വ്യവസായ മന്ത്രിയുടെ രാജിയാവശ്യമുയർത്താൻ പ്രതിപക്ഷത്തിന് സുവർണാവസരം; ഇ പി ജയരാജനെതിരെ എൽഡിഎഫിൽ അമർഷം പടരുന്നു

വ്യവസായ വകുപ്പിലെ അനധികൃത നിയമനങ്ങളിൽ പൊതുവികാരം ജയരാജന് എതിരാണ്. നേതാക്കളെന്നോ അണികളെന്നോ വ്യത്യാസമില്ലാതെ ഏതാണ്ടെല്ലാവരും ജയരാജനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്.

വ്യവസായ മന്ത്രിയുടെ രാജിയാവശ്യമുയർത്താൻ പ്രതിപക്ഷത്തിന് സുവർണാവസരം; ഇ പി ജയരാജനെതിരെ എൽഡിഎഫിൽ അമർഷം പടരുന്നു

സ്വാശ്രയ പ്രശ്നത്തിൽ നിന്ന് തലയൂരി, വ്യവസായമന്ത്രിയുടെ രാജിയെന്ന മൂർത്തമായ രാഷ്ട്രീയ മുദ്രാവാക്യത്തിലേയ്ക്ക് ചുവടുമാറാൻ പ്രതിപക്ഷത്തിന് സുവർണാവസരം നൽകിയ ഇ പി ജയരാജനെതിരെ ഭരണപക്ഷത്തും സിപിഎമ്മിലും അമർഷമുയരുന്നു. പി കെ ശ്രീമതി എം പിയുടെ മകൻ മാത്രമല്ല, വ്യവസായവകുപ്പുമായി ബന്ധപ്പെട്ട് നടന്ന ഏതാണ്ട് എല്ലാ നിയമനങ്ങളും സർക്കാരിനും സിപിഐഎമ്മിനും എൽഡിഎഫിനും ബാധ്യതയായി മാറിക്കഴിഞ്ഞു. പൊതുമേഖലാ എംഡി നിയമനവുമായി ബന്ധപ്പെട്ട് റിയാബ് നിശ്ചയിച്ച യോഗ്യതകളിൽ ഒന്നുപോലും ഇല്ലാത്തവരെയാണ് പല സ്ഥാപനങ്ങളിലും നിയമിച്ചിരിക്കുന്നത്. മന്ത്രിയുടെ അടുത്ത ബന്ധുക്കൾക്ക് നൽകിയ അനധികൃത നിയമനത്തിന്റെ വിവരങ്ങളും പുറത്തുവരുന്നു. ഈ സാഹചര്യത്തിൽ വർദ്ധിത വീര്യത്തോടെയാണ് പ്രതിപക്ഷം സഭയിലേയ്ക്കു മടങ്ങിവരിക.


സ്വാശ്രയ പ്രശ്നം ഉയർത്തി സഭാസ്തംഭനവും നിരാഹാരവും തെരുവു സംഘർഷവുമൊക്കെ നടത്തിയിട്ടും സമരം പരാജയമായിരുന്നു എന്ന വിലയിരുത്തലാണ് സിപിഐഎമ്മിന്. പ്രതിപക്ഷത്തിന്റെ സമരത്തെ ജനങ്ങൾ അവഗണിക്കുകയും, ഭരണപക്ഷം ഒറ്റക്കെട്ടായി സമരത്തിനെതിരെ നിലയുറപ്പിക്കുകയും ചെയ്തുവെന്നാണ് പാർടി കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ വ്യവസായ വകുപ്പിലെ അനധികൃത നിയമനങ്ങളിൽ അതല്ല പൊതുവികാരം. നേതാക്കളെന്നോ അണികളെന്നോ വ്യത്യാസമില്ലാതെ ഏതാണ്ടെല്ലാവരും ഇ പി ജയരാജനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്.

ജയരാജന്റെ ഭാര്യാ സഹോദരിയും എംപിയും മുൻമന്ത്രിയുമായ പി കെ ശ്രീമതിയുടെ മകൻ പി കെ സുധീർ നമ്പ്യാർക്കു പുറമെ, അദ്ദേഹത്തിന്റെ സഹോദരൻ ഭാർഗവന്റെ മകൻ നിഷാദിന്റെ ഭാര്യയ്ക്ക് കണ്ണൂർ ക്ലേസ് ആൻഡ് സിറാമിക്സിൽ ജനറൽ മാനേജരായി നിയമനം നൽകിയിട്ടുണ്ട്. അനധികൃത നിയമനം ലഭിച്ച മറ്റു ബന്ധുക്കളുടെ പേരുവിവരം ചൂണ്ടിക്കാട്ടി കോൺഗ്രസും ബിജെപിയും രംഗത്തുവന്നിട്ടുണ്ട്.

വിവാദം രൂക്ഷമായതോടെയാണ് പി കെ സുധീർ നമ്പ്യാരുടെ നിയമനം റദ്ദാക്കിയെന്ന് അറിയിച്ച് വ്യവസായ മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിറക്കിയത്. എന്നാൽ ആ പത്രക്കുറിപ്പിൽ പ്രശ്നം അവസാനിക്കുന്നില്ല എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സന്തോഷ് മാധവന് ഭൂമി നൽകിയ സർക്കാർ ഉത്തരവ് പിൻവലിച്ച കാരണം കൊണ്ട് കേസ് റദ്ദാക്കാനാവില്ലെന്ന്, അടൂർ പ്രകാശിന്റെ ഹർജി തളളിക്കൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണമാണ് അവർ എടുത്തുകാട്ടുന്ന ഉദാഹരണം. മന്ത്രിസഭാ തീരുമാനം രണ്ടു ദിവസത്തിനകം പിൻവലിച്ചതുകൊണ്ട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടൂർ പ്രകാശിന്റെ ഹർജി. ഈ വാദം ഹൈക്കോടതി സ്വീകരിച്ചില്ല. അതിനാൽ സുധീറിന്റെ നിയമനം റദ്ദാക്കി എന്ന ഒറ്റക്കാരണം കൊണ്ട്, പുറത്തിറക്കിയ ഉത്തരവിന്റെ നിയമപരമായ പരിശോധന അസാധ്യമാകുന്നില്ല.

ഇ പി ജയരാജനെ തിരിഞ്ഞു കുത്തുന്ന വാദങ്ങളാണ് വ്യവസായ വകുപ്പ് പത്രക്കുറിപ്പിലൂടെ നിരത്തുന്നത്. ചുമതലയേറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് കത്തു നൽകിയെന്നും സമയം നീട്ടി നൽകേണ്ടെന്ന് തീരുമാനിച്ചതുകൊണ്ട് നിയമന ഉത്തരവു റദ്ദാക്കിയെന്നുമാണ് പത്രക്കുറിപ്പിലെ വാദം. മാത്രമല്ല, എംഡിയായി നിയമിക്കാൻ ആവശ്യമായ എല്ലാ യോഗ്യതകളും സുധീർ നമ്പ്യാർക്കുണ്ട് എന്നും ജയരാജൻ വാദിക്കുന്നു.

എന്തെങ്കിലും തെറ്റു പറ്റിയെന്ന് സമ്മതിച്ചുകൊണ്ടല്ല സുധീർ നമ്പ്യാരുടെ നിയമന ഉത്തരവ് റദ്ദാക്കിയത്. അതുകൊണ്ടുതന്നെ നിയമനോത്തരവ് തയ്യാറാക്കിയ എല്ലാ പ്രക്രിയയും ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയും. റിയാബിന്റെ പത്രപ്പരസ്യത്തിൽ ആവശ്യപ്പെട്ട എത്ര യോഗ്യതകൾ പി കെ സുധീർ നമ്പ്യാർക്കുണ്ട് എന്ന് സർക്കാരിന് നിയമസഭയിൽ വ്യക്തമാക്കേണ്ടി വരും. പ്രവൃത്തി പരിചയത്തെ സംബന്ധിച്ചും കടുത്ത നിഷ്കർഷകളാണ് റിയാബ് ആവശ്യപ്പെട്ടിരുന്നത്. ഭാര്യയും ബന്ധുവും ഉൾപ്പെട്ട തട്ടിക്കൂട്ടു കമ്പനികളിലെ പ്രവർത്തന പരിചയം മാത്രമേ സുധീർ നമ്പ്യാർക്കുളളൂവെന്നും തെളിഞ്ഞു കഴിഞ്ഞു. റിയാബ് നിശ്ചയിച്ച യോഗ്യതകളുളള ഒട്ടേറെപ്പേർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. അവരാരെങ്കിലും കേസിനു പോയാൽ ഇ പി ജയരാജന്റെ നില പിന്നെയും പരിതാപകരമാകും.

സർക്കാരിനെയും മുഖ്യമന്ത്രിയെയും ഊരാക്കുടുക്കിലേയ്ക്കാണ് വ്യവസായമന്ത്രി തളളിവിട്ടിരിക്കുന്നത്. ഇത്തരം നിയമനങ്ങൾ പൊതുസമൂഹത്തിലുണ്ടാക്കുന്ന വിമർശനങ്ങളൊന്നും അദ്ദേഹം കണക്കിലെടുത്തിട്ടില്ല. വിവാദമായപ്പോൾ, തന്റെ ബന്ധുക്കൾ പലസ്ഥലത്തും കാണും, അതിനെന്താ എന്ന ധാർഷ്ട്യമായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. തുടർന്ന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് പരിഹാസ്യമായ വാദങ്ങളടങ്ങിയ പത്രക്കുറിപ്പു പുറത്തിറക്കി വിവാദം അവസാനിപ്പിക്കാനൊരു വിഫലശ്രമം മന്ത്രി നടത്തിയത്.

Story by
Read More >>