പരസ്യക്കൊലപാതകങ്ങളുടെ കാലത്തേയ്ക്ക് സിപിഐഎമ്മിനെ ക്ഷണിച്ച് ആർഎസ്എസ്; നിസംഗതയോടെ പോലീസും

സിപിഐഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയത് പട്ടാപ്പകൽ തൊഴിലിടത്തിലാണ്.

പരസ്യക്കൊലപാതകങ്ങളുടെ കാലത്തേയ്ക്ക് സിപിഐഎമ്മിനെ ക്ഷണിച്ച് ആർഎസ്എസ്; നിസംഗതയോടെ പോലീസും

സിപിഐഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയത് പട്ടാപ്പകൽ തൊഴിലിടത്തിലാണ്. പിണറായിക്ക് സമീപം വാളാങ്കിച്ചാലെ കള്ളുഷാപ്പിനുളളിൽ വെച്ചാണ് ആർഎസ്എസ് പ്രവർത്തകരെന്നാരോപിക്കപ്പെടുന്ന ഒരു സംഘം മോഹനനെ ക്രൂരമായി വെട്ടിയത്. കൃത്യം നടത്തിയത് ഓമ്നി വാനിൽ മുഖം മറച്ചെത്തിയ ആറംഗസംഘം. ജോലിസ്ഥലത്തും വീട്ടിലും പട്ടാപ്പകൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തുന്ന രീതി കണ്ണൂർ കൊലപാതകങ്ങളുടെ പഴയ ശൈലിയായിരുന്നു. സമീപകാലത്ത് പയ്യന്നൂർ, തില്ലങ്കേരി മേഖലകളിൽ നടന്ന കൊലപാതകങ്ങളെല്ലാം രാത്രിയുടെ മറവിലായിരുന്നു.


സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഒരു തിരുവോണദിനത്തിൽ പട്ടാപ്പകൽ ആണ് വീട്ടിനകത്ത് ആക്രമിക്കപ്പെടുന്നത്. ബിജെപി നേതാവ് കെ ടി ജയകൃഷ്ണൻ ക്ലാസ് റൂമിൽ കൊല ചെയ്യപ്പെട്ടതും പകലായിരുന്നു. എന്നാൽ സമീപകാലത്തു നടന്ന കൊലപാതകങ്ങളെല്ലാം രാത്രികളിലായിരുന്നു.

കുഴിച്ചാലിൽ മോഹനന്റെ കൊലപാതകം നിഷ്ഠുരമായ ഒരു പ്രകോപനം കൂടിയാണ്. സിപിഎമ്മിനെ പട്ടാപ്പകൽ സമാനമായി തിരിച്ചടിക്കാൻ നിർബന്ധിതമാക്കുന്ന പ്രകോപനം. ഇരുപക്ഷത്തും കൊല്ലപ്പെടുന്നവർ മിക്കവാറും നിരപരാധികളായതിനാൽ പട്ടാപ്പകലുളള സിപിഎമ്മിന്റെ പ്രത്യാക്രമണം ദേശീയ തലത്തിൽ ശക്തമായ പ്രചാരണ ആയുധമാക്കാനും സംഘപരിവാറിനു കഴിയും. സിപിഎം ആക്രമണത്തിനെതിരെ ദില്ലിയിൽ ബിജെപിയുടെ പ്രതിഷേധം നടക്കുന്ന അതേ ദിവസം തന്നെയായിരുന്നു മോഹനന്റെ കൊലപാതകമെന്നതും കൂട്ടി വായിക്കണം.

ഇത്തരം കൊലപാതകങ്ങളുടെ യഥാർത്ഥ ഉത്തരവാദി പോലീസാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിൽ സംജാതമായ ബിജെപി-സിപിഐഎം രാഷ്ട്രീയ വൈരത്തെ നിയന്ത്രിക്കുന്നതിൽ പോലീസ് തികഞ്ഞ പരാജയമായിരുന്നു. . രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളും നിർബാധം നടന്നിട്ടും യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പോലീസ് പരാജയപ്പെട്ടു. പോലീസിന്റെ പ്രവർത്തനങ്ങളിൽ ബിജെപിയ്ക്കു മാത്രമല്ല, സിപിഐഎമ്മിനും പരാതിയുണ്ട്.

ധൻരാജ് കൊലപാതകക്കേസിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷൻ ഉപരോധം സംഘടിപ്പിക്കാനും സിപിഐഎം നിർബന്ധിതമായി. ആഭ്യന്തര വകുപ്പ് പിണറായി വിജയൻ ഭരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി മാർച്ചു സംഘടിപ്പിച്ചത്.

ജിഷ വധക്കേസിൽ ഉൾപ്പെടെ യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് അഭിമാനിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റ കണ്ണൂരിൽ പരാജയപ്പെട്ടു. പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകൻ ധൻരാജ് കൊല്ലപ്പെട്ടപ്പോൾ യഥാർത്ഥ പ്രതികളെ അറസ്റ്റു ചെയ്യാനുളള നടപടി പോലീസ് കാര്യക്ഷമമായി നിർവഹിക്കണമായിരുന്നു. പോലീസിനെ അത്തരത്തിൽ സജ്ജമാക്കുന്നതിൽ ആഭ്യന്തര വകുപ്പും പരാജയമായിരുന്നു.

പയ്യന്നൂർ, തില്ലങ്കേരി, കൂത്തുപറമ്പ്, പിണറായി മേഖലകളിൽ കൊടുക്കൽ വാങ്ങലുകളിൽ ആരും പോലീസിന്റെ ഇടപെടൽ കാര്യമായി പ്രതീക്ഷിക്കുന്നുമില്ല എന്നൊരു വാസ്തവവുമുണ്ട്. തിരിച്ചടിച്ച് ശക്തി തെളിയിക്കാനുളള അവസരമായാണ് ഓരോ കൊലപാതകവും അതതു രാഷ്ട്രീയ കക്ഷികൾ പരിഗണിക്കുന്നത്. എതിരാളികളെ പോലീസിനു വിട്ടുകൊടുക്കാൻ ആരും സന്നദ്ധരല്ല.

ഈ മേഖലകളിൽ നിന്ന് ഇരു വിഭാഗങ്ങളുടെയും ആയുധങ്ങളും ബോംബുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഏതാണ്ട് മുന്നൂറോളം കേസുകളാണ് രാഷ്ട്രീയ സംഘട്ടനങ്ങളെത്തുടർന്ന്‌ നിര്യാമസഭാ തിരഞ്ഞെടുപ്പിനു ശേഷം പോലീസ് റെജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു ബിജെപി പ്രവർത്തകൻ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടിട്ടുപോലും ബോംബുകൾ നിർമിക്കുന്നതിനാവശ്യമായ വസ്തുക്കളുടെ ലഭ്യതയിലേക്കോ അവ വിതരണം ചെയ്യുന്ന ആളുകളിലേക്കോ പോലീസ് അന്വേഷണം പോയില്ല.

ഈ രാജ്യത്ത് വ്യവസ്ഥാപിതമായ നിയമങ്ങൾ നടപ്പിലാക്കാൻ പൊലീസിന് കഴിയാത്തതുകൊണ്ടാണ് 'കണ്ണിന് - കണ്ണ്' എന്ന ഗോത്ര നീതിയിലേക്ക് കാര്യങ്ങൾ ചുവടുമാറുന്നത്. ഇത്രയധികം സംഘട്ടനങ്ങൾ ഉണ്ടായിട്ടും സ്ഥിരം ക്രിമിനലുകളെ കണ്ടെത്താൻപോലും പൊലീസിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയപാർടികളിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന പ്രാദേശിക നേതാക്കളെ കാപ്പ ചുമത്തി നാടുകടത്തുക എന്നതിനപ്പുറത്തേക്ക്, സ്വതന്ത്രരായി വിഹരിക്കുന്ന ക്രിമിനലുകളിലേക്ക് എത്താനുളള ഒരു ശ്രമവും അവർ നടത്തുന്നില്ല.

പഴയതുപോലെ പരസ്യമായ കൊലപാതക കാലത്തേക്ക് മടങ്ങി വരാൻ മറുപക്ഷത്തെ പ്രകോപിപ്പിക്കുകയാണ് മോഹനന്റെ കൊലപാതകത്തിലൂടെ ആർഎസ്എസ് ചെയ്യുന്നത്. അത്തരമൊരു മടങ്ങിപ്പോകൽ നിയമവാഴ്ചയുടെ സമ്പൂർണ പരാജയമായിരിക്കും. ഇരുപക്ഷത്തും മരിച്ചു വീഴുന്നവരുടെ എണ്ണമെഴുതിയ 'സ്‌കോർ ബോർഡുമായി' പത്രങ്ങൾ പൂമുഖത്തെത്തിയ കാലം ഭീതിയോടെ മാത്രമേ ഓർക്കാനാവൂ. അതൊഴിവാക്കേണ്ടത് പോലീസിന്റെ ചുമതലയാണ്. മോഹനൻറെ കൊലയാളികളെ എത്രയും വേഗം പിടികൂടുകയും നിയമവാഴ്ചയിലുളള വിശ്വാസം ജനങ്ങളിൽ നിലനിർത്തുകയും ചെയ്യണം.

Read More >>