താങ്കളുടെ ഭാഗത്തു നിന്നും കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല: മന്ത്രിസഭായോഗത്തില്‍ ഇപി ജയരാജന് സംസാരിക്കാന്‍ അനുമതി നിഷേധിച്ച് മുഖ്യമന്ത്രി; രാജി ഉടനെന്ന് സൂചന

സിപിഐഎമ്മിനെയും എല്‍ഡിഎഫിലെ ഘടകകക്ഷികളെയും പ്രതിരോധത്തിലാക്കിയ പ്രസ്തുത വിവാദങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചുവെന്നാണ് സൂചനകള്‍.

താങ്കളുടെ ഭാഗത്തു നിന്നും കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല: മന്ത്രിസഭായോഗത്തില്‍ ഇപി ജയരാജന് സംസാരിക്കാന്‍ അനുമതി നിഷേധിച്ച് മുഖ്യമന്ത്രി; രാജി ഉടനെന്ന് സൂചന

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തെക്കുറിച്ച് മന്ത്രിസഭായോഗത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ച വ്യവസായ മന്ത്രി ഇപി.ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിലക്ക്. ബന്ധു നിയമനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ജയരാജനെ വിലക്കിയത്. തുടര്‍ന്ന് യോഗം കഴിയുന്നതുവരെ ജയരാജനെ ഇക്കാര്യം സംബന്ധിച്ചൊന്നും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബന്ധു നിയമനം സംബന്ധിച്ച വിവാദം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഘടകകക്ഷികളും ജയരാജന്റെ നടപടിയെ വിമര്‍ശിച്ചു. വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും വിമര്‍ശനമുണ്ടായി. സിപിഐഎമ്മിനെയും എല്‍ഡിഎഫിലെ ഘടകകക്ഷികളെയും പ്രതിരോധത്തിലാക്കിയ പ്രസ്തുത വിവാദങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചുവെന്നാണ് സൂചനകള്‍.


ഇപി ജയരാജന്‍ ഇന്നു രാവിലെ രാജിസന്നദ്ധത അറിയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് ഇപി മുഖ്യമന്ത്രിയെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും അറിയിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ബന്ധു നിയമന വിവാദത്തില്‍ ഇപിക്ക് എതിരെ ത്വരിതാന്വേഷണം വേണമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലും ആറുമാസം പോലും കാലാവധിയെത്താത്ത മന്ത്രിസഭയെ ഇത്രവലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ അടിസ്ഥാനത്തിലും ഇപി ജയരാജന്‍ രാജിവെയ്ക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.

ഇപിയുടെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ അന്തിമ തീരുമാനം വന്നേക്കും. ഇപിയെ മന്ത്രി സ്ഥാനത്ത് നിന്നും പൂര്‍ണ്ണമായി മാറ്റുന്നതിന് പകരം വകുപ്പ് മാറ്റമെന്ന പരീക്ഷണത്തിന് പാര്‍ട്ടി മുതിരുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തരുന്നത് ശേഷം രാജി എന്ന ഒറ്റ പോംവഴിയെ ജയരാജന് മുന്നിലുള്ളു എന്ന കാര്യമാണ്. ജയരാജന്‍ രാജിവെച്ചാല്‍ പുതിയ മന്ത്രി മന്ത്രിസഭയിലേക്ക് എത്തുന്നതുവരെ കേന്ദ്ര കമ്മറ്റിഅംഗമായ എകെ ബാലനോ തോമസ് ഐസക്കോ വ്യവസായ വകുപ്പ് കൈാര്യം ചെയ്യുമെന്നാണ് സൂചന.

Read More >>