പുലിമുരുകനെ 'വീരം' കടത്തിവെട്ടുമെന്ന പരാമര്‍ശം; ജയരാജ് ഖേദം പ്രകടിപ്പിച്ചു

മികച്ച ടെക്‌നിക്കല്‍ ക്വാളിറ്റി കൊണ്ടാണ് പുലിമുരുകന്‍ ഇത്ര വലിയ വിജയമായതെന്നായിരുന്നു ജയരാജിന്റെ പ്രസ്താവന.

പുലിമുരുകനെ

കൊച്ചി: മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ 'വീരം' കടത്തിവെട്ടുമെന്നുള്ള പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ജയരാജ്. മലയാളത്തിലെ എന്നല്ല, ലോക സിനിമയിലെത്തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് മോഹന്‍ലാലെന്ന് ജയരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അദ്ദേഹത്തിന്റെ അസാമാന്യ അഭിനയ പാടവവും, സിനിമക്ക് വേണ്ടിയുള്ള ത്യാഗവും വെളിവാക്കുന്ന ഒരു ഗംഭീര വര്‍ക്ക് തന്നെയാണ് പുലിമുരുകന്‍. ഇത്രയും വലിയ ഒരു 'ഇനിഷ്യല്‍ പുള്‍' സൃഷ്ടിക്കുന്നതില്‍ സാങ്കേതിക മികവ് ഒരു ഘടകമാണ് എന്ന് മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നുള്ളു. ഈ വാക്കുകള്‍ ശ്രീ. മോഹന്‍ലാലിലോ, ലോകമെമ്പാടുമുള്ള ആരാധകര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ജയരാജ് പറഞ്ഞു.
മികച്ച ടെക്‌നിക്കല്‍ ക്വാളിറ്റി കൊണ്ടാണ് പുലിമുരുകന്‍ ഇത്ര വലിയ വിജയമായതെന്നായിരുന്നു ജയരാജിന്റെ പ്രസ്താവന. മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ച പല സിനിമകളും ഫ്േളാപ്പ് ആയിരുന്നു. പിന്നെ എന്തുകൊണ്ടാണ് പുലിമുരുകനിലേക്ക് ഇത്രയും ആളുകള്‍ വരുന്നത്. ആ സിനിമയ്‌ക്കൊരു പ്രത്യേകത ഉള്ളതുകൊണ്ടാണ്. കാരണം മികച്ച ടെക്‌നിക്കല്‍ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയകാരണം. അതുകൊണ്ടാണ് ചിത്രം ഒരാഴ്ചകൊണ്ട് പത്തുകോടി കലക്ട് ചെയ്തതെന്നും ജയരാജ് പറഞ്ഞിരുന്നു. പ്രസ്താവനയെത്തുടര്‍ന്ന് ലാല്‍ ആരാധകര്‍ ജയരാജിന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.