മലേഷ്യയിലെ 'ദി ജ്യൂവല്സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക്
വിദ്യാഭ്യാസപരമായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ കാന്തപുരം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്ക്കാരം
ക്വലാലംപൂര്‍(മലേഷ്യ): മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാഗസിന് ഒഐസി ടുഡേ ഏര്‍പ്പെടുത്തിയ 'ദി ജ്യൂവല്സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മലേഷ്യന്‍ സാമ്പത്തിക മന്ത്രി ജൗഹരി അബ്ദുള്‍ ഗനി സമ്മാനിച്ചു. മുസ്ലിം ലോകത്ത് ധിഷണാപരമായി സ്വാധീനം ചെലുത്തുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 2011 മുതലാണ് ഈ അവാര്‍ഡ് നല്കി വരുന്നത്.
വിദ്യാഭ്യാസ പരമായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ കാന്തപുരം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്ക്കാരം. അനാഥരും അഗതികളുമായ പതിനായിരങ്ങളെ അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന വിദ്യാഭ്യാസവും നല്കി ലോകത്തിന്റെ കുതിപ്പിനൊപ്പം വളര്‍ത്തിയെടുത്തതിലും ഇസ്ലാമിന്റെ സമാധാനപൂര്‍ണ്ണമായ ദര്‍ശനങ്ങളെ പ്രചരിപ്പിച്ചതിലുമുള്ള കാന്തപുരത്തിന്റെ പങ്കിനെ അവാര്‍ഡ് കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
ഇന്നലെ ക്വലാലംപൂരിലെ പുട്രാ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രധാന പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരും സംബന്ധിച്ചു. മലേഷ്യന്‍ മുസ്ലിങ്ങളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വീകരണയോഗങ്ങളിലും സമ്മേളനങ്ങളിലും കാന്തപുരവും ഇന്ത്യന്‍ സംഘാംഗങ്ങളും പങ്കെടുക്കും.