കോഹ്ലിക്ക് 13-ആം സെഞ്ച്വറി; രഹാനെയ്ക്ക് അർദ്ധ സെഞ്ച്വറി; ഇന്ത്യ മൂന്നിന് 267 റൺസ്

മുരളി വിജയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഗംഭീറിന് 29 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

കോഹ്ലിക്ക് 13-ആം സെഞ്ച്വറി; രഹാനെയ്ക്ക് അർദ്ധ സെഞ്ച്വറി; ഇന്ത്യ മൂന്നിന് 267 റൺസ്

ഇൻഡോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ 13-ആം ടെസ്റ്റ് സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ മൂന്നു വിക്കറ്റിന് 267 റൺസെടുത്തു. ആദ്യദിനം കളി നിറുത്തുമ്പോൾ ക്യാപ്റ്റൻ കോഹ്‌ലിയും(103) അർദ്ധസെഞ്ച്വറി നേടിയ അജിൻക്യ രഹാനെയുമാണ് (79) ക്രീസിൽ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടർന്ന് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ ഗൗതം ഗംഭീറിന് പക്ഷെ, മടങ്ങിവരവ് ആഘോഷമാക്കാനായില്ല. മുരളി വിജയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഗംഭീറിന് 29 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നേടിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ കോഹ്ലിയുടെ തീരുമാനം തെറ്റിയോ എന്ന് സംശയിക്കുന്ന വിധമായിരുന്നു ഓപ്പണർമാർ നൽകിയ തുടക്കം. ടോട്ടൽ സ്‌കോർ 26ൽ നിൽക്കേ അഞ്ചാം ഓവറിൽ പത്തു റൺസ് എടുത്ത മുരളി വിജയിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. ഓഫ് സ്പിന്നറായ ജീത്തൻ പട്ടേൽ എറിഞ്ഞ പന്തടിച്ച് ലതാമിന്റെ കൈകളിൽ നൽകിയായിരുന്നു മുരളിയുടെ മടക്കം. പിന്നീടെത്തിയ പൂജാരയോടൊപ്പം ഗംഭീർ ശ്രദ്ധയോടെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും ഇടംകൈയൻ പേസർ ട്രെന്റ് ബോൾട്ട് എറിഞ്ഞ 20-ആം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ആ സമയം ടോട്ടൽ സ്‌കോർ 60.
ടോട്ടൽ സ്‌കോർ 100 തികച്ചയുടൻ 36-ആം ഓവറിൽ മിച്ചൽ സാന്ററിന്റെ പന്തിൽ 41 റൺസെടുത്ത ചേതേശ്വർ പൂജാര ക്ലീൻ ബൗൾഡ്. പിന്നീടെത്തിയ അജിൻക്യ രഹാനെ ക്യാപ്റ്റനുമായി ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സ് പതിയെ കെട്ടിപ്പടുത്തു. ഒന്നാം ദിനത്തിൽ ഈ കൂട്ടുകെട്ട് 167 റൺസാണ് കൂട്ടിച്ചേർത്തത്. ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി നേടുന്ന ആറാമത്തെ സെഞ്ച്വറിയാണ് ഇൻഡോറിലേത്. ന്യൂസിലൻഡിന് വേണ്ടി ട്രെന്റ് ബോൾട്ട്, ജീത്തൻ പട്ടേൽ, മിച്ചൽ സാന്റർ എന്നിവരാണ് വിക്കറ്റ് നേടിയത്.

Story by
Read More >>