സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ്: ആദ്യദിനം പിറന്നത് രണ്ടു മീറ്റ് റെക്കോർഡുകൾ

ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിലാണ് ആദ്യ മീറ്റ് റെക്കോർഡ് പിറന്നത്. കളമശ്ശേരി വി.എച്ച്.എസ്.എസിലെ പി.ജെ. ജഗൻ നാഥനാണ് ആറ് വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ചത്

സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ്: ആദ്യദിനം പിറന്നത് രണ്ടു മീറ്റ് റെക്കോർഡുകൾ

തൃശൂർ: 47-ആം സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ആദ്യദിനം രണ്ടു മീറ്റ് റെക്കോർഡുകൾ പിറന്നു. 27 ഇനങ്ങൾ പൂർത്തിയായപ്പോൾ 184 പോയിന്റുമായി തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിലാണ് ആദ്യ മീറ്റ് റെക്കോർഡ് പിറന്നത്. കളമശ്ശേരി വി.എച്ച്.എസ്.എസിലെ പി.ജെ. ജഗൻ നാഥനാണ് ആറ് വർഷം പഴക്കമുള്ള റെക്കോർഡ്  തിരുത്തിക്കുറിച്ചത്.
മികച്ച നിലവാരം പുലർത്തിയ ഈ മത്സരത്തിൽ ഇതേ സ്‌കൂളിലെ എം.ബി. അനന്തു വടകര ശ്രീനാരായണ എച്ച്.എസ്.എസിലെ ജോർജ്ജ് എസ്. കദളിക്കാട്ടിൽ എന്നിവരും പഴയ റെക്കോർഡ് മറികടന്നു. 50 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലാണ് മറ്റൊരു റെക്കോർഡ് പിറന്നത്. കളമശ്ശേരി രാജഗിരി എച്ച്.എസിലെ അഭിജിത്ത് ഗഗാറാണ് (0.26.74) റെക്കാഡ് കുറിച്ചത്. 49 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും ആതിഥേയരായ തൃശൂർ 24 പോയിന്റുമായി മൂന്നാം സ്ഥാനത്തും 10 പോയിന്റുമായി കോട്ടയം നാലാംസ്ഥാനത്തുമാണ്. തൃശൂർ കോർപ്പറേഷൻ മേയർ അജിത ജയരാജൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ഡയറക്ടർ എം.എസ്. ജയ അദ്ധ്യക്ഷത വഹിച്ചു. സി.എൻ. ജയദേവൻ എം.പി മുഖ്യാതിഥിയായി.

1500ഓളം താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. നീന്തൽ മത്സരങ്ങൾക്കു പുറമെ വാട്ടർപോളോ മത്സരങ്ങളുമുണ്ട്. 27ന് മത്സരങ്ങൾ സമാപിക്കും. സബ് ജൂനിയർ (14 വയസ്സിന് താഴെ), ജൂനിയർ(14 വയസ്സിന് മുകളിൽ), സീനിയർ (19 വയസ്സിന് താഴെ) എന്നിങ്ങനെ 104 ഇനങ്ങളിലാണ് മത്സരം. വാട്ടർപോളോ മത്സരം ആൺകുട്ടികൾക്ക് മാത്രമാണ്. ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുന്നവർക്ക് ഗുജറാത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സ്‌കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാം. മറ്റ് ഗെയിംസുകളിൽ നിന്നും വ്യത്യസ്തമായി ആദ്യമായി ദേശീയ ഗെയിംസുകൾക്ക് ഉപയോഗിച്ച് വരുന്ന ഇലക്ട്രോണിക് ടച്ച് പാഡുകൾ ഇത്തവണ ഉപയോഗിക്കുന്നുണ്ട്.

Read More >>