സ്വന്തം നാട്ടിൽ ഇന്ന് കൊമ്പൻമാർക്ക് കളിയങ്കം; കേരള ബ്ലാസ്റ്റേഴ്‌സ് - അത്‌ലറ്റികോ ഡി കൊൽക്കത്ത മത്സരം വൈകീട്ട് ഏഴിന്

ആദ്യമത്സരത്തിൽ ഇല്ലാതെ പോയ വീര്യം സ്വന്തം നാട്ടുകാരുടെ ആവേശം കൊണ്ട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്.

സ്വന്തം നാട്ടിൽ ഇന്ന് കൊമ്പൻമാർക്ക് കളിയങ്കം; കേരള ബ്ലാസ്റ്റേഴ്‌സ് - അത്‌ലറ്റികോ ഡി കൊൽക്കത്ത മത്സരം  വൈകീട്ട് ഏഴിന്

നിരഞ്ജൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം പതിപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിനായി കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർണ്ണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാൽപ്പന്തുകളിയുടെ ആരാധകരെ കൊണ്ട് കൊച്ചിനഗരം മഞ്ഞക്കടലായി മാറുകയാണ്. ഇന്ന് വൈകീട്ട് ഏഴിനാണ് കിക്കോഫ്.

ആദ്യ ഐ.എസ്.എല്ലിൽ കൊമ്പൻമാരുടെ മാർക്വി താരമായ ഇയാൻ ഹ്യൂം ഉൾപ്പെട്ട അത്‌ലറ്റികോ ഡി കൊൽക്കത്ത ശക്തരാണ്. അടുത്തവർഷം നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനായി നവീകരിച്ച സ്റ്റേഡിയത്തിലെ ആദ്യ മത്സരംകൂടിയാണ് ഇന്നത്തേത്. ഗുവാഹത്തിയിൽ നടന്ന ലീഗിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോൽവി പിണഞ്ഞെങ്കിലും തളരാത്ത ആത്മവിശ്വാസത്തിലാണ് സ്വന്തം തട്ടകത്തിൽ യെല്ലോ ബ്രിഗേഡ്‌സ് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത എത്തുന്നത്. എതിരാളികൾ ശക്തരായതിനാൽ കൊച്ചിയിലെ മത്സരം കൊമ്പൻമാർക്ക് കടുത്തതാകുമെന്ന് ഉറപ്പ്.


ആദ്യമത്സരത്തിൽ ഇല്ലാതെ പോയ വീര്യം സ്വന്തം നാട്ടുകാരുടെ ആവേശം കൊണ്ട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ പരിഹരിക്കാനാണ് ഇന്നലെ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിൽ കോച്ച് സ്റ്റീവ് കോപ്പൽ പ്രധാനമായും ശ്രദ്ധനൽകിയത്. കളി നിയന്ത്രിക്കാൻ മികച്ച സെന്റർ മിഡ്ഫീൽഡറില്ലാത്തതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ദൗർബല്യം. ഹൊസു കുറിയാസ് കളത്തിലിറങ്ങിയാൽ അതിന് പരിഹാരമുണ്ടാകും. ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈൻ, വിനിത് റായ് എന്നിവരായിരുന്നു നോർത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ കളിയിൽ മധ്യനിരയിൽ.

ഇന്ത്യൻ താരങ്ങൾ നന്നായി കളിച്ചപ്പോൾ മുന്നേറ്റത്തിൽ ഇംഗ്ലീഷുകാരൻ അന്റോണിയോ ജർമെയിന്റെ പ്രകടനത്തിൽ കോച്ച് നിരാശനാണ്. പരിക്കു പൂർണമായി മാറാത്ത ജർമെയ്ൻ ഇന്ന് കളിച്ചേക്കില്ലെന്നും കോച്ച് സൂചന നൽകുന്നുണ്ട്. എന്നാൽ പ്രതിരോധ നിരയിൽ കോപ്പൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. മുഹമ്മദ് റാഫിയും പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്‌സിലെ മലയാളി സാന്നിദ്ധ്യം. മറ്റു മലയാളികളായ റിനോ ആന്റോയും സി.കെ. വിനീതും എ.എഫ്.സി കപ്പ് കളിക്കുന്ന ബംഗളുരു ടീമിനൊപ്പമാണ്. ആദ്യ മത്സരത്തിൽ മങ്ങിയെങ്കിലും തിരിച്ചുവരാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് റാഫി.

ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഊർജമായിരുന്ന ഇയാൻ ഹ്യൂമിന്റെ നേതൃത്വത്തിലുള്ള കൊൽക്കത്തയുടെ മുന്നേറ്റനിര വളരെ ശക്തമാണ്. ഹെൽദെർ പോസ്റ്റിഗനും സമീഗ് ഡൂട്ടിയുമാണ് ഹ്യൂമിനൊപ്പമുള്ളത്. ബോഹർ ഫെർണാണ്ടസും ബിക്രംജിത് സിംഗും അണിനിരക്കുന്ന മദ്ധ്യനിരയും ശക്തം. ചെന്നൈയിനിനെതിരായ ടീമിന്റെ പ്രകടനത്തിൽ സംതൃപ്തനാണ് കോച്ച് മൊളീന. നീണ്ട യാത്രയും കുറഞ്ഞ ഇടവേളയും കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക കോച്ചിനുണ്ട്.

കൊച്ചിയിൽ മികച്ച പ്രകടനം കൊൽക്കത്ത കാഴ്ച വയ്ക്കുമെന്ന് മൊളീന പറയുന്നു. ഹോം മാച്ചെന്നോ എവേ മാച്ചെന്നോ ഉള്ള വ്യത്യാസം കൊൽക്കത്തയ്ക്കില്ല. കഴിഞ്ഞ സീസനിൽ കൊൽക്കത്തയ്ക്കായിരുന്നു മുൻതൂക്കമെന്നും കോച്ച് മൊളീന വ്യക്തമാക്കുന്നു.

മിഡ്ഫീൽഡിൽ പന്ത് കൈവശം വച്ച് കളിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പൽ പറയുന്നു. പരിക്കിന്റെ പ്രശ്‌നം ടീമിനെ അലട്ടുന്നില്ലെന്ന് പറയുന്ന അദ്ദേഹം ജെർമെയ്ൻ പരിക്കിൽ നിന്ന് മോചിതനായെന്നും വിശദീകരിക്കുന്നു. സ്വന്തം ആരാധകരുടെ മുൻപിൽ അവർ പകരുന്ന ഊർജ്ജം ടീമിന് കരുത്താകുമെന്നും കോച്ച് കോപ്പലിന് പക്ഷമുണ്ട്.