കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം; സമരപരിപാടികളുമായി കുടുംബം

സി ബി ഐ അന്വേഷണം തുടങ്ങിയില്ലെങ്കില്‍ വീണ്ടും സമര പരിപാടികള്‍ തുടങ്ങുമെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എം വി രാമക്യഷ്ണന്‍ നാരദ ന്യൂസിനോട്

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം; സമരപരിപാടികളുമായി കുടുംബംതൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സി ബി ഐ അന്വേഷിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. സര്‍ക്കാർ സി ബി ഐ അന്വേഷണത്തിന്  ശുപാര്‍ശ നല്‍കിയിട്ട് നാലുമാസമായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് സംശയക്കുന്നതായും  മരണത്തിലെ   ദുരൂഹതകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങള്‍ ജൂണ്‍ ആദ്യവാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തുടര്‍ന്ന് ജൂണ്‍ പത്തിന് മണിയുടെ മരണം സി ബി ഐക്ക് വിട്ടുകൊണ്ടുള്ള വിഞ്ജാപനം സര്‍ക്കാര്‍ പുറത്തിറക്കി. എന്നാല്‍ മണിയുടെ മരണം സി ബി ഐ ഏറ്റെടുക്കുമോ എന്നറിയണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എം വി രാമക്യഷ്ണന്‍ നാരദ ന്യൂസിനോട് പറഞ്ഞു. ഡിസംബറിനുള്ളില്‍ സി ബി ഐ അന്വേഷണം ഏറ്റെടുക്കാതിരിക്കുകയോ, തീരുമാനം വൈകിക്കുകയോ ചെയ്താല്‍ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ് കലാഭവൻ മണിയുടെ കുടുംബത്തിന്റെ തീരുമാനം.


മലയാള സിനിമാ രംഗത്ത് ജയൻ്റെ മരണ ശേഷം മലയാളികളെ ഏറെ വേദനിപ്പിച്ച ഒന്നാണ് കലാഭവന്‍ മണിയുടേത്. മരണത്തിന് തൊട്ടു മുമ്പാണ് മണിക്ക് മാരകമായ കരള്‍ രോഗം ഉണ്ടായിരുന്നതായും അതിന് ചികിത്സയിലായിരുന്നെന്ന കാര്യവും കേരളം അറിഞ്ഞത്. വിവരം പുറത്തു വന്ന് ഒരു മണിക്കൂറിനകം മണി മരിക്കുകയും ചെയ്തു. മരണ കാരണമായ മെഥനോള്‍ രക്തത്തില്‍ കണ്ടെത്തിയെങ്കിലും ഇതെങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നുള്ള കാര്യത്തിലും മണിയുടെ ഒൗട്ട്ഹൗസായ " പാഡി "യില്‍ ഇത് ആരാണ്  എത്തിച്ചതെന്ന കാര്യത്തിലും ദുരൂഹതകള്‍ നില്‍ക്കുകയാണ്. ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈബ്രാഞ്ചുമൊക്കെ അന്വേഷിച്ചെങ്കിലും വ്യകതമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. സിനിമാ മിമിക്രി രംഗത്തുള്ള മണിയുടെ സുഹ്യത്തുക്കളായ ചിലരാണ് മണിയുടെ മരണത്തിൻ്റെ ഉത്തരവാദികൾ എന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ രാമക്യഷ്ണനും രംഗത്തെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും ചിലരുടെ പേരുകള്‍ രാമക്യഷ്ണന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സി ബി ഐ കേസ് ഏറ്റെടുക്കണമെന്ന കാര്യത്തില്‍ സർക്കാർ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ രാമക്യഷ്ണന്‍ ഇക്കാര്യങ്ങളെപ്പറ്റി നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

കലാഭവന്‍ മണിയുടെ മരണം സി ബി ഐ ഏറ്റെടുത്തോ?

സി ബി ഐ ഏറ്റെടുത്തിട്ടില്ല. സി ബി ഐ അന്വേഷണത്തിന് കേരള സര്‍ക്കാറില്‍ നിന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നേയുള്ളു. ഈ കേസ് സി ബി ഐ ഏറ്റെടുക്കുന്നതില്‍ കേരള സര്‍ക്കാറിന് സമ്മതമാണെന്ന വിഞ്ജാപനം മാത്രമേ വന്നിട്ടുള്ളു. ഈ കേസിന്റെ സ്വഭാവം നോക്കി പഠിച്ചു മാത്രമേ സി ബി ഐ ഏറ്റെടുക്കു എന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ അന്വേഷണം നടത്തണമോ എന്ന കാര്യം ഇതുവരെ സി ബി ഐ തീരുമാനിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് സി ബി ഐക്ക് വേണമെങ്കിൽ കേസ് ഏറ്റെടുക്കാതിരിക്കുകയും ചെയ്യാം


എന്തുകൊണ്ടാണ് സി ബി ഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നത്?

വൈകും എന്ന് മുൻകൂട്ടി സൂചനയുണ്ടായിരുന്നു. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല. ഇതുപോലെ നിരവധി കേസുകള്‍ അന്വേഷണത്തിനായി ശുപാര്‍ശയായി സി ബി ഐക്ക് കിട്ടിയിട്ടുണ്ട്. അതായിരിക്കും കാരണമെന്ന് വിശ്വസിക്കുന്നു.


സി ബി ഐ കേസ് ഏറ്റെടുക്കാതിരിക്കുകയോ വൈകുകയോ ചെയ്താല്‍ എന്താണ് അടുത്ത നടപടി?

ഏതായാലും ഉടന്‍ തന്നെ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്  സിംഗ് ഉള്‍പ്പടെയുള്ളവരെ കാണുന്നുണ്ട്. അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്തുകള്‍ അയച്ചിട്ടുണ്ട്.  ഡിസംബര്‍ മാസത്തിനകം സി ബി ഐ അന്വേഷണം തുടങ്ങിയില്ലെങ്കില്‍ വീണ്ടും സമര പരിപാടികള്‍ ആരംഭിക്കും. സര്‍ക്കാരിന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ചെന്നെത്തും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കുറച്ച് കൂടി ശ്രദ്ധ കാണിക്കേണ്ടതായിരുന്നു.


സര്‍ക്കാര്‍  കേസ് സി ബി ഐ അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ച ശേഷം മറ്റു വല്ല അന്വേഷണ നടപടികളും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്  ഉണ്ടായിരുന്നോ?

മരണ കാരണമായ മെഥാനോള്‍ പാഡിയിൽ എങ്ങിനെയെത്തിയെന്ന് പോലീസും മറ്റു അന്വേഷിച്ച് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ മരണ കാരണം മെഥാനോള്‍ ആണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. മരണം സംബന്ധിച്ചല്ലെങ്കിലും മെഥാനോള്‍ അവിടെ എങ്ങനെ വന്നുവെന്ന് എക്‌സൈസ് വകുപ്പിനും അന്വേഷിക്കാമല്ലോ. തെളിഞ്ഞാൽ പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് .


എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനും മറ്റും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അവര്‍ മണിയുടെ സഹായികളായ വിപിന്‍ , അരുണ്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു. വാറ്റു ചാരായത്തിലും ബിയറിലുമൊന്നും മെഥാനോള്‍ ഉണ്ടാകാറില്ല. വാറ്റു ചാരായത്തില്‍ അതിന്റെ വീര്യം കൂട്ടാനാണ് മെഥാനോള്‍ ചേര്‍ക്കുന്നത്. ചേട്ടന്‍ വാറ്റുചാരായം കുടിക്കാറില്ല. പിന്നെ വാറ്റു ചാരായത്തില്‍ ചേര്‍ത്ത മെഥാനോള്‍ എങ്ങനെ ചേട്ടന്റെ ശരീരത്തിലെത്തിയെന്നാണ് സംശയം. മെഥാനോള്‍ അവിടെ എങ്ങിനെയെത്തിയെന്ന് അവിടെ വന്ന ചേട്ടൻ്റെ കൂട്ടുകാര്‍ക്ക് അറിയാമായിരുന്നു. അവര്‍ അത് പറഞ്ഞില്ല. അക്കാര്യത്തിലാണ് ഞാന്‍ അവരെ കുറ്റപ്പെടുത്തിയത്.


മെഥനോള്‍ രക്തത്തില്‍ അധികം ചേര്‍ന്നതിനെ തുടര്‍ന്ന് ചേട്ടന്റെ കണ്ണിന്റെ കാഴ്ച്ച വരെ പോയിരുന്നു. അക്കാര്യങ്ങള്‍ പുറത്തറിയിക്കാതിരിക്കാനാണ് ചേട്ടനെ കുത്തിവെച്ച് മയക്കി കിടത്തിയത്. ചേട്ടൻ്റെ മരണശേഷം സത്യം പുറത്തു വരാന്‍ കുടുംബക്കാർ ഇടപ്പെട്ടതിനെ തുടര്‍ന്ന് ചേട്ടനെതിരെ ശക്തമായ കുപ്രചരണങ്ങളാണ് ചില കൂട്ടുകാരെന്ന് പറയുന്നവര്‍ നടത്തിയത്. ചേട്ടന് എയ്ഡ്‌സുണ്ടായിരുന്നുവെന്നും വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ലെന്നും വരെ അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ പറഞ്ഞ അസുഖങ്ങളൊന്നും ഉണ്ടായിരുന്നതായി കാണുന്നില്ല. ലിവര്‍ സിറോസിസ് ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമാകുന്ന വിധത്തിലേക്ക് വളര്‍ന്നിരുന്നില്ല എന്നാണ് റിപ്പോർട്ടിൽ


സി ബി ഐ അന്വേഷണം വെെകിയാൽ സമര മാര്‍ഗം സ്വീകരിക്കുമോ?

ഡിസംബറിനകം തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതല്ലെങ്കിൽ സമര നടപടികള്‍ തീര്‍ച്ചായായും ഉണ്ടാകും.  തീരുമാനത്തിന് ഡിസംബര്‍ കഴിയുന്നത് വരെ കാത്തിരിക്കില്ല.

Read More >>