ഫീലുണ്ടോ തരാന്‍... വരാന്‍ ഞങ്ങള്‍ റെഡി; ട്രാവല്‍ മാര്‍ട്ടിലെത്തിയ വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കേരളത്തോട് പറയുന്നു

കേരളത്തിലെ ടൂറിസം മേഖല ലോകത്തിനു മുന്നില്‍ തങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ട്രാവല്‍ മാര്‍ട്ടിന്റെ 16-ാം വര്‍ഷമയിരുന്നു ഇക്കുറി. ഫാം ടൂറിസത്തിനും ഹോം ടൂറിസത്തിനുമായിരുന്നു പ്രാധാന്യം കിട്ടിയത്. കഥകളിത്തലകള്‍ ഇക്കുറി എവിടെയും കണ്ടില്ല.

ഫീലുണ്ടോ തരാന്‍...  വരാന്‍ ഞങ്ങള്‍ റെഡി; ട്രാവല്‍ മാര്‍ട്ടിലെത്തിയ വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കേരളത്തോട് പറയുന്നു

ഡാഫ്‌നി മുത്തശ്ശി 84 വയസിനുള്ളില്‍ കേരളം സന്ദര്‍ശിച്ചത് 22 തവണ. 69 വയസിലാണ് ആദ്യമെത്തിയത്. കേരള ട്രാവല്‍ മാര്‍ട്ടില്‍ മുത്തശ്ശിയെത്തി. കേരളത്തോടിത്ര പ്രേമമെന്തെന്ന ചോദ്യത്തിന്- മനോഹരമായ നാടെന്ന പല്ലവി മാത്രമല്ല മുത്തശ്ശി പറഞ്ഞത്. നല്ല മനുഷ്യര്‍. ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്ന പലതരം കേരള ഭക്ഷണം എന്നു കൂടിയാണ്. കഥകളിയടക്കമുള്ള കാഴ്ചകളില്‍ നിന്ന് അനുഭവിക്കല്‍ എന്നതിലേയ്ക്ക് കേരള ടൂറിസം മാറിക്കഴിഞ്ഞു.  കേരളത്തെ ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിയുക എന്നതാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സാധ്യതയും വെല്ലുവിളിയും.


തെങ്ങില്‍ കയറ്റിയും വള്ളം തുഴയിപ്പിച്ചും തേയില നുള്ളിച്ചും ഞാറു നട്ടുമെല്ലാം കേരളത്തെ അനുഭവിക്കലാണ് സഞ്ചാരികളുടെ പുതിയ താല്‍പ്പര്യമെന്ന് അറിയുമ്പോള്‍ കേരളം ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേയ്ക്ക് വളരുകയാണ്.

കുരുമുളകു മാത്രമല്ല, ഇടുക്കി ഗോള്‍ഡും വിളയുന്ന നാടാണ് കേരളം. വാസ്‌കോഡ ഗാമ കേരളത്തിലെത്തിയത് കുരുമുളകു തേടിയാണ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ പോലെ, അരനൂറ്റാണ്ട് മുന്‍പ് കറുപ്പ് നിയമ വിധേയമായിരുന്നതു പോലെ, ഇവിടെയും നിയമങ്ങള്‍ മാറിമറിഞ്ഞേക്കാം. കുരുമുളകും കഞ്ചാവുമെല്ലാം വിളയുന്ന കേരളത്തിന്റെ മണ്ണിന്റെ അനുഭവമാണ് സഞ്ചാരികള്‍ കൂടുതല്‍ തേടുന്നത് എന്നുറപ്പിക്കുന്നതായിരുന്നു കൊച്ചിയില്‍ സമാപിച്ച കേരള ട്രാവല്‍ മാര്‍ട്ട്.

കേരളത്തിലെ ടൂറിസം മേഖല ലോകത്തിനു മുന്നില്‍ തങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ട്രാവല്‍ മാര്‍ട്ടിന്റെ 16-ാം വര്‍ഷമയിരുന്നു ഇക്കുറി. ഫാം ടൂറിസത്തിനും ഹോം ടൂറിസത്തിനുമായിരുന്നു പ്രാധാന്യം കിട്ടിയത്. കഥകളിത്തലകള്‍ ഇക്കുറി എവിടെയും കണ്ടില്ല.

264 സെല്ലര്‍മാരും മൂന്നൂറിലേറെ അന്തര്‍ദേശീയ ബയര്‍മാരും 800 ആഭ്യന്തര ബയര്‍മാരും പങ്കെടുത്ത ഈ വന്‍മേള കേരളാ ടൂറിസത്തിന്റെ ഭാവി വ്യക്തമാക്കുന്നതായിരുന്നു. ട്രാവല്‍മാര്‍ട്ട് ആരംഭിക്കുമ്പോള്‍ നൂറില്‍ താഴെയായിരുന്നു സെല്ലര്‍മാര്‍. സെല്ലര്‍മാരില്‍ വന്ന വര്‍ദ്ധനവ് കേരള ടൂറിസത്തിന്റെ ഭാവിയുടെ സൂചികയാണ്. ജര്‍മ്മനി, ബ്രിട്ടന്‍ പോലുള്ള സ്ഥിരം രാജ്യങ്ങള്‍ക്കപ്പുറം പോളണ്ട്, സ്ലോവാക്യ, ഹംഗറി എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ബയര്‍മാരെത്തി.

കേരളത്തിലെ ടൂറിസത്തിന്റെ മാറ്റം പ്രഖ്യാപിക്കുന്നതായിരുന്നു പ്രദര്‍ശനത്തിന്റെ ഓരോ നിമിഷവും. കേരളത്തിന്റെ ഗ്രാമീണതയുടെ അവതരണമാണ് ആദ്യം. കയറുപിരിച്ചും ഓലമെടഞ്ഞും മണ്‍പാത്രങ്ങളുണ്ടാക്കിയും കുട്ടനെയ്തും ഗ്രാമീണ ജീവിതം മുന്നിലെത്തി. അമ്പലവയലില്‍ നിന്നെത്തിയ ഗോവിന്ദന്‍ അമ്പുകുലച്ച് ആദിവാസി ജീവിതത്തെ അടയാളപ്പെടുത്തി. ഒപ്പം മുസിരിസ് പ്രദര്‍ശനം ആരംഭിക്കും. വളരെ വിശാലമായി ഡിജിറ്റല്‍ വിദ്യയുടേയും ഖനനം ചെയ്‌തെടുത്ത തെളിവുകളുടേയും അടിസ്ഥാനത്തില്‍ മുസിരിസ് തുറമുഖത്തേയും അക്കാലത്തെ ജീവിതത്തേയും പരിചയപ്പെടുത്തുന്നതാണ് ഈ പ്രദര്‍ശനം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ആദ്യ തുറമുഖമാണ് മുസിരിസെന്ന് തെളിവുകള്‍ നിരത്തി പറയുകയാണ് ഈ പ്രദര്‍ശനം. ലോകം ആദ്യം കപ്പലോടിച്ചെത്തിയ മുസിരിസിലേയ്ക്ക് ലോക ടൂറിസത്തിന്റെ ശ്രദ്ധക്ഷണിക്കുന്നതായി പ്രദര്‍ശനം. കേരളം എത്രമാത്രം പ്രസക്തമാണെന്ന ചരിത്ര വസ്തുത നിരത്തുന്നതാണിത്.

ഹോം- ഫാം ടൂറിസത്തിന്റെ അനുഭവ പാഠങ്ങളുമായി നിരവധി സ്റ്റാളുകളുണ്ടായിരുന്നു. പാലാ ടൂറിസം കേന്ദ്രമല്ലാതിരുന്നിട്ടു പോലും പാലാ ടൗണിനു സമീപമുള്ള കട്ടുകാപ്പള്ളി തറവാട് ഹോം സ്‌റ്റേ ആക്കിയപ്പോള്‍ വിദേശികള്‍ ധാരാളമായി എത്തുന്ന അനുഭവം ജോണ്‍ തോമസും ത്രേസിയും പങ്കുവെച്ചു. നമ്മുടെ സദ്യയാണ് അവിടെ ഹിറ്റിനം. 1200 ഏക്കര്‍ വരുന്ന തീക്കോയി എസ്‌റ്റേറ്റും ഹോംസ്‌റ്റേയായി മാറ്റിയിട്ടുണ്ട്. മാനന്തവാടിയിലെ 4000 ഏക്കര്‍ വരുന്ന ഹാരിസണ്‍ എസ്‌റ്റേറ്റ്- ഒരു ദിവസത്തേയ്ക്ക് പ്ലാന്ററാകൂ എന്നാണ് സഞ്ചാരികളെ ക്ഷണിക്കുന്നത്. കൊളുന്തു നുള്ളിയും തേയില ഉണ്ടാക്കിയും ടീ രുചിച്ചുമെല്ലാം  ഒരു കിടിലന്‍ കട്ടനടിച്ച അനുഭവത്തോടെ സഞ്ചാരികള്‍ക്ക് മടങ്ങാം.

ഹോട്ടല്‍ നടത്തിപ്പു മാത്രമല്ല ടൂറിസം പ്രൊഡക്ട് എന്നും സഞ്ചാരികള്‍ക്ക് അനുഭവം നല്‍കലാണ് പ്രധാനമെന്നുമുള്ള ആശയം 9 ദിവസത്തെ പാക്കേജിലൂടെ അവതരിപ്പിക്കുന്ന കല്ലട ടൂര്‍ പാക്കേജുകള്‍ മാറിയ ടൂറിസം അന്തരീക്ഷത്തെ അടയാളപ്പെടുത്തി.

മദ്യനയം വെഡ്ഡിങ്ങ് ടൂറസത്തിന് തിരിച്ചടിയായ അനുഭവം പങ്കുവെയ്ക്കുമ്പോഴും ഉദയ സമുദ്രയടക്കം വെഡ്ഡിങ്ങ് ടൂറിസത്തില്‍ മുന്നേ പറന്ന സംരംഭകര്‍ കിടിലന്‍ പാക്കേജുകള്‍ അവതരിപ്പിക്കുന്നു.  ആയുര്‍വ്വേദ- പഞ്ചകര്‍മ്മ- സ്പാ സ്റ്റാളുകള്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകളെ പരിചയപ്പെടുത്തുന്നതായി. നാലുകെട്ടുകളടക്കം ആയുര്‍വ്വേദ ചികിത്സയുടെ അനുഭവം നല്‍കുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നത് സഞ്ചാരികള്‍ക്ക് ആകര്‍ഷണീയമാകും. സുഖ ചികിത്സ എന്നതിനപ്പുറം ഗൗരവമുള്ള ചികിത്സാ പാക്കേജുകളും സൗകര്യങ്ങളും ഒരുക്കുകയാണ് കേരളത്തിന്റെ മെഡിക്കല്‍ ടൂറിസം മേഖല.

രുചിയുടെ ടൂറിസം സാധ്യതകള്‍ കേരളത്തിനുണ്ട് എന്ന് ബയര്‍മാരില്‍ പലരും ഓര്‍മ്മിപ്പിച്ചു. വ്യത്യസ്തമായ ഭക്ഷണം രുചിക്കാന്‍ ലോകമാകെ സഞ്ചരിക്കുന്നവരുണ്ട്. ഫുഡ് ടൂറിസത്തിന്റെ സാധ്യതകള്‍ കേരളം ഇനിയും പരീക്ഷിച്ചിട്ടില്ല. കുരുമുളകും ഏലവുമടക്കം വിദേശികളുടെ വിഭവങ്ങളില്‍ കൊതിച്ചേരുവകളായ സുഗന്ധവ്യജ്ഞനങ്ങളുടെ പറുദീസ പാചക ടൂറിസത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടതില്ല എന്നു തന്നെയാണ് ട്രാവല്‍ മാര്‍ട്ടിനെത്തിയ പലരും പങ്കുവെച്ചത്. ഫുഡ് എന്നത് പാക്കേജിന്റെ ഭാഗം മാത്രമാണിന്ന്.

കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് കേരളത്തെ ഊട്ടിയും കൊടൈക്കനാലും പോലെ ആക്കരുതേയെന്നും കേരളത്തനിമയുള്ള കെട്ടിടങ്ങളാണ് ആകര്‍ഷണീയമെന്നും ലണ്ടനിലെ ട്രാന്‍സ് ഇന്‍ഡസ് ടൂര്‍സിനെ പ്രതിനിധീകരിച്ച അമൃത് സിങ് പറയുന്നത് കേരള ടൂറിസം പ്രത്യേക ശ്രദ്ധയോടെ ചെവികൊടുക്കേണ്ടതു തന്നെ. വലിയ അടിസ്ഥാന സൗകര്യങ്ങളല്ല ഉള്ളത് നന്നാവണമെന്ന് ഫ്രാന്‍സില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍ ഗില്ലിസ് ഗെലോട്ട് പറയുന്നു.

മൂന്നാറിലും വയനാട്ടിലുമെല്ലാം ധാരാളം പുതിയ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു കഴിഞ്ഞു. നിയമാനുസൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ തന്നെ. ഐടി ഫീല്‍ഡും പെരുത്ത ശമ്പളമുള്ള ജോലികളും വിട്ട് ടൂറിസം ബിസിനസിലേയ്ക്കിറങ്ങിയ ധാരാളം പേരെ ട്രാവല്‍ മാര്‍ട്ടില്‍ കണ്ടുമുട്ടി. വയനാട് വൈത്തിരിയില്‍ ദി ടര്‍മെറിക്ക ഹോം സ്‌റ്റേ നടത്തുന്ന രഞ്ജിനിയെ പോലുള്ളവര്‍. സാമൂതിരിയുടെ പിന്‍തലമുറക്കാരിയായ രഞ്ജിനി സിനിമ- സീരിയല്‍ താരം കൂടിയാണ്.

കേരള ട്രാവല്‍ മേളയ്ക്ക് രാജ്യാന്തര നിലവാരമാണുള്ളതെന്ന് ഐടി സെക്രട്ടറി ശിവശങ്കര്‍ പുകഴ്ത്തിയത് വെറുതെയല്ല. ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഇക്കുറി സ്റ്റാളുകളില്‍ ഏറെയും ഉപയോഗിച്ചത്. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ കേരളത്തിലൂടെയുള്ള യാത്രയടക്കം മേളയിലുണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഫ്‌ളക്‌സുകളായിരുന്നു നിറയെ. ഇത്തവണ തങ്ങളുടെ പ്രത്യേകതകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് എല്ലാ സ്റ്റാളുകളും ഉപയോഗിച്ചത്.

ഇക്കുറി മേളയെക്കെത്തിയ ബയര്‍മാരിലേറെപ്പേരും പുതിയവരായിരുന്നു. കേരള ടൂറിസം പ്രതിവര്‍ഷം25000 കോടിയുടെ വരുമാനമുണ്ടാക്കുന്നുവെന്നാണ് കണക്ക്. ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ട് കഴിയുന്നതോടെ 5000 കോടിയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. 2018ലാണ് അടുത്ത ട്രാവല്‍ മാര്‍ട്ട്. ഇത്തവണത്തേതിന്റെ ഇരട്ടി സൗകര്യങ്ങളോടെയാകും അടുത്ത ട്രാവല്‍ മാര്‍ട്ടെന്ന് ട്രാവല്‍മാര്‍ട്ട് സെക്രട്ടറി ജോസ് ഡൊമനിക് പറഞ്ഞു.

ട്രാവല്‍ മാര്‍ട്ടില്‍ നടന്ന ആയിരക്കണക്കിന് മീറ്റിങ്ങുകള്‍ ബിസിനസുകളായി സഞ്ചാരികള്‍ കേരളത്തിലേയ്ക്ക് ഒഴുകുന്നതു മാത്രമല്ല കേരളത്തിലുണ്ടാകുന്നഅവലോകനം ടൂറിസത്തിലെ തകര്‍ച്ച ശ്രീലങ്കയ്ക്ക് ഗുണമാകുന്നത് എങ്ങനെയെന്ന് അവലോകനം ചെയ്യുന്നതിനും ട്രാവല്‍മാര്‍ട്ട് കാരണമായിട്ടുണ്ട്. കേരളത്തിലെ ടൂറിസം വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തിലേയ്ക്ക് താണപ്പോള്‍ ശ്രീലങ്ക 15 ശതമാനം വളര്‍ച്ച കാണിക്കുന്നുവെന്ന് കൊളംബിയയില്‍ നിന്നെത്തിയ സാഫ്രണ്‍ ഐലന്റ് എംഡി സുമി അട്ടപ്പട്ടു ചൂണ്ടിക്കാട്ടുന്നു. കേരളത്തിനു സമീപം ശ്രീലങ്ക സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍, കേരളത്തിന്റെ ആകര്‍ഷണീയത എവിടെയാണ് ചോര്‍ന്നു പോയതെന്ന് പഠിക്കണമെന്ന് ട്രാവല്‍മാര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു.