മിശ്രവിവാഹിതയായ മുസ്ലിം യുവതിയെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും നീക്കാൻ ശ്രമം; ഭർത്താവിനെ നിലനിർത്തി തന്നെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്ന് യുവതി 

ഇതേ ബിഎൽഒ തന്നെയാണ് റംലയ്ക്ക് ഏതാനും മാസങ്ങൾക്കു മുമ്പ് പുതിയ രൂപത്തിലുളള തിരിച്ചറിയൽ കാർഡു നൽകിയത്. എന്നിട്ടും ഇവർ ഈ പ്രദേശത്ത് താമസമില്ല എന്ന കാരണം പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടിയിൽ ദുരൂഹതയുണ്ട്.

മിശ്രവിവാഹിതയായ മുസ്ലിം യുവതിയെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും നീക്കാൻ ശ്രമം; ഭർത്താവിനെ നിലനിർത്തി തന്നെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്ന് യുവതി 

കണ്ണൂർ: ഹിന്ദു യുവാവിനെ വിവാഹം ചെയ്ത് സ്വന്തം നാട്ടിൽ താമസിക്കുന്ന മുസ്ലിം യുവതിയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ ബിഎൽഒയുടെ ശ്രമം. പട്ടാന്നൂർ കൊടോളിപ്രം തൊട്ടിങ്ങൽ വീട്ടിൽ കെ റംലയുടെ പേര് ബിഎൽഒ ആയ കൃഷ്ണൻ മനപ്പൂർവം നീക്കം ചെയ്തുവെന്നാണ് ആരോപണം. റംല കോടോളിപ്പുറത്തല്ല ഇപ്പോൾ താമസിക്കുന്നത് എന്നാണ് അയൽവാസിയും പതിവായി പരസ്പരം കാണുകയും ചെയ്യുന്ന ബിഎൽഒയുടെ റിപ്പോർട്ട്. റംലയുടെ ഭർത്താവ് ഇ കെ സുരേഷ് കുമാറിന്റെ പേര് വോട്ടർ പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്. രണ്ട് കുട്ടികൾക്കും ഭർത്താവിനും ഒപ്പം സ്വന്തം വീട്ടിൽ താമസിക്കുന്ന റംല ബിഎൽഒയ്ക്കെതിരെ പരാതിയുമായി നീങ്ങാനുളള ശ്രമത്തിലാണ്.


ഇതേ ബിഎൽഒ തന്നെയാണ് റംലയ്ക്ക് ഏതാനും മാസങ്ങൾക്കു മുമ്പ് പുതിയ രൂപത്തിലുളള തിരിച്ചറിയൽ കാർഡു നൽകിയത്. എന്നിട്ടും ഇവർ ഈ പ്രദേശത്ത് താമസമില്ല എന്ന കാരണം പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടിയിൽ ദുരൂഹതയുണ്ട്.


ramlaകൊടോളിപ്രം സ്വദേശി തന്നെയായ ഇകെ സുരേഷ് കുമാറിനെ  വിവാഹം കഴിച്ച് പത്തു വർഷത്തോളമായി ഇവിടെ താമസിക്കുകയാണ് റംല.   പുരോഗമന ചിന്താഗതിക്കാർ ഏറെയുള്ള പ്രദേശമായതിനാൽ തന്നെ എതിർപ്പുകളോ പ്രശ്നങ്ങളോ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായില്ല. തിരഞ്ഞെടുപ്പ് ബൂത്ത് പ്രവർത്തിക്കുന്ന കൊടോളിപ്രം ഗവണ്മെന്റ് എൽപി സ്‌കൂളിൽ തന്നെയാണ് സുരേഷ്‌കുമാർ-റംല ദമ്പതികളുടെ മക്കളും പഠിക്കുന്നത്. യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാതെ ജീവിതം മുന്നോട്ടുപോകുമ്പോഴാണ് വില്ലൻ ബിഎൽഒയുടെ രൂപത്തിൽ അവതരിക്കുന്നത്.


ബിഎൽഒ ആയി പ്രവർത്തിക്കുന്ന നാട്ടുകാരൻ കൂടിയായ റിട്ടയേർഡ് അധ്യാപകന് തന്നെയും കുടുംബത്തെയും നേരിട്ട് അറിയാമെന്ന് റംല നാരദാ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തവണ താനും ഭർത്താവും ഒരുമിച്ചാണ് വോട്ടു രേഖപ്പെടുത്തിയത്.


ഒപ്പം താമസിക്കുന്ന ഭർത്താവിന്റെ പേര് നിലനിർത്തിക്കൊണ്ട്, താൻ താമസം മാറ്റിയെന്നും അതുകൊണ്ടു നീക്കം ചെയ്യുകയാണ് എന്നും ഒക്കെ പറയുന്നതിൽ ദുരൂഹതയുണ്ടെന്നും റംല ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡിൽ കൃത്യമായ വിലാസം ഉണ്ട്. സർക്കാരിൽ നിന്നും വിവിധ ആനുകൂല്യങ്ങൾക്കും മറ്റും അപേക്ഷ നൽകുമ്പോൾ താൻ പ്രദേശത്തെ താമസക്കാരിയല്ലെന്ന ബിഎൽഒയുടെ അഭിപ്രായം തനിക്ക് വിനയാകുമെന്ന ഭയവും റംല നാരദാ ന്യൂസിനോട് പങ്കുവച്ചു.[caption id="attachment_51368" align="aligncenter" width="400"]ramla-card രണ്ടു മാസം മുമ്പ് ഇതേ ബിഎൽഒ റംലയ്ക്കു നൽകിയ പുതിയ തിരിച്ചറിയൽ കാർഡ്[/caption]പതിവായി നേരിൽ കാണുന്ന ബിഎൽഒ ഇത്തരത്തിൽ തന്റെ പേര് നീക്കം ചെയ്യപ്പെടാൻ പോകുന്നു എന്ന കാര്യവും അറിയിച്ചിരുന്നില്ല എന്ന് റംല പറയുന്നു. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലിസ്റ്റ് നോക്കി വീടിനു സമീപത്തെ ചിലർ അറിയിച്ചപ്പോൾ മാത്രമാണ് മരപ്പണിക്കാരനായ സുരേഷ് കുമാറും റംലയും വിവരം അറിയുന്നത്.


നിലവിലെ ബൂത്ത് ലെവൽ ഓഫീസറിൽ നിന്നും ഇത്തരത്തിൽ മുൻപും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ കൃത്യമായ നടപടികൾ ആവശ്യപ്പെട്ട് കളക്ടറെ സമീപിക്കുമെന്നും പ്രാദേശിക സിപിഐഎം നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ ദിവാകരൻ നാരദാ ന്യൂസിനോട് പറഞ്ഞു.

Read More >>