മൂന്നാം മത്സരത്തിലും കൊമ്പൻമാർക്ക് എതിർവല കുലുക്കാനായില്ല; കേരളാ ബ്ലാസ്റ്റേഴ്‌സ് - ഡൽഹി ഡയനാമോസ് മത്സരം സമനിലയിൽ

ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നും ടീം മെച്ചപ്പെട്ടു എന്ന ഇമേജ് സൃഷ്ടിക്കാനായി എന്നതൊഴിച്ചാൽ ഇന്നലത്തെ മത്സരവും കാണികൾക്ക് സന്തോഷം പകരുന്നതായിരുന്നില്ല.

മൂന്നാം മത്സരത്തിലും കൊമ്പൻമാർക്ക് എതിർവല കുലുക്കാനായില്ല; കേരളാ ബ്ലാസ്റ്റേഴ്‌സ് - ഡൽഹി ഡയനാമോസ് മത്സരം സമനിലയിൽ

നിരഞ്ജൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം മത്സരത്തിലും എതിരാളികളുടെ വല കുലുക്കാൻ ബ്ലാസ്റ്റേഴ്‌സിനായില്ല. ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഹോം മാച്ചിൽ ഡൽഹി ഡൈനാമോസിനോട് ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കേരളത്തിന് ഈ മത്സരം സമനിലയിലാക്കാനായി. ഇതോടെ ഒരു പോയിന്റ് നേടാനും കഴിഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും ടീം മെച്ചപ്പെട്ടു എന്ന ഇമേജ് സൃഷ്ടിക്കാനായി എന്നതൊഴിച്ചാൽ ഇന്നലത്തെ മത്സരവും കാണികൾക്ക് സന്തോഷം പകരുന്നതായിരുന്നില്ല. കഴിഞ്ഞ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സിയെ 3 - 1ന് തോൽപ്പിച്ചിരുന്ന ഇറ്റാലിയൻ പരിശീലകൻ ജിയാൻ ലൂക്കാ സംബ്രോട്ടയുടെ ഡൽഹി ഡൈനാമോസ് ഇന്നലെ ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ ഏഴയലത്ത് എത്താതിരുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെടുകയായിരുന്നു.

ആക്രമണനിരയിൽ ഡുക്കെൻസിനെയും അന്റോണിയോ ജർമ്മെയ്‌നെയും ഇന്നലെയും നിലനിറുത്തിയ ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പൽ മിഡ് ഫീൽഡിൽ മൈക്കേൽ ചോപ്രയ്ക്കും അസ്രാക്കിനും ആദ്യ ഇലവനിൽ അവസരം നൽകി. റഫീക്ക്, മെഹ്താബ് ഹുസൈൻ എന്നിവരായിരുന്നു മിഫ് ഫീൽഡിലെ മറ്റ് താരങ്ങൾ. സന്ദീപ് നന്ദി ഗോളിയായി എത്തിയപ്പോൾ പ്രതീകും ഹെംഗ് ബർട്ടും ഹൊസുവും ജിംഗാനും പ്രതിരോധച്ചുമതലയേറ്റെടുത്തു. ഡൽഹി നിരയിൽ പരിക്കുമൂലം മലയാളിതാരം അനസിന് കളിക്കാൻ കഴിഞ്ഞില്ല. മാർക്വീ താരം ഫ്‌ളോറന്റ് മലൂദ കൊച്ചിയിലെ ആരാധകർക്കു മുന്നിൽ ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു.
കൊൽക്കത്തയുമായി നടന്ന ആദ്യ ഹോംമാച്ച് മത്സരത്തിൽ പകരക്കാരനായി ഇറക്കിയ മൈക്കിൾ ചോപ്രയെ കുന്തമുനയാക്കി മുഴുവൻ സമയം കളത്തിലിറക്കിയ കോച്ച് കോപ്പലിന്റെ തീരുമാനം തെറ്റായിരുന്നില്ല. കളിയുടെ നിയന്ത്രണം ഏറെക്കുറെ ചോപ്രയുടെ നിയന്ത്രണത്തിലായിരുന്നു. ഗോളെന്നു കരുതിയ ഒന്നുരണ്ടു ശ്രമങ്ങൾ ചോപ്രയിൽനിന്നുണ്ടായി. മുന്നേറ്റനിരയിൽ അന്റോണിയോ ജർമെയ്ൻ നിറം മങ്ങിയപ്പോൾ ഡക്കൻസ് നാസൺ തിളങ്ങി.
കഴിഞ്ഞ രണ്ടുമത്സരങ്ങളിലും തലവേദനയായിരുന്നു മദ്ധ്യനിര ഇന്നലെ ഉണർന്നുകളിച്ചു. മുന്നേറ്റക്കാർക്ക് പന്ത് എത്തിച്ചുകൊടുക്കുന്നതിൽ ഏറെക്കുറെ വിജയിച്ചു. കഴിഞ്ഞ മത്സരത്തിൽ മുന്നേറ്റ നിരയിലുണ്ടായിരുന്ന മുഹമ്മദ് റഫീക്കിനെ ഇന്നലെ മദ്ധ്യനിരയിലാണ് കളിപ്പിച്ചത്. മൊഹത്ബ് ഹുസൈനും അസ്രാക് മൊഹമ്മദും തങ്ങളെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്തു. പിഴവുകൾ അവർത്തിക്കാരിതിരിക്കാൻ പ്രതിരോധ നിര ശ്രദ്ധിച്ചു. കഴിഞ്ഞ കളി ഗോളിന് വഴിയൊരിക്കിയ ജിംഗാൻ ഇന്നലെ രക്ഷകനായിരുന്നു. ഗോളായേക്കാവുന്ന പല നീക്കങ്ങളും പ്രതിരോധ നിര ചെറുത്തു. ജിംഗാനാണ് കളിയിലെ കേമൻ.
മികച്ച മുന്നേറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് കളി ആരംഭിച്ചത്. താളം കണ്ടെത്താൻ ഡൽഹിക്ക് കുറച്ചു സമയം എടുക്കേണ്ടിവന്നു. കളിയുടെ അഞ്ചാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിന് നല്ലൊരു അവസരം. ഹോസു തുടങ്ങിവെച്ച നീക്കത്തിനൊടുവിൽ പന്ത് പ്രതിക് ചൗധരിക്ക്. പന്ത് കിട്ടിയ ചൗധരി വച്ചുതാമസിപ്പിക്കാതെ മൈക്കൽ ചോപ്രയെ ലക്ഷ്യമാക്കി മറിച്ചു കൊടുത്തു. ചോപ്ര തലകൊണ്ട് ഡൽഹി ബോക്‌സിലേക്ക് പന്ത് മറിച്ചുകൊടുത്തെങ്കിലും മുഹമ്മദ് റഫീഖ് കണക്ട് ചെയ്യുന്നതിന് മുൻപ് ഗോൾകീപ്പർ അന്റോണിയോ ഡൊബ്ലാസ് അപകടം ഒഴിവാക്കി. 12-ആം മിനുറ്റിൽ നല്ലൊരു മുന്നേറ്റത്തിനൊടുവിൽ മൈക്കൽ ചോപ്ര ബോക്‌സിന് പുറത്തുനിന്ന് ഒരു ലോംഗ് റേഞ്ചർ പറത്തിയെങ്കിലും ക്രോസ്ബാറിന് മുകളിലുടെ പറന്നു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ബ്ലാസ്റ്റേഴ്‌സിന് കിട്ടിയ സുവർണാവസരം ഗോളെന്ന് ഉറപ്പിച്ചിരുന്നെങ്കിലും മൈക്കൽ ചോപ്രായുടെ ഷോട്ട് ഇടതുപോസ്റ്റ് ഉരുമ്മി പുറത്ത്. അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ബൽഫോർട്ടും ഗോളിനായി ശ്രമം നടത്തിയെങ്കിലും ഡെൽഹിയുടെ ശക്തമായ പ്രതിരോധ നിര ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ തകർത്തു

Read More >>