ഭൂസമരങ്ങളോടുള്ള സിപിഐഎം നിലപാടിനെതിരെ ജിഗ്നേശ് മേവാനി;  ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

ഉനയിലെ ദലിത് സമരങ്ങള്‍ക്കൊപ്പം നിന്ന സിപിഐഎം കേരളത്തില്‍ ഭൂസമരങ്ങള്‍ക്കൊപ്പമല്ലെന്നാണ് ഇവിടെയെത്തിയപ്പോള്‍ മനസ്സിലായതെന്ന് മേവാനി പറഞ്ഞു.

ഭൂസമരങ്ങളോടുള്ള സിപിഐഎം നിലപാടിനെതിരെ ജിഗ്നേശ് മേവാനി;  ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

തൃശ്ശൂര്‍:കേരളത്തില്‍ ഭൂസമരങ്ങളോടുള്ള സിപിഐഎം നിലപാടിനെതിരെ ഗുജറാത്തിലെ ദളിത് സമര നേതാവ് ജിഗ്നേശ് മേവാനി. ഉനയിലെ ദലിത് സമരങ്ങള്‍ക്കൊപ്പം നിന്ന സിപിഐഎം കേരളത്തില്‍ ഭൂസമരങ്ങള്‍ക്കൊപ്പമല്ലെന്നാണ് ഇവിടെയെത്തിയപ്പോള്‍ മനസ്സിലായതെന്ന് മേവാനി പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഭൂമി കണ്ടെത്തിയെങ്കിലും അത് വിതരണം ചെയ്യുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.


പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി കണ്ടെത്തിയ ഭൂമി അവര്‍ക്ക് വിട്ടു നല്‍കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാകണമെന്ന് തൃശ്ശൂരില്‍ ദലിത് ജനാധിപത്യസംഗമം ഉദ്ഘാടനം ചെയ്ത് ജിഗ്നേശ് മേവാനി പറഞ്ഞു. ഭൂമിക്കായുള്ള പോരാട്ടത്തില്‍ ദലിത്-ആദിവാസി വിഭാഗങ്ങള്‍ ഒരുമിച്ച് പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭൂമി കയ്യാടക്കിവെച്ചിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയും പ്രക്ഷോഭമുയരേണ്ടതുണ്ട്. ഭൂമി വിട്ടു തന്നില്ലെങ്കില്‍ തിരുവനന്തപുരത്ത് നിന്നുള്ള പ്രക്ഷോഭത്തിനൊപ്പം താനുമുണ്ടാകുമെന്ന് മേവാനി പറഞ്ഞു.


മനുവാദത്തിന്റേയും ഉഛനീചത്വത്തിന്റേയും നാടായ ഗുജറാത്ത് എന്ന പരീക്ഷണശാലയില്‍ നിന്നാണ് താന്‍ പുറത്ത് വന്നത്. ഇന്ത്യയെമ്പാടും അടിസ്ഥാന ജനവിഭാഗത്തിന്റെ സമരകാഹളമുയരുമ്പോള്‍ ബിജെപിയുടെയും സിപിഎമ്മിന്റേയും ഭരണകൂടങ്ങള്‍ മറപടി പറയേണ്ടി വരുമെന്ന് ജിഗ്നേശ് പറഞ്ഞു.


ഗോരക്ഷയുടെ പേരില്‍ ബിജെപി രാജ്യത്തെങ്ങും ആക്രമണം തുടരുകയാണെന്നും ദളിത്- മുസ്ലീങ്ങളെ ഈ രാജ്യത്ത് തുടച്ചു നീക്കാനാണ് ഈ സവര്‍ണ ഭരണം ശ്രമിക്കുന്നതെന്നും മേവാനി ആരോപിച്ചു. ദലിത് വിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കി തങ്ങള്‍ക്ക് സംവരണം വേണമെന്നാവശ്യപ്പെട്ടാണ് സംഘ്പരിവാര്‍ ശക്തികേന്ദ്രമായ നാഗ്പൂരില്‍ സവര്‍ണ്ണരായ മറാത്താ വിഭാഗത്തില്‍പ്പെട്ടവര്‍ സമരം ചെയ്യുന്നതെന്നും മേവാനി പറഞ്ഞു.


ഒന്നരപതിറ്റാണ് മുമ്പ് ആരംഭിച്ച വൈബ്രന്റ് ഗുജറാത്തിന്റെ പേരില്‍ 119 ഗ്രാമങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ദളിത് കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്. വ്യവസായ സമൂഹത്തിന് വേണ്ടി അടിസ്ഥാന ജനവിഭാഗങ്ങളെ ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്തുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അടിസ്ഥാന ജനവിഭാഗങ്ങള്‍ കൂടുതല്‍ അരികവത്ക്കരിക്കപ്പെടുകയായിരുന്നെന്നും ജിഗ്നേശ് മേവാനി പറഞ്ഞു