കണ്ണവം എപ്പിസോഡിന്റെ ക്ലൈമാക്സ്... വനംമന്ത്രി കെ രാജൂവാണ് സർ, തേക്കുവിവാദത്തിലെ യഥാർത്ഥ വില്ലൻ...

പറഞ്ഞു വന്നത് ഇത്രയേ ഉളളൂ. ഇരിണാവ് ക്ഷേത്രക്കമ്മിറ്റിക്കാർക്ക് സൌജന്യമായി തേക്കുമരം കൊടുക്കാൻ എന്തെങ്കിലും നിയമവിരുദ്ധമായ ഇടപെടൽ നടന്നിട്ടുണ്ടെങ്കിൽ, ആ ഇടപെടൽ തുടങ്ങുന്നത് വനംമന്ത്രി കെ രാജുവിൽ നിന്നാണ്.

കണ്ണവം എപ്പിസോഡിന്റെ ക്ലൈമാക്സ്... വനംമന്ത്രി കെ രാജൂവാണ് സർ, തേക്കുവിവാദത്തിലെ യഥാർത്ഥ വില്ലൻ...

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്,
എന്റെ മകൻ ജൽപന കുമാറിന് വയസ് നാൽപ്പത്തിയേഴു കഴിഞ്ഞു. ജാതക പ്രകാരം ഏഴിലാണ് ചൊവ്വ. നക്ഷത്രം ഉത്രട്ടാതി. പുരുഷ ജാതകത്തില്‍ ശുക്രന്‍റെ ഏഴില്‍ ചൊവ്വയുണ്ടെങ്കില്‍ സ്ത്രീജാതകത്തില്‍ ലഗ്നാലോ ചന്ദ്രാലോ ഏഴില്‍ ചൊവ്വ നിർബന്ധമാണെന്ന് താങ്കൾക്കും അറിയാമല്ലോ. ഞാനും ബന്ധുക്കളും അന്വേഷിച്ചിട്ട് ഒരു ഫലവുമുണ്ടായില്ല. അനുയോജ്യയായ, നല്ല സാമ്പത്തികശേഷിയും സൌന്ദര്യവും വിദ്യാഭ്യാസവുമുളള സ്വജാതിക്കാരിയായ ഒരു പെൺകുട്ടിയെ എന്റെ പുത്രനു വേണ്ടി അന്വേഷിച്ചു കണ്ടുപിടിക്കാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്
നാറാണത്തു ഭ്രാന്തൻ,
മഞ്ഞിൽ വിരിഞ്ഞ വീട്,
വവ്വാൽപ്പുരം

എൻ ബി - പൊക്കം 165 സെന്റീമീറ്ററിൽ കൂടാനോ 150 സെന്റീമീറ്ററിൽ കുറയാനോ പാടില്ല. തൂക്കവും അതിനൊത്തതായിരിക്കണം. സ്ക്കൂളിലോ കോളജിലോ പഠിക്കുമ്പോൾ ആരെയും പ്രേമിച്ചിട്ടില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തുകയും വേണം. പാരലൽ കോളജിൽ പോയിട്ടില്ലാത്തവരെ വേണം പരിഗണിക്കേണ്ടത്.

ഇതുമൊരു അപേക്ഷയാണ്. ഇങ്ങനെയൊരപേക്ഷ കിട്ടിയാലും കീറിക്കളയാനുളള അധികാരം നമ്മുടെ മുഖ്യമന്ത്രിയ്ക്കില്ല. ഓഫീസിലെത്തുന്ന ഏതപേക്ഷയെയും പോലെ ബന്ധപ്പെട്ട വകുപ്പിലേയ്ക്ക് 'ഫോർവേഡു' ചെയ്യണം.

അങ്ങനെ ഈ അപേക്ഷ ആഭ്യന്തര വകുപ്പിലെത്തിയാലോ? വകുപ്പിലൊരു  ഫയൽ ജനിക്കും. അപേക്ഷ ലഭിച്ച കാര്യം വിശദമാക്കി ക്ലർക്കു നോട്ടു തയ്യാറാക്കണം. അത് സെക്ഷൻ ഓഫീസറിൽ തുടങ്ങി അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നിവർ വരെ കാണണം. എമ്പാടും പണിയുണ്ട്.

ഡിജിപിയിൽ നിന്ന് റിപ്പോർട്ടു വാങ്ങാമെന്നായിരിക്കും മിക്കവാറും ഗുമസ്തന്റെ നിർദ്ദേശം. അതു പോര, ജില്ലാ കളക്ടറുടെ റിപ്പോർട്ടും വേണമെന്ന് നിഷ്കർഷിക്കാം, മേലാളന്മാർക്ക്. രണ്ടായാലും ഡിജിപിയിലൂടെ എസ് പി യിലൂടെ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്കും പണി നൽകാം, ഇങ്ങനെയൊരു അപേക്ഷ കൊടുത്താലും. ജില്ലാ കളക്ടറിൽ നിന്നു കൂടി റിപ്പോർട്ടു ശേഖരിക്കാൻ തീരുമാനിച്ചാൽ, പണി വില്ലേജ് ഓഫീസു വരെ നീട്ടാം.

ഇടയ്ക്കിടയ്ക്ക് വിവരാവകാശം കൂടി പ്രയോഗിച്ചാൽ സംഗതി എരമ്പും.  ചുരുക്കിപ്പറഞ്ഞാൽ ഇതുപോലൊരു ഒരപേക്ഷ മതി, സംസ്ഥാനത്തെ ഭരണസംവിധാനത്തെ ഏറെക്കാലം വട്ടുകളിപ്പിക്കാം. ആ പഴുതുകൾ സമർത്ഥമായി ഉപയോഗിക്കുന്ന വീരവേന്ദ്രന്മാർ ധാരാളുമുണ്ടുതാനും.

രാഷ്ട്രപതി ഭവൻ കേരളാ സെക്രട്ടേറിയറ്റിനോട് റിപ്പോർട്ടു തേടിയ കഥ

വെറുതേ പറയുന്നതല്ല. ഏതാനും മാസങ്ങൾക്കു മുമ്പ് രാഷ്ട്രപതി ഭവനിൽ നിന്നും തിരുവനന്തപുരം സെക്രട്ടേറിയറ്റിലെത്തിയ ഒരു കത്തിന്റെ കഥയറിയൂ. സംസ്ഥാനത്തിന്റെ ക്രമസമാധാന നില സമ്പൂർണമായി തകർന്നതുകൊണ്ട് 356-ാം വകുപ്പു പ്രയോഗിച്ച് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണം എന്നാവശ്യപ്പെടുന്ന പരാതി രാഷ്ട്രപതിയ്ക്കു ലഭിച്ചു. എറണാകുളം സ്വദേശിയായ ഒരു അഭിഭാഷകനാണ് പരാതിക്കാരൻ.

ഭരണഘടന പ്രകാരം കേന്ദ്രമന്ത്രിസഭയാണ് അത്തരമൊരു അപേക്ഷ രാഷ്ട്രപതിയ്ക്കു സമർപ്പിക്കേണ്ടത്. ആ ആവശ്യം പൌരൻ ഉയർത്തിയപ്പോൾ സ്വാഭാവികമായും രാഷ്ട്രപതിഭവന്റെ കൺട്രോളു തെറ്റി. "അളിവേണി എന്തു ചെയ്യേണ്ടൂ" എന്നു സെക്രട്ടറിപ്പടയുടെ തലപുകഞ്ഞു. ഒടുവിൽ വഴി തെളിഞ്ഞു. വിഷയത്തിന്മേൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടു തേടാമെന്നു തീരുമാനമായി. അങ്ങനെയാണ് വിഭവം നമ്മുടെ സെക്രട്ടേറിയറ്റിലെത്തിയത്.

രാഷ്ട്രപതി ഭവനിൽനിന്നുളള കത്തുകിട്ടിയ ആഭ്യന്തര വകുപ്പ് ഞെട്ടി. ഏതു സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്നാണോ ആവശ്യമുയർന്നത്, ആ സർക്കാരിനോടു തന്നെയാണ് വിഷയത്തിന്മേൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നിസാരമായി കാണേണ്ട കേസല്ല. ഫെഡറൽ സംവിധാനത്തിന്റെ അടിവേരു തകരുന്ന ഏർപ്പാടാണ്.

കേരളാ സെക്രട്ടേറിയറ്റിനോടാണോടാണാടാ കളി!

ഡിജിപിയോടു റിപ്പോർട്ടു തേടാമെന്ന നിർദ്ദേശം വെച്ചു, കൂട്ടത്തിലെ ബഹുമിടുക്കൻ. തല പുകഞ്ഞവർ ആർപ്പുവിളിച്ചു; "സൂപ്പർ ഐഡിയ".

അങ്ങനെ ഹോം സെക്രട്ടറി ഒപ്പിട്ട കത്ത് ഡിജിപിയ്ക്ക്.  കേരള സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യത്തിന്മേൽ റിപ്പോർട്ടു തയ്യാറാക്കേണ്ട ചുമതല കേരളത്തിന്റെ ഡിജിപിയുടെ ചുമലിലായി.

എന്നു വിചാരിച്ച് ഡിജിപി പെട്ടുപോയി എന്നു ധരിക്കരുത്. അദ്ദേഹത്തിനു കീഴിൽ ആവശ്യംപോലെ എഡിജിപിമാരുണ്ട്. പിന്നെ, ഐജി, എസ്പി തുടങ്ങി സബ് ഇൻസ്പെക്ടർ വരെ നീളുന്ന വലിയൊരു വാലുണ്ട്. സബ് ഇൻസ്പെക്ടറാണ് സത്യത്തിൽ പെട്ടുപോകുന്നത്. അതിയാനു കീഴെ വേറെ ആപ്പീസില്ല.

ഉമ്മൻചാണ്ടിയുടെ സർക്കാരിനെ പിരിച്ചുവിടണമെന്ന എറണാകുളം സ്വദേശിയുടെ ആവശ്യത്തിന്മേൽ പോലീസ് അന്വേഷണം നടത്തുകയാണ്. നടത്തിക്കൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് വൈകാതെ സമർപ്പിച്ചേക്കാം.

അപേക്ഷകളിലും നിവേദനങ്ങളിലും നമ്മുടെ സർക്കാർ സംവിധാനം തീരുമാനമെടുക്കുന്നതെങ്ങനെ എന്നു മനസിലാക്കാൻ ഇതിനേക്കാൾ നല്ല ഉദാഹരണമില്ല. തീരുമാനങ്ങളുടെ ഉത്തരവാദിത്തം പേറാൻ ആർക്കും സൌകര്യമില്ല. എത്രയും വേഗം താഴേയ്ക്കു തട്ടുക. ശേഷം സമാധാനമായി ചാരിയിരുന്ന് സുഖമായി ഉറങ്ങുക. ഇതാണ് സ്റ്റൈൽ ഓഫ് ഫംഗ്ഷനിംഗ്.

അപ്പോൾ ശരിക്കും ആരാണ് തേക്കുവിവാദത്തിലെ വില്ലൻ?

ഈ യാഥാർത്ഥ്യത്തിൽ ചവിട്ടിനിന്നുകൊണ്ടാവണം, കണ്ണൂർ ഇരിണാവ് ഭഗവതീക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദം മനസിലാക്കേണ്ടത്. നാൾവഴി ഒന്നു  റീവൈൻഡു ചെയ്തു നോക്കൂ. ക്ഷേത്ര ഭാരവാഹികളായ കല്യാശേരിക്കാർ ആവശ്യവുമായി പലരെയും സമീപിച്ച കൂട്ടത്തിൽ ഇപിയെയും കണ്ടു. നിവേദനം കൊടുത്തു. കിട്ടിയ നിവേദനം സ്വന്തം ലെറ്റർ ഹെഡിലെഴുതിയ കവറിംഗ് ലെറ്റർ സഹിതം ഇപിയത് വനംമന്ത്രിയ്ക്കു ഫോർവേഡു ചെയ്തു. സെക്രട്ടേറിയറ്റിലെ സ്ഥിരം നടപടിക്രമം.

ഒരു മന്ത്രി മറ്റൊരു മന്ത്രിയ്ക്കു നൽകുന്ന ഇത്തരം കത്തുകൾ അർദ്ധ ഔദ്യോഗിക കത്ത് (demi offical letter) എന്ന വിഭാഗത്തിലാണ് വരിക. അതിന് ഔദ്യോഗിക സ്വഭാവമൊന്നുമില്ല. അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ, എന്തുകൊണ്ടു ചെയ്തില്ല എന്നു ചോദിക്കാൻ വകുപ്പില്ല.

യഥാർത്ഥ കഥ ആരംഭിക്കുന്നത് വനം മന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഇരണികാവുകാരുടെ അപേക്ഷ വനംവകുപ്പിനോടാണ്. എഴുത്തുകുത്തും നടപടികളുമെടുക്കേണ്ടത് അവരാണ്. ആവശ്യം ന്യായമെങ്കിൽ ചെയ്തുകൊടുക്കേണ്ടതും അന്യായമെങ്കിൽ തള്ളേണ്ടതും ആ വകുപ്പാണ്. അതിൽ വ്യവസായമന്ത്രിയ്ക്കോ ഇ പി ജയരാജനോ ഒരുത്തരവാദിത്തവുമില്ല. ആവശ്യം കേട്ടയുടനെ ഇ പി ഫോണെടുത്ത് ഏതെങ്കിലും റേഞ്ച് ഓഫീസിലേയ്ക്കു വിളിച്ചിട്ടില്ല. ഒരു വനംവകുപ്പുദ്യോഗസ്ഥനെയും വകുപ്പുമന്ത്രിയെ മറികടന്ന് ബന്ധപ്പെട്ടിട്ടില്ല. അധികാരദുർവിനിയോഗം ആരോപിക്കാൻ ഒരു പഴുതും അവിടെയില്ല.

വനംമന്ത്രി ചെയ്തതോ..? ഇരിണാവുകാരുടെ കത്ത്  ചീഫ് ഫോറസ്റ്റ് കൺവേറ്ററുടെ ഓഫീസിലേയ്ക്ക് പറപ്പിച്ചു. അവരതു കണ്ണൂർ ഡിഎഫ്ഒയ്ക്കു നൽകി. അവസാനം കണ്ണവം ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെത്തി. വാർത്ത ചോർന്നത് ഇവിടെ നിന്നാണ്. ആദ്യം പ്രാദേശിക പത്രങ്ങളിൽ. പിന്നെ ചാനലുകളിൽ. തിരുവനന്തപുരത്തെ പത്രക്കാർക്കല്ല വാർത്ത ചോർന്നു കിട്ടിയത് എന്നു പ്രത്യേകം ഓർമ്മിക്കണം.

വിവാദം കീറി മുറിക്കുന്നവർ ശ്രദ്ധിക്കേണ്ട പോയിന്റാണിത്. ഇരിണാവ്  ക്ഷേത്രക്കമ്മിറ്റിയുടെ നിവേദനം സംബന്ധിച്ച് ഇ പി ജയരാജൻ വനംമന്ത്രിയ്ക്കു അർദ്ധ ഔദ്യോഗിക കത്തു കൊടുത്ത വിവരം  കണ്ണവം ഫോറസ്റ്റ് ഡിവിഷൻ വരെ കമ്മ്യൂണിക്കേറ്റു ചെയ്യപ്പെട്ടിട്ടുണ്ട്. അതാണ് ഈ വിവാദത്തിന്റെ യഥാർത്ഥ മർമ്മം.

ജയരാജന്റെ കത്തിന് വനംമന്ത്രിയുടെ ഓഫീസിനപ്പുറം ഒരു കാര്യവുമില്ല. ആമുഖ കത്തു സഹിതം ഒരപേക്ഷ വനംമന്ത്രിയ്ക്കു കിട്ടിയാൽ, പിന്നെ പരിഗണിക്കേണ്ടത് അപേക്ഷയിലെ ആവശ്യമാണ്. അല്ലാതെ മന്ത്രിയുടെ കത്തല്ല. ആവശ്യം ന്യായമാണെങ്കിൽ സാധിച്ചു കൊടുക്കുക, അല്ലെങ്കിൽ അപേക്ഷ തളളുക. രണ്ടു വഴിയേ വനംവകുപ്പിനു മുന്നിലുളളൂ.

സെക്രട്ടേറിയറ്റു പതിച്ചു കിട്ടാനും അപേക്ഷ കൊടുക്കാം; ധൈര്യമായി!

സെക്രട്ടേറിയറ്റിന്റെ കിഴക്കേ മൂല പതിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് വ്യവസായമന്ത്രിയ്ക്ക് ഒരപേക്ഷ ലഭിച്ചെന്നിരിക്കട്ടെ. അതും കീറിക്കളയാൻ പറ്റില്ല. അപേക്ഷയല്ലേ. "പരിശോധിച്ച് ആവശ്യമായ മേൽനടപടി സ്വീകരിക്കുക" എന്നൊരു കുറിപ്പെഴുതി ബന്ധപ്പെട്ട വകുപ്പിനു കൈമാറണം. അതാണു ചട്ടം. സ്വാഭാവികമായും ഈ അപേക്ഷ ഫോർവേഡു ചെയ്യേണ്ടത് റവന്യൂ മന്ത്രിയുടെ ഓഫീസിലേയ്ക്കാണ്. അങ്ങനെ അപേക്ഷ അവിടെ എത്തിയെന്നിരിക്കട്ടെ.

അതു വായിച്ചാലുടനെ "ഇ പി ജയരാജന്റെ കേസാണ്, എങ്ങനെയും ചെയ്തുകൊടുത്തേ പറ്റൂ" എന്നൊരു തീർപ്പിലാണോ റവന്യൂ മന്ത്രി എത്തുന്നത് അഥവാ എത്തേണ്ടത്? ഫയൽ കളക്ടറേറ്റിലേയ്ക്കും ആർഡിഓയിലേയ്ക്കും താലൂക്ക് ഓഫീസിലേയ്ക്കും സഞ്ചരിച്ചേക്കാം.  ഒടുവിൽ വഞ്ചിയൂർ വില്ലേജ് ഓഫീസിന്റെ ആവശ്യം വന്നേക്കാം. ഈ യാത്രയിലുടനീളം "ജയരാജൻ സഖാവിന്റെ കേസാണ്.. എങ്ങനെയെങ്കിലും പരിഗണിക്കണം" എന്നൊരു അശരീരി കൂടി ഫയലിനൊപ്പം  സഞ്ചരിക്കുമോ?

അവസാനം, ഈ ഫയലു കണ്ട് "സെക്രട്ടേറിയറ്റ് പതിച്ചുകൊടുക്കാൻ ഇ പി ജയരാജന്റെ ശിപാർശ" എന്നൊരു വാർത്ത വില്ലേജ് ഓഫീസർ ചോർത്തിയാൽ എങ്ങനെയിരിക്കും?

വേണ്ടത് തീരുമാനമെടുക്കാനുളള ആർജവം

നടക്കാത്ത, നടക്കരുതാത്ത ആവശ്യമാണെങ്കിൽ, നിവേദനമോ പരാതിയോ അപേക്ഷയോ കൈപ്പറ്റുന്നവർക്ക് തീരുമാനമെടുക്കാനുളള ആർജവമുണ്ടാകണം. അത്തരം ആവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ കീഴോഫീസുകളിലേയ്ക്കു് ചലിച്ചു തുടങ്ങിയാൽ അതിന്റെ ഉത്തരവാദിത്തം, അതതു വകുപ്പു ഭരിക്കുന്നവർ ഏറ്റെടുത്തേ മതിയാകൂ. ആയതിനാൽ കണ്ണവത്തു നിന്നും ഉറവ പൊട്ടിയ തേക്കുമര വിവാദത്തിന്റെ ഉത്തരവാദി ഇ പി ജയരാജനല്ല, വനം മന്ത്രി പി രാജുവാണ്. തപാലിൽ ലഭിക്കുന്ന പ്രണയാഭ്യർത്ഥനയുടെ മറുപടി പോസ്റ്റുമാനല്ല കൊടുക്കേണ്ടത്.

ഈ വിവാദത്തിൽ നിന്ന് മറ്റു മന്ത്രിമാർക്കും അവരുടെ ഓഫീസിനുമൊക്കെ പഠിക്കാൻ ചില പാഠങ്ങളുണ്ട്. അവരവരുടെ അധികാരപരിധിയ്ക്കു പുറത്തുളള ഓഫീസുകളുടെ ചുമതലയിലുളള വിഷയങ്ങളിന്മേൽ ലഭിക്കുന്ന അപേക്ഷ അതാത് മന്ത്രിമാർക്കോ വകുപ്പിനോ നേരിട്ടു കൊടുക്കാൻ ആവശ്യപ്പെടുക. തപാലിലാണെത്തുന്നതെങ്കിൽ, കാര്യം പറഞ്ഞ് അപേക്ഷ തിരിച്ചയയ്ക്കാനുളള ആർജവം കൂടി വേണം.

സെക്രട്ടേറിയറ്റിന്റെ വടക്കേ മൂല എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് ജലസേചനമന്ത്രിയ്ക്കു കിട്ടുന്ന നിവേദനവും രണ്ടുകൈകൊണ്ടും കൈപ്പറ്റി രസീതു നൽകി ഫയലാക്കുന്ന പതിവ് അവസാനിപ്പിച്ചേ മതിയാകൂ. ചട്ടങ്ങളിലും മറ്റും അതിനു ഭേദഗതി വരുത്തണമെങ്കിൽ അതു ചെയ്യുകതന്നെ വേണം.

തേക്കുപാട്ടിന്റെ ഗുണപാഠം

ബിവറേജിൽ പോകുന്നവരാരും കൌണ്ടറുണ്ടെന്നു കരുതി ബാങ്കിന്റെ മുന്നിൽ ക്യൂ നിൽക്കാറില്ല. ഇനിയഥവാ ആരെങ്കിലും അങ്ങനെ നിന്നാൽ, ബാങ്കിലെ സെക്യൂരിറ്റിക്കാരന് മാന്യമായി പരിഹരിക്കാവുന്നതേയുളളൂ ആ പ്രശ്നം.

അല്ലാതെ, "ദേ, നിങ്ങളുടെ കൌണ്ടറിൽ ക്യൂ നിൽക്കേണ്ടവൻ, ഞങ്ങളുടെ കൌണ്ടറിനു മുന്നിൽ നിൽക്കുന്നു, വേഗം വന്ന്  ടിയാനെ പിടിച്ചുകൊണ്ടു പോകേണ്ടതാണ്"
എന്ന് ബാങ്കു മാനേജർ ബിവറേജസ് മാനേജർക്ക് അർദ്ധ ഔദ്യോഗിക കത്ത് എഴുതാറില്ല. ഇനി അഥവാ അങ്ങനെ എഴുതിയാൽ, ഉടനെ പാഞ്ഞുവന്ന് ബാങ്കിനു മുന്നിൽ നിൽക്കുന്നവനെ വലിച്ചിഴച്ച് ബിവറേജസിലെത്തിക്കേണ്ട ചുമതല ബിവറേജസ് മാനേജർക്കില്ല.

അങ്ങനെ വലിച്ചിഴച്ചു കൊണ്ടുപോകും വഴി ബിവറേജസ് മാനേജരെ പോലീസു പിടിച്ചാൽ, ബാങ്കു മാനേജരുടെ 'അർദ്ധ ഔദ്യോഗിക കത്ത്' ഒരു ഒഴിവുകഴിവുമല്ല..

പറഞ്ഞു വന്നത് ഇത്രയേ ഉളളൂ. ഇരിണാവ് ക്ഷേത്രക്കമ്മിറ്റിക്കാർക്ക് സൌജന്യമായി തേക്കുമരം കൊടുക്കാൻ എന്തെങ്കിലും നിയമവിരുദ്ധമായ ഇടപെടൽ വകുപ്പിൽ നടന്നിട്ടുണ്ടെങ്കിൽ, ആ ഇടപെടൽ തുടങ്ങുന്നത് വനംമന്ത്രി കെ രാജുവിൽ നിന്നാണ്.