സോമശേഖരൻപിള്ളയുടെ 11 വർഷംനീണ്ട നിയമപോരാട്ടത്തിന് സമാപനം; മകനെ ആത്മഹത്യായിലേക്ക് നയിച്ച അധ്യാപകര്‍ക്ക് കോടതി ശിക്ഷ വിധിച്ചു

2005 സെപ്റ്റംബർ നാലിനാണു വിനുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

സോമശേഖരൻപിള്ളയുടെ 11 വർഷംനീണ്ട നിയമപോരാട്ടത്തിന് സമാപനം; മകനെ ആത്മഹത്യായിലേക്ക് നയിച്ച അധ്യാപകര്‍ക്ക് കോടതി ശിക്ഷ വിധിച്ചു

ആറ്റിങ്ങൽ: വട്ടിയൂർക്കാവ് പോളിടെക്നിക്ക് പാർട്ട് ടൈം ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാർഥിയായിരുന്ന വിനു(29) ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോളിടെക്നിക് അധ്യാപകർക്കു തടവും പിഴയും. ആറ്റിങ്ങൽ അസി. സെഷൻസ് ജഡ്ജി ജിപി ജയകൃഷ്ണനാണ് വിധി പറഞ്ഞത്. 2005 സെപ്റ്റംബർ നാലിനാണു വിനുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

ഒന്നാംപ്രതി വട്ടിയൂർക്കാവ് പോളിടെക്നിക്ക് മുൻ അധ്യാപിക സുഹറാബീവി(58)യെ ഒരുലക്ഷം രൂപ പിഴയ്ക്കും നല്ലനടപ്പിനും ശിക്ഷിച്ചുകടുത്ത രോഗത്തിന്റെ പിടിയിലാണെന്നതു പരിഗണിച്ചാണ് സുഹ്റാബീവിയെനല്ലനടപ്പിനു ശിക്ഷിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. രണ്ടാംപ്രതിയും ഇതേ സ്ഥാപനത്തിലെ വകുപ്പ് മേധാവിയുമായ സിറിയക് ജോസിനു(52)ന് രണ്ടുവർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക വിനുവിന്റെ മാതാപിതാക്കൾക്കു നൽകാനും കോടതി ഉത്തരവായി.


വിനു ആറ്റിങ്ങൽ പോളിടെക്നിക്കിൽ ജോലിനോക്കുന്നതിനൊപ്പം വട്ടിയൂർക്കാവ് പോളി ടെക്നിക്കിൽ പാർട്ട് ടൈം വിദ്യാർഥിയുമായിരുന്ന കാലത്ത് അധ്യാപകരുടെ പീഡനവും പകപോക്കലും ആത്മഹത്യയിലേക്കു നയിച്ചെന്നാണ് കോടതി കണ്ടെത്തിയത്.

അന്ന് ആറ്റിങ്ങലിലെ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ വട്ടിയൂർക്കാവ് പോളിടെക്നിക് പ്രിൻസിപ്പലിനു വിനുവിന്റെ കയ്യിൽ കൊടുത്തുവിട്ട കത്ത് വകുപ്പുമേധാവിയായ സിറിയക് ജോസിനു കൈമാറിയില്ല എന്നതാണു പ്രശ്നങ്ങളുടെ തുടക്കമെന്നു വിനുവിന്റെ പിതാവ് സോമശേഖരൻ പിള്ള പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കത്തു നൽകാത്ത വിരോധംമൂലം വകുപ്പു മേധാവിയായിരുന്ന സിറിയക്ക് ജോസും വിനുവിന്റെ അധ്യാപികയായിരുന്ന സുഹറാബീവിയും ചേർന്നു വിനുവിന് ഹാജർ നൽകാതെ പരീക്ഷയെഴുതുന്നതു തടഞ്ഞു.

ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച് വിനു പരീക്ഷയെഴുതിയെങ്കിലും അവസാനവർഷ ക്ലാസിൽ ഇരുവരും ചേർന്നു വിനുവിനെ പ്രവേശിപ്പിച്ചില്ല. വീണ്ടും ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിയെങ്കിലും വിനുവിനെ പ്രാക്ടിക്കൽ ചെയ്യാനോ പ്രോജക്ട് സമർപ്പിക്കാനോ ഇരുവരും അനുവദിച്ചില്ല.

സോമശേഖരൻപിള്ള നടത്തിയ 11 വർഷംനീണ്ട പോരാട്ടമാണു അധ്യാപകർക്കു തടവും പഴിയും ശിക്ഷിച്ച കോടതിവിധി. വിനുവിന്റെ ആശ്രിതനിയമനമോ പെൻഷനോ പോലും കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.