീയം പറയാന്‍ ഒത്തിരിപേരെ കിട്ടി.. പ്രൊഡക്ഷനിലെ എല്ലാവരും എന്നെപ്പോലെ തന്നെ വോട്ട് ചെയ്യാന്‍ പോലും കഴിയാത്ത വിഷമത്തിലായിരുന്നു. പിന്നെ അവരൊടൊക്കെ സംവദിച്ചും തര്‍ക്കിച്ചും ഞാനെന്റെ സ്വത്വം വീണ്ടെടുക്കുക തന്നെ ചെയ്തു- ഹും എന്നോടാ കളി...

[caption id="attachment_51740" align="alignleft" width="279"]anarkkal
അനാര്‍ക്കലി[/caption]

ഞാനിങ്ങനെ വായിച്ച പുസ്തകങ്ങളെപ്പറ്റിയൊക്കെ പറയുമ്പോ നിശ്ശബ്ദരായി കേട്ടിരുന്നും രാഷ്ട്രീയം പറയുമ്പോ തര്‍ക്കിച്ചും അനുകൂലിച്ചും കൂടെ നിന്നും റ്റീമായി കളിക്കുമ്പോ ഉമ്മച്ചി ഞങ്ങടെ റ്റീമിലെന്നാര്‍ത്തു വിളിച്ചും അവരെന്നെ ചേര്‍ത്തു നിര്‍ത്തി. ഞങ്ങളൊന്നിച്ച് പാറക്കെട്ടുകളുടെ മുകളില്‍ വലിഞ്ഞ് കയറി. ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചു. വെളുപ്പിനെഴുന്നേറ്റ് ആരുടെയെങ്കിലും കൂടെ നടക്കാന്‍ പോയി. സെറ്റിലെ ഏറ്റവും പ്രായം കൂടിയയാള്‍ ഞാനായിരുന്നു. ബാക്കിയുള്ളവരെല്ലാം മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍. നമ്മള്‍ ന്യൂജനറേഷനെന്നു പുച്ഛിക്കുന്നവര്‍. ഒരു സത്യം പറയട്ടെ- അവരെത്ര അരാഷ്ട്രീയരെന്ന് മറ്റുള്ളവര്‍ പറഞ്ഞാലും ഇത്രയേറെ ടീം സ്പിരിറ്റും സ്‌നേഹവും സൗഹൃദവും കാത്തു സൂക്ഷിക്കുന്നവര്‍ ന്യൂജനറേഷനെപ്പോലെ മറ്റാരുമില്ല. അവര്‍ക്ക് വലിപ്പച്ചെറുപ്പങ്ങളില്ല... അത്രയേറേ സര്‍ഗ്ഗാത്മകരും.

എന്തായാലും ഷൂട്ടിംഗ് ജീവിതം വിജയകരമായി പൂര്‍ത്തിയാക്കി. നാല്‍പ്പത് ദിവസത്തോളം വീട്ടില്‍ നിന്ന് മാറിനില്‍ക്കുക എന്ന ശ്രമകരമായ സംഗതിയെ ഒരു മൂന്നു മണിക്കൂര്‍ സിനിമ കാണുന്നത്രയും ആസ്വാദ്യകരമാക്കിത്തന്നത് ആനന്ദം ടീമാണ്- നന്ദി ... ആനന്ദത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും.

ജീവിതത്തിലെപ്പോഴെങ്കിലും പോകുമോ എന്ന് തീര്‍ച്ചയില്ലാത്ത ഹംപിയെന്ന പുരാതന ശിലാനഗരത്തിന്റെ മുക്കും മൂലയും പരിചയപ്പെടുത്തിത്തന്നതിന്... വിദേശാധിപത്യത്തിന്റെ നശിക്കാത്ത ചുവരെഴുത്തുകളെ അനുഭവവേദ്യമാക്കിത്തന്നതിന്... മഴയുടെ വേഷപ്പകര്‍ച്ചകള്‍ അത്രയും പകര്‍ന്നാടിയ ഗോവന്‍ മണ്‍സൂണ്‍ ദിനങ്ങള്‍ക്ക്...
രുചികരമായ ഭക്ഷണത്തിന്...
സുഖകരമായ യാത്രക്ക്............
സര്‍വ്വോപരി ഗോസിപ്പുകളിലെ പ്രധാന കഥാപാത്രമായ താരമാതാവെന്ന പരിവേഷത്തില്‍ നിന്നും എല്ലാവരുടെയും ഉമ്മച്ചിയെന്ന സുഖമുള്ള അവസ്ഥ നല്‍കിയതിന്; എന്താ...? സിനിമ എങ്ങനെയുണ്ടെന്നോ...? അതു കണ്ടാലല്ലേ പറയാന്‍ പറ്റൂ...

( എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ലാലി. വിനീത് ശ്രീനിവാസന്റെ ആദ്യ നിര്‍മ്മാണ സംരഭമായ ആനന്ദം സിനിമയില്‍ ലാലിയുടെ ഇളയ മകള്‍ അനാര്‍ക്കലി (അന്നക്കിളി), ദര്‍ശന എന്ന കഥാപാത്രത്തിലൂടെ സിനിമയിലേയ്‌ക്കെത്തുകയാണ്)