ഇപിയ്ക്കു വഴിയൊരുക്കിയത് മൂന്നംഗ കോക്കസ്; പാഠം പഠിക്കേണ്ടത് സിപിഐഎം

പിണറായി വിജയന്റെ ഓഫീസിൽനിന്ന് ഒരു ദീർഘശ്വാസം മാത്രം അകലത്തിൽ ഈ സംഘം താവളമടിച്ചപ്പോൾ പൊളിഞ്ഞു പാളീസായത് ഇരട്ടച്ചങ്കിനെക്കുറിച്ചു പ്രചരിക്കുന്ന അപദാനങ്ങളുടെ അടിത്തറയാണ്.

ഇപിയ്ക്കു വഴിയൊരുക്കിയത് മൂന്നംഗ കോക്കസ്; പാഠം പഠിക്കേണ്ടത് സിപിഐഎം

അജയ് ഗോപൻ

വിവാദനിയമനം ലഭിച്ച മുൻമന്ത്രിപുത്രൻ, കോൺഗ്രസിന്റെ സ്ഥാപനത്തിൽ നിന്ന് കാലുമാറിയെത്തിയ സോഷ്യോളജി ബുദ്ധിജീവി, മുൻആരോഗ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന പ്രമുഖൻ... കണ്ണൂർ ലോബിയിലെ അതികായനായ ഇടവന പുതിയവീട്ടിൽ ജയരാജന്റെ മന്ത്രിപദം തെറിപ്പിച്ച കോക്കസാണിത്. പിണറായി വിജയന്റെ ഓഫീസിൽനിന്ന് ഒരു ദീർഘശ്വാസം മാത്രം അകലത്തിൽ ഈ സംഘം താവളമടിച്ചപ്പോൾ പൊളിഞ്ഞു പാളീസായത് ഇരട്ടച്ചങ്കിനെക്കുറിച്ചു പ്രചരിക്കുന്ന അപദാനങ്ങളുടെ അടിത്തറയാണ്.


സെക്രട്ടറിമാർ പറഞ്ഞതല്ലാതെ താനൊന്നും ചെയ്തില്ല എന്നാണ് അടുപ്പമുളളവരോടു ഇ പി ജയരാജൻ മനസു തുറന്നത്. എന്നാൽ സ്ഥാപിതതാൽപര്യങ്ങൾ മാത്രമുളള ഒരു കോക്കസിനെ ഓഫീസിൽ പ്രതിഷ്ഠിച്ച തെറ്റിന് അദ്ദേഹമല്ലാതെ മറ്റാരും ഉത്തരവാദിയല്ല. സർക്കാരിന്റെ മധുവിധുകാലത്തുതന്നെ ഉപജാപകർ പത്തിവിരിച്ചതിൽ നിന്നും ഒരുകാര്യം വ്യക്തം. മുൻകാല ചെയ്തികളും വിവാദങ്ങളും വരുംവരായ്കകളും തെല്ലുമോർക്കാതെയാണ് ഇ പി ജയരാജൻ 'ക്ലോസ് സർക്കിൾ' ഉണ്ടാക്കിയത്.

പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ മുഖ്യമന്ത്രി തലങ്ങും വിലങ്ങും ഉപദേശകരെ നിയമിക്കുമ്പോൾ താനായിട്ടെന്തിന് മാറിനിൽക്കണം എന്ന് ഇ പി ചിന്തിച്ചുപോയതിൽ അത്ഭുതമില്ല. പക്ഷേ, ഉപദേശകനായി ആലോചിച്ചത് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററെന്ന കോൺഗ്രസ് കളരിയിൽ നിന്ന് അഭ്യാസമുറകൾ പഠിച്ചിറങ്ങിയ വിദഗ്ധനെ. ഇദ്ദേഹവും ഏറെ വിവാദകഥകൾ ഉൾപ്പെട്ട ബന്ധുവായ മുൻമന്ത്രി പുത്രനും സന്തതസഹചാരിയും ചേർന്ന് തീരുമാനങ്ങളെടുക്കും; അതിൽ മന്ത്രി ഒപ്പു വെയ്ക്കും. ഇതായിരുന്നത്രേ വ്യവസായമന്ത്രിയുടെ ഓഫീസ് നടപടിക്രമം. മന്ത്രിയോഫീസിൽ പറ്റിക്കൂടുന്നവരെക്കുറിച്ചുളള മുന്നറിയിപ്പുമായി മുഖ്യമന്ത്രി നാടുനീളെ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മൂക്കിനു കീഴെ ഇതൊക്കെ നടന്നത്.

ഞൊടിയിടയിലാണ് മുഖ്യമന്ത്രിയിൽ ഏറ്റവും സ്വാധീനമുണ്ടെന്നു കരുതപ്പെടുന്ന മന്ത്രിയുടെ ഓഫീസിലെ ഉപജാപകവൃന്ദം വിശ്വരൂപം കാണിച്ചത്. നിയമവും ചട്ടങ്ങളും ധാർമ്മികതയും കാറ്റിൽപ്പറത്തി ഉത്തരവുകൾ തുരുതുരാ ഇറങ്ങി. സെക്ഷൻ ക്ലർക്കു മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുളളവർ ഭയഭക്തി ബഹുമാനങ്ങളോടെ ഫയലിൽ പച്ചക്കൊടി വരച്ചു. പൊതുസമൂഹത്തിന്റെ പ്രതിഷേധവും പാർടിയിലെ എതിർപ്പും ഇ പിയ്ക്കു പിണറായിയിലുളള സ്വാധീനം കൊണ്ട് മറികടക്കാമെന്ന് കരുതി ഉറ്റബന്ധുവായ കേന്ദ്രക്കമ്മിറ്റി അംഗവും ചരടു വലിച്ചപ്പോൾ സർക്കാരൊന്നാകെ നാണംകെട്ടു.

പിണറായിയുടെ ഏറ്റവും വിശ്വസ്തനായിട്ടും "എല്ലാം ശരിയാക്കും" എന്ന പരസ്യവാചകത്തിന്റെ ഇരുതല മൂർച്ച ഇപി ജയരാജനു മനസിലായത് ഒരുപക്ഷേ, ഈ വിവാദത്തിനു ശേഷമായിരിക്കും. ഇ പി ജയരാജനെ ശരിയാക്കാതെ നിവൃത്തിയില്ല എന്നു മനസില്ലാമനസോടെയെങ്കിലും പിണറായിയ്ക്ക് തീരുമാനിക്കേണ്ടി വരുന്നു. അത്രയ്ക്കാണ് ഇടതുസർക്കാരിൽ ജനങ്ങൾക്കുളള പ്രതീക്ഷ.

എല്ലാ ആരോപണങ്ങളിൽനിന്നും സഹമന്ത്രിമാരെ ചിറകിനടിയിൽ സംരക്ഷിച്ച ഉമ്മൻചാണ്ടിയോടുളള കേരള ജനതയുടെ പ്രതിഷേധം കൂടിയാണ് ഇടതുസർക്കാരിനെ അധികാരത്തിലെത്തിച്ചത്. അതുകൊണ്ടുതന്നെ സാൻറിയാഗോ മാർട്ടിൻ മുതൽ ചാക്കു രാധാകൃഷ്ണന്റെ പ്ലീനപ്പരസ്യം വരെയുളള എപ്പിസോഡുകളിൽ പാർടി സെക്രട്ടറിയെന്ന നിലയിൽ ഇപിയ്ക്കു വേണ്ടിയൊരുക്കിയ പ്രതിരോധം ആവർത്തിക്കാൻ പിണറായിയ്ക്കോ പാർടിയ്ക്കോ കഴിയില്ല.

ഏറെക്കാലത്തിനു ശേഷം സിപിഐഎം ഒരു പൊതുസമ്മർദ്ദത്തിനു വഴങ്ങുകയാണ്. സാധാരണക്കാരുടെ വിമർശനങ്ങൾക്കു കാതുകൊടുക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന സിപിഐഎമ്മിനെ കേരള ജനത കൺകുളിർക്കെ കാണുന്നു. ജയരാജനെ പിണറായിയും കോടിയേരിയും കൈയൊഴിയുമ്പോൾ ധാർമ്മികത മൂല്യങ്ങളെക്കുറിച്ചുളള പൊതുവിചാരങ്ങൾക്കാണ് മേൽക്കൈ വരുന്നത്. അതൊരു ഗുണപരമായ മാറ്റമാണ്.

തെറ്റു പറ്റുന്നത് സ്വാഭാവികം. അതു തിരുത്തുന്നതും അനന്യമായ അനുഭവമൊന്നുമല്ല. പക്ഷേ, തെറ്റുകൾ സിപിഐഎം ഇത്തരത്തിൽ തിരുത്താൻ തയ്യാറാകുന്നത് ചരിത്രത്തിൽ വിലപ്പെട്ട പാഠങ്ങൾ എഴുതിച്ചേർത്തുകൊണ്ടാണ്.

Read More >>