സച്ചിൻ ബേബിക്ക് അർദ്ധസെഞ്ച്വറി; കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു

അർദ്ധസെഞ്ച്വറി നേടിയ സച്ചിൻ ബേബിയുടെയും 47 റൺസ് നേടിയ സഞ്ജു സാംസന്റെയും മികവിലാണ് കേരളം മാന്യമായ സ്‌കോർ പടുത്തുയർത്തിയത്.

സച്ചിൻ ബേബിക്ക് അർദ്ധസെഞ്ച്വറി; കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു

നിരഞ്ജൻ

കൊൽക്കത്ത: ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ സീസനിലെ രണ്ടാം രഞ്ജി ട്രോഫി മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ ബാറ്റിംഗിന് ഇറങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. പുറത്താകാതെ ;
ടോസ് നേടിയ ഹിമാചൽ പ്രദേശ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഹിമാചൽ ക്യാപ്റ്റൻ ധവാന്റെ തീരുമാനം ശരിവയ്ക്കും വിധമായിരുന്നു കളിയുടെ തുടക്കം. നാലാം ഓവറിൽ ടോട്ടൽ സ്‌കോർ 14-ൽ നിൽക്കെ ഓപ്പണർ ജലജ് സക്‌സേന പുറത്തായതോടെ കേരളത്തിന്റെ ബാറ്റിംഗ് നിര തകരുമോയെന്ന് സംശയം തോന്നിച്ചു. രണ്ടു റൺസെടുത്ത ജലജ്, നിർമോഹിയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു.

ടോട്ടൽ സ്‌കോറിലേക്ക് മൂന്നു റൺസ് കൂടെ കൂട്ടിച്ചേർക്കുന്നതിനിടെ ഓപ്പണറായ ഭവിൻ താക്കറും പവലിയനിലേക്ക് മടങ്ങി. 14 റൺസെടുത്ത താക്കറിനെ ദോഗ്ര ഏഴാം ഓവറിൽ റണ്ണൗട്ടാക്കി. വൺ ഡൗണായി ക്രീസിലെത്തിയ കേരള ക്യാപ്റ്റൻ രോഹൻ പ്രേമും, ഭവിൻ താക്കർ പുറത്തായ ശേഷമെത്തിയ സഞ്ജു സാംസനും ചേർന്ന് ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. നിലയുറപ്പിക്കുമെന്ന് തോന്നിച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ബൗളർ ജി.കെ. സിങാണ് പൊളിച്ചത്.
54 പന്തിൽ നിന്നും 14 റൺസെടുത്ത ക്യാപ്റ്റനെ 21-ആം ഓവറിൽ സിങ് വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീടെത്തിയ സച്ചിൻ ബേബി, സഞ്ജുവിന് മികച്ച പിന്തുണ നൽകി. അർദ്ധസെഞ്ച്വറിയിലേക്ക് അടുത്ത സഞ്ജുവിനെ (47) ഹിമാചൽ ക്യാപ്റ്റൻ ധവാൻ, ബെയിൻസിന്റെ കൈകളിലെത്തിച്ചാണ് മടക്കിയത്. 42-ആം ഓവറിലെ ആദ്യ പന്തിൽ ടോട്ടൽ സ്‌കോർ 106-ൽ നിൽക്കെയായിരുന്നു കാശ്മീരിനെതിരെ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസന്റെ മടക്കം. 102 പന്തുകൾ നേരിട്ട സഞ്ജു 47 റൺസ് സംഭാവന ചെയ്താണ് ക്രീസിൽ നിന്നും മടങ്ങിയത്.
52 റൺസെടുത്ത സച്ചിൻ ബേബിയും 24 റൺസെടുത്ത വി.എ. ജഗദീഷുമാണ് ഇപ്പോൾ ക്രീസിൽ. 168 പന്തുകൾ നേരിട്ട സച്ചിൻ ബേബി ആറു ബൗണ്ടറികളോടെയാണ് അർദ്ധസെഞ്ച്വറി തികച്ചത്.
കാശ്മീരുമായുള്ള കേരളത്തിന്റെ ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടതിനാൽ സമനിലയിൽ കലാശിച്ചിരുന്നു. എന്നാൽ ആദ്യ ഇന്നിംഗ്‌സിൽ സഞ്ജു സാംസന്റെ സെഞ്ച്വറിയോടെ മികച്ച സ്‌കോർ കണ്ടെത്തിയ കേരളം കാശ്മീരിനെ അതിവേഗം എറിഞ്ഞിട്ട് ഫോളോ ഓൺ ചെയ്യിച്ചു. ഇതിനാൽ മൂന്നു പോയിന്റ് സമ്പാദിച്ച് സി ഗ്രൂപ്പിലെ മൂന്നാം സ്ഥാനവും കേരളത്തിന് സ്വന്തമാക്കാനായി. ആറു പോയിന്റ് വീതം നേടിയ ഛത്തീസ്ഗഡും ഹൈദരാബാദുമാണ് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മൂന്നു പോയിന്റുമായി ഹരിയാന നാലാം സ്ഥാനത്തുണ്ട്.

Read More >>