രഞ്ജി ട്രോഫി: കേരളം - ഛത്തീസ്ഗഢ് മത്സരം സമനിലയിൽ, കേരളത്തിന് മൂന്നു പോയിന്റ്

കേരളത്തിനെതിരെ നാലാം ദിവസം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഛത്തീസ്ഗഢ് 249 റൺസ് എടുത്തിരുന്നു.

രഞ്ജി ട്രോഫി: കേരളം - ഛത്തീസ്ഗഢ് മത്സരം സമനിലയിൽ, കേരളത്തിന് മൂന്നു പോയിന്റ്

ജാംഷഡ്പുർ: രഞ്ജി ട്രോഫി നാലാം റൗണ്ടിൽ നടന്ന കേരളം - ഛത്തീസ്ഗഢ് മത്സരം സമനിലയിൽ. ആദ്യ ഇന്നിംഗ്‌സിൽ 207 റൺസെടുത്ത കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സിൽ ഛത്തീസ്ഗഢിന് 187 റൺസെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. രണ്ടാം ഇന്നിംഗ്‌സിൽ ക്യാപ്റ്റൻ രോഹൻ പ്രേമിന്റെ (123 നോട്ടൗട്ട്) സെഞ്ച്വറിയുടെ മികവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്ത് ഡിക്ലയർ ചെയ്ത കേരളത്തിനെതിരെ നാലാം ദിവസം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഛത്തീസ്ഗഢ് 249 റൺസ് എടുത്തിരുന്നു.


ഓപ്പണർ ഗുപ്തയുടെ (123 നോട്ടൗട്ട്) സെഞ്ച്വറിയുടെ പിൻവലത്തിലായിരുന്നു ഛത്തീസ്ഗഢ് ചേസ് ചെയ്തത്. എന്നാൽ ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടിയ കേരളത്തിന് മൂന്നും പോയിന്റും മത്സരം സമനിലയിൽ ആയതിനാൽ ഛത്തീസ് ഗഢിന് ഒരു പോയിന്റും ലഭിച്ചു.

സ്‌കോർ: കേരളം 207 & രണ്ട് വിക്കറ്റിന് 307 ഡിക്ലയേർഡ്
ഛത്തീസ്ഗഢ്: 187& ആറു വിക്കറ്റ് നഷ്ടത്തിൽ 249

കേരളം ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിന് ഇറങ്ങിയ ഛത്തീസ്ഗഢ് കരുതലോടെയാണ് കളിച്ചത്. എന്നാൽ 13-ആം ഓവറിലെ അഞ്ചാം പന്തിൽ ഭവിൻ ജെ. താക്കറിന്റെ കൈകളിൽ ഓപ്പണർ റിഷഭ് തിവാരിയെ എത്തിച്ച് വാര്യർ ഛത്തീസ്ഗഢിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 13 റൺസെടുത്ത റിഷഭ് മടങ്ങിയ ശേഷം ക്രീസിലെത്തിയ ഖാരെയ്ക്ക് 20 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഭവിന്റെ കൈകളിലേക്ക് തന്നെ ക്യാച്ച് നൽകി ഇഖ്ബാൽ അബ്ദുള്ള എറിഞ്ഞ 32-ആം ഓവറിലായിരുന്നു ഖാരെ പവലിയനിലേക്ക് മടങ്ങിയത്. പിന്നീടെത്തിയ ക്യാപ്റ്റൻ അഭിമന്യൂ ചൗഹാൻ ഒരു റൺസെടുത്ത ശേഷം 34-ആം ഓവറിൽ സച്ചിൻ ബേബിക്ക് ക്യാച്ച് നൽകി മടങ്ങി. ഇഖ്ബാൽ അബ്ദുള്ളയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്.

അഞ്ചാമനായി ക്രീസിലെത്തിയ അശുതോഷ് സിങ് ഓപ്പണർ ഗുപ്തയുമായി ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഛത്തീസ്ഗഢിനെ പരാജയത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. 45 റൺസെടുത്ത അശുതോഷ് ഓപ്പണറുമായി ചേർന്ന് 88 റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. ഉച്ചഭക്ഷണത്തിന് മുൻപ് ക്രീസിലെത്തിയ അശുതോഷ് വൈകീട്ടുള്ള ഡ്രിങ്ക്‌സ് ബ്രേക്കും കഴിഞ്ഞാണ് കളം വിട്ടത്. മോനിഷിന്റെ പന്തിൽ നിഖിലേഷ് സുരേന്ദ്രന് ക്യാച്ച് നൽകിയായിരുന്നു മടക്കം. പിന്നീടെത്തിയ മനോജ് സിങ്ങും (15) വിശാൽ സിങ്ങും (16) ഗുപ്തയ്ക്ക് മികച്ച പിന്തുണ നൽകി. ഇരുവരെയും ജലജ് സക്‌സേനയാണ് മടക്കിയത്. പിന്നീട് ക്രീസിലെത്തിയ റൂയികാർ (4) പുറത്താകാതെ സെഞ്ച്വറി നേടിയ ഓപ്പണർക്കൊപ്പം മത്സരം തീരുംവരെ ക്രീസിൽ നിലയുറപ്പിച്ചു. 334 പന്തുകളിൽ നിന്നും 14 ബൗണ്ടറികളോടെയായിരുന്നു ഗുപ്ത 123 റൺസെടുത്തത്.

രണ്ടാം ഇന്നിംഗ്‌സിൽ രോഹൻ പ്രേമിന്റെ സെഞ്ച്വറിയുടെയും സച്ചിൻ ബേബിയുടെ അർദ്ധ സെഞ്ച്വറിയുടെയും (70) ഓപ്പണർ വി.എ. ജഗദീഷിന്റെ 45 റൺസിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. രണ്ടാം ഇന്നിംഗ്‌സിൽ കേരളത്തിന് വേണ്ടി ഇഖ്ബാൽ അബ്ദുള്ളയും ജലജ് സക്‌സേനയും രണ്ട് വിക്കറ്റ് വീതവും വാര്യരും മോനിഷും രോഹനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.