പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിന് ആശുപത്രിയില്‍ ദുരൂഹമരണം; പെറ്റികേസിന്റെ പേരില്‍ പൊലീസ് അറസ്റ്റ് നടത്തിയത് അര്‍ദ്ധരാത്രി

മദ്യപിച്ച് സ്‌കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനുള്ള പെറ്റിക്കേസിന്റെ പേരിലാണ് ഒക്ടോബര്‍ 22 ശനിയാഴ്ച വെളുപ്പിന് 1 മണിക്ക് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞുമോനും പ്രായമായ അമ്മ ചെല്ലമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിഴയടയ്ക്കാനുള്ള തുകയുമായി രാവിലെ സ്റ്റേഷനില്‍ ഹാജരായ്‌ക്കൊള്ളാമെന്നറിയിച്ചെങ്കിലും പോലീസ് കുഞ്ഞുമോനെ അപ്പോൾത്തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിന് ആശുപത്രിയില്‍ ദുരൂഹമരണം; പെറ്റികേസിന്റെ പേരില്‍ പൊലീസ് അറസ്റ്റ് നടത്തിയത് അര്‍ദ്ധരാത്രി

പോലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് യുവാവ് ആശുപത്രിയില്‍ വച്ചു മരിച്ചു. പെറ്റിക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം പെരിനാട് തൊണ്ടിറക്ക് മുക്കിനു സമീപം ചേറ്റുകടവ് ചരുവില്‍ പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്‍ എന്ന 39 കാരനാണ് ദുരൂഹ സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.

മദ്യപിച്ച് സ്‌കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനുള്ള പെറ്റിക്കേസിന്റെ പേരിലാണ് ഒക്ടോബര്‍ 22 ശനിയാഴ്ച വെളുപ്പിന് 1 മണിക്ക് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞുമോനും പ്രായമായ അമ്മ ചെല്ലമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിഴയടയ്ക്കാനുള്ള തുകയുമായി രാവിലെ സ്റ്റേഷനില്‍ ഹാജരായ്‌ക്കൊള്ളാമെന്നറിയിച്ചെങ്കിലും പോലീസ് കുഞ്ഞുമോനെ അപ്പോൾത്തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിഴയടക്കാൻ ചെല്ലമ്മ പിറ്റേന്ന് രാവിലെ പോലീസ് സ്‌റ്റേഷനിലെത്തി. തുക കുഞ്ഞുമോനെ ഏല്‍പ്പിച്ചു മടങ്ങി. എന്നാല്‍ 10 മണിയോടെ സ്‌റ്റേഷനില്‍ ചെല്ലണമെന്നാവശ്യപ്പെട്ട് ചെല്ലമ്മയ്ക്ക് ഫോണ്‍ വന്നു. ബന്ധുവായ സ്ത്രീക്കൊപ്പം ചെല്ലമ്മ സ്റ്റേഷനിലെത്തി. കുഞ്ഞുമോന് സുഖമില്ലെന്നും ആശുപത്രിയിലെത്തിക്കണമെന്നും പോലീസുകാര്‍ പറഞ്ഞു. തുടര്‍ന്ന് താലൂക്കാശുപത്രിയിലെത്തിച്ച കുഞ്ഞുമോനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞുമോനെ പിന്നീട് മെഡിക്കല്‍ കോളേജിലേക്കയക്കുകയായിരുന്നു. കുഞ്ഞുമോനെ അശുപത്രിയില്‍ കൊണ്ടു പോകാനായി ആംബുലന്‍സ് വിളിച്ചുനല്‍കിയ പോലീസ് പിഴയൊടുക്കിയ തുകയായ 3000 രൂപ തിരികെ നല്‍കുകയും ചെയ്തതായി കുഞ്ഞുമോൻ്റെ ബന്ധുക്കൾ പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ട കുഞ്ഞുമോന്‍ 26-ാം തീയതി വൈകിട്ടോടെ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. കുഞ്ഞുമോന്റെ തലയ്ക്ക് ക്ഷതമേറ്റിരുന്നതായാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. അശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുഞ്ഞുമോനെ പിന്നാട് പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ തലപെരുക്കുന്നതായി കുഞ്ഞുമോന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ചെല്ലമ്മയെ വിളിച്ചുവരുത്തിയതെന്നാണ് പോലീസ് പറയുന്നത്. സ്ട്രോക്കിനെ തുടര്‍ന്നാണ് കുഞ്ഞുമോന്‍ മരിച്ചതെന്ന് കുണ്ടറ സിഐ പിവി രമേശ് കുമാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പുലര്‍ച്ചെ ഒരുമണിക്ക് കുഞ്ഞുമോനെ കസ്റ്റഡിയിലെടുക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാന്‍ പോലീസ് തയ്യാറായില്ല.

Read More >>