കേരളത്തിൽ കേന്ദ്രം രാഷ്ട്രീയക്കളിയ്ക്കു നീക്കം തുടങ്ങി; കളത്തിലിറങ്ങാൻ തയ്യാറായി ഗവർണറും

ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയുളള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ഇത്തരത്തിൽ ഇടപെടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ അതതു സംസ്ഥാനങ്ങളിലെ ഗവർണർമാരോ തയ്യാറാകുന്നില്ല. കേരള ഗവർണറായി പി സദാശിവത്തെ നിയമിച്ചത് ബിജെപി സർക്കാരാണ്.

കേരളത്തിൽ കേന്ദ്രം രാഷ്ട്രീയക്കളിയ്ക്കു നീക്കം തുടങ്ങി; കളത്തിലിറങ്ങാൻ തയ്യാറായി ഗവർണറും

ഡെൽഹി ബ്യൂറോ

കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന്റെ മറവിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് രാഷ്ട്രീയക്കളിയ്ക്കു നീക്കം തുടങ്ങി. കൊലപാതകത്തെ തുടർന്ന് കേന്ദ്ര സർക്കാർ കേരള സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനു പിന്നാലെ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വിലപ്പെട്ട ജീവൻ നഷ്ടമാകുന്നതിലുളള ആശങ്ക ഗവർണർ പി സദാശിവം പൊലീസ് മേധാവിയെയും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്തി അറിയിച്ചു.


സംസ്ഥാന ഭരണത്തിൽ ഇടപെടാൽ തക്കംപാർത്തിരുന്നതുപോലെയാണ് ഗവർണറുടെ നടപടിയെന്ന് ആക്ഷേപമുയരുന്നു. യുദ്ധസമാന സാഹചര്യങ്ങളിൽ പാകിസ്താൻ അംബാസഡറെ ഇന്ത്യ വിളിച്ചുവരുത്തുന്നതുപോലെയായിരുന്നു ഗവർണറുടെ ഇടപെടൽ. കലാപം പോലെ അസാധാരണമായ സാഹചര്യങ്ങളിൽ ഇത്തരം ഇടപെടലുകൾക്കു സാംഗത്യമുണ്ട്. ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിൽ അധികാരം കൈയിലെടുത്ത് കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചരണത്തിന് കൂട്ടു നിൽക്കുന്നതിനു പിന്നിൽ ഡെൽഹി ലഫ്റ്റനന്റ് ഗവർണറുടെ കസേരയാണെന്നും ശ്രുതിയുണ്ട്.

ക്രമസമാധാന നില പാടേ തകർന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും സംസ്ഥാന ഭരണം താറുമാറായ തമിഴ്നാട്ടിലെയും ഗവർണർമാക്കില്ലാത്ത ആശങ്കയാണ് കേരള ഗവർണർക്കുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയുളള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ഇത്തരത്തിൽ ഇടപെടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ അതതു സംസ്ഥാനങ്ങളിലെ ഗവർണർമാരോ തയ്യാറാകുന്നില്ല. കേരള ഗവർണറായി പി സദാശിവത്തെ  നിയമിച്ചത് ബിജെപി സർക്കാരാണ്.

അന്തമില്ലാത്ത കർഫ്യൂ തുടരുന്നതു കാരണം ജമ്മു കശ്മീരിലെ പൊതുജനം പുറംലോകം കണ്ടിട്ടു മാസം നാലാകുന്നു. ബിജെപി അവിടെ ഭരണപക്ഷത്താണ്. ദളിതർക്കെതിരെ നടന്ന തെരുവുവേട്ട ഗുജറാത്ത് മുഖ്യമന്ത്രിയുടെ കസേര തെറിപ്പിക്കുന്നതിലേയ്ക്കാണ് വളർന്നത്. ജാതി മേൽക്കോയ്മ അവകാശപ്പെട്ട ഒരു വിഭാഗം തെരുവിലിറങ്ങി നിയമം കൈയിലെടുക്കുന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളുടെ പരമ്പരയുണ്ടായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടില്ല. പോലീസ് മേധാവിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിക്കാൻ ഗുജറാത്ത് ഗവർണറും തയ്യാറായില്ല.

സംസ്ഥാന ജനസംഖ്യയിലെ പകുതിയോളം പേരും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേർപ്പെടുന്ന സംസ്ഥാനമാണത്രേ പഞ്ചാബ്. പൊലീസും രാഷ്ട്രീയക്കാരും മയക്കുമരുന്നു കടത്തുന്നവരും ചേർന്ന മാഫിയയാണ് സംസ്ഥാനം ഭരിക്കുന്നത് എന്നത് പരസ്യമായ രഹസ്യം. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയോ സംസ്ഥാന ഗവർണറുടെയോ ഇടപെടൽ പഞ്ചാബിൽ ഇല്ല.

തമിഴ്നാട്ടിലും ഭരണം നിശ്ചലമാണ്. സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് എന്തു സംഭവിച്ചു എന്നുപോലും ആർക്കും അറിയില്ല. ഒരു സംസ്ഥാനത്തിന്റെ ഭരണസംവിധാനം നാഥനില്ലാക്കളരിയായി മാറിയിട്ട് ആഴ്ചകൾ പിന്നിടുന്നു. കേന്ദ്രസർക്കാരിന്റെ ഇടപെടൽ അവിടെയുമില്ല.

നാഷണൽ ക്രൈം റിക്കോഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കു പ്രകാരം കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനങ്ങൾ വേറെയുണ്ട്. ഉത്തർപ്രദേശും ബീഹാറും മഹാരാഷ്ട്രയുമാണ് ഏറ്റവും മുന്നിലുളള സംസ്ഥാനങ്ങൾ. കേരളത്തിലാകട്ടെ ആകെ കുറ്റകൃത്യങ്ങളുടെ നാലു ശതമാനം പോലുമില്ല. ഇങ്ങനെയൊരു സംസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര വകുപ്പും ഗവർണറും അസ്വാഭാവികമായ നീക്കങ്ങൾ നടത്തുന്നതിനു കാരണം രാഷ്ട്രീയമാണെന്ന് പകൽപോലെ വ്യക്തം .