കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിൻ എഫ്.സി മത്സരം ഗോൾ രഹിത സമനിലയിൽ

നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ഗോളടിക്കാൻ കഴിയാതെ വന്നത് ദീപാവലി ദിനത്തിൽ കളി കാണാനെത്തിയ ആരാധകർക്ക് നിരാശ പടർത്തി.

കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിൻ എഫ്.സി മത്സരം ഗോൾ രഹിത സമനിലയിൽ

ചെന്നൈ: ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിൻ എഫ്.സി മത്‌സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. വിരസമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഉണർന്നു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ഗോളടിക്കാൻ കഴിയാതെ വന്നത് ദീപാവലി ദിനത്തിൽ കളി കാണാനെത്തിയ ആരാധകർക്ക് നിരാശ പടർത്തി.

ഗോവയ്‌ക്കെതിരെ വിജയിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്.സിയോട് ഏറ്റുമുട്ടാനിറങ്ങിയത്. ആവേശകരമായ കളി പുറത്തെടുത്തെങ്കിലും കേരളത്തിന് ഗോൾ വല കുലുക്കാനാകാത്തതിൽ മുൻനിര പരാജയപ്പെട്ടു. പന്തുമായി ഗോൾമുഖത്തേക്ക് പലതവണ പാഞ്ഞടുത്ത മഞ്ഞപ്പടയുടെ മുന്നേറ്റം ചെന്നൈയുടെ പ്രതിരോധത്തിൽ നിഷ്പ്രഭമായി. നിരവധിത്തവണ ലക്ഷ്യം തെറ്റി പോസ്റ്റിന് പുറത്തേക്കും പന്ത് പാഞ്ഞു.


ഗോവൻ മണ്ണിൽ അവരെ തളച്ച പ്രകടനം ചെന്നൈയിലും പുറത്തെടുക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ കണക്കുകൂട്ടൽ തെറ്റി. ലക്ഷ്യത്തിന് അടുത്തേക്ക് പലതവണ കളഞ്ഞുകുളിച്ചത് ബെൽഫോർട്ട് ആയിരുന്നു. ഇതേസമയം, സ്വന്തം ഗ്രൗണ്ടിൽ നിലവിലെ ചാമ്പ്യൻമാർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ബ്ലാസ്റ്റേഴ്‌സിന്റെ കടുത്ത പ്രതിരോധം ആതിഥേയരുടെ മുന്നേറ്റത്തിന്‌ തടസം തീർത്തു.

ആവേശകരമായ മത്സരം തീർന്നയുടൻ ബ്ലാസ്റ്റേഴ്‌സിന്റെയും ചെന്നൈയിന്റെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിനും കൈയാങ്കളിക്കും ചെന്നൈ മരിന അരിന സാക്ഷിയായി. 9 പോയിന്റ് വീതമുള്ള ചെന്നൈയിനും ബ്ലാസ്റ്റേഴ്‌സും പോയിന്റ് ടേബിളിൽ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. മത്സരത്തിനിടെ പ്രതിരോധ താരം ജിംഗാനും മുന്നേറ്റതാരം ചോപ്രയ്ക്കും പരിക്കേറ്റത് കേരളത്തിന് വരും മത്സരങ്ങളിലും ആശങ്ക പടർത്തുന്നുണ്ട്.