സന്തോഷ് ജോഗി, ആരും അസൂയപ്പെടും ജിജി നിന്റെയാണല്ലോ...

നടനും ഗായകനുമായിരുന്ന സന്തോഷ് ജോഗി ആത്മഹത്യ ചെയ്തുവെന്ന് ജിജി സമ്മതക്കില്ല. ശരീരം വേണം ഒരാള്‍ ജീവിച്ചിരിക്കാനെന്ന് ഒരു കാമുകിക്ക് സമ്മതിക്കാനാവില്ലല്ലോ... അവളെഴുതുകയാണ് ജോഗിക്കുള്ള കത്തുകള്‍. ആ കത്തുകളിതാ പുസ്തകമാകുന്നു- നിനക്കുള്ള കത്തുകള്‍. രണ്ടു കത്തുകളും വായിക്കാം

സന്തോഷ് ജോഗി, ആരും അസൂയപ്പെടും ജിജി നിന്റെയാണല്ലോ...

പുഴയുടെ വളവുകളിലാണ് രതി ....
നിന്റെയും...
ഒരു ചതുരമായി സങ്കല്‍പ്പിക്കാനാവില്ല,
പുഴയെയും,നിന്നെയും ......

('അഴകളവുകള്‍' എന്ന കവിതയില്‍ ജിജി)

[caption id="attachment_51937" align="alignright" width="282"]jiji 1 സന്തോഷ് ജോഗിയും ജിജിയും[/caption]

ഞെട്ടിപ്പിക്കുന്ന... ഓര്‍ക്കുന്തോറും സങ്കടം പെരുക്കുന്ന
ആത്മഹത്യ- അതായിരുന്നു നടനും എഴുത്തുകാരനുമായ സന്തോഷ് ജോഗിയുടേത്. സിനിമയില്‍ തിരക്കേറിയ താരമായ ദിവസങ്ങളിലൊന്നായിരുന്നു ജിജിയേയും രണ്ടു പെണ്‍കുഞ്ഞുങ്ങളേയും വിട്ട് പെട്ടെന്നാ ആത്മഹത്യ. ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ്.

17 വയസുള്ള പ്ലസ്ടുക്കാരിയായ ജിജി, അവളന്ന് മ്യൂസിക് ഇന്ത്യ എന്ന ഗാനമേള സംഘത്തിലെ പാട്ടുകാരിയാണ്. ആര്യങ്കാവിലെ ഗാനമേളയ്ക്ക് ഹിന്ദിപാട്ടു പാടുന്നയാള്‍ വന്നില്ല. പകരം വന്നയാളായിരുന്നു സന്തോഷ് ജോഗി. ഇരുവരും ഗാനമേളയ്ക്കുള്ള യാത്രയില്‍ ഒരു കാര്യം തിരിച്ചറിഞ്ഞു. ഇരുവരും യാത്രയ്ക്കിടയില്‍ വായിച്ചുകൊണ്ടിരിക്കുന്നത് ഒരേ പുസ്തകം; ഖലീല്‍ ജിബ്രാന്റെ 'ദൈവം പ്രണയം സംഗീതം'... ഇരുവര്‍ക്കുമായി പ്രണയം കാത്തുവെച്ച യാദൃശ്ചികത.

ജോഗിയുടെ രണ്ടും കൈത്തണ്ടകളും തുന്നിക്കെട്ടിയ അവസ്ഥയിലായിരുന്നു അപ്പോള്‍. ഒരു ആത്മഹത്യയില്‍ നിന്നും കടന്നിങ്ങു വന്നതേയുണ്ടായിരുന്നുള്ളു. മരണത്തില്‍ നിന്നു തിരിച്ചിറങ്ങി വന്ന ജോഗിയെ ചേര്‍ത്തു നിര്‍ത്താനാണ് ആ പ്ലസ്ടുക്കാരിക്ക് തോന്നയത്.

ഒത്തുതീര്‍പ്പുകളുടെ മധ്യമാര്‍ഗ്ഗമില്ലാത്ത ജോഗിയും ജിജിയും കണ്ടുമുട്ടി പ്രണയത്തിലായി മാസങ്ങള്‍ക്കുള്ളില്‍ കൊല്ലൂര്‍ മൂകാംബികയുടെ മുന്നില്‍ വെച്ച് പരസ്പരം മാലയിട്ടു. എന്നിട്ട് ഇരുവരും അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങി. വീട്ടുകാര്‍ കാര്യമൊക്കെയറിഞ്ഞു. പിന്നീടായിരുന്നു പ്രണയം.

ബയോടെക്‌നോളജിയില്‍ ജിജി പിജിയെടുത്തു കഴിഞ്ഞാണ് ഒന്നിച്ചു താമസം തുടങ്ങിയത്. ഒന്നിച്ചുള്ള ആ ജീവിതത്തിനിടയിലാണ് ജോഗിയുടെ ആദ്യത്തെ സിനിമ വരുന്നത് - സനല്‍ എന്ന സുഹൃത്തിന്റെ ടൂവീലര്‍. പിന്നീട് ഇരുവട്ടം മണവാട്ടിയും, കീര്‍ത്തി ചക്രയുമെത്തി. രാജമാണിക്യത്തിലെത്തിയപ്പോള്‍ ജോഗി ശരിക്കും താരമായി. പ്രതിഭയുള്ള നടനെന്ന് എല്ലാവരും വിലയിരുത്തി. സാമ്പത്തികപ്രശ്‌നമൊക്കെ പരിഹരിച്ച് ജീവിതം കൂടുതല്‍ സന്തോഷകരമായി മുന്നോട്ടു പോകാമെന്ന അവസ്ഥ.

ജോഗിക്ക് പെണ്‍കുട്ടികള്‍ മതിയെന്നായിരുന്നു. ആദ്യത്തെ മോള്‍ ജനിച്ചു. കാത്തുവെച്ച പേരിട്ടു- ചിത്രലേഖ. രണ്ടാമത്തെ കുഞ്ഞും പെണ്ണായി- കപില.

jiji 5
പുലിജന്മം, അലിഭായ്, ബിഗ്ബി, ഛോട്ടാബൂംബെ, മായാവി, നസ്രാണി, ജൂലൈ 4, മലബാര്‍ വെഡ്ഡിങ്, കുരുക്ഷേത്ര, മുല്ല. പോക്കിരിരാജ, അപൂര്‍വ്വരാഗം, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്... ജോഗിയുടെ സിനിമകള്‍ നീണ്ടു. തിരക്കുള്ള നടനായി. അതിനിടയിലായിരുന്നല്ലോ ആത്മഹത്യ. 2010 ഏപ്രില്‍ 13ന്.

ആത്മഹത്യചെയ്യാനൊക്കെ തോന്നിയാലും അത് ചെയ്യാനെനിക്കാവില്ല, പക്ഷെ പപ്പു അങ്ങിനെയല്ല. അത് പപ്പുവിന് സാധിക്കും- ജിജി പറയുന്നു.

ജോഗിയുടെ മരണ ശേഷം ജിജി നമുക്കിടയില്‍ തന്നെയുണ്ടായിരുന്നു. ആ രണ്ടു പെണ്‍ കുഞ്ഞുങ്ങള്‍ക്കുമൊപ്പം സന്തോഷത്തോടെ. ജോഗിയോടും ജീവതത്തോടും എല്ലാത്തിനോടുമുള്ള പ്രണയത്തോടെ. പാട്ടുകാരിയായി... നടിയായി...

എന്തിനേയും പ്രണയത്തോടെ നോക്കി കാണാനുള്ള ശീലം ജോഗിയില്‍ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് ജിജിക്കുറപ്പാണ്. കരച്ചില്‍ വന്നാല്‍ കരയുന്നയാള്‍ തന്നെയാണ് ഞാന്‍. പക്ഷെ ഞാന്‍ കരയാറില്ല, സന്തോഷത്തോടെ തുടരുകയാണ്- ജിജി ചിരിക്കുന്നു.

ജോഗിയ്ക്കുള്ള കത്തുകളില്‍ ജിജി, വെളിപ്പെടുത്തുന്നത് സ്വകാര്യതകള്‍ക്കുള്ളില്‍... പ്രണയത്തിനുള്ളില്‍... വ്യക്തിപരമായി അടയാളപ്പെടുന്ന ജോഗിയെയാണ്. അകാലത്ത് ആത്മഹത്യചെയ്ത നടന്‍ എന്ന് ജോഗി അറിയപ്പെടരുത്- ജിജി പറയുന്നു.

jiji 9
ജോഗിയുടെ ബന്ധുക്കള്‍ ഇപ്പോഴും ജിജിയുടെയും മക്കളുടേയും അരികിലുണ്ട്. ജിജി രണ്ടുവര്‍ഷം മുന്‍പു വരെ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കാരണമൊന്നുമില്ലാതെ ജോഗിക്കുള്ള കത്തുകള്‍ ജിജി എഴുതി തുടങ്ങിയത്. ജോഗിയുള്ളപ്പോഴും എഴുതുമായിരുന്നുവെങ്കിലും കവിതയും ഓര്‍മ്മകളുമെല്ലാം ജിജി എഴുതി. ജിജിയും എഴുത്തുകളും പുറത്തേയ്‌ക്കെത്തി. പപ്പു എന്നാണ് ജിജി ജോഗിയെ വിളിക്കുന്നത്...

മൂന്നു കത്തുകളായപ്പോള്‍ തന്നെ പ്രസാധകരായ സുഹൃത്തുക്കള്‍ പറഞ്ഞു, കൂടുതല്‍ എഴുതൂ പുസ്തകമാക്കാമെന്ന്. ജിജിക്ക് അറിയില്ലായിരുന്നു എഴുതാനാകുമോയെന്ന്...

ജിജി കത്തുകളില്‍ പറയുന്നതു പോലെ, എഴുതുന്നതെല്ലാം പിന്നില്‍ വന്നു നിന്ന് ജോഗി വായിക്കുന്നുണ്ടെന്നോര്‍ത്തോര്‍ത്ത് എഴുതി... 36 കത്തുകള്‍. ഇഷ്ടത്തിന്റേയും വെറുപ്പിന്റേയും രണ്ടറ്റങ്ങളുള്ള ഒരാള്‍... ഒത്തുതീര്‍പ്പുകളുടെ നടുഭാഗമില്ലാത്ത ആ ജീവിതം.

എഴുതിയാലും തീരാത്ത ജോഗിയെ കുറിച്ച് ജിജിക്ക് എന്താണൊന്ന് ചുരുക്കി പറയാനാവുക. ജിജി, ജോഗിയെ ഇങ്ങനെ പറയുന്നു- ഇതുവരെ കണ്ടതില്‍ ഏറ്റവും അല്‍ഭുതം!

ജിജി ഇപ്പോഴും ഗായികയാണ്. കെ.പി പത്രോസ് കണ്ടംകുളത്തി വൈദ്യശാലയിലെ റിസര്‍ച്ച് ഹെഡാണ്. സുസ്‌മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന ചിത്രകാരി 'പത്മിനി'യെ കുറിച്ചുള്ള ചലച്ചിത്രത്തിലൂടെ സിനിമയിലും അഭിനയിച്ചു തുടങ്ങുകയാണ്.

ജോഗിയില്ലാത്ത കാലത്തെഴുതിയ 101 കവിതകള്‍ പ്രണയസൂക്തങ്ങള്‍ എന്നപേരില്‍ പുസ്തകമാകും ഉടന്‍. ഫേസ്ബുക്കില്‍ എഴുതിയ ഗ്രാമവഴികള്‍ എന്ന കുറിപ്പുകളും പുസ്തകമായി പുറത്തെത്തും. ജിജി കണ്ടിട്ടുള്ള ഗ്രാമക്കാഴ്ചകള്‍... മക്കള്‍ കാണാത്ത കാഴ്ചകളാണത്. രണ്ടു പുസ്തകങ്ങളിലും ജോഗി നിറയുമ്പോള്‍, മൂന്നാമത്തേതില്‍ ചിത്രലേഖയേയും കപിലയേയും പോലുള്ള മക്കളോടാണ് ജിജി കാഴ്ചകള്‍ പങ്കുവെയ്ക്കുന്നത്.

jiji

ആദ്യ പുസ്തകത്തിന് 'നിനക്കുള്ള കത്തുകള്‍' എന്നു തന്നെയാണ് പേര്. ഈ ഞായറാഴ്ച (23.10.2016) വി.കെ ശ്രീരാമന്റെ അധ്യക്ഷതയില്‍ വി.ആര്‍ സുധീഷ് പ്രിയനന്ദനന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും- ജോഗിയുടേയും ജിജിയുടേയും അനേകമനേകം പ്രണയ നിമിഷങ്ങള്‍ക്ക് ഇടവും മറയുമായിരുന്ന സാഹിത്യ അക്കാദമിയുടെ മുറ്റത്ത്. കൊമ്പുകള്‍ ചായ്ച്ച് പ്രണയത്തിന് ഇപ്പോഴും മറയൊരുക്കുന്ന ആ മാവുകള്‍ക്കടിയില്‍ ജോഗിയിരിപ്പുണ്ടാകും, ഹാളിലെ പരിപാടിക്ക് കയറാന്‍ കൂട്ടാക്കാത്ത ധിക്കാരമായി. അതിപ്പോള്‍ 'തനിക്കുള്ള കത്തുകളാ'ണെങ്കില്‍ കൂടി...

ഗ്രീന്‍ പെപ്പർ പബ്ലിക്കയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ജിജി ജോഗിക്ക് എഴുതിയ ചില കത്തുകള്‍ വായിക്കാം, വായിച്ചു പോകുമ്പോള്‍ കണ്ണു നിറയുമ്പോള്‍, 'എടാ ജോഗി നിന്നോട് അസൂയ തോന്നുന്നെടാ... ഈ ജിജി നിന്റെയാണല്ലോ'യെന്ന് പുഴയും മരവും കാടും മനുഷ്യരായ മനുഷ്യരും കിളിയും കാറ്റുമെല്ലാം പറഞ്ഞു പോകും...


നിനക്കുള്ള കത്തുകള്‍ (36)

എന്റെ പപ്പൂ ....
ഞാനീയെഴുതുന്നത് വല്ലതും നീയറിയുന്നുണ്ടോ...! എത്ര കത്തുകള്‍ എഴുതി ...എത്രയെണ്ണം കീറിക്കളഞ്ഞു... (എനിക്കു തന്നെ നിശ്ചയമില്ലാ ട്ടോ...) സത്യം പറഞ്ഞാല്‍, എന്റെ ഓരോ അക്ഷരങ്ങളിലും നിന്റെ ശ്വാസം പതിയുന്നുണ്ടെന്ന് എനിക്കറിയാം ...എന്റെ പിറകിലൂടെ, ഞാനറിയാതെ വന്നു നിന്ന്, ഈ എഴുത്തുകളെല്ലാം വായിക്കുന്നതൊക്കെ ഞാനറിയുന്നുണ്ട്... നിന്റെ ചൂട്, ഗന്ധം, എന്റെ ചെവിത്തുമ്പിനെ ഉരുമ്മിക്കൊണ്ട് പോകുന്ന നിന്റെ ശ്വാസം, ഞാനൊന്ന് തിരിഞ്ഞാല്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചേക്കാവുന്ന നിന്റെ ചുണ്ടുകളുടെ കമ്പനം... എല്ലാം ഞാനറിയുന്നുണ്ട്... എത്രത്തോളം അദൃശ്യനാണോ, അത്രത്തോളം നീയെന്നില്‍ സാമീപ്യവുമാണ്... അതിനാല്‍ തന്നെ ആഗ്രഹിക്കുമ്പോഴൊക്കെ നിന്റെ കൈ പിടിച്ചു നടക്കാന്‍, നിന്റെ നെഞ്ചില്‍ ചാരാന്‍, നിന്നെ ചുംബിക്കാന്‍, നിന്നോടൊപ്പം മഴ നനയാന്‍- എല്ലാം എനിക്കാവുന്നു...

jiji 2നന്നായൊന്നു കണ്ണടച്ചു ധ്യാനിച്ചാല്‍, നിന്റെ വിരല്‍തുമ്പു മുതല്‍ കണ്മുന്നില്‍ തെളിയുന്നു... ഏറെ ഭംഗിയുള്ള ചിരി, സ്വപ്നവും ഭ്രാന്തും കലപില കൂട്ടുന്ന കണ്ണുകള്‍, എപ്പോഴും എന്നെ പ്രലോഭിപ്പിക്കുന്ന ചുണ്ടുകള്‍, ഇളനീരിന്റെ ഗന്ധമുള്ള കഴുത്ത്, കുസൃതി നിറഞ്ഞ കൈകള്‍, ഇടുപ്പിലെ മാംസളമായ മടക്കുകള്‍, ഗസലീണം തുളുമ്പുന്ന ഹൃദയമിടിപ്പ് .... എല്ലാം....

ഇടയ്ക്ക്, ഒരു കുഞ്ഞിനെപ്പോലെ മടിയില്‍ തലവച്ചു കിടന്നിട്ടു നീ പറയും... "അമ്മൂ... എണ്ണ തേപ്പിച്ചു തര്വോ..." ആ എണ്ണ തേപ്പിക്കല്‍ പിന്നെ ഒരൊന്നൊന്നര മണിക്കൂര്‍ നീളും... തലയോട്ടിയിലെ ഓരോ ഇഞ്ചിലൂടെയും വിരലോടിക്കുന്നത് നിനക്കെന്തിഷ്ടമായിരുന്നു... 'മതി' എന്ന് ഓരോ തവണ ഞാന്‍ പറയുമ്പോഴേക്കും "കുറച്ചു നേരം കൂടി" എന്ന് നീ ചിണുങ്ങും... ചിലപ്പോഴാകട്ടെ, ഗംഭീര വ്യായാമ മുറകളാണ് ... യോഗയും പുഷ് അപ്പും എല്ലാമായിരിക്കും പ്രധാന ഇനങ്ങള്‍ ...ചിലപ്പോള്‍ ഞാനും അമ്മുക്കുട്ടീം കാവലിരിക്കും... അമ്മു കരയുമ്പോള്‍ അവളെ പുറത്തിരുത്തി പുഷ്അപ് ചെയ്യും... അപ്പോള്‍ അവള്‍ കിലുകിലുന്നനെ ചിരിക്കാന്‍ തുടങ്ങും... അങ്ങനെയൊരുദിവസമാണ് എനിക്ക് കുശുമ്പ് തോന്നിയത്... 'ഞാനും അവളെപ്പോലെ ഇവിടെ കാവലിരിക്ക്യന്ന്യാ ...ഇതുവരെ എന്നെയൊന്നു പുറത്തിരുത്തീട്ടുണ്ടോ' എന്നും ചോദിച്ചു ഞാന്‍ വഴക്കിടാന്‍ തുടങ്ങി... പ്രശ്‌നം ഗുരുതരമാകുമെന്ന് കണ്ടിട്ടോ എന്തോ, 'അമ്മുക്കുട്ടീനെ അമ്മേടെ കയ്യില്‍ കൊടുത്തിട്ടു വരൂ' എന്ന് പറഞ്ഞു നീ... മോളെ അമ്മയെ ഏല്‍പ്പിച്ചു ഞാന്‍ എത്തിയപ്പോള്‍ നീ വെറും നിലത്തു കമിഴ്ന്നു കിടക്കുകയായിരുന്നു... എന്നോട്, നിന്റെ മുകളില്‍ അതുപോലെ കമിഴ്ന്നു കിടക്കാന്‍ പറഞ്ഞു... (അപ്പോള്‍ എനിക്കിത്തിരി നാണം വന്നൂട്ടോ ..) ഞാന്‍ കിടന്നു കഴിഞ്ഞപ്പോള്‍ നീ മെല്ലെ പുഷ്അപ് ചെയ്യാന്‍ തുടങ്ങി... ചമ്മല്‍ കൊണ്ട് കുലുങ്ങിച്ചിരിക്കാന്‍ തുടങ്ങിയ എന്നെ നീ ഭീഷണിപ്പെടുത്തി "ദേ പെണ്ണേ ..വല്ലാണ്ട് കളിച്ചാല്‍ തട്ടി താഴെയിടും ട്ടോ..." പിന്നെ കുറച്ചുനേരം മിണ്ടാതെ, ശ്വാസമടക്കിപ്പിടിച്ച് കിടന്നു ഞാന്‍... പത്തോ പന്ത്രണ്ടോ തവണ കഴിഞ്ഞപ്പോള്‍ നിന്റെ ക്ഷീണിച്ച ശബ്ദം കേട്ടു... "മതിയോടീ പെണ്ണേ..."

എന്റെ പൊന്നു പപ്പൂ ....എന്നെയിങ്ങനെ കൊഞ്ചിക്കാന്‍ നീ മാത്രമേ ഉള്ളൂട്ടോ... നീ തന്ന ഊര്‍ജ്ജം, എന്തുമാത്രമാണെന്നോ... എപ്പോഴും പ്രണയത്തിലായിരിക്കാന്‍ അതെന്നെ പ്രചോദിപ്പിക്കുന്നു... അതേ പപ്പൂ ... ഞാന്‍ പ്രണയത്തിലാണ് ...
നിന്റെ നെഞ്ചില്‍ ചേര്‍ന്ന് നിന്നുകൊണ്ട്

നിനക്കുള്ള കത്തുകള്‍ (30)

എന്റെ മുത്തേ...

എന്റെ ജീവിതത്തില്‍ നീ എങ്ങനെയൊക്കെയാണ് അടയാളങ്ങള്‍ തീര്‍ത്തിരിക്കുന്നത്...! ചില തുടക്കങ്ങളില്‍, തുടര്‍ച്ചകളില്‍, ഒടുക്കങ്ങളില്‍ എല്ലാം നീയിങ്ങനെ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു... നിന്നെ എന്നില്‍നിന്നും പിരിച്ചെഴുതുക സാധ്യമല്ലെന്ന് കൂടുതല്‍ കൂടുതല്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്...

ഇന്ന്, അലമാരയിലെ വസ്ത്രങ്ങള്‍ ഒന്ന് പുനക്രമീകരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മയിൽപ്പീലിപ്പച്ചയില്‍ വെള്ളിനിറം കലര്‍ന്ന പച്ചകൊണ്ട് വരയിട്ട ആ സാരി വീണ്ടും എന്റെ കണ്മുന്‍പില്‍ വന്നുപെട്ടത്... കുറെ നാളുകളായി അത് അലമാരിയുടെ ഇരുട്ടില്‍ കിടന്ന് പൂതലിക്കുകയായിരുന്നു... തൊട്ടയുടനെ പതിയെ പൊടിഞ്ഞുപോരാന്‍ തുടങ്ങി... എന്തോ..., അതിനൊപ്പം എന്റെയുള്ളിലുമെന്തോ പൊടിഞ്ഞുവീഴാന്‍ തുടങ്ങി... തൊണ്ടക്കുഴിയില്‍ ശ്വാസം വിലങ്ങി ... തിരശ്ചീനമായി കറങ്ങുന്ന ഒരു യന്ത്ര ഊഞ്ഞാലില്‍ പെട്ടുപോയതുപോലെ ഞാന്‍ നിന്റെയോര്‍മ്മകളിലേക്ക് എടുത്തെറിയപ്പെട്ടു... ഓര്‍മ്മകള്‍ ഒരു പുനരുജ്ജീവനമാണ് പപ്പൂ... കഴിഞ്ഞുപോയവയിലൂടെ ഒരിക്കല്‍ക്കൂടിയുള്ള ഒരു യാത്ര ... ശബ്ദവെളിച്ചവിന്യാസങ്ങള്‍ പുനഃസൃഷ്ടിക്കപ്പെട്ടുകൊണ്ടുള്ള ഒരാവര്‍ത്തനം ...

നിനക്കോര്‍മ്മയുണ്ടോ? നമ്മുടെ ഒരു കൊടും പട്ടിണിക്കാലത്തിന്റെ തിരുശേഷിപ്പാണ് ആ സാരി. 'കീര്‍ത്തിചക്ര'യ്ക്ക് ശേഷം നീ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന സമയം... തൃശൂര്‍ റീജണല്‍ തിയേറ്ററില്‍ വെച്ച് ഒരു കുടുംബസംഗമത്തില്‍ പങ്കെടുക്കേണ്ട വിഷയം പറഞ്ഞപ്പോള്‍ നീ തന്നെയാണ് പറഞ്ഞത്... 'എന്റെ അമ്മൂന് നല്ല സാരിയൊന്നും ഇല്ലല്ലോ ..ഒരെണ്ണം വാങ്ങിയാലോ' എന്ന് ...കേട്ടപ്പോള്‍ നല്ലതെന്ന് ഞാനും സമ്മതിച്ചു... രണ്ടു ദിവസം കഴിഞ്ഞാല്‍ ഒരു സംഗീത പരിപാടിയുണ്ടെന്നും അത് കഴിഞ്ഞാല്‍ സംഭവം ഉഷാറാക്കാമെന്നും നീയുറപ്പ് നല്‍കി... jiji 11
പതിവില്ലാത്ത വിധം നീതന്നെ ഈ കാര്യം ഓര്‍ത്തുവച്ചു എന്നെയും കൂട്ടി സാരിയെടുക്കാന്‍ പുറപ്പെട്ടു... തൃശ്ശൂര്‍ എലൈറ്റ് സാരീഹൗസില്‍ കയറി, അവിടുള്ള സകല പെമ്പിള്ളാരെയും വാചകമടിച്ചു വീഴ്ത്തിക്കൊണ്ട് എനിക്കുള്ള സാരി തിരയാന്‍ തുടങ്ങി...
''കയ്യിലെത്ര കാശുണ്ട് ..?'' ഞാന്‍ ചോദിച്ചു ..
''ആയിരം... പത്തുമുപ്പതു രൂപ ചില്ലറയും കാണും' എന്ന് നീ മറുപടിയും തന്നു..
''ഒരു ആയിരം രൂപാ റെയ്ഞ്ചി ലുള്ള സാരി മതീട്ടോ ...'' എന്ന് സുന്ദരികള്‍ക്ക് നിര്‍ദേശവും പെട്ടെന്നാണ് അവരെടുത്തിട്ട ഒരതിസുന്ദരന്‍ സാരിയിലേക്ക് നിന്റെ ശ്രദ്ധപതിഞ്ഞത്... ആര്‍ഭാടങ്ങളില്ലാത്ത എന്നാല്‍ മനോഹരമായ ആ സാരി വേഗം തന്നെ നീ കൈക്കലാക്കി ...നിനക്കിഷ്ടപ്പെട്ടാല്‍ പിന്നെ പറയേണ്ടല്ലോ, എനിക്കും നൂറിഷ്ടം... അതുതന്നെ മതി എന്നുറപ്പിക്കാന്‍ പിന്നെ സമയമെടുത്തില്ല ... അപ്പോള്‍ ഉള്ളിന്റെയുള്ളില്‍ നിന്നും ആരോ എന്നെ തോണ്ടിവിളിച്ചു ..
''ഇതിന്റെ വിലയെത്രയാ...?'' ആ ഉള്‍വിളിയില്‍ ഞാന്‍ ചോദിച്ചു ...
''ആയിരത്തി ഇരുന്നൂറ്റി ഇരുപത്...'' വിലനോക്കി സുന്ദരി വിളിച്ചു പറഞ്ഞു....
അതുകേട്ട് നിന്റെ മുഖം പെട്ടെന്ന് വല്ലാതെയായി... വിളറിയ നിന്റെ നോട്ടം എനിക്ക് പെട്ടെന്ന് ഗ്രഹിച്ചു... കയ്യിലാകെ ആയിരത്തി മുപ്പതു രൂപയേയുള്ളൂ എന്ന ഓര്‍മ്മയില്‍ ഞാന്‍ പെട്ടെന്ന് കളം മാറ്റിച്ചവിട്ടി ..
''അല്ലെങ്കില്‍ വേണ്ട പപ്പൂ... ഈ നിറത്തില്‍ ഒരു സാരിയെനിക്കുള്ളതല്ലേ... വേറൊന്നെടുക്കാം നമുക്ക്' എന്നങ്ങ് വേഗത്തില്‍ പറഞ്ഞിട്ട് ഞാന്‍ ഭാവഭേദമൊന്നും കൂടാതെ വീണ്ടും മറ്റൊരു സാരിക്കായി തിരയാന്‍ തുടങ്ങി... ഒടുവില്‍ തൊള്ളായിരം രൂപയ്ക്ക് ഒരു സാരി വാങ്ങി നിന്റെ മുന്‍പില്‍ നിവര്‍ത്തിക്കാണിക്കുമ്പോഴും നിന്റെ മനസ്സ് അവിടെയൊന്നുമല്ലെന്ന് എനിക്കറിയാമായിരുന്നു...

അവിടെ നിന്നിറങ്ങുമ്പോള്‍ നീ മൗനിയായിരുന്നു ..

''നിനക്ക് എന്നോട് ദേഷ്യമില്ലേ അമ്മുവേ ...? ഇത് പോലും നിനക്കുവേണ്ടി ചെയ്തുതരാനാവാത്ത എന്നെ ??'' എന്നൊരു ചോദ്യം മാത്രം ചോദിച്ചു നീ...

ഞാന്‍ മറുപടിയായി നിന്റെ വിരലുകളില്‍ ഉമ്മവെച്ചു...

പിന്നീടക്കാര്യമേ മറന്നുപോയിരുന്നു ഞാന്‍... അന്ന് പാതിരാവില്‍ ഏറെ മദ്യപിച്ച് വീട്ടില്‍ കയറി വരുമ്പോള്‍ നിന്റെ കയ്യിലെ പൊതിയില്‍ ആ സാരിയുണ്ടായിരുന്നു... വാതില്‍ തുറന്നയുടനെ മുട്ടുകുത്തി മുന്‍പിലിരുന്ന് എന്റെ അടിവയറില്‍ മുഖം ചേര്‍ത്ത് നീ കരയാന്‍ തുടങ്ങി...

ഞാന്‍ നിന്നെ എന്നിലേക്ക് ചേര്‍ത്ത് പിടിക്കുക മാത്രം ചെയ്തു...ഒരു പ്രായശ്ചിത്തമെന്നപോലെ മെല്ലെ ആ സാരി എന്നെ ചുറ്റിച്ച് നെറ്റിയിലൊരുമ്മയും തന്ന് ഒന്നും മിണ്ടാതെ നീ പോയിക്കിടന്നു... ആ പൊതിയില്‍ പിന്നെയുമുണ്ടായിരുന്നു സമ്മാനങ്ങള്‍... നീലയും പച്ചയും മുത്തുകളുള്ള ഒരു കളിമണ്‍ മാല, ഒരു ജോഡി കമ്മല്‍, മുളകൊണ്ടുണ്ടാക്കിയ വള... എല്ലാം ചേര്‍ത്തുപിടിച്ച് ഒരു തിരമാലയില്‍ പെട്ടെന്നവണ്ണം ഞാന്‍ ഉറക്കെ കരഞ്ഞു... നിന്നെ ഞാന്‍ അറിയുകയായിരുന്നു... നീ കടന്നുപോയ പീഡനങ്ങള്‍ ഞാനും ഉള്‍ക്കൊള്ളുകയായിരുന്നു... നിന്റെയുള്ളിലെ ആ പാവം കുഞ്ഞിനെ ഞാന്‍ താലോലിക്കുകയായിരുന്നു...
പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍ നിന്റെ ഇടതു തോളില്‍ തലവെച്ചു കിടന്നുകൊണ്ട് ഞാന്‍ ചോദിച്ചു...
''പണം എവിടന്നാ?''

അപ്പോള്‍ നീ ഇടതു കൈപ്പത്തി എന്റെ തലയ്ക്കു മീതെ ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു 'മോതിരം വിറ്റു ..''

എന്റെ പൊന്നേ ...നീ ഇത്രയും പാവമായിപ്പോയല്ലോ... ഒരു വെറും പാവം...

ഓരോ ഓര്‍മ്മകളിലും നിന്നെ ഞാന്‍ ഖനനം ചെയ്യുകയാണ്... ഓരോ അടരുകളില്‍ നിന്നും നിന്നെ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ...നിന്റെ അറകളിലെ പ്രണയം കോരിക്കുടിക്കാന്‍ ആര്‍ത്തിപിടിക്കുകയാണ് ...

അന്ന് നിന്റെ കണ്ണീരു വീണയിടമാവാം ഇന്ന് ഞാന്‍ തൊട്ടപ്പോള്‍ പൊടിഞ്ഞുപോയത്...! നിന്റെ ഒരു ചുംബനം മതി എന്റെയുള്ളില്‍ പൊടിഞ്ഞുപോയതിന്റെയെല്ലാം കേടുപാടു തീര്‍ക്കാന്‍ ...

എന്റെ പപ്പൂവിന് നിറയെ ഉമ്മകള്‍...

പ്രണയത്തോടെ,
അമ്മു...