കേരളത്തിന്റെ കടപ്പുറത്ത് നന്ദിഗ്രാം ഒരുങ്ങുന്നു; രണ്ടിടത്തെങ്കിലും വെടിവെയ്പ് നടക്കും

വെടിവെയ്പിലേയ്ക്കും ജീവഹാനിയിലേയ്ക്കും നയിക്കുന്ന ഹൈവേ പദ്ധതി വരുന്നു. കടലോരവാസികളെ പൂര്‍ണ്ണമായി കേരളതീരത്ത് നിന്ന് ഒഴിപ്പിക്കുന്ന തീരദേശ ഹരിത ഇടനാഴി നന്ദിഗ്രാമാകും സൃഷ്ടിക്കുക. സര്‍ക്കാരിനും സിപിഐ എമ്മിനും എതിരായ ഗൂഢാലോചന പദ്ധതിക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു - റൂബിന്‍ ഡിക്രൂസ് എഴുതുന്നു

കേരളത്തിന്റെ കടപ്പുറത്ത് നന്ദിഗ്രാം ഒരുങ്ങുന്നു; രണ്ടിടത്തെങ്കിലും വെടിവെയ്പ് നടക്കും

റൂബിന്‍ ഡിക്രൂസ്

കേരളത്തിലെ കടലോരമങ്ങോളമിങ്ങോളമായി ഒരു തീരദേശ ഹരിത ഇടനാഴി ഉണ്ടാക്കാനുള്ള പദ്ധതി ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. തെക്ക് തിരുവനന്തപുരം കൊല്ലങ്കോട് മുതല്‍ വടക്ക് മഞ്ചേശ്വരം വരെ 522 കിലോമീറ്റര്‍ നീളത്തില്‍ 13485 കോടി ചെലവിലാണ് ഹരിത ഇടനാഴി പദ്ധതി നടപ്പാക്കുന്നത് എന്നാണ് ദേശാഭിമാനി പത്രം പറയുന്നത്. തീരസംരക്ഷണം, മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്രവികസനം എന്നിവ ലക്ഷ്യമാക്കി ദേശീയപാത മാതൃകയിലാണ് ഈ പാത ഉണ്ടാക്കുന്നതെന്നും പറയുന്നു. തീരദേശ ഹരിത ഇടനാഴിയുടെ ഭാഗമായി 5553.28 കോടിയുടെ പുനരധിവാസ പദ്ധതിക്ക് രൂപരേഖയായതായും പത്രം പറയുന്നു. പദ്ധതിയുടെ ഭാഗമായി 24040 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് പറയുന്നത്.


[caption id="attachment_53986" align="alignright" width="300"]12651274_10208406263619967_4663936556836040409_n റൂബിന്‍ ഡിക്രൂസ്[/caption]

സംസ്ഥാനത്തെ മത്സ്യഗ്രാമങ്ങളെയും തുറമുഖങ്ങളെയും ഫിഷ് ലാൻഡിങ് സെന്ററുകളെയും ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഹരിത ഇടനാഴിയാണിതെന്നും പറയുന്നു.

തീരത്തെ വേലിയേറ്റപരിധിയില്‍ നിന്ന് 35 മീറ്റര്‍ മാറിയാണ് 15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുന്നത്. കാലവര്‍ഷവും കടലാക്രമണവും മൂലം തീരത്തുണ്ടാകുന്ന കെടുതികള്‍ക്ക് അറുതിവരുത്താനും ഇതിനായി വര്‍ഷം തോറും ചെലവാകുന്ന തുക ഒഴിവാക്കാനും പദ്ധതി സഹായകമാകും എന്നും ദേശാഭിമാനി റിപ്പോര്‍ട്ട് പറയുന്നു.

ഇതിനെക്കുറിച്ചുള്ള എന്റെ സംശയങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ ദേശാഭിമാനി റിപ്പോര്‍ട്ടല്ലാതെ മറ്റു രേഖകളൊന്നും പരിശോധിച്ചിട്ടല്ല ഞാന്‍ ഈ സംശയങ്ങളുയര്‍ത്തുന്നത്. ഇവയിലെന്തെങ്കിലും പിശകുകളുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. പക്ഷേ, ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തന പരിപാടിയെക്കുറിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ഞാന്‍ വിശ്വസിക്കുന്നു.

ചോദ്യങ്ങള്‍:

വേലിയേറ്റ രേഖയുടെ (നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മഞ്ഞക്കല്ലിന്റെ - വേലിയേറ്റ രേഖ അടയാളപ്പെടുത്താനായി കടലോരമങ്ങോളമിങ്ങോളം മഞ്ഞനിറമടിച്ച അതിര് കല്ലുകളിട്ടിട്ടുണ്ട്) കിഴക്ക് 35 മീറ്റര്‍ വിട്ടിട്ട് 15 മീറ്റര്‍ വീതിയിലാവും ഈ റോഡുണ്ടാക്കുക. ഇന്ന് നിലവിലുള്ള റോഡുകളെ ബന്ധിപ്പിച്ചാവും ഇതിന്റെ നിര്‍മ്മാണം. ഫലത്തില്‍ ഇന്ന് തീരപ്രദേശത്ത് നിലവിലുള്ള റോഡിന് പടിഞ്ഞാറുള്ള സ്ഥലം മുഴുവനും റോഡിനായി സര്‍ക്കാര്‍ ഏറ്റെടുക്കും. റോഡ് കഴിഞ്ഞുള്ള ഭാഗത്ത് മരങ്ങളും മറ്റും വച്ചു പിടിപ്പിക്കും. അത് റോഡ് പടിഞ്ഞാറോട്ട് നൂറു മീറ്ററാണ് സ്ഥലമുള്ളതെങ്കിലും ഏറ്റെടുക്കേണ്ടി വരും. റോഡിന്റെ അമ്പത് മീറ്റര്‍ കഴിഞ്ഞ് പിന്നെ മഞ്ഞക്കല്ല് വരെ എത്ര മീറ്ററുണ്ടെങ്കിലും അവിടെ വീട് വയ്ക്കാനാവില്ലല്ലോ.

എന്റെ ഒന്നാമത്തെ ചോദ്യം ഇതാണ്: ഇത്രയും വലിയ സ്ഥലമെടുപ്പില്‍ 24,040 കുടുംബങ്ങളെ മാത്രമേ കുടിയൊഴിപ്പിക്കേണ്ടി വരൂ എന്ന കണക്ക് എങ്ങനെ ഉണ്ടാക്കി?

ഇത്രയും ജനസാന്ദ്രത ഉള്ള ഈ 522 കിലോമീറ്ററില്‍ ഇതില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് ആര്‍ക്കും കാണാം. ദേശീയപാതാ വികസനത്തിനായി ഇത്രയും ജനസാന്ദ്രത ഇല്ലാത്ത സ്ഥലത്ത് 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ജനപ്പെരുപ്പമുള്ള തീരപ്രദേശത്ത് 50 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കാന്‍ ഒരുമ്പെടുന്നത്.

രണ്ടാമത്തെ ചോദ്യം ഇവരുടെ പുനരധിവാസമെങ്ങനെയെന്നതാണ്.

തീരത്തുനിന്ന് കിഴക്കോട്ട് ഒരു കിലോമീറ്ററും സമാന്തരമായി രണ്ടു കിലോമീറ്ററും ദൂരപരിധിയില്‍ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തും എന്നാണ് ദേശാഭിമാനിയിലെ റിപ്പോര്‍ട്ട് പറയുന്നത്. ഇത് ഒരു വിധത്തിലും സാധ്യമായ കാര്യമല്ല. രണ്ടു കിലോമീറ്റര്‍ പരിധിയില്‍ ഇത്രയും മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ സ്ഥലമില്ല.
''മത്സ്യബന്ധന ഗ്രാമങ്ങളുടെ തനത് സാമൂഹിക സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തിയുള്ള പുനരധിവാസമാണ് നടപ്പാക്കുക.... ഇരു നില കെട്ടിട യൂണിറ്റുകളായും രണ്ടുതരം ടൗണ്‍ഷിപ്പുകളായുമാണ് പുനരധിവാസം നടപ്പാക്കുന്നത്.''

ഇതു വായിച്ച് ചിരിക്കണോ കരയണോ എന്ന് എനിക്കു നിശ്ചയമില്ല. ഇത്രയും മണ്ടത്തരം എഴുതിവച്ചിരിക്കുന്നത് വായിച്ച് ചിരിക്കാനാണ് തോന്നുന്നത്. എന്നാല്‍ മനുഷ്യജീവിതത്തെ എത്ര ലാഘവത്തോടെ എടുക്കുന്നു എന്നതു കണ്ട് കരയാനും.

ചരക്കുകടത്ത് തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പരിസ്ഥിതി നാശ പാതയ്ക്ക് ഒരു വശത്ത് മരം വച്ചിട്ട് അതിനെ ഹരിതപാത എന്നു വിളിക്കുന്നതുപോലെയാണ് കടപ്പുറത്തു നിന്ന് മാറി, ഇരുനിലക്കെട്ടിടങ്ങളുടെ ചേരിയുണ്ടാക്കി മത്സ്യത്തൊഴിലാളികളെ തനത് സാമൂഹിക സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തി പുനരധിവാസിപ്പിക്കും എന്നു പറയുന്നത്.

Image result for kerala fishermen colony

ഈ പാത മത്സ്യത്തൊഴിലാളികളെ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ നിന്നും തൊഴിലില്‍ നിന്നും തുടച്ചുനീക്കില്ലേ എന്നതാണ് മൂന്നാമത്തെ ചോദ്യം.

കേരളത്തിലെ ഏറ്റവും മനോഹരമായ പ്രദേശമാണ് അതിന്റെ കടല്‍ത്തീരം. സ്വര്‍ണമണലുള്ള ഈ തീരത്തിന് വലിയ വാണിജ്യമൂല്യമുണ്ട്. എന്നാല്‍ അവിടം കേരളത്തിലെ ഏറ്റവും നിസ്വരായ ഒരു ജനവിഭാഗത്തിന്റെ ഉടമസ്ഥതയിലും. നമ്മുടെ മുതലാളിത്തത്തിന്റെ യുക്തിക്ക് ചേരുന്ന ഒരു കാര്യമല്ല ഇത്രയും വിലയുള്ള മണ്ണില്‍ ഇവര്‍ താമസിക്കുന്നത്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിച്ച് ഈ മനോഹരതീരം സ്വന്തമാക്കുക എന്ന ആഗ്രഹം മുതലാളിത്തത്തിനുണ്ടാവുക സ്വാഭാവികം.

മത്സ്യബന്ധനം ഇന്ന് ഏതാണ്ട് അഴിമുഖങ്ങള്‍ കേന്ദ്രമാക്കി ബോട്ടുകളിലായിരിക്കുന്നു. പരമ്പരാഗത വള്ളങ്ങളും കട്ടമരങ്ങളും അപ്രത്യക്ഷമാകുന്നു. അത് സ്വാഭാവികമാണെന്നാണ് എന്റെ അഭിപ്രായം. പക്ഷേ, അതോടെ ഈ മനുഷ്യരെയെല്ലാം അഴിമുഖമല്ലാതെയുള്ള കടപ്പുറങ്ങളില്‍ നിന്ന് ഒഴിവാക്കണോ? കാട്, കാട്ടിലെ മനുഷ്യരെ അവിടെ തന്നെ താമസിപ്പിച്ച് സംരക്ഷിക്കണം എന്നു പറയുന്നതുപോലെ കടലും കടല്‍ത്തീര പരിസ്ഥിതിയും കടപ്പുറത്തുള്ള ആളുകളെ അവിടെത്തന്നെ താമസിപ്പിച്ചാണ് സംരക്ഷിക്കേണ്ടത്. അവരെ അവിടെ നിന്ന് മാറ്റുന്നത് വന്‍കൊള്ളക്കാര്‍ക്കുള്ള വഴി തുറക്കുന്നു.

ഈ പദ്ധതി പ്രായോഗികമാണോ എന്നതാണ് എന്റെ നാലാമത്തേയും അവസാനത്തേയും ചോദ്യം.

സ്ഥലമേറ്റെടുക്കാന്‍ അളവു പോലും സാധ്യമല്ലാത്തവിധം പ്രതിരോധമായിരിക്കും ഈ സ്ഥലങ്ങളില്‍ നിന്നുണ്ടാവുക. എന്റെ വീടിനടുത്തുള്ള മൂന്ന് സ്ഥലങ്ങള്‍ ഞാന്‍ ആലോചിച്ചു നോക്കി. എന്റെ നാടായ പുത്തന്‍തോപ്പില്‍ റോഡിന് പടിഞ്ഞാറുള്ള സ്ഥലം ഏറ്റെടുക്കാന്‍ ചെന്നാല്‍ വലിയ എതിര്‍പ്പുണ്ടാവും. തീരത്ത് ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സ്ഥലങ്ങളിലൊന്നാണിത്. നൂറ് കേസെങ്കിലും സര്‍ക്കാര്‍ പ്രതീക്ഷിക്കണം.

അത്ര ദൂരെയല്ലാത്ത മര്യനാട് ചെന്ന് അവിടെ റോഡിന് സ്ഥലമെല്ലാം ഏറ്റെടുക്കുന്നു എന്നും അവരെയെല്ലാം കഠിനംകുളം ഭാഗത്ത് ആറ്റിനപ്പുറത്ത് താമസിപ്പിക്കും എന്നും പറഞ്ഞാല്‍, വെടിവയ്പ് നടത്തിയല്ലാതെ ആ ആള്‍ക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെ തന്നെ കുറച്ചു കൂടെ വടക്കോട്ട് പെരുമാതുറ ചെന്ന് റോഡിന് പടിഞ്ഞാറുള്ളവരെല്ലാം ഒഴിയൂ നിങ്ങള്‍ക്ക് ചിറയിന്‍കീഴ് ഇരുനിലക്കെട്ടിടത്തിന്റെ ഫ്‌ളാറ്റുണ്ടാക്കിത്തരാം എന്നു പറഞ്ഞ് സമ്മതിപ്പിക്കാന്‍ വെടിവെയ്പ് നടത്തേണ്ടി വരും.

വെട്ടുകാട്, വേളി തുടങ്ങി റോഡിന് പടിഞ്ഞാറ് പള്ളികളുള്ള സ്ഥലങ്ങളിലെന്താവും സ്ഥിതി? നമ്മുടെ സര്‍ക്കാര്‍ പറയുന്നതല്ലേ, വികസനമല്ലേ എന്നു പറഞ്ഞ് അവരൊക്കെ ആ പള്ളികളും മറ്റും വെറുതെയങ്ങ് പൊളിച്ചു കളഞ്ഞ് ചിരിച്ചുകൊണ്ട് കിട്ടുന്ന കാശും വാങ്ങി പോകുമായിരിക്കും അല്ലേ?

ഇതൊക്കെത്തന്നെ അല്ലേ, പൂവാറും വിഴിഞ്ഞത്തും പൂന്തുറയും അഞ്ചുതെങ്ങിലും വര്‍ക്കലയിലും വാടിയിലും തൃക്കുന്നപ്പുഴയിലും പുറക്കാടും പുന്നപ്രയിലും തുമ്പോളിയിലും മാരാരിക്കുളത്തും ചെല്ലാനത്തും വൈപ്പിനിലും ചെറായിയിലും മുനമ്പത്തും അഴീക്കോടും വലപ്പാടും വാടാനപ്പള്ളിയിലും ചേറ്റുവയിലും പൊന്നാനിയിലും ചാവക്കാടും താനൂരും ചാലിയത്തും ബേപ്പൂരും കാപ്പാടും തിക്കോടിയിലും പയ്യോളിയിലും മുഴുപ്പിലങ്ങാടും പയ്യാമ്പലത്തും അഴീക്കലും മാട്ടൂലും പടന്നയിലും പള്ളിക്കരയിലും ഉദുമയിലും മൊഗ്രാലും ഉപ്പളയിലുമൊക്കെ സംഭവിക്കുക?

കേരളത്തില്‍ നൂറുകണക്കിന് നന്ദിഗ്രാം ഉണ്ടാക്കി ഈ സര്‍ക്കാരിനെയും സിപിഐഎമ്മിനെയും നശിപ്പിക്കണം എന്ന് ഗൂഢലക്ഷ്യമുള്ള ആരോ ആണ് ഈ പദ്ധതിയുടെ പിന്നില്‍ എന്നാണെന്റെ
സംശയം.

singur_police_20080428

എന്താണ് പ്രശ്‌നം? എന്താണ് പരിഹാരം?

കേരളത്തിന്റെ കടല്‍ തീരരേഖയില്‍ പല കാരണങ്ങളാല്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്. പ്രകൃതിയിലുണ്ടാകുന്ന സ്വാഭാവിക വ്യതിയാനങ്ങളാണ് ഇതിനൊരു കാരണം. പുറക്കാട് തുറമുഖമായിരുന്ന സ്ഥലമൊക്കെ ഇന്ന് ഉള്‍ക്കടലിനടിയിലാണ്. ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ടുണ്ടായ മാറ്റമാണിത്.

കടല്‍തീരത്ത് മനുഷ്യര്‍ നടത്തുന്ന തുറമുഖം, അഴിമുഖം പോലുള്ള നിര്‍മ്മാണങ്ങളാലും തീരരേഖയില്‍ വ്യതിയാനങ്ങളുണ്ടാകുന്നു. കൊച്ചിക്ക് തെക്കും കേരളത്തിലങ്ങോളമിങ്ങോളമുള്ള അഴിമുഖങ്ങളുടെ അടുത്തും കടല്‍ കയറിയതും കര വച്ചതും ഇതിന്റെ ഫലമായാണ്. ആഗോളതാപനത്തിന്റെ ഭാഗമായും കടല്‍ കയറുന്നുണ്ട്. ഇത് തീരപ്രദേശത്ത് താമസിക്കുന്ന ആളുകളുടെ കുടികിടപ്പിനെ ബാധിക്കുന്നു.

കേരളത്തിലെ ഏറ്റവും പട്ടിണിക്കാരും സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ളവരുമായ ജനങ്ങളാണ് കടപ്പുറത്ത് താമസിക്കുന്നത്. അവിടെയുണ്ടാകുന്ന ജനസംഖ്യാ പെരുപ്പവും ആളുകളെ കൂടുതലായി തീരത്തോട് ചേര്‍ന്ന് കുടി വയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കേണ്ടതാണ്.

ആഗോള താപനത്തിന്റെ ഭാഗമായി അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ തീരപ്രദേശത്ത് 2 മീറ്റര്‍ വരെ കടല്‍നിരപ്പുയരും എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇതോടെ 598.83 കിലോമീറ്റര്‍ സ്‌ക്വയര്‍ കടലിനടിയിലാകും. അതായത് കേരള തീരം മുഴുവന്‍ 2 കിലോമീറ്റര്‍ വീതിയില്‍ കടല്‍ കയറും. അമ്പതു വര്‍ഷത്തിനുള്ളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ കടല്‍ നിരപ്പുയരുമ്പോള്‍ 169.11 കിലോ മീറ്റര്‍ സ്‌ക്വയറിലാണ് കടലു കയറുക. അതായത് കടല്‍ നിരപ്പിന് താഴെ കിടക്കുന്ന കരയെല്ലാം കടലാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് നടപടികളെടുക്കേണ്ടതുണ്ട്. അമ്പതു കൊല്ലം കൊണ്ട് കടല്‍ നിരപ്പിന് താഴെയുള്ള കൊച്ചി മുങ്ങിപ്പോകും എന്നത് പല ശാസ്ത്രജ്ഞരും ഉയര്‍ത്തുന്ന ഒരു മുന്നറിയിപ്പാണ്.

ഇത്തരത്തിലുള്ള പല മുന്നറിയിപ്പുകളും തെറ്റാം. എന്നാലും കടല്‍നിരപ്പുയരുന്നു എന്നതും ആഗോള താപനത്തിന്റെ ഭാഗമായ കടല്‍നിരപ്പുയരുക കാലക്രമേണ സംഭവിക്കുന്ന ഒന്നാണെന്നും ഓര്‍ക്കണം. അല്ലാതെ അമ്പതാം വാര്‍ഷിക ദിനമോ നൂറാം വാര്‍ഷിക ദിനമോ പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ലല്ലോ.

ഇന്ന് കടപ്പുറത്തെ കുടികളില്‍ താമസിക്കുന്ന പലരും മനുഷ്യവാസത്തിന് ചേരാത്ത വിധത്തിലാണ് താമസിക്കുന്നത്. അവരെ അവിടെ നിന്ന് കുടിയൊഴിപ്പിച്ച് പുനരധിവസിപ്പിക്കണം. ഇപ്പോള്‍ ഓരോ കാലവര്‍ഷത്തിനും അടുത്ത സ്‌കൂളിലോ മറ്റോ താമസിപ്പിക്കുകയും മഴ കഴിയുമ്പോള്‍ തിരികെ കുടിലിലേക്ക് പോവുകയും ചെയ്യുന്ന സ്ഥിതി മാറണം.

Image result for sea side kerala
മന്ത്രി ആയ ഉടനെ കടല്‍ ഭിത്തി കെട്ടി പണം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ചും പരിസ്ഥിതി നശിപ്പിക്കുന്നതിനെക്കുറിച്ചുമാണ് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. അതിന് പകരം അവിടെയുള്ള കുടികള്‍ പുനരധിവസിപ്പിക്കുമെന്നും. വളരെ സ്വാഗതാര്‍ഹമായ ഒരു ആശയമായിരുന്നു അത്. പക്ഷേ, അത് ഒരു പദ്ധതി ആയി വന്നപ്പോള്‍ കാര്യങ്ങളാകെ മാറിയില്ലേ എന്നു സംശയം.

ഡോ തോമസ് ഐസക്കിന്റെ ബഡ്ജറ്റ് പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു:
''ആദിവാസികള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളിലൊന്നാണ് മത്സ്യത്തൊഴിലാളികള്‍.... മത്സ്യത്തൊഴിലാളികള്‍ കടലാക്രമണത്തിന്റെ ഭീഷണിയിലാണ്.... തീരസംരക്ഷണത്തിന് വേണ്ടിയുള്ള നമ്മുടെ നടപടികള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുനരവലോകനം ചെയ്യേണ്ടതുണ്ട്.... സിആര്‍ഇസഡ് പരിധിയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിറുത്തിക്കൊണ്ടു തന്നെ സുരക്ഷിത മേഖലയിലേക്ക് മാറിത്താമസിക്കുന്നതിന് പത്തുലക്ഷം രൂപ വീതം ധനസഹായം നല്കും. കടലോരത്തുള്ള ഭൂമിയില്‍ വച്ചു പിടിപ്പിക്കുന്ന കാറ്റാടി മരങ്ങളുടെയും മറ്റും വരുമാനം ഉടമസ്ഥര്‍ക്കോ കൈവശരേഖക്കാര്‍ക്കോ ഉള്ളതായിരിക്കും. ഇതിന് എത്രപേര്‍ സന്നദ്ധരാണെന്ന് മനസ്സിലാക്കിയ ശേഷം ഇതിനായി പ്രത്യേകസ്‌കീം തയ്യാറാക്കും''

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഈ സ്‌കീം തയ്യാറായി വന്നപ്പോഴെങ്ങനെയാണ് കണ്ടെയ്‌നര്‍ നീക്കത്തിനുള്ള പാതയും ഭാവിയില്‍ ടൂറിസം വ്യവസായത്തിനുള്ള ഒരു പരിപാടി ആയും മാറിയത്? മത്സ്യത്തൊഴിലാളികളെ മുഴുവന്‍ സ്വന്തം നാട്ടില്‍ നിന്ന് ഓടിക്കുന്ന നടക്കാത്ത പദ്ധതി ആയത്?