പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യ കേരളം സെല്‍ പ്രവര്‍ത്തനം നിലച്ചു

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ നിഷേധിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന സംവിധാനമായിരുന്നു സുതാര്യ കേരളം.

പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യ കേരളം സെല്‍ പ്രവര്‍ത്തനം നിലച്ചു

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യ കേരളം സെല്‍ നിര്‍ജ്ജീവാവസ്ഥയിലായിട്ട് മൂന്നുമാസം കഴിഞ്ഞു. മന്ത്രിസഭ മാറിയതോടെ സുതാര്യകേരളം സെല്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു. പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പരാതികളില്‍ തുടര്‍ നടപടികളുണ്ടായില്ല എന്നു മാത്രമല്ല സ്വീകരിച്ച പുതിയ പരാതികള്‍ പ്രത്യേക നിര്‍ദ്ദേശമില്ലാത്തതിനാല്‍ ജില്ലാസമിതി പരിഗണിച്ചതുമില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.


മുഴുവന്‍ ജില്ലകളിലും കളക്ടറേറ്റുകളിലാണ് സുതാര്യകേരളം സെല്‍ പ്രവര്‍ത്തിച്ചിരുന്നത്. മൂന്നുകോടിയാണ് ഓരോ വര്‍ഷവും സെല്ലിന്റെ പ്രവര്‍ത്തനത്തിനായി ബജറ്റില്‍ അനുവദിക്കുന്നത്. പതിവുപോലെ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും തുക നല്‍കിയെങ്കിലും അത് വിനിയോഗിക്കാനാകാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇതിനിടെ ഓണത്തിനുശേഷം സെല്‍ പ്രവര്‍ത്തനം കൂടുതല്‍ സൗകര്യത്തോടെ തുടങ്ങാന്‍ മന്ത്രിസഭ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക യോഗങ്ങളൊന്നും ചേര്‍ന്നിട്ടില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ നിഷേധിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന സംവിധാനമായിരുന്നു സുതാര്യ കേരളം. വില്ലേജ് ഓഫീസുകള്‍ മുതലുള്ള എല്ലാ പരാതികളും പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന് അധികാരവുമുണ്ടായിരുന്നു. പരാതിക്കാര്‍ക്ക് നേരിട്ടെത്തിയോ തപാലിലോ സുതാര്യകേരളത്തിന് നല്‍കുന്ന പരാതികള്‍ ഓരോ മാസവും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്യുകയായിരുന്നു രീതി.

ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ അതിന് പരിഹാരമുണ്ടാകുന്നതുവരെ കലക്ടറുടെ മേല്‍നോട്ടമുണ്ടാകുകയും ചെയ്യും. അതുകൊണ്ടു തന്നെ വകുപ്പുതല ഉദ്യോഗസ്ഥര്‍ ഇത്തരം പരാതികള്‍ക്ക് പരിഗണന നല്‍കിയിരുന്നു. അത്തരത്തില്‍ സാധാരണക്കാരന്റെ ആശ്രയമായ ഒരു സംവിധാനമാണ് ഇപ്പോള്‍ നിര്‍ജ്ജീവാവസ്ഥയിലുള്ളത്.