സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ്: ആദ്യ ദിനം പിറന്നത് അഞ്ച് മീറ്റ് റെക്കോഡുകൾ

അഞ്ചുവീതം സ്വർണവും വെള്ളിയും ആറ് വെങ്കലവും നേടി 106 പോയിന്റുള്ള നിലവിലെ ചാമ്പ്യൻമാരായ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ്: ആദ്യ ദിനം പിറന്നത് അഞ്ച് മീറ്റ് റെക്കോഡുകൾ

കൊച്ചി: സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം. ആദ്യദിനത്തിൽ 34 ഇനങ്ങളിലെ ഫൈനൽ കഴിഞ്ഞപ്പോൾ 125 പോയിന്റുമായി എറണാകുളമാണ് മുന്നിൽ. എട്ട് സ്വർണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമാണ് എറണാകുളം ഇന്നലെ ട്രാക്കിൽ നിന്നും സ്വന്തമാക്കിയത്.

അഞ്ചുവീതം സ്വർണവും വെള്ളിയും ആറ് വെങ്കലവും നേടി 106 പോയിന്റുള്ള നിലവിലെ ചാമ്പ്യൻമാരായ പാലക്കാടാണ് തൊട്ടുപിന്നിൽ . ആറ് സ്വർണവും മൂന്ന് വെള്ളിയും നാലു വെങ്കലവും നേടി 103 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ്. ഏഴ് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായി 78.5 പോയിന്റു നേടിയ തൃശൂർ നാലാം സ്ഥാനത്ത് എത്തിയപ്പോൾ ഇതേ പോയിന്റ് നേടിയ കോഴിക്കോട് സ്വർണ മെഡൽ നേട്ടത്തിൽ (അഞ്ച് സ്വർണം) ഒരു സ്ഥാനം പിന്നിലാണ്.

ആദ്യദിനത്തിൽ അഞ്ചു മീറ്റ് റെക്കോഡുകൾ പിറന്നു. 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ എറണാകുളത്തിന്റെ ലിബിയ ഷാജി (1.71 മീറ്റർ), 18 വയസിൽ താഴെ ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ എറണാകുളത്തിന്റെ അഭിജിത്ത് റോജിഷ് നായർ (17.17 മീറ്റർ), 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ തൃശൂരിന്റെ പി.എ. അതുല്യ (33.10 മീറ്റർ), 2000 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരത്തിന്റെ മിന്നു പി. റോയി (6:37.14 മിനിട്ട്), 16 വയസിൽ താഴെ ആൺകുട്ടികളുടെ 2000 മീറ്റർ ഓട്ടത്തിൽ എറണാകുളത്തിന്റെ ആദർശ് ഗോപി (5:52.70 മിനിട്ട്) എന്നിവരാണ് റെക്കോഡോടെ സ്വർണം നേടിയത്.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മീറ്റിൽ 14 ജില്ലാ ടീമുകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും. പ്രായപരിധിയുടെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളിലായാണ് മത്സരം. മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്ത മീറ്റ് ഞായറാഴ്ച സമാപിക്കും.

Story by
Read More >>