കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു

വിവധ വിഷയങ്ങളില്‍ കുറ്റവിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി എം.പിമാര്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ശുപാര്‍ശക്കനുസൃതമായി അമീര്‍ ഉത്തരവ് ഇറക്കിയതെന്ന് കരുതുന്നു .

കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു

കുവൈത്ത് : സര്‍ക്കാരും പാര്‍ലിമെന്റ് അംഗങ്ങളും തമ്മില്‍ മാസങ്ങളായി നിലനിക്കുന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കുവൈത്ത് പാര്‍ലിമെന്റ് പിരിച്ചുവിടുവാനുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അംഗീകാരം നല്‍കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബയാന്‍ പാലസില്‍ ചേര്‍ന്ന അസാധാരണമായ കാബിനറ്റ് യോഗത്തിലാണ് ഭരണഘടനയുടെ 107 വകുപ്പ് അനുസരിച്ച് പാര്‍ലിമെന്റ് പിരിച്ചുവിടുവാനുള്ള ശുപാര്‍ശ അമീറിന് കൈമാറുവാന്‍ തീരുമാനിച്ചതെന്ന് പാര്‍ലിമെന്റ് കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള അല്‍ മുബാറക് അല്‍ സബ അറിയിച്ചു.


വിവധ വിഷയങ്ങളില്‍ കുറ്റവിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി എം.പിമാര്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ശുപാര്‍ശക്കനുസൃതമായി അമീര്‍ ഉത്തരവ് ഇറക്കിയതെന്ന് കരുതുന്നു . പാര്‍ലിമെന്റിനെ വിശ്വാസത്തിലെടുക്കാതെ മന്ത്രിസഭയുടെ തീരുമാനപ്രകാരം അടുത്തിടെയായി വര്‍ദ്ധിപ്പിച്ച ഇന്ധനവിലയില്‍ എം.പിമാര്‍ കടുത്ത അസംതൃപ്തരായിരുന്നു. എണ്ണ മന്ത്രാലയത്തിലെ കെടുകാര്യസ്ഥതയും സ്വദേശികള്‍ക്ക് എണ്ണ വര്‍ദ്ധനവ് മൂലം വന്ന ഭാരിച്ച ജീവിത ചിലവും ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു എംപിമാര്‍.

പാര്‍ലിമെന്റ് പിരിച്ചുവിട്ട സാഹചര്യത്തില്‍ ഭരണഘടന പ്രകാരം രണ്ടു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം. അഞ്ചു മണ്ഡലങ്ങളില്‍നിന്നായി 50 പാര്‍ലമെന്റ് അംഗങ്ങളെയാണ് പൊതുതെരഞ്ഞെടുപ്പിലൂടെ കണ്ടത്തെുക. ഓരോ മണ്ഡലത്തില്‍നിന്നും കൂടുതല്‍ വോട്ടുനേടിയ ആദ്യത്തെ പത്തുപേര്‍ തെരഞ്ഞെടുക്കപ്പെടും. അതിനിടെ കഴിഞ്ഞ തിരഞ്ഞടുപ്പുകള്‍ ബഹിഷ്‌കരിച്ച വിവിധ പ്രതിപക്ഷ-ഇസ്ലാമിസ്റ്റ് കക്ഷികള്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.