ഈ പിന്തുണ ബ്ലാസ്റ്റേഴ്‌സ് അർഹിക്കുന്നതോ?

ഫുട്ബോളിന് ഒരു ഗുണവുമില്ലാത്ത ഒരു ക്ലബിനു വേണ്ടി ബ്ലാസ്റ്റേഴ്സ് ആരാധകർ ഇനിയും ഊർജ്ജവും സമയവും കളയേണ്ടതുണ്ടോ? ഫുട്ബോളിനെയും ആരാധകരെയും ഒരുപോലെ വഞ്ചിക്കുന്ന ഈ ക്ലബ് നമ്മളിനിയും അന്ധമായ ആരാധയുമായി നടന്നാൽ ഒരിക്കലും നന്നാകാൻ പോകുന്നില്ല.

ഈ പിന്തുണ ബ്ലാസ്റ്റേഴ്‌സ് അർഹിക്കുന്നതോ?

പി വി ജുനൈസ്
രണ്ടുവര്‍ഷം മുമ്പ് തുടക്കമായ രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മേളയിലേക്ക് ഫ്രാഞ്ചൈസിയെ ലഭിച്ചപ്പോള്‍ കേരളമൊന്നടങ്കം സന്തോഷിച്ചു. അതുവരെ വിദേശ ക്ലബ്ബുകളെയും താരങ്ങളെയും മാത്രം ആരാധിച്ചിരുന്ന കേരളത്തിലെ ശരാശരി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സ്വന്തമെന്നുപറയാന്‍ ലഭിച്ച ക്ലബായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. വര്‍ഷങ്ങളായി ഐ-ലീഗില്‍പോലും സ്വന്തമായി ക്ലബ്ബിനെ പങ്കെടുപ്പിക്കാന്‍ പറ്റാതിരുന്ന ഫുട്‌ബോള്‍ കേരളം, ബ്ലാസ്റ്റേഴ്സിനെ ശരിക്കും നെഞ്ചിലേറ്റി. ലോകത്തെ ഏതൊരു ക്ലബും ആഗ്രഹിക്കുന്ന സപ്പോര്‍ട്ടാണ് കേരളജനത ബ്ലാസ്റ്റേഴ്‌സിന് നല്‍കിയത്. അതിന്നും നല്‍കിക്കൊണ്ടിരിക്കുന്നു. പക്ഷെ ആ ക്ലബിന് ആരാധകനോട് നീതി പുലര്‍ത്താനായോ? ഒരു പരിശോധന ആവശ്യമാണ്.


ആദ്യ സീസണില്‍ തട്ടിക്കൂട്ടിയ ടീമുമായി ഫൈനല്‍വരെ മുന്നേറിയതൊഴിച്ചാല്‍ തീര്‍ത്തും നിരാശാജനകമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍.

മികച്ച ഡിഫന്‍ഡേര്‍സും , കളത്തില്‍ തങ്ങളുടെ നൂറുശതമാനവും നല്‍കാറുള്ള സ്റ്റീഫന്‍ പിയേഴ്‌സണ്‍, ഇയാന്‍ ഇയാന്‍ ഹ്യൂം എന്നിവരും ആദ്യ സീസണിലെ വിജയത്തില്‍ വഹിച്ച പങ്ക് ചെറുതല്ല, കൂടെ ഡേവിഡ് ജെയിംസ് എന്ന പ്ലയര്‍ മാനേജരും തന്റെ അനുഭവസമ്പത്ത് കരുത്താക്കി മാറ്റിയപ്പോള്‍ അതു ബ്‌ളാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രയാണത്തില്‍ വളരെ നിര്‍ണായകമായി.

ടീം സെലക്ഷനിലെ പോരായ്മകള്‍ ആ സീസണില്‍ത്തന്നെ പ്രകടമായിരുന്നെങ്കിലും അടുത്ത സീസണില്‍ മാനേജ്മന്റ് അതു തിരുത്തും എന്നുതന്നെയായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ആരാധകരുടെ പ്രതീക്ഷ തല്ലിക്കെടുത്തിക്കൊണ്ട് രണ്ടാം സീസണില്‍ ടീം സെലക്ഷനും ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകളും കൂടുതല്‍ മോശമായി. ആദ്യ സീസണിലെ പോലെ തന്നെ കുറഞ്ഞ പണമിറക്കി കൈ നനയാതെ മീന്‍ പിടിക്കാന്‍ തന്നെയായിരുന്നു മാനേജ്മെന്റ് ലക്ഷ്യമിട്ടത്. അതിനിടയില്‍ ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ഹ്യൂം,പിയേഴ്സണ്‍,ഹെങ്ബെര്‍ട്ട് എന്നിവരെ നിലനിര്‍ത്താനും മാനേജ്മെന്റ് മറന്നു. രണ്ടാം സീസണില്‍ അവസാന സ്ഥാനക്കാരായി മടങ്ങുമ്പോഴും ആരാധകര്‍ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു - തോല്‍വിയില്‍ നിന്നു മാനേജ്മെന്റ് പഠിക്കുമെന്നുള്ള പ്രതീക്ഷ. പക്ഷെ, മൂന്നാം സീസണിലേക്കെത്തിയപ്പോഴും പല്ലവി പഴയതുതന്നെ. ടീമിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല, പ്രകടനത്തിന്റെ ഗ്രാഫ് താഴേക്കു പോയിക്കൊണ്ടിരുന്നു.

മോശം പ്രകടനത്തിന് യാഥാര്‍ത്ഥ കാരണം എന്ത്?

ഒറ്റവാക്കില്‍ പറഞ്ഞാല്‍, മാനേജ്മെന്റ്. ടീമിന്റെ തുടക്കം മുതല്‍ തന്നെ കൂടെയുള്ള ആളാണ് ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. അദ്ദേഹത്തിന്റെ പാര്‍ട്ണര്‍മാരായി പി വി പി ഗ്രൂപ്പ് മുതല്‍ ഇപ്പോഴുള്ള തെലുങ്ക് സിനിമാതാരങ്ങള്‍വരെ മാറിവന്നെങ്കിലും ക്ലബ്ബിനു  യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

ആദ്യ രണ്ടു സീസണുകളിലും ടീം സെലക്ഷന്‍ മോശമായതിനു പിന്നില്‍ നല്ലൊരു റോള്‍ വഹിച്ച ആളായിരുന്നു ടീമിന്റെ സഹപരിശീലകന്‍ ട്രെവര്‍ മോര്‍ഗന്‍. തന്റെ കീഴില്‍ കളിച്ച താരങ്ങളെ അമിതമായി ആശ്രയിച്ച അദ്ദേഹം ടീമിലെടുത്ത താരങ്ങളില്‍ പലരും ബെഞ്ചിലിരിക്കാന്‍പോലും യോഗ്യതയില്ലാത്തവരായിരുന്നു.

മൂന്നാം സീസണില്‍ മോര്‍ഗന്‍ ബ്ലാസ്റ്റേഴ്‌സിനൊടൊപ്പമില്ലെങ്കിലും മോര്‍ഗന്റെ റോള്‍ കൈകാര്യംചെയ്യാന്‍ ഏല്‍പിച്ച ഇഷ്ഫാഖ് അഹമ്മദ് അതിനേക്കാള്‍ വലിയ പരാജയമാണ്. ടീമില്‍ സംതൃപ്തനല്ല എന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ പറയാതെ പറയുമ്പോള്‍ അവിടെ വ്യക്തമാകുന്നത് ഇഷ്ഫാക്ക് അടക്കമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫ്‌സിന്റെ പരാജയമാണ്. ഒരു ടീമില്‍ കളിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ടീമിന്റെ ഘട., അവിടെപ്പോലും കഴിഞ്ഞ മൂന്നു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സ് ഒരേ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഇത്തവണത്തെ ടീമിനെ ശ്രദ്ധിച്ചാല്‍ അത് എളുപ്പം വ്യക്തമാകും. ടീമിലുള്ളതു നാലു ഗോള്‍ കീപ്പര്‍മാര്‍. വിദേശ താരമായ ഗ്രഹാം സ്റ്റാക്ക് ഒഴികെ വിശ്വസിച്ചു ഗ്ലൗസേൽപിക്കാന്‍ പറ്റിയവര്‍ ഒരാള്‍ പോലുമില്ല ഇവരില്‍. സന്ദീപ് നന്ദി മികച്ചവനായിരുന്നു. പക്ഷെ 42 വയസ്സായ ഒരാള്‍ക്ക് പരിമിതികളുണ്ട്. മറ്റു രണ്ടു ഗോള്‍കീപ്പര്‍മാരായ കുനാല്‍ സാവന്തിനും മുഹമ്മദ് അന്‍സാരിക്കും എക്‌സ്പീരിയന്‍സ് തീരെ ഇല്ല.

മൂന്നുമാസം മാത്രം നീളുന്ന ഒരു ലീഗിനു നാലു ഗോള്‍കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയിട്ടും (ആ മണ്ടത്തരം ചെയ്ത ഒരേ ഒരു ടീമാണ് ബ്ലാസ്റ്റേര്‍സ്) ഗോള്‍കീപ്പിംഗ് ഡിപ്പാര്‍ട്ട്മെന്റ് സ്ട്രോങ്ങാക്കാന്‍ കഴിയാതിരുന്നത് ഒരു കുറവുതന്നെയാണ്. വിദേശ താരങ്ങള്‍ക്ക് പരിമിതികളുള്ള ഒരു ലീഗില്‍ മികച്ച ഒരു ആഭ്യന്തര ഗോള്‍കീപ്പര്‍ അഡ്വാന്റേജാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹ്യൂഗ്സും ജിങ്കനും ഹെങ്ങ്ബര്‍ട്ടും അടങ്ങുന്ന ഡിഫന്‍സിലെ താരനിര മോശമാണെന്ന് പറയാനൊക്കില്ലെങ്കിലും പൊസിഷന്‍ ശ്രദ്ധിക്കാതെ വാങ്ങിക്കൂട്ടിയ താരങ്ങളെക്കൊണ്ട് ടീമിനു ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല.

വിങ് ബാക്കായി ആകെ ടീമിലുള്ള താരം റിനോ ആന്റോയാണ്. മറ്റു ടീമുകള്‍ക്കൊക്കെ രണ്ടു മെയിന്‍ വിങ്ബാക്കുകളും, അവര്‍ക്ക് പകരം ഉപയോഗിക്കാന്‍ പറ്റിയവര്‍ ബെഞ്ചിലും, ഉള്ളപ്പോഴാണു ബ്ലാസ്റ്റേര്‍സ് ഏക വിങ്ബാക്കുമായി ടൂര്‍ണ്ണമെന്റിനിറങ്ങിയത്. ബംഗളൂരു എഫ്.സി താരമായ റിനോയ്ക്കാകട്ടെ ടൂര്‍ണമെന്റ് പകുതിയോളം നഷ്ടമാകും. പകരം മറ്റു പൊസിഷനില്‍ കളിക്കുന്നവരെ പിടിച്ച് വിങ്ബാക്കായി കളിപ്പിക്കുകയെന്നതല്ലാതെ കോച്ച് കോപ്പലിനുമുന്നില്‍ വേറെ വഴിയില്ല, അത് പലപ്പോഴും വിജയിച്ചുകൊള്ളണമെന്നും ഇല്ല.

മിഡ്ഫീല്‍ഡിലേക്ക് വന്നാല്‍ ഡിഫന്‍സീല്‍ മിഡ്ഫീല്‍ഡമാരായി ടീമിലുള്ളവര്‍ മൂന്ന്. അതില്‍ രണ്ടും വിദേശികള്‍. അവിടേയും പൊസിഷന്‍ നോക്കാതെ താരങ്ങളെ വാങ്ങിക്കൂട്ടിയെങ്കിലും ഒരു ക്രിയേറ്റിവ് മിഡ്ഫീല്‍ഡറെപ്പോലും ടീമിലെത്തിക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചില്ല. ആ സ്ഥാനത്ത് ആകെ യൂസ് ചെയ്യാന്‍ പറ്റിയ പ്ലെയര്‍, ടീമില്‍ നിലനിര്‍ത്തിയ സ്‌പെയിനുകാരന്‍ ഹോസുവാണ്. പക്ഷേ വിങ്ബാക്കായി ടീമില്‍ ആളില്ലാത്തതു കാരണം ജോസുവിന് പൊസിഷന്‍ മാറി കളിക്കേണ്ടി വരുന്നു.

മര്‍മ്മ പ്രധാന ഭാഗമായ ക്രിയേറ്റിവ് മിഡ്ഫീല്‍ഡറുടെ റോളില്‍ ജോസുവിനെ മാത്രംവച്ച് ടീമിനു മുന്നോട്ട് പോകാനാകുമെന്നു കരുതിയതും മാനേജ്മന്റിന്റെ ഭാഗത്തു വന്ന തെറ്റാണ്. മുന്നേറ്റ നിരയിലാണ് ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് -ഏഴു പേര്‍. മിഡ്ഫീല്‍ഡിലും മുന്നേറ്റനിരയിലും ഒരുപോലെ കളിക്കുന്ന വിനീതിനെപ്പോലുള്ളവരെ ഉള്‍പെടുത്തിയാല്‍ എണ്ണം ഇനിയും കൂടും. ഒരു കളിയില്‍ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ഇറക്കുന്ന പൊസിഷനില്‍ ഏഴിലധികം താരങ്ങളെ വാങ്ങിക്കൂട്ടിയത് യുക്തിക്ക് നിരക്കുന്നതല്ല. മുന്നേറ്റ നിരയില്‍ പുതുതായി ടീമിലെത്തിച്ച ഹെയ്ത്തി താരങ്ങള്‍ കഴിവുള്ളവരാണ്. പക്ഷേ ടീം ഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അവര്‍ക്കും സ്വന്തം കളി പുറത്തെടുക്കാനാകുമെന്ന് തോന്നുന്നില്ല.

ഒറ്റ നോട്ടത്തില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നു വ്യത്യസ്തമായി എന്തൊക്കെയോ കാട്ടിക്കൂട്ടാന്‍ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ടെങ്കിലും തലപ്പത്തിരിക്കുന്നവരുടെ പോരായ്മ കാരണം അതൊന്നും ഫലവത്തായിട്ടില്ല എന്നു വേണം കരുതാന്‍.

തുടക്കം മുതല്‍ ഉള്ള ആളെന്ന നിലയ്ക്ക് മാനേജ്‌മെന്റിന്റെ പരാജയം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പരാജയമാണ്. നിലവില്‍ ഈ ക്ലബുകൊണ്ട് അദ്ദേഹത്തിനോ ഫുട്ബോളിനോ ഒരു നേട്ടവുമില്ല. എത്ര മോശം കളി കളിച്ചാലും ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്താകില്ല എന്നിരിക്കെ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല.

കേട്ടുകേള്‍വിയില്ലാത്ത ടീം ഘടന; അത്ര വിവരംകെട്ടവരോ മാനേജ്‌മെന്റ്?

പണം ഇറക്കിയാല്‍ മാത്രം ഒരു നല്ല മുതലാളി ആയിക്കൊള്ളണമെന്നില്ല. ചെന്നൈയിന്‍ എഫ്.സിയുടെ കാര്യമെടുക്കാം. ടീം ഉടമ അഭിഷേക് ബച്ചന്‍ നേരിട്ടാണ് കാര്യങ്ങളിലൊക്കെ ഇടപെടുന്നത്. സൂപ്പര്‍താരം സ്റ്റീവന്‍ മെന്‍ഡോസയെ വിട്ടുകിട്ടാന്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയുമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവസാനംവരെ ചര്‍ച്ച നടത്തിയിരുന്നു. അതു വിജയിച്ചാലുമില്ലെങ്കിലും ആ ഒരു സ്പിരിറ്റാണ് അഭിഷേകിനെ വ്യത്യസ്തനാക്കുന്നത്.

പക്ഷേ ബ്ലാസ്റ്റേഴ്‌സില്‍ ടീം സെലക്ഷനിലും മറ്റും മാനേജ്മെന്റ് ഇടപെടുന്നതായി ഇതുവരെ തോന്നിയിട്ടില്ല. ഇടപെടാറില്ലെന്ന് മാത്രമല്ല, കളിക്കാരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടു ചിലര്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. ആ അമിത സ്വാതന്ത്ര്യം പലരും മുതലെടുത്തതും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായി.

സഹപരിശീലകനും പ്ലെയറുമായ ഇഷ്ഫാഖ് അഹമ്മദ് തന്നെയാണ് താരങ്ങളുടെ തിരഞ്ഞെടുപ്പിലും മറ്റും പ്രധാനമായും ഇടപെട്ടത്. ഒരു ശരാശരി താരമായിരുന്ന ഇഷ്ഫാഖ് അഹ്മദിന് കോച്ചിങ്ങില്‍ മുന്‍ പരിചയമില്ല. ഇന്ത്യന്‍ പ്ലയേഴ്സിനെക്കുറിച്ച് ഒരറിവും ഇല്ലാത്ത സ്റ്റീവ് കോപ്പലിന് സ്വാഭാവികമായും ടീം തിരഞ്ഞെടുപ്പില്‍ റോളുണ്ടാകാന്‍ വഴിയില്ല. ഇഷ്ഫാക്കും കൂട്ടരും തിരഞ്ഞെടുത്ത പ്ലയേഴ്സിന് തന്ത്രങ്ങള്‍ മെനയുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ജോലി.

മധ്യനിരക്കാരനായ ഇഷ്ഫാക്ക് അഹമ്മദ് എന്തുകൊണ്ട് മധ്യനിരയിലേക്ക് മികച്ച താരങ്ങളെ റിക്രൂട്ട് ചെയ്തില്ല എന്നതിന് ചിലരെങ്കിലും പറയുന്ന കാരണം മധ്യനിര മികച്ച താരങ്ങളെക്കൊണ്ട് ശക്തമാക്കിയാല്‍ ഇഷ്ഫാക്കിന് അവിടെ റോളുണ്ടാകില്ല എന്നതായിരുന്നു. ആദ്യമത്സരത്തില്‍ ചാടിയിറങ്ങിയ അദ്ദേഹത്തിന്റെ ആവേശംകണ്ടാല്‍ ആ സംശയത്തില്‍ കാര്യമില്ലേ എന്ന് ആര്‍ക്കും തോന്നിപ്പോകും. മാത്രമല്ല, തന്റെ സ്വന്തക്കാരായ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ ഇഷ്ഫാക്ക് പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.

ടീം സിലക്ഷനില്‍ പ്രധാന റോള്‍ വഹിച്ച മറ്റൊരാള്‍ പഞ്ചാബി വംശജനായ ഒരു ഇംഗ്ലീഷ് ഫുട്ബോള്‍ ഏജന്റാണ്. കോച്ച് സ്റ്റീവ് കോപ്പലിനെയടക്കം ബ്ലാസ്റ്റേഴ്‌സില്‍ എത്തിച്ചത് ആ ഏജന്റ് തന്നെ. കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബുകൊണ്ട് ഏറ്റവും നേട്ടം ഉണ്ടാക്കിയ ആളാണ് ആ പഞ്ചാബി വംശജനെന്ന് നിസ്സംശയം പറയാം. ആരും അറിയപ്പെടാതെ കിടന്ന അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത് ബ്ലാസ്റ്റേഴ്‌സിനൊടൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഇംഗ്ലീഷ് സ്‌നേഹത്തിന് കാരണവുംഅദ്ദേഹം തന്നെ.

തൊഴില്‍രഹിതര്‍ക്ക് പണികൊടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്

ഈ സീസണിലെ ടീം മൊത്തത്തില്‍ ഒന്നു പരിശോധിച്ച് കഴിഞ്ഞാല്‍ എത്ര തൊഴില്‍രഹിതര്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് കാരണം പണിയായതെന്നു മനസ്സിലാകും.
കോച്ച് സ്റ്റീവ് കോപ്പല്‍ അവസാനമായി ഏതെങ്കിലുമൊരു ടീമിനെ മാനേജ് ചെയ്തിട്ട് വര്‍ഷങ്ങളായി. ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് ദീര്‍ഘകാലം കളിച്ച ഇംഗ്ലീഷ് നാലാം ഡിവിഷന്‍ക്ലബ്ബില്‍ നിന്ന് ഫോം ഔട്ട് കാരണം കഴിഞ്ഞ തവണ പുറത്താക്കപ്പെട്ടതിനു ശേഷമാണു നേരത്തെപ്പറഞ്ഞ ഏജന്റ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിക്കുന്നത്.

നാല്‍പ്പത്തിരണ്ടുകാരന്‍ ഗോള്‍കീപ്പര്‍ സന്ദീപ് നന്തി കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടായതുകൊണ്ടുമാത്രമാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഐ.എസ്.എല്‍ കളിക്കുന്നത്. ടീമിലെ മറ്റു രണ്ടു  ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരും ബ്ലാസ്റ്റേഴ്സ് ടീമിലെടുത്തതുകൊണ്ടുമാത്രം ലീഗില്‍ എത്തിപ്പെട്ടവരാണ്. മുഹമ്മദ് അന്‍സാരിയെക്കുറിച്ച് മുമ്പുകേട്ട ഫുട്‌ബോള്‍ ഫാന്‍സ് വളരെ കുറവായിരിക്കും. പ്രതിരോധ നിരക്കാരന്‍ Ouzin Ndoye  പ്രൊഫഷണല്‍ ഫുട്‌ബോളില്‍ കളിച്ചിട്ടു കാലങ്ങളായി.

കഴിഞ്ഞ ഐ.എസ്.എല്ലിനിടയ്ക്കു പരിക്കുപറ്റി.പുറത്തുപോയ പഞ്ചാബി താരം ഗുര്‍വീന്ദര്‍സിങ്ങിനും ഏജന്റിന്റെ വിളിവന്നതു പണിയില്ലാതെ വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ്. സഹപരിശീലകന്‍ ആയതുകൊണ്ട് സ്വയം ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇഷ്ഫാഖ് അഹമ്മദ് കഴിഞ്ഞ ഐ-ലീഗില്‍ മുംബൈ എഫ്.സിക്കുവേണ്ടി മൂന്നുകളികളില്‍ മാത്രമാണ് ഇറങ്ങിയത്. പ്രായംചെന്ന മെഹ്താബ് ഹുസൈന്‍ ഐ-ലീഗ് ക്ലബുകള്‍ക്കു പോലും വേണ്ടാത്ത അവസ്ഥയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് വീണ്ടുമെത്തുന്നത്.

പതിനൊന്നു പേര്‍ക്കെതിരെ ഒറ്റക്കു പോരാടാന്‍ നിയോഗിക്കപ്പെട്ടവനെപ്പോലെ ഗ്രൗണ്ടില്‍ പെരുമാറുന്ന അന്റോണിയോ ജര്‍മന്‍ കഴിഞ്ഞ ഐ.എല്‍.എല്ലിനുശേഷം പ്രൊഫഷണല്‍ ഫുട്ബോളില്‍ കളത്തിലിറങ്ങിയത് വെറും പതിനേഴ് മിനിറ്റുകള്‍ മാത്രം. ഐ.എസ്.എല്ലിനുശേഷം ജര്‍മനെ ടീമിലെടുത്ത സ്‌കോട്ടിഷ് ക്ലബ് അദ്ദേഹത്തിന് ബെഞ്ചില്‍ സ്ഥാനം നല്‍കിയതുപോലും വളരെ അപൂര്‍വമായായിരുന്നു. മൈക്കിള്‍ ചോപ്രയുടെ കാര്യവും വ്യത്യസ്തമല്ല.

സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ ഹോസ്സു കുറൈസിന് കഴിഞ്ഞ ഐ.എസ്.എല്ലിനുശേഷം ഏറെ വൈകിയാണ് പുതിയൊരു തട്ടകം കണ്ടെത്താനായത്. അമേരിക്കയിലെ നാലാം ഡിവിഷന്‍ ക്ലബ്ബിലേക്ക് പോയ ഹോസ്സു അവിടെ കളിച്ചത് നാലേ നാലു മത്സരങ്ങളില്‍ മാത്രം. ബാക്കിയുള്ള കളികളില്‍ അമേരിക്കന്‍ ക്ലബ് അദ്ദേഹത്തിനു നല്‍കിയത് കാഴ്ചക്കാരന്റെ റോളാണ്. ടീമിലെ ഇന്ത്യന്‍ താരങ്ങളില്‍ പ്രധാനിയായ മുഹമ്മദ്‌റാഫിയുടെ നിലവാരം മലയാളി എന്ന വികാരം മാറ്റിവെച്ച് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേഉള്ളൂ.

ദീര്‍ഘകാലം വിട്ടുനിന്നവരെയും ശരാശരിയില്‍ താഴെമാത്രം നിലവാരമുള്ളവരേയും നല്ലകാലം കഴിഞ്ഞവരെയും ടീമിലെത്തിച്ചിട്ടുള്ളതില്‍ മുതലെടുപ്പ് നടന്നിട്ടുണ്ടെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. അതു മനസ്സിലാക്കാനുള്ള ബോധംപോലും ഇല്ലാത്തവരാണ് മാനേജ്മെന്റെങ്കില്‍ അവര്‍ക്കു കീഴില്‍ ഈ ക്ലബ് ഇനി മെച്ചപ്പെടുമെന്നു കരുതുന്നത് ശുദ്ധ മണ്ടത്തമാണ്.

ബ്ലാസ്റ്റേഴ്‌സിന് ആദ്യം വേണ്ടതു തലപ്പത്തുനിന്നുള്ള മാറ്റം തന്നെയാണ്

ഈ സീസണില്‍ ഇനി പരിഹാരത്തിനുള്ള സമയമുണ്ടെന്ന് തോന്നുന്നില്ല. അറുപതിനായിരത്തോളംവരുന്ന സ്വന്തം കാണികള്‍ക്കുമുന്നില്‍ എത്ര മോശമായാണ് ടീം കളിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. ലോകോത്തര നിലവാരമുള്ള സ്വന്തം കാണികള്‍ക്കുമുന്നില്‍ മോശം പ്രകടനം കാഴ്ചവെച്ച ടീം, എതിരാളികളുടെ ഗ്രൗണ്ടില്‍ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് ആരും കരുതുന്നില്ല.

ഈ സീസണ്‍ ഇനി ഭാഗ്യപരീക്ഷണത്തിന്റേതാണ്. പ്രധാന താരങ്ങള്‍ (ഹ്യൂഗ്‌സ്, റിനോ, വിനീത്) വരുന്നതുവരെ തട്ടിമുട്ടി പിടിച്ചുനില്‍ക്കുക. അവര്‍ വന്നശേഷം കോപ്പലിന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ടീമിനെ പരീക്ഷിച്ചു നോക്കാവുന്നതാണ്. ആദ്യ സീസണിലെപ്പോലെ ഭാഗ്യത്തിന്റെ പിന്തുണകൂടിയുണ്ടെങ്കില്‍ നാണക്കേടില്‍നിന്ന് രക്ഷപ്പെടാം.

ഭാവിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യം വേണ്ടത് തലപ്പത്തുനിന്നുള്ള മാറ്റംതന്നെയാണ്. സച്ചിന്‍ തെണ്ടുല്‍ക്കറിനോ, ലാഭംമാത്രം ലക്ഷ്യമിടുന്നവര്‍ക്കോ ഈ ക്ലബ്ബിനെ രക്ഷിക്കാനാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോഴുള്ളവര്‍ കയ്യൊഴിഞ്ഞ് ഫുട്‌ബോളിനെ പാഷനായി കാണുന്ന പുതിയ മാനേജ്മെന്റ് വരുന്നതാകും ടീമിന് ഏറ്റവും ഉത്തമം.

ഇതേ മാനേജ്‌മെന്റിനുതന്നെ ടീമിനെ മുന്നോട്ടു കൊണ്ടുപോകാന്‍ താൽപര്യമുണ്ടെങ്കില്‍ അവര്‍ അടിയന്തരമായി ചില കാര്യങ്ങള്‍ ചെയ്‌തേ തീരൂ. ആദ്യമായി ക്ലബ്ബിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫ്സില്‍ കേരള ഫുട്‌ബോളിനെയും ഇന്ത്യന്‍ ഫുട്‌ബോളിനെയും ആഴത്തില്‍ അറിയുന്ന പരിചയസമ്പന്നരെ ഉള്‍പ്പെടുത്തുക.

പിന്നീടു വേണ്ടത് അഴിച്ചുപണിയാണ്. കളിക്കാരും സ്റ്റാഫ്സും അടക്കം ടീമിനോടൊപ്പമുള്ള പകുതിയിലേറെയും ഒരു ഗുണവുമില്ലാത്തവരാണ്. അത്തരക്കാരെ തുടച്ചുനീക്കുക. ടീമിന് ബാധ്യതയായിത്തീര്‍ന്ന ഇഷ്ഫാക്കിനെപ്പോലുള്ളവരെ ഒരുതരത്തിലും നിലനിര്‍ത്തരുത്.

ടീമിനെ ചൂഷണം ചെയ്യുന്ന, ഇംഗ്ലീഷ് ഫുട്‌ബോളിന് പ്രാധാന്യം കൊടുക്കാന്‍ കാരണക്കാരനായ ബ്രിട്ടീഷ്പഞ്ചാബി ഏജന്റുമായുള്ള ബന്ധവും വെടിയേണ്ടതാണ്. അതോടെ പകുതി പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കരുതാം.

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മൂന്നു സീസണുകളിലായി ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും കണ്ടുവരുന്ന ഒന്നാണ് കുറഞ്ഞ പണമിറക്കിയുള്ള സേഫ് ആയ കളി. ആ കളി മാനേജ്മന്റ് വെടിഞ്ഞേ തീരൂ. വെറും ബിസിനസ് മൈന്റോ ടുകൂടി നടത്തിയാല്‍ ഈ ക്ലബ് ഒരിക്കലും പച്ചപിടിക്കാന്‍ പോകുന്നില്ലെന്ന കാര്യം മാനേജ്മെന്റ് മനസിലാക്കുക.

ആരാധകരോട് രണ്ടു വാക്ക്

നിങ്ങള്‍ ഈ ക്ലബ്ബിനെ എന്തുകൊണ്ട് സപ്പോര്‍ട്ട് ചെയ്യുന്നു എന്ന ചോദ്യം ഒന്നു സ്വയം ചോദിച്ചുനോക്കുക. പിറന്നിട്ട് മൂന്നു വര്‍ഷത്തോളമായെങ്കിലും കേരള ഫുട്‌ബോളിനോ ഇന്ത്യന്‍ ഫുട്‌ബോളിനോ ഈ ക്ലബ്ബിനെക്കൊണ്ട് യാതൊരു ഗുണവും ഉണ്ടായിട്ടില്ല. പേരില്‍ വെറും കേരള എന്നുള്ളതുകൊണ്ടുമാത്രം ഇത്രയേറെ പിന്തുണ ഈ ക്ലബ് അര്‍ഹിക്കുന്നുണ്ടോ?

അത്‌ലറ്റികോ,നോര്‍ത്തീസ്റ്റ്, എഫ്.സി ഗോവ തുടങ്ങിയ ക്ലബ്ബുകള്‍ മാക്‌സിമം തങ്ങളുടെ സംസ്ഥാനത്തുനിന്നുള്ള താരങ്ങളെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് മലയാളികളെ മൈന്‍ഡ് ചെയ്യാതെ, നിലവാരമില്ലാത്ത താരങ്ങളെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ടീമിലെത്തിക്കുന്നു.

ഐ.എസ്.എല്‍ ക്ലബ്ബുകള്‍ക്ക് നിര്‍ബന്ധമായ ഒന്നാണ് ഗ്രാസ്‌റൂട്ട് പദ്ധതി, ആ കടമ്പകടക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു അക്കാദമിയെ കാര്യങ്ങള്‍ ഏല്‍പിച്ച് ചടങ്ങുതീര്‍ക്കുകയാണ് ചെയ്തത്. അതിന് കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സ്‌കൂള്‍ എന്ന പേരുണ്ടെങ്കിലും മാനേജ്‌മെന്റോ ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ വിങ്ങോ ആ കുട്ടികള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. ദിവസങ്ങള്‍ക്കപ്പുറം നടക്കുന്ന എ.ഐ.എഫ്.എഫ്. യൂത്ത് ലീഗിന്റെ കേരള സോണില്‍ ആ കുട്ടികള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് അതറിഞ്ഞ ഭാവ മേയില്ല. അതുകൊണ്ട് പണംവരാന്‍ കഴിയില്ല എന്ന ചിന്തയായിരിക്കാം മാനേജ്മെന്റ് അതില്‍ താല്പര്യം പ്രകടിപ്പിക്കാത്തതിന് കാരണം.

ഫുട്‌ബോളിന് ഒരു ഗുണവുമില്ലാത്ത ഒരു ക്ലബിനു വേണ്ടി നമ്മളിനിയും ഊര്‍ജ്ജവും സമയവും കളയേണ്ടതുണ്ടോ? ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ചിന്തിക്കുക. ഫുട്‌ബോളിനെയും ആരാധകരെയും ഒരുപോലെ വഞ്ചിക്കുന്ന മാനേജ്‌മെന്റ് ഈ പിന്തുണ അര്‍ഹിക്കുന്നില്ല.

നമ്മളിനിയും അന്ധമായ ആരാധയുമായി നടന്നാല്‍ ഈ ക്ലബ് ഒരിക്കലും നന്നാകാന്‍ പോണില്ല. എത്ര മോശമായി കളിച്ചാലും എത്ര മോശം താരങ്ങളെ കളിപ്പിച്ചാലും തങ്ങളുടെ കളികാണാന്‍ ആരാധകര്‍ വരുമെന്ന ചിന്ത മാനേജ്‌മെന്റിനുണ്ട്. ഇത്രയുംകാലം കണ്ണടച്ച് സപ്പോര്‍ട്ട് ചെയ്തിട്ടും കണ്ടഭാവം നടിക്കാത്തവര്‍ക്കെതിരെ ഇനി ഉയരേണ്ടത് പ്രതിഷേധമാണ്. ആ ക്ലബ് നിലനില്‍ക്കണമെങ്കില്‍ ആരാധകര്‍ മണ്ടന്മാരല്ല എന്ന ബോധം മാനേജ്‌മെന്റിന് ഉണ്ടായേ തീരൂ. അതിന് ഈ അന്ധമായ ആരാധന നമ്മള്‍ വെടിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, മാനേജ്മെന്റ് കണ്ണു തുറക്കുന്നവരെയെങ്കിലും!