ബ്ലാസ്‌റ്റേഴ്‌സ്... ഞങ്ങൾക്കിന്നൊരു വിജയം വേണം

കേരള ബ്ലാസ്റ്റേഴ്സ് - ഡൽഹി ഡയനാമോസ് മത്സരം വൈകീട്ട് ഏഴിന്

ബ്ലാസ്‌റ്റേഴ്‌സ്... ഞങ്ങൾക്കിന്നൊരു വിജയം വേണം

കൊച്ചി: ആദ്യ രണ്ടു കളിയിലും സമ്പൂർണ്ണ പരാജയം, പിന്നീട് പട്ടികയിലെ അവസാന സ്ഥാനക്കാർ... ഒടുവിൽ നന്നായി കളിച്ചിട്ടും തോൽക്കേണ്ടിവന്ന ഗോവയുടെ ഭാഗ്യക്കേടിൽ തൂങ്ങി അവസാന സ്ഥാനക്കാരെന്ന നാണക്കേടിൽ നിന്നും രക്ഷ... അങ്ങനെ ഇപ്പോൾ ഏഴാം സ്ഥാനക്കാർ. ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ മൂന്നാം മത്സരത്തിന് കരുത്തരായ ഡൽഹി ഡയനാമോസിനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും സ്വപ്‌നം കാണാൻ കേരള ബ്ലാസ്റ്റേഴിസിനില്ല. വാനോളം പ്രതീക്ഷിക്കുമ്പോഴും കടലോളം ആശങ്കകളും പോരായ്മകളും... അതാണ് സച്ചിന്റെ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ.


ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം ആരാധകരുള്ള ടീമിന് ഗാലറിയെ തൃപ്തിപ്പെടുത്തുന്ന ഒരു മുന്നേറ്റം പോലും നടത്താൻ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സാധിച്ചിട്ടില്ലെന്നത് നിരാശ പടർത്തുന്നു. മുൻനിരയും മദ്ധ്യനിരയും പ്രതിരോധവും ഒന്നും കഴിവിനൊത്ത് ഉയർന്നില്ല. ഇക്കാര്യം തന്നെയായിരുന്നു കോച്ചിനും വാർത്താ സമ്മേളനത്തിൽ പറയാനുണ്ടായിരുന്നത്.

ഏകോപനമില്ലായ്മയാണ് ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ കളിയിൽ തോൽപ്പിച്ചത്. പന്ത് കൈയിൽ വയ്ക്കുന്നതിൽ ശ്രദ്ധിക്കുമെന്ന് മത്സരത്തിനു മുമ്പ് കോച്ച് പറഞ്ഞെങ്കിലും കളിയിൽ സമസ്തമേഖലയിലും ആധിപത്യം പുലർത്തിയത് കൊൽക്കത്തയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര അമ്പേ പരാജയപ്പെട്ടതിന്റെ തെളിവായിരുന്നു കൊൽക്കത്തയുടെ ഗോൾ. ഒരു ഘട്ടത്തിലും മികച്ച മുന്നേറ്റം പുറത്തെടുക്കാൻ ടീമിനായില്ല.

നാട്ടിലേക്ക് മടങ്ങിയ മാർക്വീ താരം ആരോൺ ഹ്യൂസിനു പകരം പ്രതിരോധ നിരയിലേക്ക് ഇറക്കിയ സ്പാനിഷ് താരം ഹോസു കുരായിസ് പ്ലേമേക്കറുടെ റോൾ ഒരുവിധം ഭംഗിയായി നിർവഹിച്ചു. എന്നാൽ സഹതാരങ്ങളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നതാണ് സത്യം. മുന്നേറ്റനിരയിൽ ജർമെയ്ൻ നിറംമങ്ങിയപ്പോൾ നാസൺ മികച്ചുനിന്നു. ഇന്നും ഇവർ തന്നെയായിരിക്കും ആദ്യ ഇലവനിൽ മുന്നേറ്റ നിരയെ നയിക്കുക.

സന്ദീപ് നാന്ദി ആദ്യ ഇലവനിൽ വരുമോയെന്ന് വ്യക്തമാക്കിയില്ല. മലയാളി താരം മുഹമ്മദ് റാഫിയുടെ കാര്യത്തിലും കോച്ച് ഉറപ്പു പറഞ്ഞിട്ടില്ല. മറ്റൊരു മലയാളി താരം പ്രശാന്ത് പരിക്കിന്റെ പിടിയിലാണ്.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയെ അവരുടെ തട്ടകത്തിൽ ചെന്ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി ഡയനാമോസ് ഇന്നിറങ്ങുന്നത്. ഇറ്റാലിയൻ ഡിഫൻഡർ ജിയാൻലൂക്ക സംബ്രോട്ടയുടെ പരിശീലനത്തിൻ കീഴിൽ ഡൽഹി ആത്മവിശ്വാസത്തിലാണ്.

ചെന്നൈയിൻ എഫ്.സിക്കെതിരെ രണ്ടു ഗോളുകൾ നേടിയ ബ്രസീലിയൻ താരം മാഴ്സിലീഞ്ഞോ പെരേര, ഘാനയിൽ നിന്നുള്ള റിച്ചാർഡ് ഗാഡ്സെ, പകരക്കാരനായി വന്നു ഗോളടിച്ച സെനഗലിൽ നിന്നുള്ള ബാദ്ര ബാജി തുടങ്ങിയവരെല്ലാം മിന്നും ഫോമിലാണ്.

പരിക്കേറ്റ മലയാളിതാരം അനസ് ഇന്നു കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറക്കിയ മാർക്വി താരം ഫ്ളോറന്റ് മലൂദ ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങാൻ സാധ്യതയുണ്ട്.

മിഡ് ഫീൽഡിൽ മാർക്കോസ് ടെബർ, കീൻ ലൂയിസ്, സൗവിക് ചക്രവർത്തി, സെന്റർ ബാക്ക് റൂബൻ ഗൊൺസാലസ്, ഗോൾ കീപ്പർ ടോണി ഡോബ്ലാസ് എന്നിവരും അടങ്ങിയ വിന്നിംഗ് കോമ്പിനേഷനിൽ കോച്ച് സാംബ്രോട്ട മാറ്റം വരുത്താൻ ഇടയില്ല.

Read More >>