കാവേരിയിൽ കേരളത്തിനുമുണ്ട് കാര്യം !

കാവേരീ നദിയുടെ എട്ടു ശതമാനം വൃഷ്ടിപ്രദേശം കേരളത്തിലാണ്. ഇരുപതു ശതമാനം വെള്ളവും കേരളത്തിന്റെ സംഭാവന തന്നെ. കൃത്യമായ കണക്കു പറഞ്ഞാൽ പ്രതിവർഷം 840 ടിഎംസി ജലമൊഴുകുന്ന കാവേരിയിൽ 147 ടിഎംസി ജലവും കേരളത്തിൽ നിന്നുള്ള നദികളിൽ നിന്നാണ് എത്തുന്നത്

കാവേരിയിൽ കേരളത്തിനുമുണ്ട് കാര്യം !

കാവേരി നദീജലത്തർക്കത്തിൽ തമിഴ്‌നാട്-കർണാടക പോരാട്ടത്തിൽ കേരളം കാണിയായി നിന്നതേയുള്ളൂ. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്ന ഒരു ലൈൻ. മുല്ലപ്പെരിയാർ നദീജലത്തർക്കം കേരളത്തിനും തമിഴ്‌നാടിനും ഇടയിൽ പുകഞ്ഞപ്പോൾ 'പ്രബുദ്ധരായ' മലയാളികൾ ഇങ്ങനെ തീക്കൊളുത്തുകയും ആളുകളെ പിടിച്ച് തല്ലുകയും ചെയ്തില്ലെന്നാണ് ചില ഫെയ്‌സ്ബുക്ക് മലയാളികളുടെ പോസ്റ്റുകൾ.

കാവേരിയുടെ പേരിൽ തമിഴ്‌നാടും കർണാടകവും തമ്മിൽ തല്ലുന്നതിനിടയ്ക്ക് കേരളത്തിനും ചിലത് പറയാനും ചെയ്യാനും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. കാവേരി നദിയുടെ എട്ടു ശതമാനം വൃഷ്ടിപ്രദേശം കേരളത്തിലാണ്. ഇരുപതു ശതമാനം വെള്ളവും കേരളത്തിന്റെ സംഭാവന തന്നെ. കൃത്യമായ കണക്ക് പറഞ്ഞാൽ പ്രതിവർഷം 840 ടിഎംസി ജലമൊഴുകുന്ന കാവേരിയിൽ 147 ടിഎംസി ജലവും കേരളത്തിന്റെ നദികളിൽ നിന്നാണ് എത്തുന്നത്. വയനാട്ടിൽ നിന്നും പടിഞ്ഞാറോട്ടു ഒഴുകുന്ന കബനി നദിയും അതിന്റെ കൈവരികളായ പനമരം പുഴ, മാനന്തവാടിപ്പുഴ തുടങ്ങിയവയും കാവേരിയുടെ ശക്തിപ്രദായിനികൾ തന്നെ.


കാവേരി നദീജലം സംബന്ധിച്ച് കർണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഇടയിലെ തർക്കവുമായി ബന്ധപ്പെട്ട് രൂപം കൊടുത്ത ജലലഭ്യതാ പട്ടികയിൽ കമ്പനിയും ഉൾപ്പെട്ടിട്ട് പതിറ്റാണ്ടുകൾ ആയി. 1990 സെപ്റ്റംബറിൽ കാവേരി ട്രൈബ്യൂണലിൽ ഇതുമായി ബന്ധപ്പെട്ട് 92.9 ടിഎംസി ജലം ആവശ്യപ്പെട്ടുകൊണ്ട് കേരളം സത്യവാങ്മൂലം നൽകിയിരുന്നു. ബാണാസുരസാഗർ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വെള്ളം തേടിയാണ് അന്ന് കേരളം ട്രൈബ്യൂണലിൽ എത്തിയത്. പ്രധാനമായും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം തേടിയാണ് കേരളം ട്രൈബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണൽ നിലവിൽ വരുന്നതിനു മുൻപുതന്നെ കേന്ദ്രസർക്കാർ കാരാപ്പുഴ ജലസേചന പദ്ധതിക്ക് 2.8 ടിഎംസി ജലം ശേഖരിക്കാനുള്ള അനുമതി നൽകിയിരുന്നു.

എന്നാൽ കേരളത്തിന്റെ ആവശ്യത്തോട് പൂർണമായും നിഷേധാത്മക നിലപാടാണ് കാവേരി ട്രൈബ്യൂണൽ സ്വീകരിച്ചത്. കാരാപ്പുഴ പദ്ധതിക്ക് കേന്ദ്രം അനുവദിച്ച സംഭരണാനുമതി ട്രൈബ്യൂണൽ ശരിവച്ചെങ്കിലും മാനന്തവാടി പദ്ധതിക്കായി കേരളം ആവശ്യപ്പെട്ട 16 ടിഎംസി ജലം ട്രൈബ്യൂണൽ നിഷേധിച്ചു. നൂൽപ്പുഴ പദ്ധതിക്കായി 3.7 ടിഎംസി ജലം ആവശ്യപ്പെട്ടപ്പോൾ 1.25 ടിഎംസി ജലവും കടമാന്തോട് പദ്ധതിക്ക് 1.51 ടിഎംസി ജലം ആവശ്യപ്പെട്ടപ്പോൾ 1.1 ടിഎംസി ജലവും ചൂണ്ടാലിപ്പുഴ പദ്ധതിക്ക് 2.5 ടിഎംസി ജലം ആവശ്യപ്പെട്ടപ്പോൾ 1.3 ടിഎംസി ജലവും കല്ലമ്പതി പദ്ധതിക്ക് 3.2 ടിഎംസി ജലം ആവശ്യപ്പെട്ടപ്പോൾ 2.48 ടിഎംസി ജലവുമാണ് കാവേരി ട്രൈബ്യൂണൽ കേരളത്തിന് അനുവദിച്ചത്. ചെറുകിട പദ്ധതികൾക്കായി 4 ടിഎംസി ജലം ആവശ്യപ്പെട്ടെങ്കിലും 2 ടിഎംസി ജലം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥ കേരളത്തിനുണ്ടായി.

ഇതിൽ ബാണാസുരസാഗർ പദ്ധതി മാത്രമാണ് പൂർത്തിയായത്. കാരാപ്പുഴ ജലസേചന പദ്ധതിയും പൂർത്തിയായി. മാനന്തവാടി വൈദ്യുത പദ്ധതിയും വൻകിട ജലസേചന പദ്ധതിയായ കടമാന്തോടും കയ്യൊഴിഞ്ഞു. കേരളം ആവശ്യപ്പെട്ടതിന്റെ ഏതാണ്ട് പകുതിയാണ് ട്രൈബ്യൂണൽ കേരളത്തിന് അനുവദിച്ചത്. എന്നാൽ അത് പോലും സംഭരിച്ചു വെക്കാനോ ഉപയോഗിക്കാനോ ഉള്ള സംവിധാനം സർക്കാർ സൃഷ്ടിച്ചിട്ടില്ല. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ നിയമ പോരാട്ടം നടത്തുന്നതിലും കേരളം പരാജയപ്പെട്ടു എന്നുതന്നെ വേണം വിലയിരുത്താൻ.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ഒരു ആവശ്യത്തിലേക്ക് മാത്രം കേരളത്തിന്റെ അന്തർസംസ്ഥാന നദീജലതർക്കങ്ങൾ ചുരുക്കപ്പെട്ടപ്പോൾ വയനാടിനെ എല്ലാവരും മറന്നു. ജനുവരി കഴിഞ്ഞാൽ അടുത്ത മഴക്കാലം വരെ കുടിക്കാൻ പോലും വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് വയനാട് മാറിക്കഴിഞ്ഞു.

കാർഷിക ഭൂമിയായിരുന്ന വയനാടിനെ തിരിച്ചു കൊണ്ടുവരണമെങ്കിൽ ജലം കൂടിയേതീരൂ. അർഹമായ വെള്ളം ചോദിച്ചുവാങ്ങുന്നതിലും അനുവദിക്കപ്പെട്ട വെള്ളം സംഭരിക്കുന്നതിലും വിജയിച്ചില്ലെങ്കിൽ വയനാട് മനുഷ്യവാസമോ വനമോ ഇല്ലാത്ത പാഴ്‍ഭൂമിയായി മാറും എന്ന് ഉറപ്പാണ്.

Read More >>