കേരളം അഥവാ ഖൈറുള്ള; ദൈവത്തിന്റെ അനുഗ്രഹം

ഖൈറുള്ള എന്നാൽ അള്ളാഹുവിന്റെ അനുഗ്രഹം എന്നർത്ഥം

പേർഷ്യയും ബൈസാന്റിയവും തമ്മിൽ നടന്ന സാമ്രാജ്യ സംഘർഷത്തിന്റെ ദശാസന്ധിയിലായിരുന്നല്ലോ മുഹമ്മദ് നബി തന്റെ ജ്ഞാനപ്രകാശം കെട്ടഴിച്ചത്. ആ സൗഗന്ധികഗന്ധം പെട്ടെന്നുതന്നെ കേരളത്തിലെത്താൻ നിമിത്തമായത് മുമ്പേ ഇവിടെ പാർപ്പുറപ്പിച്ച അറേബ്യൻ വർത്തക സമൂഹങ്ങളാണ്.

ജൂതന്മാരുടെ വരവു തുടങ്ങിയ കാലത്തിനടുത്തുതന്നെ കേരളത്തിന്റെ തീരദേശങ്ങളുമായി അവർ വാണിജ്യബന്ധം ഉണ്ടാക്കിയിരുന്നു. കണ്ണൂർ പയങ്ങാടി മുതൽ തേങ്ങാപ്പട്ടണം വരെയുള്ള പ്രദേശങ്ങൾ ഉദാഹരണം. ഇസ്ലാമിക സമൂഹം രൂപീകരിക്കപ്പെടും മുമ്പാണീ കുടിപാർപ്പുകൾ!

കണ്ണൂരിന്റെ പൂർവ നാമത്തിന്റെ അറബി നിഷ്പത്തി 'ഖുർആനിന്റെ വെളിച്ചം' എന്നർത്ഥമുള്ള പദത്തിൽ നിന്നാണത്രെ. കേരളം എന്ന പേര് ഖൈറുള്ള എന്ന പദത്തിൽ നിന്നു വന്നുചേർന്നതാണെന്നും ഐതിഹ്യമുണ്ട്. ഖൈറുള്ള എന്നാൽ അള്ളാഹുവിന്റെ അനുഗ്രഹം എന്നർത്ഥം.