ആരാധകരുടെ ആവേശം മഞ്ഞപ്പടയ്ക്ക് കരുത്തായില്ല; കൊൽക്കത്തയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് തോൽവി

അവസാന സമയം സമനിലയ്ക്കായി കിണഞ്ഞ് പരിശ്രമിച്ചതിന്റെ ഫലമായി ചില ആവേശമുഹൂർത്തങ്ങൾ സൃഷ്ടിക്കാനായത് ഒഴിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വിജയിക്കാൻ വേണ്ടിയൊന്നും ചെയ്തില്ലെന്ന് പറയാം

ആരാധകരുടെ ആവേശം മഞ്ഞപ്പടയ്ക്ക് കരുത്തായില്ല; കൊൽക്കത്തയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് തോൽവി

കൊച്ചി: അരലക്ഷത്തിലേറെ വരുന്ന ആരാധകരുടെ ആവേശ താളത്തിന് മുൻപിൽ വിജയമെന്ന ലക്ഷ്യവുമായി ഇറങ്ങിയ കൊച്ചിയുടെ കൊമ്പൻമാർക്ക് വീണ്ടും കാലിടറി. ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം സീസനിലെ ആദ്യ ഹോം മത്സരത്തിന് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴസിനെ അത്‌ലറ്റികോ ഡി കൊൽക്കത്ത പരാജയപ്പെടുത്തി. കളിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയിട്ടും അപ്രതീക്ഷിതമായി ഏറ്റുവാങ്ങിയ ഒരു ഗോളിന് മഞ്ഞപ്പടയ്ക്ക് അടിയറവ് പറയേണ്ടി വന്നു. മിഡ്ഫീൽഡർ യാവി ലാറ 53-ാം മിനിട്ടിൽ നേടിയ ഗോളിനായിരുന്നു അത്‌ലറ്റിക്കോയുടെ ജയം. മൂന്നാം സീസനിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഒരേ മാർജിനിൽ തോറ്റ ബ്‌ളാസ്റ്റേഴ്‌സ് പോയിന്റ് നിലയിൽ ഏറ്റവും പിന്നിലാണ്.


ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട ടീമിൽ ആറു മാറ്റങ്ങൾ വരുത്തിയാണ് കോച്ച് സ്റ്റീവ് കോപ്പൽ ബ്ലാസ്റ്റേഴ്‌സിനെ കളത്തിലിറക്കിയത്. ഗുവാഹത്തിയിൽ നിറംമങ്ങിയ ഡിഫൻഡർ ഇഷ്ഫഖ് അഹമ്മദ്, വിനീത് റായ്, ബെൽഫോർട്ട്, മുഹമ്മദ് റാഫി, കാഡിയോ എന്നിവരെ കോച്ച് സൈഡ് ബെഞ്ചിലിരുത്തി. മാർക്വീ താരം ആരോൺ ഹ്യൂസ് ദേശീയ ടീമിന് വേണ്ടി കളിക്കാൻ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. പകരം ഹോസു പ്രീറ്റോ, എൻഡോയെ, പ്രതീക്, മുഹമ്മദ് റാഫിക്ക്, ഫാറൂഖ്, നാസോൺ എന്നിവർ ആദ്യ ഇലവനിലിറങ്ങി. ഫ്രഞ്ച് താരം സെഡ്രിക് ഹെംഗ്ബർട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ നയിച്ചത്.

സ്വന്തം കാണികളുടെ അകമഴിഞ്ഞ പിന്തുണയിൽ ആവേശഭരിതരായ ബ്‌ളാസ്റ്റേഴ്‌സ് കളിയുടെ തുടക്കത്തിൽ ഒത്തിണക്കത്തോടെ പന്ത് മുൻനിരയിൽ എത്തിച്ചു. അന്റോണിയോ ജെർമെയ്‌നാണ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. നാസണും ജെർമെയ്‌ന്റെ സഹായത്തിനുണ്ടായിരുന്നു. ആദ്യ പത്തുമിനിട്ടിനകം ചില ഒറ്റപ്പെട്ട ശ്രമങ്ങൾ ഇരുവരും കാഴ്ച വയ്ക്കുകയും ചെയ്തു. ഇതിനിടെ എട്ടാം മിനിട്ടിൽ അത്‌ലറ്റികോയുടെ മാർക്വീ താരം ഹെൽദർ പോസ്റ്റിഗയ്ക്ക് പരിക്കേറ്റു. തുടർന്ന് ഇടറിക്കളിച്ച താരത്തെ 17-ാം മിനുറ്റിൽ കൊൽക്കത്തയ്ക്ക് പിൻവലിക്കേണ്ടിവന്നു. ബാഴ്‌സലോണ യൂത്ത് താരം യുവാൻ ബെലൻകോസോയാണ് പോസ്റ്റിഗയ്ക്ക് പകരക്കാരനായത്.

കളി തുടങ്ങി ആദ്യ 15 മിനുറ്റിന് ശേഷമാണ് യെല്ലോ ബ്രിഗേഡ് ആക്രമണം ആരംഭിച്ചത്. 26-ാം മിനുറ്റിൽ നാസോൺ ഡുക്കെൻസ് കോർണർ ഫ്‌ളാഗിനടുത്തുനിന്ന് അന്റോണിയോ ജർമെയ്‌ന് നൽകിയ ക്രോസ് വലയ്ക്ക് മുകളിലൂടെ പറത്തുകയായിരുന്നു ഇംഗ്‌ളീഷുകാരനായ സ്‌ട്രൈക്കർ. 32-ാം  ഗാലറിയെ ആവേശം കൊള്ളിച്ച് ബ്‌ളാസ്റ്റേഴ്‌സിന്റെ ഭാഗത്തുനിന്ന് വീണ്ടുമൊരു ശ്രമം. ഇക്കുറിയും ജർമെയ്‌ന്റെ ഷോട്ട് വലയ്ക്ക് പുറത്തേക്കായിരുന്നു. പത്തുമിനിട്ടിനകം ബ്‌ളാസ്റ്റേഴ്‌സിന് അനുകൂലമായി തുടർച്ചയായി രണ്ട് കോർണറുകൾ ലഭിച്ചു. ഹൊസു പ്രീറ്റോയും നാസോണും പൊരുതിനോക്കിയെങ്കിലും ഈ രണ്ട് അവസരങ്ങളും മുതലാക്കാനായില്ല. ആദ്യ പകുതിയിൽ അത്‌ലറ്റികോയുടെ മുന്നേറ്റങ്ങൾ കുറവായിരുന്നു. പോസ്റ്റിഗ കളംവിട്ട ശേഷം ഇയാൻ ഹ്യൂമും യാവി ലാറയും നടത്തിയ നീക്കങ്ങൾ പ്രതിരോധിക്കാൻ ഹെംഗ്ബർട്ടിനും ജിംഗാനും കഴിയുകയും ചെയ്തു.

ബ്‌ളാസ്റ്റേഴ്‌സിന്റെ തകർപ്പനൊരു മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. കൊൽക്കത്തയുടെ ഗോളി ദേബ്ജിത്ത് മജുംദാറിനെ പരീക്ഷിച്ച ജർമെയ്‌ന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വലയ്ക്ക് പുറത്തേക്ക് പോയത്.
കളിയുടെ ഗതിക്ക് വിരുദ്ധമായാണ് 53-ാം മിനുറ്റിൽ ബ്‌ളാസ്റ്റേഴ്‌സിന്റെ വലയിൽ പന്ത് നുഴഞ്ഞുകയറിയത്. മദ്ധ്യനിരയ്ക്കടുത്തു നിന്ന് കിട്ടിയ പന്തുമായി മുന്നേറിയ യാവി ലാറയുടെ ഷോട്ട് സന്ദേശ് ജിംഗാന്റെ കാലിൽ തട്ടിവലയ്ക്കുള്ളിലേക്ക് കയറിയപ്പോൾ ഗോളി ഗ്രഹാം സ്റ്റാക്കിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ആദ്യ മാറ്റത്തിന് കോച്ച് തയ്യാറായി. ഗോളി സ്റ്റാക്കിന് പകരം വല കാക്കാൻ സന്ദീപ് നന്ദിയെ കോച്ച് ചുമതലപ്പെടുത്തി. 67-ാം മിനുറ്റിൽ സ്‌ട്രൈക്കർ ഫറൂഖ് ചൗധരിക്ക് പകരം ബെൽഫോർട്ടിനെയും 72-ാം      മിനുറ്റിൽ മൈക്കൽ ചോപ്രയെയും ഇറക്കിയെങ്കിലും ജയപ്രതീക്ഷയുമായി എത്തിയ ആരാധകരുടെ പ്രതീക്ഷ കാക്കാൻ ബ്ലാസ്റ്റേഴ്‌സനായില്ല. നാസോണിന് പകരം ചോപ്ര കളത്തിലെത്തിയപ്പോഴാണ് തിരിച്ചടിക്കാൻ ബ്ലാസ്‌റ്റേഴ്‌സ് ശ്രമം നടത്തിയത്.

അവസാന സമയം സമനിലയ്ക്കായി കിണഞ്ഞ് പരിശ്രമിച്ചതിന്റെ ഫലമായി ചില ആവേശമുഹൂർത്തങ്ങൾ സൃഷ്ടിക്കാനായത് ഒഴിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വിജയിക്കാൻ വേണ്ടിയൊന്നും ചെയ്തില്ലെന്ന് പറയാം. 90-ാം മിനുറ്റിൽ തുടർച്ചയായി രണ്ട് കോർണറുകൾ ലഭിച്ചപ്പോൾ ആവേശത്തോടെ എഴുന്നേറ്റ ഗാലറിക്ക് നിരാശരാകേണ്ടിവന്നു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പട്ടികയിൽ അവസാനസ്ഥാനക്കാരാകുകയും ചെയ്തു.

ഉടമകളായ സച്ചിനും ചിരഞ്ജീവിയും യൂത്ത് അംബാസഡർ നിവിൻ പോളിയും കളികാണാൻ സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു. കളിയാരാധകർ മൊബൈലിൽ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് ആദരവ് പ്രകടിപ്പിച്ചാണ് താരങ്ങൾക്ക് വരവേൽപ്പ് നൽകിയത്. 54900 ആരാധകരാണ് ഇന്നലെ ജവഹർലാൽ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. രാവിലെ മുതൽ ആവേശഭരിതരായി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകരെ നിരാശയിലാഴ്ത്തുന്നതായി മത്സരഫലം.

Read More >>