വഴിമുട്ടി കുഞ്ഞാമിന വധക്കേസ് അന്വേഷണം; വ്യക്തമായ സൂചന കിട്ടിയിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പോലീസ്

കണ്ണൂര്‍ ഇരിക്കൂറില്‍ കുഞ്ഞാമിനയെന്ന അറുപത്തിയാറുകാരിയെ അരും കൊല ചെയ്തിട്ട് 150 ദിവസം പിന്നിട്ടിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. പ്രതികളുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

വഴിമുട്ടി കുഞ്ഞാമിന വധക്കേസ് അന്വേഷണം; വ്യക്തമായ സൂചന കിട്ടിയിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ  പോലീസ്

കണ്ണൂര്‍ ഇരിക്കൂറില്‍ കുഞ്ഞാമിനയെന്ന അറുപത്തിയാറുകാരിയെ അരുംകൊല ചെയ്തിട്ട് 150 ദിവസം പിന്നിട്ടിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. പ്രതികളുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. നാലു സംസ്ഥാനങ്ങളില്‍ ഇരിട്ടി ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്നാണ് പ്രാഥമിക നിഗമനം. മോഷണം നടത്താനായിരുന്നു കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുമ്പോഴും സാഹചര്യത്തെളിവുകള്‍ പരിഗണിക്കുമ്പോള്‍ മറ്റ് ചില സംശയങ്ങളും ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്.


സംശയമുന നീളുന്നതെങ്ങോട്ട്

ഏപ്രില്‍ 30ന് വൈകീട്ട് ആറു മണിക്കാണ് ഇരിക്കൂര്‍ സിദ്ദിഖ് നഗറില്‍ പരേതനായ നെട്ടൂര്‍ മൊയ്തീന്റെ ഭാര്യ കുഞ്ഞാമിനെയെ സ്വന്തം ക്വാര്‍ട്ടേഴ്സില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ടു സ്ത്രീകളും ഒരു പുരുഷനുമടക്കമുള്ളവരെ കാണാതായാതാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചത്. ബംഗളൂരു സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇല്ല്യാസും ഉമ്മയെന്നും സഹോദരിയുമെന്നും പരിചയപ്പെടുത്തിയ മറ്റു രണ്ടു പേരുമാണ് ഇവിടെ താമസത്തിനെത്തിയത്. ഇവര്‍ക്ക്  താമസത്തിന് മുറി നല്‍കുമ്പോള്‍ മേല്‍വിലാസമോ മറ്റ് രേഖകളോ വാങ്ങിയിരുന്നില്ല. ഏറെ അടുപ്പത്തില്‍ പെരുമാറിയിരുന്ന മൂന്നംഗസംഘം കുഞ്ഞാമിനയ്ക്ക് സ്വന്തം കുടുംബത്തെ പോലെയായിരുന്നെന്ന് മകന്‍ ഉമ്മര്‍ പറയുന്നു.

സംഭവസമയം മകന്‍ ഉമ്മര്‍ പുറത്ത് പോയതായിരുന്നു. തിരിച്ചു വന്നപ്പോള്‍ വിളിച്ചിട്ടും ഉമ്മ വിളി കേട്ടില്ലെന്ന് ഉമ്മര്‍ പറയുന്നു. ബാത്ത്റൂമില്‍ വെള്ളം പോകുന്ന ശബ്ദം കേട്ടപ്പോള്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് കുഞ്ഞാമിനയെ കേസരയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു കുഞ്ഞാമിന. വായില്‍ പ്ലാസ്റ്റര്‍ ഓട്ടിച്ചിരുന്നു. കുഞ്ഞാമിനയുടെ പത്തു പവന്‍ സ്വര്‍ണ്ണാഭരണവും   കാണാതായിട്ടുണ്ട്. ബംഗളൂരുവിലേക്ക് പോകുമെന്ന് ഇല്ല്യാസ് അന്നു രാവിലെ പറഞ്ഞിരുന്നെന്നും ഉമ്മര്‍ ഓര്‍ത്തെടുക്കുന്നു. മുന്നംഗസംഘം ഇംഗ്ലീഷ് ,മലയാളം ,അറബി, തമിഴ് തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നെന്നും ഉമ്മര്‍ പറയുന്നു.

ഈ കേസ് അന്വേഷണത്തിനു  വേണ്ടി കുടുംബം മുട്ടാത്ത വാതിലുകള്‍ ഇല്ല. പോലീസ് അന്വേഷണം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലാണ്. മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ നേതാക്കളെ പോയി കണ്ട് നിവേദനം സമര്‍പ്പിച്ചിട്ടും യാതൊരു പ്രയോജനവും ലഭിച്ചില്ലെന്നും ഉമ്മര്‍ പറയുന്നു.

കൂര്‍ത്ത ആയുധം കൊണ്ടുള്ള 19 കുത്തുകളാണ് കുഞ്ഞാമിനയുടെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിലും നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. അതേസമയം, കുഞ്ഞാമിനയുടെ മരണ കാരണം കവര്‍ച്ചക്കിടെ കരളിനേറ്റ കുത്താണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ക

മോഷണത്തിനായി മാത്രം ഇവര്‍ കുഞ്ഞാമിനയെ ക്രൂരമായി കൊല ചെയ്യുമെന്ന് ബന്ധുക്കള്‍ കരുതുന്നില്ല. മറ്റ് കാരണങ്ങളുണ്ടാകാമെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ പൊലീസിനും വ്യക്തമായ വിശദീകരണം നല്‍കാനാകുന്നില്ല. മൂന്നംഗസംഘം ഇരിക്കൂറിലോ പരിസരങ്ങളിലോ 50 ലക്ഷം രൂപക്ക് കിട്ടാവുന്ന വീടിനെകുറിച്ച് അന്വേഷിച്ചതായി സൂചന ലഭിച്ചിരുന്നു. ഇരിക്കൂറിലെ ഒരു ഡോക്ടറുമായി ഇവര്‍ ബന്ധപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബംഗളൂരുവില്‍ 10 കോടി രൂപയുടെ സ്ഥലം വില്‍പന നടത്തിയിട്ടുണ്ടെന്നും ഈ പണം പിന്‍വലിക്കാന്‍ ഡോക്ടറുടെ അക്കൗണ്ട് സേവനം ലഭ്യമാക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.  പ്രതികള്‍ ഒരിടത്തും സ്ഥിരമായി താമസിക്കാത്തവരാണെന്നാണ് പൊലീസ് നിഗമനം.

തുമ്പ് കിട്ടാതെ അന്വേഷണ സംഘം

കൊലപാതകത്തിന് ശേഷം കുഞ്ഞാമിനയുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന മൂന്ന് പേരും ഇരിക്കൂറില്‍ നിന്ന് ഓട്ടോ പിടിച്ച് മട്ടന്നൂര്‍ ബസ് സ്റ്റാന്‍ില്‍ എത്തിയിരുന്നതായി ഇരിക്കൂര്‍ ബസ് സ്റ്റാന്‍ഡിലെ സിസി ടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

[caption id="attachment_48954" align="alignright" width="253"]WhatsApp Image 2016-10-07 at 7.39.26 PM കൊല്ലപ്പെട്ട കുഞ്ഞാമിന[/caption]

മട്ടന്നൂരില്‍ നിന്ന് ബസില്‍ കയറി ഇവര്‍ സംസ്ഥാനം വിട്ടതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.  അന്വേഷണത്തിന്റെ ഭാഗമായി ആന്ധ്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തിയിരുന്നു.

തമിഴ്‌നാട്ടിലെ കാഞ്ചിപുരം, ഗുജറാത്തിലെ സൂറത്ത്, രാജസ്ഥാനിലെ അജ്മീര്‍ മഹാരാഷ്ട്രയിലെ റായ്ഗഢ് തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. സംഭവദിവസം രാത്രി ഇവരെ മട്ടന്നൂരില്‍ കൊണ്ടിറക്കിയ ഓട്ടോ ഡ്രൈവറില്‍നിന്ന് ലഭിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അത് ഗൂഡല്ലൂരില്‍ അവര്‍ താമസിച്ച സമയത്ത് അവിടെയുള്ള ഒരാളില്‍നിന്ന് സംഘടിപ്പിച്ചതാണെന്ന് പോലീസിന് വ്യക്തമായി. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈലിലെ സിം കാര്‍ഡ് മുൻപ് താമസിച്ചിരുന്ന ഗുണ്ടല്‍പേട്ട ചാമരാജ് നഗറിലെ അയല്‍വാസിയായ യുവതിയുടെതാണ്. സമീപവാസികളുമായി നല്ല ബന്ധമുണ്ടാക്കി അവരുടെ ഐ.ഡി കാര്‍ഡ് ഉപയോഗിച്ചാണ് മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകളും മറ്റും സംഘടിപ്പിക്കാറുള്ളതെന്നും പോലീസ് പറയുന്നു. വ്യാജ പാന്‍കാര്‍ഡുകളും സംഘം ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഒരു സ്ഥലത്ത് കവര്‍ച്ച നടത്തിയാല്‍ ഫോണും സിംകാര്‍ഡും മറ്റും ഉപേക്ഷിക്കും. അതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസകരമാണെന്ന നിലപാടിലാണ് പോലീസ്.

മൂന്നംഗസംഘത്തിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ എറണാകുളത്തും അന്വേഷണം നടത്തിയിരുന്നു. പ്രതികളായ രണ്ടു സ്ത്രീകളെയും യുവാവിനെയും കണ്ടതായി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെതുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ അന്വേഷണത്തില്‍ കണ്ടെത്തിയവര്‍ ഇവരോട് രൂപസാദൃശ്യമുള്ളവര്‍ മാത്രമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും  വളരെ കുറച്ചു നാളുകളെ അവര്‍ ഇരിക്കൂരില്‍ താമസിച്ചിരുന്നുവെന്നുളളതു കൊണ്ട് സമീപവാസികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഇരിക്കൂര്‍ എസ്‌ഐ നാരാദാ ന്യൂസിനോട് പറഞ്ഞു. കുഞ്ഞാമിനയുടെ വീട്ടില്‍ വാടയക്ക് താമസിച്ചിരുന്നുവെങ്കിലും കുഞ്ഞാമിനയുടെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഇവരുമായി ബന്ധപ്പെട്ട യാതോരു വിവരങ്ങളും അറിഞ്ഞു കൂടാ.  ഹൈദരാബാദില്‍ പ്രതികള്‍ക്കെതിരെ സമാനമായ കേസ് നിലവില്‍ ഉണ്ട് ചീറ്റിംഗ് കേസുകളും ഇവര്‍ക്കെതിരെ നിലവില്‍ ഉണ്ട്.  ഇരിക്കൂര്‍ എസ്‌ഐ പറയുന്നു. ഇരിട്ടി ഡിവൈ.എസ്.പി. സുദര്‍ശന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും അന്വേഷണസംഘത്തിലുണ്ട്.

അന്വേഷണം വഴി മുട്ടിയതില്‍ പ്രതിഷേധിച്ച് ജസ്റ്റീസ് ഫോർ കുഞ്ഞാമിന എന്ന ഒരു പ്രതിഷേധ കൂട്ടായ്മയ്ക്ക് നാട്ടുകാർ രൂപം കൊടുത്തു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട കളക്ട്രേറ്റിനു മുൻപിൽ ഈ സമിതിയുടെ നേതൃത്യത്തിൽ സത്യാഗ്രഹമുള്‍പ്പെടെയുള്ള സമര പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നുണ്ടെന്ന് കോർഡിനേറ്റർ മുനീർ കുന്നത്ത് അറിയിച്ചു.

Read More >>