കെഎസ്ആര്‍ടിസി സ്‌കാനിയ ഡ്രൈവര്‍മാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍; ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ

ഡ്യൂട്ടി പുനസ്ഥാപിക്കാത്തതിനാല്‍ ജോലിയ്ക്ക് ഹാജരാകാന്‍ തയ്യാറാകാതിരുന്ന ഡൈവര്‍മാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ പ്രതിഷേധം പുകയുന്നു.

കെഎസ്ആര്‍ടിസി സ്‌കാനിയ ഡ്രൈവര്‍മാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍; ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ

തൃശൂര്‍: ഡ്യൂട്ടി പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ജോലിയ്ക്ക് ഹാജരാകാന്‍ തയ്യാറാകാതിരുന്ന ഡ്രൈവര്‍മാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ പ്രതിഷേധം പുകയുന്നു. അവധി വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയിലെ ഏഴ് സ്‌കാനിയ ഡ്രൈവര്‍മാരെയാണ് കുട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതത്. ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിത കാല സമരം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമില്ല.


നേരത്തെ സൂപ്പര്‍ഫാസ്റ്റ്, എക്‌സപ്രസ് സര്‍വീസായി ഓടിക്കൊണ്ടിരുന്ന ബസുകളാണ്  സ്‌കാനിയ സര്‍വീസാക്കി മാറ്റിയത്. ഇത്  അധിക ജോലി ഭാരമാണ്  ഡ്രൈവർമാർക്ക് വരുത്തുന്നത്. ജോലി ഭാരം മൂലം ആവശ്യമായ വിശ്രമം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ യൂണിറ്റിലെ സ്‌കാനിയ ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിലായിരുന്നു. ജോലിക്ക്  എത്താതിരുന്ന രണ്ടു പേരെയും സര്‍വീസിനു പോകാന്‍ വിസമ്മതിച്ച അഞ്ചു പേരെയുമാണ് കഴിഞ്ഞ 14 ആം തീയതി സസ്‌പെന്‍ഡ് ചെയ്തത്.

WhatsApp Image 2016-10-21 at 4.44.30 PM

മെഡിക്കല്‍ ലീവിലായിരുന്ന രണ്ടു പേരേയും സസ്‌പെന്‍ഡ് ചെയ്തതായി സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ എം വിജീഷ് നാരദാ ന്യൂസിനോട് പ്രതികരിച്ചു. സ്കാനിയയിലെ ഡ്രൈവർമാരെല്ലാം വിശ്രമമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും വിജീഷ് നാരദാ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് മംഗലാപുരം, മൈസൂരു എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസുകള്‍ തൃശൂരിലെത്തുമ്പോഴാണ് ഡ്രൈവര്‍മാര്‍ മാറിക്കയറുന്നത്.

സ്‌കാനിയപോലുള്ള സര്‍വീസ് ആയതിനാല്‍ ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. എക്‌സ്പ്രസ് സര്‍വീസുകളിലുള്ളതുപോലുള്ള ജോലി ക്രമീകരണം സ്‌കാനിയ സര്‍വീസില്‍ ചെയ്തുകൊടുക്കാന്‍ കഴിയില്ലെന്നും ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത് ജോലിക്ക് ഹാജരാകാതിരുന്നതു കൊണ്ടാണെന്നും സമരം നടക്കുന്ന വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും തൃശൂര്‍ ഡിപ്പോ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍  നാരദാ ന്യൂസിനോട് പ്രതികരിച്ചു.

നടപടി നേരിടുന്ന ഡ്രൈവർമാർക്ക് പിന്തുണ നൽകിക്കൊണ്ട് സംയുക്ത ട്രേഡ് യൂണിയന്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.  ഇപ്പോള്‍ ഉച്ച വരെ ധര്‍ണ എന്ന രീതിയിലാണ് സമരം നടത്തുന്നത്. തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്ന കെഎം ഡേവി നാരദാ ന്യൂസിനോട് പ്രതികരിച്ചു.

Story by