നേതാക്കളുടെ മക്കൾ പഠിക്കുന്ന സ്വാശ്രയ കോളേജുകളിൽ കെഎസ്‌യു പഠിപ്പു മുടക്കിയില്ല; സമരം സർക്കാർ വിദ്യാലയങ്ങളിൽ മാത്രം

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം തരപ്പെടുത്തിയ അമൃത മെഡിക്കല്‍ കോളജില്‍ ഒരു ദിവസം പോലും പഠിപ്പുമുടക്കുമായി ചെല്ലാൻ കെഎസ്‌യുക്കാർക്ക് ധൈര്യമുണ്ടായില്ല. മുന്‍ ലീഗ് മന്ത്രിമാരായ എം കെ മുനീറിന്റെ മകന്‍ പഠിക്കുന്ന പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജിലും കെഎസ്‌യു പഠിപ്പു മുടക്കിയിട്ടില്ല.

നേതാക്കളുടെ മക്കൾ പഠിക്കുന്ന  സ്വാശ്രയ കോളേജുകളിൽ കെഎസ്‌യു പഠിപ്പു മുടക്കിയില്ല; സമരം സർക്കാർ വിദ്യാലയങ്ങളിൽ മാത്രം

കോടികൾ തലവരി വാങ്ങി മെഡിക്കൽ സീറ്റു കച്ചവടം നടത്തുന്ന ഒരു സ്വാശ്രയ കോളജുകളിലും പഠിപ്പു മുടക്ക് സമരത്തിന് ധൈര്യമില്ലാത്ത കെഎസ്‌യു, സ്വാശ്രയ സമരത്തിന്റെ പേരിൽ നിഷേധിക്കുന്നത് പാവപ്പെട്ട സ്ക്കൂൾ കുട്ടികളുടെ വിദ്യാഭ്യാസം.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം തരപ്പെടുത്തിയ അമൃത മെഡിക്കല്‍ കോളജില്‍ ഒരു ദിവസം പോലും പഠിപ്പുമുടക്കുമായി ചെല്ലാൻ കെഎസ്‌യുക്കാർക്ക് ധൈര്യമുണ്ടായില്ല. മുന്‍ ലീഗ് മന്ത്രിമാരായ എം കെ മുനീറിന്റെ മകന്‍ പഠിക്കുന്ന പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജിലും കെഎസ്‌യു പഠിപ്പു മുടക്കിയിട്ടില്ല.


പി കെ അബ്ദുറബ്ബിന്റെ മകന്‍ പഠിക്കുന്ന തൃശ്ശൂര്‍ അമലയിലും ക്ലാസുകള്‍ പതിവ് പോലെ നടന്നു. യുവ എംഎല്‍എമാര്‍ക്കൊപ്പം ആദ്യദിനം സത്യാഗ്രഹമിരുന്ന ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ മകള്‍ പഠിക്കുന്ന പാലക്കാട് കരുണയോടും കെഎസ്‌യു കരുണ കാണിച്ചു. ഇങ്ങനെ നേതാക്കളുടേയും പണക്കാരുടേയും മക്കള്‍പഠിക്കുന്ന സംസ്ഥാനത്തെ ഇരുപത്തിയൊന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും നടത്താത്ത പഠിപ്പുമുടക്കാണ് രണ്ടുദിവസം കേരളത്തിലെ സർക്കാർ സ്ക്കൂളുകളിലെ കുട്ടികളിൽ കെഎസ്‌യു കെട്ടിയേൽപ്പിച്ചത്.

സ്വാശ്രയ കോളജുകളിലെ സീറ്റുകളിലെ ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയസമരം പൊലിപ്പിക്കാൻ കെഎസ്‌യുവിനു വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി പി സി വിഷ്ണുനാഥാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. ആ പഠിപ്പുമുടക്കു സമരം നടന്നത് ദരിദ്രന്റെയും ദളിതന്റെയും കുട്ടികൾ പഠിക്കുന്ന സർക്കാർ സ്ക്കൂളുകളിൽ മാത്രം. ഒറ്റ സ്വാശ്രയ മെഡിക്കൽ കോളജുകളിലും സമരത്തിന് അനുകൂലമായി ഒരു മുദ്രാവാക്യം പോലും മുഴക്കാൻ കെഎസ്‌യുവിനു കഴിഞ്ഞില്ല. കൂലിപണിക്കാരന്റെയും പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗത്തിലുള്ളവരുടേയും കുട്ടികള്‍ പഠിക്കുന്ന നാട്ടിൻപുറങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിലാണ് കെഎസ്‌യു എന്ന പേരിൽ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി അധ്യയനം വിലക്കിയത്.

സര്‍ക്കാരുമായി കരാറില്‍ എത്താത്ത കോളജുകള്‍ ഉള്‍പ്പെടെ 21 സ്വാശ്രയ മെഡിക്കല്‍ കോളജുകളാണ് സംസ്ഥാനത്തുള്ളത്. പതിനായിരത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഭീമമായ ഫീസും കോഴയുമാണ് ഈ കോളജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയത്. അവിടേക്കായിരുന്നില്ലേ കെഎസ്‌യുക്കാര്‍ ആദ്യം പോകേണ്ടിയിരുന്നത് എന്ന് രക്ഷിതാക്കൾ ആരായുന്നു. ഈ കോളജുകളുമായി ബന്ധപ്പെട്ടപ്പോള്‍ കെഎസ്‌യുവിന്റെ പഠിപ്പുമുടക്കുണ്ടെന്നു പോലും അവര്‍ അറിഞ്ഞിട്ടില്ല. 'ആരുടെ പഠിപ്പുമുടക്ക്, ഇവിടെ അങ്ങനെ ഉണ്ടാവാറില്ല' എന്നൊക്കെയായിരുന്നു കോളജ് പ്രിന്‍സിപ്പല്‍മാരടക്കം നാരദാ ന്യൂസിനോടു പ്രതികരിച്ചത്. ഒരു പ്രതിഷേധ നോട്ടീസുപോലും കെഎസ്‌യുവിന്റെ പേരിൽ ഈ കോളജുകളിൽ വിതരണം ചെയ്തിട്ടില്ല.

സംഘടനാസംവിധാനം നിലവില്‍ വന്നിട്ടില്ലാത്തതുകൊണ്ട് പഠിപ്പുമുടക്കിന് സജ്ജമായിട്ടില്ലെന്നും സ്വാശ്രയമെഡിക്കല്‍ കോളജുകളുടെ കാര്യം ഓര്‍ത്തില്ലെന്നുമായിരുന്നു പിരിച്ചുവിട്ട സംസ്ഥാനകമ്മിറ്റിയിലെ ഒരു ഭാരവാഹി നാരദയോട് പ്രതികരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മക്കൾ പഠിക്കുന്നതുകൊണ്ടുണ്ടായ മറവിയെന്നും വേണമെങ്കിൽ വ്യാഖ്യാനിക്കാം. സംഘടനാസംവിധാനം പിരിച്ചുവിട്ടതൊക്കെ കെഎസ്‌യുവിന്റെ ആഭ്യന്തരകാര്യമാണ്. സ്വാശ്രയ കോഴയുടെ ഫീസിൽ നടത്തുന്ന കെഎസ്‌യുവിന്റെ സമരം കോഴ വാങ്ങുന്ന കോളജുകളുടെ ഏഴയലത്തുപോലും എത്തുന്നില്ല എന്നത് യാഥാർത്ഥ്യവും.

Read More >>