ആ സുപ്രിംകോടതി ബെഞ്ചിൽ 'ജസ്റ്റിസ് കെ ടി ജലീൽ' ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു മുഹമ്മദ് സലീമിന്റെ വിധി... ?

മുസ്ലിങ്ങളുടെ താടി വളർത്തൽ സംബന്ധിച്ച് നിയമസഭയിലെ കെ ടി ജലീലിന്റെ നിലപാട് അസംബന്ധമാകുന്നത് മേൽവിവരിച്ച ഉദാഹരണങ്ങളുടെ പശ്ചാത്തലത്തിലാണ്. അപകടകരമാണ് കെ ടി ജലീലിന്റെ നിലപാട്.

ആ സുപ്രിംകോടതി ബെഞ്ചിൽ

"ലാൽ ദാദി (ചുവന്ന താടി) വഴങ്ങുന്നില്ല". ഇസ്രത് ജഹാനെ വധിക്കാനുളള ഗൂഢാലോചന നടന്ന ഷാഹിബാഗ് ക്രൈംബ്രാഞ്ച് ഓഫീസിലെ വൻസാരയുടെ ചേംബറിൽ നിന്ന് പുറത്തുവന്ന കെ എം വഗേലയെന്ന പൊലീസുകാരൻ പുറത്തുനിന്നവരോടു പറഞ്ഞ വാക്കുകൾ. ഡി ജി വൻസാരയെന്ന സൂപ്പർ ക്രിമിനൽ ഐപിഎസുകാരന്റെ വട്ടപ്പേരാണ് 'ചുവന്ന താടി'. ഒരുപക്ഷേ, ഇന്ത്യയിൽ താടിവെച്ച ഒരേയൊരു ഐപിഎസ് ഉദ്യോഗസ്ഥൻ.

ഡി എച്ച് ഗോസ്വാമിയെന്ന പോലീസുകാരൻ സിബിഐയ്ക്കു നൽകിയ മൊഴിയിലൂടെയാണ് 'ചുവന്ന താടി'യെന്ന വട്ടപ്പേര് ഇന്ത്യയ്ക്കു പരിചിതമായത്. അതൊരു അത്ഭുതമായിരുന്നു. കാരണം, പൊലീസുകാർക്ക് താടി വെയ്ക്കാൻ അവകാശമില്ലോ. ആ നാട്ടിൽ ഒരു ഐപിഎസുകാരന് ചുവന്ന താടിയെന്ന വട്ടപ്പേരുണ്ടാകുന്നിൽ സ്വാഭാവികമായും അസ്വാഭാവികതയുണ്ട്. പക്ഷേ, നരേന്ദ്ര മോദി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന സർക്കാരിനു കീഴെ വൻസാര വെറും ഡിഐജി ആയിരുന്നില്ല. നിയമങ്ങളും കീഴ്വഴക്കങ്ങളും ഏറെ മാറ്റിയെഴുതിയ ഉദ്യോഗസ്ഥനാണയാൾ. അയാൾക്കു താടി വെയ്ക്കാം.


ഐപിഎസുകാരന്റെ താടി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കച്ച് ലഡായക് മഞ്ച് എന്ന എൻജിഒയ്ക്കും ചോദ്യചിഹ്നമായി. ഇതെങ്ങനെ സംഭവിച്ചുവെന്നറിയാൻ അവർ വിവരാവകാശ നിയമം ആയുധമാക്കി. വൻസാരയ്ക്ക് താടിയെക്കുറിച്ച് അവർ ഗുജറാത്ത് ഡിജിപിയുടെ ഓഫീസിൽ അന്വേഷിച്ചു. ഡിജിപിയത് ആഭ്യന്തര വകുപ്പിലേയ്ക്കു തട്ടി. 2013 ഒക്ടോബർ അഞ്ചിന് ഗുജറാത്ത് ആഭ്യന്തര വകുപ്പ് രേഖാമൂലം കൈ മലർത്തി. എന്നുവെച്ചാൽ വൻസാര താടി വെയ്ക്കാൻ വൻസാര തന്നെയാണ് അനുവാദം നൽകിയത്.

സംഘനേതാക്കളായ മോദിയ്ക്കും അമിത് ഷായ്ക്കും താടിയുണ്ട്. അതുകൊണ്ട് വൻസാരയും താടിവെച്ചു എന്നു വേണമെങ്കിലും ചിന്തിയ്ക്കാം.

വേറെയുdrill-manualമുണ്ട് സാധ്യത. ക്ലീൻ ഷേവു ചെയ്ത മുഖം ബ്രിട്ടീഷ് വൃത്തിസങ്കൽപത്തിന്റെ അടയാളമാണ്. സേനയുടെ വേഷവും ഭാവവും ചലനങ്ങളുമൊക്കെ രൂപപ്പെടുത്തിയത് അവരായിരുന്നല്ലോ. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് പോലീസ് റിസേർച്ച് ആൻഡ് ഡെലവപ്പ്മെന്റ് പുറത്തിറക്കിയ ഡ്രിൽ മാനുവലിന്റെ ഏഴാമധ്യായം നല്ല വേഷവിധാനത്തെക്കുറിച്ചുളള ബ്രിട്ടീഷ് സങ്കൽപങ്ങളുടെ പട്ടികയാണ്. മുഖം എങ്ങനെയിരിക്കണമെന്ന് അതിൽ ഇങ്ങനെ പറയുന്നു. Clean shaven.A gentleman will shave every day. (Sikh officers should keep their beard and moustaches well groomed.

മാന്യനായി പരിഗണിക്കപ്പെടണമെങ്കിൽ മീശ പോലും വെയ്ക്കരുത്. അത്രയ്ക്ക് ക്ലീൻ ഷേവു ചെയ്തിരിക്കണം. എന്നുവെച്ചാൽ വൻസാരയുടെ താടിയെ വേണമെങ്കിൽ ബ്രിട്ടീഷ് അധിനിവേശ യുക്തിയ്ക്കെതിരെയുളള ഒറ്റയാൻ സമരമായും വ്യാഖ്യാനിക്കാം. പക്ഷേ, അതൊക്കെ സ്വന്തം ഇഷ്ടത്തിന് വൻസാരയെപ്പോലുളളവർക്കു ചെയ്യാം. അല്ലെങ്കിൽ സിഖുകാരായി പിറക്കണം.

സർദാർജിയ്ക്കുളള ഇളവുകളും ബ്രിട്ടീഷുകാരുടെ വകയാണ്. ബ്രിട്ടീഷ് ആർമിയിലും അവർക്കീ സൌജന്യമുണ്ട്. കാനഡയിലും. പക്ഷേ, അമേരിക്കയിൽ ആർക്കും താടിയും മീശയും പറ്റില്ല. രജപുത്രന്മാരുടെ പൌരുഷം കപ്പടാ മീശയിലാണെന്നു കണ്ടെത്തിയ ബ്രിട്ടീഷുകാർ, മീശ പരിപാലിക്കാൻ ഏർപ്പെടുത്തിയ നാനൂറു രൂപ അവലൻസ് ഇന്നും തുടരുന്നുണ്ട്. രാജ് പുത്താന റൈഫിൾസിൽ സർക്കാർ വക കൊമ്പൻ മീശയും വെച്ചു നടക്കാം.

പക്ഷേ, മറ്റു ചിലർ താടിവെച്ചാലോ, വെയ്ക്കാനാഗ്രഹിച്ചാലോ ഭരണകൂടം ഇളകും. അതിനെ പിൻപറ്റുന്ന പൊതുബോധവും. വൻസാര താടിയും വെച്ച് വ്യാജഏറ്റുമുട്ടലുകളൊക്കെ ആസൂത്രണം ചെയ്ത് ആളെ  കൊലപ്പെടുത്തി നടക്കുന്ന രാജ്യത്തിലാണ് സെറാബുദ്ദീനെന്നൊരു സാദാ പോലീസുകാരൻ താടി വെയ്ക്കാനുളള അനുമതിയ്ക്കു വേണ്ടി സുപ്രിംകോടതിയ്ക്കു മുന്നിൽ കാത്തു കെട്ടിക്കിടക്കുന്നത്. ഇങ്ങു കേരളത്തിലുമുണ്ട്, ആ പട്ടികയിലൊരാൾ. എറണാകുളം ഏ ആർ കാമ്പിലെ റിയാസ് കെ എന്ന പോലീസുകാരൻ സമാനമായ ആവശ്യവുമായി കേരള ഹൈക്കോടതിയ്ക്കു മുന്നിലാണ്. താടി വെയ്ക്കാൻ തങ്ങൾക്കുളള മതപരമായ അവകാശം സംരക്ഷിച്ചു കിട്ടുക എന്നതാണ് ഇരുവരുടെയും ആവശ്യം.

മഹാരാഷ്ട്രയാണ് സെറാബുദ്ദീന്റെ ജന്മസ്ഥലം. 2008ൽ സർവീസിൽ കയറിയ സെറാബുദ്ദീനെ 2012 ഒക്ടോബർ വരെ താടി വെയ്ക്കാൻ മേലധികാരികൾ അനുവദിച്ചു. ആകാശം പൂർവസ്ഥിതിയിൽ തുടർന്നു. സൂര്യചന്ദ്രന്മാർ മുറപ്രകാരം ഉദിച്ചസ്തമിച്ചു. പക്ഷേ, ഒക്ടോബറിൽ വീണ്ടുവിചാരമുണ്ടായി. സൊറാബുദ്ദീൻ താടിവെയ്ക്കേണ്ടതില്ല എന്ന് മേലധികാരികൾ ചട്ടം പുതുക്കി. ആകാശവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും പൂർവസ്ഥിതിയിൽ തുടർന്നു. അദ്ദേഹം മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കൈയൊഴിഞ്ഞതുകൊണ്ട് വിഷയം ഇപ്പോൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

സ്ഥിരമായി താടിവെയ്ക്കാൻ അനുമതി നൽകണമെന്ന ആവശ്യമുന്നയിച്ച് റിയാസ് അപേക്ഷ നൽകിയത് പോലീസ് അസിസ്റ്റൻഡ് കമാൻഡിനാണ്. മതപരമായ വിഷയമായതിനാൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ് എന്നു വ്യക്തമാക്കി അവർ അപേക്ഷ മടക്കി. അങ്ങനെ പ്രോപ്പർ ചാനലിൽ റിയാസ് സർക്കാരിന് അപേക്ഷ അയച്ചു. മതപരവും വൈദ്യശാസ്ത്രപരവുമായ കാരണങ്ങളാൽ നേവിയിൽ താടിവെയ്ക്കാൻ അനുമതിയുണ്ടെന്ന കാര്യവും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

പക്ഷേ, വിചിത്രമായിരുന്നു ആ അപേക്ഷയുടെ ഗതി. അപേക്ഷ സർക്കാരിലേയ്ക്ക് ഫോർവേഡു ചെയ്യാൻ ഡിജിപി ഓഫീസ് തയ്യാറായില്ല. "നിരസിച്ചു മടക്കുന്നു" എന്ന മേലെഴുത്തോടെ ആവശ്യം മടങ്ങി. 2014ൽ റിയാസ് വീണ്ടും അപേക്ഷ നൽകി. പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി. നീതി തേടി റിയാസ് ഇപ്പോൾ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സർക്കാർ ഇതേവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

നിലവിൽ മാലയിട്ടു മലയ്ക്കു പോകുന്ന പോലീസുകാർക്ക് താടി വെയ്ക്കാൻ അനുമതിയുണ്ട്. അവർക്കു വൃതം നോൽക്കാം. ആ കാലയളവിൽ മുടി വെട്ടിക്കുകയോ ഷേവു ചെയ്യുകയോ ചെയ്യേണ്ടതില്ല എന്നു സർക്കുലറുണ്ട്. നവംബർ മുതൽ ജനുവരി വരെ മണ്ഡലകാലത്ത് സന്നിധാനത്തു ജോലി ചെയ്യുന്നവർക്കും താടി വെയ്ക്കാം. യൂണിഫോമിന്റെ ഭാഗമായി തൊപ്പിയും ബെൽറ്റും ധരിക്കേണ്ടതില്ല. ഇൻഷെർട്ട് ചെയ്യേണ്ടതില്ല. അയ്യപ്പഭക്തരായ പോലീസുകാർ താടിവളർത്തിയതുകൊണ്ടോ വൃതമെടുത്തതുകൊണ്ടോ നീതി നിർവഹണത്തിന് എന്തെങ്കിലും പാകപ്പിഴ വന്നതായി ആക്ഷേപമില്ല.
circular-sabarimalaആ സർക്കുലറിൽ കൊളളാവുന്ന ഒരു തമാശയുമുണ്ട്. നാലാം നിബന്ധന ഇങ്ങനെയാണ്; Those who are given such permission are expected to strictly adhere to all the religious rituals as applicable. അല്ലാത്തവർക്ക് ചുട്ട പെട കിട്ടുമെന്നാണ് അന്നത്തെ ഡിജിപി കെ ജെ ജോസഫിന്റെ അതിശക്തമായ മുന്നറിയിപ്പ് (ഇരുമ്പൻ ജോസഫെന്നാണത്രേ അദ്ദേഹം അറിയപ്പെട്ടിരുന്നത്). അപേക്ഷ കൊടുത്ത് അനുവാദം വാങ്ങിയ ശേഷം താടിയും ദീക്ഷയും വളർത്താതെ നടന്നാലും ഭരണകൂടം ഇടപെടും, ചിലരുടെ കാര്യത്തിൽ.

ഈ നിഷ്കർഷയുടെ മറുവശമാണ് റിയാസിനെപ്പോലുളളവർക്ക് താടി വളർത്താൻ അനുവാദം നിഷേധിക്കുന്ന തമാശ. ഒരുവശത്ത് പൊലീസുകാർക്ക് ആചാരപരമായ നിഷ്കർഷയുടെ ഭാഗമായി താടി വളർത്താൻ അനുവാദം നൽകുകയും വിശ്വാസത്തിന്റെ ഭാഗമായുളള ആചാരങ്ങൾ പാലിക്കണമെന്ന് കർശനമായി നിഷ്കർഷിക്കുകയും ചെയ്യുന്ന അതേ സംവിധാനമാണ് മുസ്ലിം മതവിശ്വാസത്തിന്റെ ഭാഗമായ താടി നിഷേധിക്കുന്നതും. ഇതിനൊന്നും കല്ലേപ്പിളർക്കുന്ന ചിട്ടകളൊന്നും എവിടെയും നിർവചിച്ചുവെച്ചിട്ടില്ല.

അനുവാദം നൽകുന്ന അധികാരികളുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അല്ലാതെ ഒരു പോലീസുകാരന്റെ ഏതെങ്കിലും ശരീരഭാഗത്തു വളരുന്ന രോമം കൃത്യമായി മുറിച്ചു കളയാത്തത് അയാളുൾപ്പെട്ട കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. ചിലരൊന്നും അങ്ങനെ അവനവന്റെ വിശ്വാസം സ്വന്തം ജീവിതത്തിൽ പുലർത്തേണ്ടതില്ല എന്ന് വേറെ ചിലർ തീരുമാനിക്കുന്നു. അത്ര തന്നെ. അമേരിക്കയും പാകിസ്താനുമൊക്കെ പട്ടാളക്കാർക്ക് താടി അനുവദിക്കാൻ തയ്യാറാകാത്ത രാജ്യങ്ങളാണ്. അവിടെ ആർക്കും ഒരു പരിഗണനയുടെ ഭാഗമായും താടി അനുവദിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയിൽ അതല്ല സ്ഥിതി.

വ്യക്തിനിഷ്ഠമാണ് ഇത്തരം കാര്യങ്ങളിലെ വിധിയെഴുത്തുകൾ എന്നുറപ്പിച്ചു പറയാവുന്ന ഒരു ക്ലാസിക് കേസുണ്ട്, സുപ്രിംകോടതിയിൽ. താടി വിഷയത്തിൽ മധ്യപ്രദേശിലെ നിർമലാ കോൺവെന്റ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സലിം സുപ്രിംകോടതിവരെ നടത്തിയ ഉജ്വലമായ ഒരു നിയമപോരാട്ടത്തിന്റെ ഇതിഹാസതുല്യമായ അധ്യായം.

മുഹമ്മദ് സലിമെന്ന പത്താം ക്ലാസുകാരൻ താടി വടിക്കാൻ തയ്യാറാകാത്തത് വിദ്യാലയാധികാരികളെ ചൊടിപ്പിച്ചു. താടി വളർത്തൽ മതപരമായ ആചാരമാണെന്നും അതു നിഷേധിക്കുന്നത് മൌലികാവകാശത്തിന്റെ ലംഘനമാണെന്നുമുളള സലീമിന്റെ നിലപാട് സ്ക്കൂൾ അധികാരികൾ അംഗീകരിച്ചില്ല. സലീമിനെ ടിസി കൊടുത്തു പുറത്താക്കി. അതിനെതിരെ സലിം സുപ്രിംകോടതി വരെ പോയി.

2009 മാർച്ച് 30ന് ജസ്റ്റിസ് മാർക്കണ്ഠേയ കട്ജുവും ജസ്റ്റിസ് ആർ വി രവീന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ച് സലീമിന്റെ ഹർജി തളളി. ഹർജി തളളിയതല്ല, ജസ്റ്റിസ് മാർക്കണ്ഠേയ കട്ജു നടത്തിയ പരാമർശങ്ങളാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയ്ക്കു നാണക്കേടു വരുത്തിവെച്ചത്. രാജ്യത്ത് താലിബാൻ ഉണ്ടാകുന്നത് തങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നാളെ പെൺകുട്ടികൾ ബുർഖ ഇട്ടുവന്നാൽ അതും നാം അംഗീകരിക്കണോ എന്നും ജസ്റ്റിസ് ആരാഞ്ഞു. താടി വെയ്ക്കുന്നത് മതപരമായ നിഷ്കർഷയാണെന്നു വിശ്വസിക്കുന്ന മുസ്ലിങ്ങളുണ്ട് എന്നു വാദിച്ച മുസ്ലിം ലീഗ് അംഗങ്ങളോട് കെ ടി ജലീൽ ചോദിച്ച അതേ വിഡ്ഢിച്ചോദ്യം ജസ്റ്റിസ് കട്ജു സലീമിന്റെ അഭിഭാഷകൻ ബി എ ഖാനോടും ചോദിച്ചു, "എങ്കിൽ താങ്കളെന്തുകൊണ്ടു താടിവെയ്ക്കുന്നില്ല?".

ജസ്റ്റിസ് മാർക്കണ്ഠേയ കട്ജുവും കെ ടി ജലീലും പങ്കുവെച്ചത് ഒരേ യുക്തി തന്നെയാണ്. ശേഷം ഒന്നുകൂടി പറഞ്ഞിട്ടേ ജസ്റ്റിസ് കട്ജു അടങ്ങിയുളളൂ. "I am secularist. We should strike a balance between rights and personal beliefs. We cannot overstretch secularism,"

പക്ഷേ, ഈ വിധികൊണ്ട് കാര്യങ്ങൾ അവസാനിച്ചില്ല. ജസ്റ്റിസ് കട്ജുവിന്റെ പരാമർശങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. ഒടുവിൽ ജൂലൈ ആറിന് ജസ്റ്റിസ് ആർ വി രവീന്ദ്രനും ജസ്റ്റിസ് കട്ജുവും തങ്ങളുടെ വിധി പിൻവലിച്ചു. കേസ് കേൾക്കാൻ പുതിയൊരു ബെഞ്ചിനെ ചുമതലപ്പെടുത്തണമെന്നവർ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനോടു നിർദ്ദേശിച്ചു. അങ്ങനെ ജസ്റ്റിസ് ബി എൻ അഗർവാളും ജസ്റ്റിസ് ജി എസ് സംഗ്വിയും അടങ്ങുന്ന പുതിയ ബെഞ്ചിനു രൂപം നൽകി.

2009 സെപ്തംബർ 11 വെളളിയാഴ്ച ഒറ്റ ദിവസത്തെ ഹിയറിംഗിൽ അവർ കേസു തീർത്തു. മുഹമ്മദ് സലീമിനെ സ്ക്കൂളിൽനിന്നു പുറത്താക്കിയ നടപടി ശരിവെച്ച ഹൈക്കോടതി വിധി അസാധുവാക്കി; തിരികെ പ്രവേശിപ്പിക്കണമെന്ന് സ്ക്കൂളിനോട് ഉത്തരവുമിട്ടു.

സലീമിന്റെ അഭിഭാഷകനോട് ഓപ്പൺ കോടതിയിൽ ജസ്റ്റിസ് സംഗ്വി ഉന്നയിച്ച ചോദ്യവും മറുപടിയും പ്രതികരണവും രാജ്യത്തിന്റെ നീതിവ്യവസ്ഥയിൽ വിശ്വസിക്കുന്നവരിൽ ആവേശം ജനിപ്പിക്കുന്നതായിരുന്നു. താടിവെച്ചു എന്ന ഒറ്റക്കാരണത്താലാണോ കുട്ടിയെ സ്ക്കൂളിനു പുറത്താക്കിയത് എന്ന് . അതേയെന്ന് മറുപടി.

അങ്ങനെയാണെങ്കിൽ നാളെ സിക്ക് വിദ്യാർത്ഥികളെയൊന്നും സ്ക്കൂളിൽ പ്രവേശിപ്പിക്കേണ്ടെന്ന് സ്ക്കൂൾ അധികൃതർ ഉത്തരവിടുമെന്ന് ജസ്റ്റിസ് സംഗ്വി. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലും വിവേചനം വന്നേക്കാമെന്നു കൂട്ടിച്ചേർക്കൽ. ഇതൊക്കെ അസംബന്ധമാണെന്ന് തീർപ്പും.

പറഞ്ഞുവന്നത്, താടിയോടുളള വിരോധം വ്യക്ത്യധിഷ്ടിതമാണ്. താടിയെന്നാൽ ജസ്റ്റിസ് മാർക്കണ്ഠേയ കട്ജുവിന് താലിബാനാണ്. എന്നാൽ ഭാവിയിൽ സിഖുകാരും ഈ യുക്തിയുടെ ഇരകളാകാമെന്നും ഒടുവിലതു വർണവിവേചനത്തിലേയ്ക്കു വരെ എത്താമെന്നുമുളള നിലപാടായിരുന്നു ജസ്റ്റിസുമാരായ അഗർവാളിനും സംഗ്വിയ്ക്കും. രണ്ടുവർഷത്തെ അധ്യയനം നഷ്ടപ്പെടുത്തിയ ശേഷമാണ് തന്നെ പുറത്താക്കിയ അതേ സ്ക്കൂളിൽത്തന്നെ തുടർന്നു പഠിക്കാനുളള അവകാശം പരമോന്നത നീതിപീഠത്തിൽ നിന്ന് മുഹമ്മദ് സലിം നേടിയത്. ഒരാകാശവും എവിടെയും ഇടിഞ്ഞു താണില്ല. ഒരു സമുദ്രവും വറ്റിപ്പോയില്ല. ഒരു ഭൂമിയും പിളർന്നു മാറിയതുമില്ല.

മുസ്ലിങ്ങളുടെ താടി വളർത്തൽ സംബന്ധിച്ച് നിയമസഭയിലെ കെ ടി ജലീലിന്റെ നിലപാട് അസംബന്ധമാകുന്നത് മേൽവിവരിച്ച ഉദാഹരണങ്ങളുടെ പശ്ചാത്തലത്തിലാണ്. അപകടകരമാണ് കെ ടി ജലീലിന്റെ നിലപാട്. പൊലീസില്‍ താടി വളര്‍ത്താനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നുള്ള ആവശ്യം "ഇന്നത്തെ സാഹചര്യ"ത്തില്‍ പ്രത്യേകിച്ച് പരിഗണിക്കേണ്ടതില്ല എന്നാണ് തന്റെ അഭിപ്രായമെന്നാണ് അദ്ദേഹം സഭയിൽ പറഞ്ഞത്.

താടി മതപരമാണെന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നാട്ടിലുണ്ടെന്നാണ് ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞത്. അങ്ങനെയൊരു വിഭാഗം ഇന്ത്യയിലുണ്ട് എന്നതിന് മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ ധാരാളമാണ്. ആ വിശ്വാസത്തെ "ഇന്നത്തെ സാഹചര്യ"ത്തിൽ പ്രത്യേകിച്ച് പരിഗണിക്കേണ്ടതില്ല എന്നാണ് കെ ടി ജലീലിന്റെ നിലപാട്.

ഏതാണാ പ്രത്യേക സാഹചര്യം? വൻസാരയെപ്പോലുളളവർ തന്നിഷ്ടപ്രകാരവും അയ്യപ്പഭക്തന്മാർ മേലധികാരികളുടെ സൂക്ഷ്മനിരീക്ഷണത്തിനു കീഴിലും താടിവെച്ചു നടക്കുന്ന പോലീസാണ് ഇന്ത്യയിലുളളത്. അവിടെ റിയാസ് കെ. എന്ന എറണാകുളം എ ആർ ക്യാമ്പിലെ പോലീസുകാരനും മഹാരാഷ്ട്രയിലെ സെറാബുദ്ദീനും കൂടി താടി വെച്ചു നടന്നാൽ എന്താണ് സേനയ്ക്കു പ്രത്യേകമായി സംഭവിക്കുക?

ഒരു ചുക്കും സംഭവിക്കുകയില്ല. പക്ഷേ, ചിലരുടെയൊന്നും കാര്യത്തിൽ അങ്ങനെ വിശ്വാസപരമായ ഇഷ്ടങ്ങൾ അനുവദിച്ചുകൊടുക്കാനാവില്ലെന്ന് വേറെ ചിലർക്കൊരു നിർബന്ധമുണ്ട്. ആ നിർബന്ധം നമ്മുടെ പൊതുസമൂഹത്തെ അതിവേഗം കീഴ്പ്പെടുത്തുകയാണ്. കെ ടി ജലീൽ പറയുന്ന ഇന്നത്തെ സാഹചര്യം അതാണ്. ആ സാഹചര്യം സൃഷ്ടിക്കുന്ന ആധി ജനലക്ഷങ്ങളുടെ ഇടനെഞ്ചിൽ വിങ്ങി നിറയുമ്പോഴാണ് ഇത്തരം നിർബന്ധങ്ങൾക്കു വഴങ്ങണമെന്ന് ഒരു ഇടതുപക്ഷ സർക്കാരിലെ മന്ത്രിയിൽ നിന്ന് ആഹ്വാനമുയരുന്നത്.

അന്ന്, 2009 സെപ്തംബർ 11ന് ആ സുപ്രിംകോടതി ബെഞ്ചിൽ ജസ്റ്റിസ് കെ ടി ജലീൽ ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു മുഹമ്മദ് സലീമിന്റെ വിധി... ?