തുലാവര്‍ഷവും ചതിച്ചു; വരുന്നത് കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന മാസങ്ങള്‍: കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കും

കാലവര്‍ഷത്തില്‍ ഭൂരിപക്ഷം ജില്ലകളിലും 34 ശതമാനത്തോളം മഴയില്‍ ദൗര്‍ലഭ്യം അനുഭവപ്പെട്ടിട്ടുണ്ട്. 27.5 ലക്ഷം കോടി ലിറ്റർ വെള്ളമാണ് ഇത്തവണ കേരളത്തിനു നഷ്ടമായത്

തുലാവര്‍ഷവും ചതിച്ചു; വരുന്നത് കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന മാസങ്ങള്‍: കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കും

തിരുവനന്തപുരം : കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നു. മഴയുടെ ദൗര്‍ലഭ്യം മൂലം രൂക്ഷമായ കുടിവെള്ളക്ഷാമവും മറ്റും നേരിട്ടതോടെയാണ്‌ ഔദ്യോഗികമായി കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലവര്‍ഷത്തില്‍ ഭൂരിപക്ഷം ജില്ലകളിലും  34 ശതമാനത്തോളം മഴയില്‍ ദൗര്‍ലഭ്യം അനുഭവപ്പെട്ടിട്ടുണ്ട്. വയനാട് ജില്ലയില്‍ ഇത് 59 ശതമാനമാണ്. ഒക്ടോബര്‍ മാസത്തില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നുവെങ്കിലും 70 ശതമാനത്തോളം ദൗര്‍ലഭ്യം അനുഭവപ്പെട്ടു. 27.5 ലക്ഷം കോടി ലിറ്റർ വെള്ളമാണ് ഇത്തവണ കേരളത്തിനു നഷ്ടമായത്.ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.


നാളെ മുതല്‍ വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ക്കും തുടക്കമിടാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനായി കേന്ദ്രത്തിന്റെ സഹായം തേടാന്‍ നിവേദനവും സമര്‍പ്പിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം സംസ്ഥാനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്‌.

സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതോടെ ജലം ദുരുപയോഗം  ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുടിവെള്ള വിതരണ പദ്ധതികളും ഉടന്‍ നിലവില്‍ വരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാവും ഇതിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കുക. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിയമിത ഏജന്‍സികള്‍ വഴി കൂറ്റന്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു കുടിവെള്ളം വിതരണം ചെയ്യും. കൂടാതെ  ജപ്തി നടപടികൾ ഒഴിവാക്കുകയും വായ്പകൾ പുനർക്രമീകരിക്കുകയും ചെയ്യപ്പെടും.Story by
Read More >>