മുംബൈയെ തറപറ്റിച്ച് കേരളത്തിന്റെ യുവനിരയ്ക്ക് വിജയമധുരം

ആദ്യ ഇന്നിംഗ്‌സിൽ 50 റൺസ് ലീഡ് വഴങ്ങിയ ശേഷമാണ് വിജയമെന്നത് മധുരം ഇരട്ടിപ്പിക്കുന്നു

മുംബൈയെ തറപറ്റിച്ച് കേരളത്തിന്റെ യുവനിരയ്ക്ക് വിജയമധുരം

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമായ മുംബൈയെ അവരുടെ  നാട്ടിൽ കീഴടക്കി കേരളത്തിന്റെ അണ്ടർ 23 ടീം ചരിത്രമെഴുതി. സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലാണ് മലയാളി യുവതാരങ്ങളുടെ മിന്നും ജയം. 273 റൺസിനാണ് ചതുർദിന മത്സരത്തിൽ കേരളം വിജയിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ 50 റൺസ് ലീഡ് വഴങ്ങിയ ശേഷമാണ് വിജയമെന്നത് മധുരം ഇരട്ടിപ്പിക്കുന്നു. ആദ്യ ഇന്നിംഗ്‌സിൽ 71 റൺസിന് ഓളൗട്ടായ കേരളത്തിനെതിരെ ആതിഥേയർ 221 റൺസ് നേടിയിരുന്നു.


രണ്ടാം ഇന്നിംഗ്‌സിൽ ഉജ്വല ബാറ്റിംഗ് കാഴ്ചവച്ച കേരളം നാലാം ദിനമായ ഇന്നലെ എട്ടിന് 415 എന്ന സ്‌കോറിന് ഡിക്‌ളയർ ചെയ്ത ശേഷം മുംബൈയെ ചേസിംഗിനയച്ചു. 365 റൺസ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിന് ഇറങ്ങിയ മുംബൈയെ 37 ഓവറിൽ 92 റൺസിന് ഓളൗട്ടാക്കുകയായിരുന്നു. സെഞ്ച്വറി നേടിയ സൽമാൻ നിസാറും (110), ഫാബിദ് അഹമ്മദും (116 നോട്ടൗട്ട്), അർദ്ധ സെഞ്ച്വറി നേടിയ വിഷ്ണു വിനോദുമാണ് (85) കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ കൂറ്റൻ സ്‌കോറിന് വഴിയൊരുക്കിയത്. സെഞ്ച്വറി നേടിയശേഷം ബാളുമായിറങ്ങി ആറോവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫാബിദ് സമനിലയിലാകുമെന്ന് കരുതിയിരുന്ന മത്സരത്തിൽ വഴിത്തിരിവുണ്ടാക്കുകയായിരുന്നു
. ആതിഫ് ബിൻ അഷ്രഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ചുപേരാണ്   മുംബൈയുടെ രണ്ടാം ഇന്നിംഗ്‌സിൽ റണ്ണൊന്നും എടുക്കാനാവാതെ മടങ്ങിയത്.

ഈ മത്സരത്തിൽ നിന്ന് കേരളത്തിന് ആറ് പോയിന്റ് ലഭിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് കേരളത്തിന് ആകെയുള്ളത്. വിദർഭയുമായുള്ള ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഈ മാസം 31 മുതൽ ഹൈദരാബാദുമായും നവംബർ ഏഴ് മുതൽ മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങൾ. എം. രാജഗോപാലിന്റെ ശിക്ഷണത്തിലാണ് കേരള അണ്ടർ 23 ടീം പരിശീലിക്കുന്നത്.


Read More >>