നാലാം കളിയിൽ മുംബൈക്കെതിരെ മഞ്ഞപ്പടയ്ക്ക് ജയം; ആരാധകർക്ക് ആശ്വാസം

57-ആം മിനുറ്റിലായിരുന്നു ഇന്ത്യൻ വംശജനായ മൈക്കൽ ചോപ്ര എതിരാളികളുടെ വല കുലുക്കിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഗോൾ കൂടിയായിരുന്നു അത്

നാലാം കളിയിൽ മുംബൈക്കെതിരെ മഞ്ഞപ്പടയ്ക്ക് ജയം; ആരാധകർക്ക് ആശ്വാസം

കൊച്ചി: ഫോർലാനില്ലാതെ ഇറങ്ങിയ മുംബൈയ്‌ക്കെതിരെ വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ലക്ഷ്യം തെറ്റിയില്ല. ഒത്തൊരുമയും മനക്കരുത്തും പോരാട്ടവീര്യവും ചേർന്നപ്പോൾ മഞ്ഞപ്പടയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ മിന്നും ജയം. 57-ആം മിനുറ്റിലായിരുന്നു ഇന്ത്യൻ വംശജനായ മൈക്കൽ ചോപ്ര എതിരാളികളുടെ വല കുലുക്കിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഗോൾ കൂടിയായിരുന്നു അത്.

55000 ലേറെ വരുന്ന കാണികളെ കൊണ്ട് തിങ്ങിനിറയുന്ന സ്‌റ്റേഡിയത്തിൽ ഇന്നലെ എത്തിയത് 40000ൽ താഴെ മാത്രം ആരാധകരായിരുന്നു. കഴിഞ്ഞ മൂന്നു കളികളിലും ആരാധകർക്ക് നിരാശ സമ്മാനിച്ച ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ മുംബൈയ്‌ക്കെതിരെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഇറങ്ങിയത് വർദ്ധിത വീര്യത്തോടെയായിരുന്നു. ബെൽഫോർട്ടും, ചോപ്രയും, റഫീക്കും, ജിംഗാനുമൊക്കെ കളംനിറഞ്ഞു കളിച്ചപ്പോൾ കൊമ്പൻമാർക്ക് മുന്നിൽ മുംബൈ വിയർത്തു.

ജയത്തേക്കാൾ ഗോളടിക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ ശ്രമിച്ചത്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാതെപോയ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ വല കുലുക്കി. മുഹമ്മദ് റഫീക്ക് ഇടതുവിങ്ങിൽ നിന്ന് നൽകിയ പന്ത് ബെൽഫോർട്ട് കാലിൽ നിയന്ത്രിച്ച് ചോപ്രയ്ക്ക് കൈമാറി. പന്തുമായി മുന്നോട്ട് കയറിയ ചോപ്ര ഗോളിയെ കബളിപ്പിച്ച് വലതുകാൽ കൊണ്ട് ചിപ്പ് ചെയ്ത് വലയ്ക്കുള്ളിലേക്ക്. കേരളം കാത്തിരുന്ന ഗോൾ...! സ്‌കോർ 1 -0.

പിന്നീട് കളത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു. ബെൽഫോർട്ടും അസ്രഖ് മുഹമദും റാഫിയുമൊക്കെ എതിർമുഖത്തെ ഇടയ്ക്കിടെ വിറപ്പിച്ചു. ആദ്യ ഗോളിനു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങൾ ചെറുക്കുകയായിരുന്നു മുംബൈ ഏറിയ സമയവും. ഇടയ്ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾമുഖത്തേക്ക് മുംബൈ മുന്നേറ്റനിര പന്തമായി എത്തിയെങ്കിലും ആരോൺ ഹ്യൂസും ജോസു കുര്യാസും ജിംഗാനുമടങ്ങിയ പ്രതിരോധനിരയിൽ തട്ടി എല്ലാം അവസാനിച്ചു.

ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പൽ വരുത്തിയ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉണർവ് നൽകുന്നതാണ് കേരളം ഇന്നലെ കണ്ടത്. റാഫിയെ ഏക സ്‌ട്രൈക്കറായി നിയോഗിച്ച ശൈലിയിൽ കളി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് 23-ആം സെക്കൻഡിൽ തന്നെ ആദ്യ അവസരം ലഭിച്ചു. ഹോസുവിന്റെ പാസ് സ്വീകരിച്ച് ഇടതുവിംഗിൽ കൂടി പന്തുമായി കുതിച്ചുകയറിയ ബൈൽഫോർട്ട് നൽകിയ ക്രോസിന് മുഹമ്മദ് റാഫി തലവച്ചെങ്കിലും പന്ത് നേരെ ഗോളി റോബർട്ടോ നെറ്റോയുടെ കൈകളിലേക്ക്. മൂന്നാം മിനിറ്റിൽ വീണ്ടും റാഫിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല. തുടർന്നും ഇടതുവിംഗിലൂടെ ഹോസവും വലതുവിംഗ് വഴി സന്ദേശ് ജിംഗാനും എതിർഗോൾമുഖത്തേക്ക് ആക്രമണം മെനഞ്ഞെങ്കിലും ഗോളാക്കി മാറ്റാൻ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.

അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിലും ബ്ലാസ്റ്റേഴ്‌സ് കുറവു വരുത്തിയില്ല. രണ്ടാം മിനുറ്റിൽ റാഫിക്കു ലഭിച്ച സുവർണാവസരം സഹതാരങ്ങൾക്ക് പന്ത് കൈമാറാൻ തുനിയാതെ തുലച്ചു. 24-ആം മിനുറ്റിൽ പ്രതിരോധനിരയിൽ നിന്നും കയറിവന്ന ജിംഗാന്റെ പാസ് പെനാൽറ്റി ബോക്‌സിൽ മൈക്കിൾ ചോപ്ര വഴി ബെൽഫോർട്ടിലെത്തിയെങ്കിലും റഫീക്കുമായുണ്ടായ ആശയക്കുഴപ്പത്തിൽ ഗോളാക്കാനായില്ല. 40-ആം മിനുറ്റിൽ ബെൽഫോർട്ടിൽ നിന്നും ഹെഡ്ഡറിലൂടെ ലഭിച്ച പന്ത് ചോപ്രയ്ക്ക് കാലിൽ ഒതുക്കാൻ കഴിഞ്ഞില്ല. ഒന്നു തട്ടിയാൽ ഗോൾ ആയേക്കാവുന്ന അവസരമാണ് ഈ സമയം നഷ്ടമായത്. മദ്ധ്യനിരയിൽ നിന്നും പന്തുമായി പാഞ്ഞ ജോസു കുര്യാസിൽ നിന്നും ലഭിച്ച മികച്ച അവസരം ചോപ്ര ഗോൾപോസ്റ്റിനു ലക്ഷ്യമാക്കി നീട്ടിയെങ്കിലും പോസ്റ്റിനു പുറത്തേക്കാണ് പന്തു പോയത്. ആദ്യ പകുതിയിലെ എക്‌സട്രാ ടൈമിൽ ലിഭിച്ച കോർണർ റാഫി ഹെഡ് ചെയ്തു പുറത്തേക്ക് കളഞ്ഞു.

ആരോൺ ഹ്യൂസിന്റെ വരവോടെ പ്രതിരോധ നിര ശക്തമായ കാഴ്ചയായിരുന്നു. കഴിഞ്ഞ കളികളിൽ നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ പ്രതിരോധനിരയ്ക്കായി. രണ്ടാം പകുതിയിൽ മുംബയ് പാളയത്തിൽ പകരക്കാരനായി കയറിയ സോണി നോർദെയുടെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് ആരോൺ ഹ്യൂസ് വിദഗ്ദ്ധമായി തട്ടി പുറത്തുകളഞ്ഞു. അല്ലെങ്കിൽ ഒരു പക്ഷേ ഈ കളിയും സമനിലയിൽ പിരിയേണ്ടിവരുമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് സ്റ്റീവ് കോപ്പൽ ബ്ലാസ്റ്റേഴ്‌സിനെ കളത്തിലെത്തിച്ചത്. ആരോൺ ഹ്യൂസ്, മുഹമ്മദ് റാഫി, കെർവൻസ് ബെൽഫോർട്ട് എന്നിവർ ആദ്യ ഇലവനിൽ മടങ്ങിയെത്തിയപ്പോൾ പ്രതിക് ചൗധരി, അന്റോണിയോ ജർമ്മൻ, ഡക്കൻസ് നാസൺ എന്നിവർ സൈഡ് ബെഞ്ചിലേക്ക് മാറി. മുഹമ്മദ് റാഫിയെ ഏക സ്‌ട്രൈക്കറാക്കിയായിരുന്നു പരീക്ഷണം.
അറ്റാക്കിംഗ് മിഡ്ഫീൽഡർമാരായി ബെൽഫോർട്ട്, മൈക്കൽ ചോപ്ര, മുഹമ്മദ് റഫീഖ് എന്നിവരും സെൻട്രൽ മിഡ്ഫീൽഡർമാരായി അസ്രാഖ് മുഹമ്മദും മെഹ്ബ് ഹുസൈനും നിരന്നു. പ്രതിരോധത്തിൽ ഹെംഗ്ബർട്ടിനും ഹ്യൂസിനും ഇടത്തും വലത്തുമായി ഹോസുവും ജിംഗാനും നിലയുറപ്പിച്ചു.

4-2-3-1 ശൈലിയിലാണ് മുംബൈ സിറ്റി കളത്തിലെത്തിയത്. പരിക്കിന്റെ പിടിയിലായ സൂപ്പർതാരം ഡീഗോ ഫോർലാനും കഴിഞ്ഞ കളിയിൽ ചുവപ്പുകാർഡ് കണ്ട പ്രണോയ് ഹാൽഡർക്കും പുറമെ ജെർസൺ വിയേര, ലാൽമംഗ് കെയ്‌സിൻഗ എന്നിവരും പുറത്തിരുന്നു. ഹാവോകിപിനെ ഏക സ്‌ട്രൈക്കറാക്കിയാണ് കളത്തിലിറക്കിയതെങ്കിലും മുംബൈ കുന്തമുനയായത് മത്തിയാസ് ഡിഫഡ്രികോയായിരുന്നു. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ആറാമതെത്തി. നവംബർ എട്ടിനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ അടുത്ത മത്സരം.

ഇന്നത്തെ മത്സരം

ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ന് വൈകീട്ട് ഏഴിന് ഡൽഹി ഡയനാമോസും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും.

Read More >>