ഭിന്നലിംഗമാണോ; സര്‍ക്കാര്‍ ജോലിയില്ലെന്ന് പിഎസ്‌സി

നിലവിലെ ചട്ടപ്രകാരം ഭിന്നലിംഗക്കാരെ സര്‍ക്കാര്‍ ജോലിക്കായി പരിഗണിക്കുന്നതിന് തടസ്സമുണ്ടെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഭിന്നലിംഗക്കാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നിലനില്‍ക്കവെയാണ് പിഎസ്‌സിയുടെ ഈ വിവേചനം.

ഭിന്നലിംഗമാണോ; സര്‍ക്കാര്‍ ജോലിയില്ലെന്ന് പിഎസ്‌സി

തിരുവനന്തപുരം: എറണാകുളം ഇടപ്പള്ളി സ്വദേശി അനു ബോസ് ഭിന്നലിംഗത്തില്‍പെട്ടയാളാണ്. തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. ഇപ്പോള്‍ സ്വാശ്രയ എഞ്ചിനീയറിങ് കോളേജില്‍ താത്കാലികമായി അധ്യാപനം നടത്തുന്ന അനു സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിക്കാത്ത തസ്തികകളില്ല. എന്നാല്‍ നിലവിലെ ചട്ടപ്രകാരം ഭിന്നലിംഗക്കാരെ സര്‍ക്കാര്‍ ജോലിക്കായി പരിഗണിക്കുന്നതിന് തടസ്സമുണ്ടെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഭിന്നലിംഗക്കാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നിലനില്‍ക്കവെയാണ് പിഎസ്‌സിയുടെ ഈ വിവേചനം.


കണക്കില്‍ ബിരുദാനന്തര ബിരുദമുള്ള അനു വര്‍ഷങ്ങളായി സര്‍ക്കാര്‍ ജോലിക്കുവേണ്ടി പരിശ്രമിക്കുന്നു. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ ജോലി നേടുന്നതിനുള്ള തടസ്സമെന്താണെന്ന് അന്വേഷിച്ചപ്പോഴാണ് പിഎസ്‌സിയുടെ നിലപാട് വ്യക്തമായത്. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്നതിന് ചട്ടമില്ലെന്നാണ് പിഎസ്‌സിയുടെ വാദം. ഭിന്നാലിംഗക്കാരെ നിയമിക്കാന്‍ ചട്ടമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിക്കേണ്ടതില്ലെന്നാണ് പിഎസ്‌സി സെക്രട്ടറി രേഖാമൂലം വ്യക്തമാക്കിയത്. ട്രാന്‍സ് ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ ആദ്യസംസ്ഥാനമാണ് കേരളമെന്ന് പറയുമ്പോഴാണ് പിഎസ്‌സിയുടെ ഈ നിലപാട്.

ഇപ്പോള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ അനു ഭിന്നലിംഗത്തില്‍ പെട്ടയാളാണെന്നറിഞ്ഞാല്‍ ജോലി നഷ്ടപ്പെടും. അഭ്യസ്ത വിദ്യരായ ഒട്ടേറെ ഭിന്നലിംഗക്കാര്‍ കേരളത്തിലുണ്ട്. അവര്‍ ജോലിചെയ്ത് ജീവിക്കാന്‍ കഷ്ടപ്പെടുമ്പോഴാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഈ തിരിച്ചടി. പിഎസ്‌സി ഇത്തരത്തില്‍ നിലപാടെടുക്കുമ്പോള്‍ ഭിന്നലിംഗക്കാര്‍ എന്ത് ചെയ്യണമെന്നുകൂടി സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.

Read More >>