ജലീലിനു മാത്രമല്ല, എല്ലാവർക്കും എല്ലാ ആരാധനാലയങ്ങളിലും പ്രവേശനമുണ്ടാകണം: കെഇഎൻ

ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് 'എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും' എന്ന ആശയത്തോടുള്ള തന്‍റെ സമീപനം വ്യക്തമാക്കുന്നു.

ജലീലിനു മാത്രമല്ല, എല്ലാവർക്കും എല്ലാ ആരാധനാലയങ്ങളിലും പ്രവേശനമുണ്ടാകണം: കെഇഎൻ

കെ.ഇ.എന്‍ കുഞ്ഞഹമ്മദ്

'എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും' എന്നുള്ളത് പുതിയ മുദ്രാവാക്യമല്ല. അങ്ങനെയല്ലെങ്കില്‍ ദൈവം എന്ന സങ്കല്‍പ്പത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന് 1893ല്‍ പണ്ഡിറ്റ് രമാബായി ചോദിച്ചിട്ടുള്ളതും അതുക്കൊണ്ടാണ്. 1936ലെ ക്ഷേത്രവിളംബര പ്രവേശനത്തോടെ ആരാധന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്ന മിഥ്യാധാരണയില്‍ ഇന്നും അലസമായി ജീവിച്ചുപോരുകയാണ് മലയാളികള്‍. ഇത് ചോദ്യംചെയ്യപ്പെടണം.

ഏത് ആരാധനാലയത്തിലും ആര്‍ക്കും പ്രവേശിക്കാം. അതിന് വിശ്വാസത്തിന്റെ ആവശ്യം പോലുമില്ല. ആരാധനാലയം എന്നാല്‍ നല്ല പൂന്തോപ്പ്, നല്ല വായനശാല, നല്ല വായു, നല്ല വെളിച്ചം, നല്ല സൗഹൃദം എന്നിവയെല്ലാമുള്ള സ്ഥലമായിട്ടാണ് ശ്രീനാരായണഗുരു വിശേഷിപ്പിച്ചിട്ടുള്ളത്. ഭക്തിയുള്ളവര്‍ക്ക് അത് ആവിഷ്‌കരിക്കാനും വ്യത്യസ്ഥ ഭക്തിയുള്ളവര്‍ക്ക് അവ ആവിഷ്‌കരിക്കാനും ഇനി ഭക്തിയില്ലാത്തവര്‍ക്ക് അവരുടെ ഭക്തിയില്ലായ്മ ആവിഷ്‌കരിക്കാനും കഴിയുന്ന തലത്തിലേക്കാണ് ആരാധനാലയങ്ങള്‍ വളരേണ്ടത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ആരാധനാലയങ്ങളെല്ലാം തന്നെ ഒരു നിശ്ചലാവസ്ഥയില്‍ നില്‍ക്കുകയാണ്. അതിന് ഒരു വളര്‍ച്ചയുമുണ്ടാകുന്നില്ല.


ആരാധനാലയങ്ങള്‍ ഒരു ഷോപ്പിംഗ് മാള്‍ സമുച്ചയം പോലെയാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയായാല്‍ പോരാ. അത് മനുഷ്യന്റെ സ്വപ്‌നങ്ങളുടെയും സങ്കടങ്ങളുടെയുമൊക്കെ ഒരു സമാഹാരമാണ്. ആ അര്‍ത്ഥത്തില്‍ അവ പുന:ക്രമീകരിക്കപ്പെടണം. ആ പുന:ക്രമീകരണത്തിന്റെ ആദ്യചുവട് വെപ്പാണ് എല്ലാ ആരാധനലായങ്ങളും എല്ലാവര്‍ക്കും മുമ്പില്‍ തുറക്കപ്പെടുകയെന്നുള്ള ആവശ്യം.

ഏതെങ്കിലും ഒരു ഇസ്ലാം വിശ്വാസി ക്ഷേത്രത്തില്‍ പോകുന്നതുകൊണ്ടോ, ഹിന്ദുവിശ്വാസി പള്ളിയില്‍ പോകുന്നത് കൊണ്ടോ യഥാര്‍ത്ഥത്തില്‍ ഒരു പ്രശ്‌നവുമില്ല എന്നു മാത്രമല്ല, അത് ഭക്തിയുടെ ലോകത്തെ വിസ്തൃതമാക്കുകയാണ് ചെയ്യുന്നത്.

യേശുദാസിന്‍റെ പാട്ടിന് മാത്രമല്ല യേശുദാസിനുള്ള വിലക്കും മറികടന്നു അദ്ദേഹത്തിന് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിയണം. കല്ലൂര്‍ ബാബുവിന് ഇലത്താളം കൊട്ടുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കുണ്ടായ വിഷയത്തില്‍ പു.ക.സ നേരിട്ട് ഇടപെട്ട ഒരു സംഭവമുണ്ടായിരുന്നു. കേരളത്തിലെ പല ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ കയറുന്നതില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. നിരന്തരമായ സാസ്‌കാരിക പ്രചാരണത്തിലൂടെയും ബദല്‍പ്രവര്‍ത്തിനത്തിലൂടെയും മാത്രമേ ഈ അസമത്വത്തെ രാഷ്ട്രീയമായി മറികടക്കാന്‍ കഴിയുകയുള്ളൂ.

'അനുകരണം' ആത്യന്തികമായി ഒന്നിനും പരിഹാരമല്ലെങ്കിലും ഇതിനും ചെറിയൊരു സമരരൂപമായി പ്രവര്‍ത്തിക്കാന്‍ കഴിയും. 1822 മുതല്‍ 1859 വരെയുള്ള ചാന്നാര്‍ സമരത്തിന്റെ ഒരു ചരിത്രം പരിശോധിച്ചാല്‍, ആത്മമാഭിമാനത്തിന്‍റെ പ്രശ്‌നത്തിനൊപ്പം അനുകരണത്തിന്‍റെ പ്രശ്‌നവും ശ്രദ്ധയില്‍പ്പെടും.

അധ:സ്ഥിത സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാം, പക്ഷേ സവര്‍ണ്ണ സ്ത്രീകളെപ്പോലെയാകരുതെന്നു സമരത്തിന്‍റെ അവസാനം അധികാരികള്‍ പറഞ്ഞത് പ്രബുദ്ധ കേരളം മറന്നിട്ടുണ്ടാകില്ല. അതായത് അഭിമാനമാകാം പക്ഷെ അനുകരണമാകരുതെന്ന് അര്‍ത്ഥം!

അവിടുന്നിങ്ങോട്ട്, അനുകരണം പിന്നെയൊരു സമരരൂപമായി പരിണമിക്കുകയായിരുന്നു. അനുകരണവുമായി മാത്രം ഈയൊരു സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുകൂടി പറയേണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ബദല്‍ മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്. ഒരു ക്ഷേത്രമായാലും പള്ളിയായാലും മസ്ജിദായാലും അത് വലുതാകണമെങ്കില്‍ അവിടെ എല്ലാവര്‍ക്കും ഇടമുണ്ടാകണം. മുസ്ലിം പള്ളികളില്‍ ഇസ്ലാം വിശ്വാസിയല്ലാത്തവര്‍ക്കും അവിശ്വാസിക്കും പ്രവേശനം ലഭിക്കണം. യുക്തിവാദിയായ യു.കലാനാഥന്‍ മാഷിനും സ്വാമി ചിദാനന്ദപുരിക്കും പി എസ് ശ്രീധരന്‍പിള്ളയ്ക്കുമെല്ലാം മസ്ജിദില്‍ പ്രവേശിക്കാന്‍ കഴിയണം. എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും മുമ്പില്‍ തുറക്കപ്പെടുമ്പോഴാണ് അത് യഥാര്‍ത്ഥത്തിലൊരു ആരാധനാലയമാകുന്നത്.

'ദൈവത്തിന്‍റെ വീട്' എന്നാണല്ലൊ ആരാധനാലയങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം. അങ്ങനെയെങ്കില്‍ ദൈവത്തിന്‍റെ വീട്ടിലേക്ക് ജാതിയും മതവും തിരിച്ചല്ലല്ലൊ ആളുകള്‍ക്ക് പ്രവേശനം നല്‍കേണ്ടത്? ജാതി മേല്‍ക്കോയ്മകള്‍ വീടും വഴിയും നിഷേധിച്ചു. എന്നാല്‍, അതിനെയെല്ലാം സാമൂഹിക നവോത്ഥാനം മുറിച്ചുകടന്നു. എല്ലാവര്‍ക്കും ഇടം നല്‍കുന്ന ദൈവത്തിന്‍റെ ലോകത്ത് അപരര്‍ക്ക് സൂചികുത്താന്‍പോലും ഇടം നല്‍കില്ല എന്നു വാദിക്കുന്ന ദൈവശാസ്ത്രവിരുദ്ധതയാണ് ചോദ്യം ചെയ്യപ്പേടേണ്ടത്. ഒരു ആരാധനാലയത്തിന് അതിന്‍റെതായ അച്ചടക്കം അനിവാര്യമാണെന്ന കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമില്ല. മറിച്ച്, അത് പാലിക്കപ്പെടേണ്ടത് നമ്മുടെ എല്ലാവരുടെയും കടം കൂടിയാണ്.

'ഏവര്‍ക്കും സ്വാഗതം' എന്നൊരു ബോര്‍ഡില്ലാതെ തന്നെ ആരാധനാലയങ്ങളിലേക്ക് പ്രവേശനമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകണം. ഇപ്പോഴുള്ളത്‌ പോലെ ചില വിഭാഗങ്ങള്‍ക്ക് മാത്രം പ്രവേശനം എന്നുള്ള ബോര്‍ഡ് തൂക്കുന്നത് പോലും ജനാധിപത്യവിരുദ്ധമായ കാര്യമാണ്.

സ്ത്രീകളെ ആരാധനയങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന നടപടികളും ഒരു കാലത്തും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്. ശബരിമലയില്‍ മാത്രമല്ല, പുരുഷന് പോകാന്‍ പറ്റുന്ന സ്ഥലങ്ങളിലെല്ലാം തന്നെ സ്ത്രീകള്‍ക്കും പ്രവേശനം ലഭിക്കുക തന്നെ വേണം. അതിലെന്തിനാണ് വിവേചനം?

ദൈവശാസ്ത്രത്തിലെവിടെയാണ് വിവേചനം എന്ന ഒന്നുള്ളത്? ഖുര്‍-ആനില്‍ സംബോധന ചെയ്യുന്നത് 'അല്ലയോ മനുഷ്യരെ..' എന്നാണ്, അല്ലാതെ 'അല്ലയോ മുസ്ലിമുകളെ' എന്നല്ല. 'അല്ലയോ പുരുഷന്‍മാരെ' എന്നുമല്ല. ഹിന്ദുസമൂഹത്തിലെ ബ്രഹ്മസങ്കല്‍പ്പങ്ങള്‍ പരിശോധിച്ചാല്‍ അതിലെവിടെയും ജാതിയും മതവും കണ്ടെത്താനാകില്ല. ബൈബിള്‍ സംബോധന ചെയ്യുന്നതും മനുഷ്യരെയാണ് മതത്തെയല്ല. ലോകത്തിലെ എല്ലാം ദൈവീക ഗ്രന്ഥങ്ങളും സംബോധന ചെയ്യുന്നത് മനുഷ്യരെയാണ്, മതത്തെയോ ജാതിയെയോ അല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. മതത്തിന്‍റെ ആചാരപരതയുടെ അടിമകളായി നമ്മള്‍ മാറി. അതാണ് നമ്മുടെ മൗലീകമായ പ്രശ്‌നം. പൊരുളിന്‍റെ ആത്മാവിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത മനുഷ്യരാണ് സഹജീവികളെ തങ്ങളുടെ ആരാധനാലയങ്ങളിലേക്ക് പ്രവേശിക്കാതിരിക്കുന്നത്.

കെ.ടി.ജലീലിന് ശബരിമലയില്‍ പോകാന്‍ മാത്രമല്ല, തീര്‍ഥം വാങ്ങാനും അത് കുടിക്കാനും അയാളുടെ പൗരവകാശം അനുവദിക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അത് ജലീലിന് കൂടി കിട്ടട്ടെ. ഗുണമില്ലെങ്കില്‍ അത് ജലീലും അനുഭവിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം ജലീലിന് നല്‍കാതെ ഞങ്ങള്‍ വിധി കല്‍പ്പിക്കും എന്ന തരത്തിലേക്ക് ഇതിനെ കൊണ്ടുവരേണ്ടതില്ല.

ഇത് മത തത്വസംഹിതയ്ക്കു എതിരാണെന്ന് സമുദായത്തിലെ യാഥാസ്ഥിതികപക്ഷത്തിന് വേണമെങ്കില്‍ വാദത്തിനായി പറയാം. നടപടികള്‍ തെറ്റല്ലെന്ന് മതത്തിലെ പുരോഗമവാദികള്‍ക്ക് വേണമെങ്കില്‍ അഭിപ്രായവും പറയാം. എങ്കിലും, സംവാദത്തിനപ്പുറം അതൊരു കല്‍പ്പനയുടെയോ വെല്ലുവിളിയുടെയോ ഭാഗമാകരുത്.

(തയ്യാറാക്കിയത്: എസ് വിനേഷ് കുമാർ)

Read More >>