ബന്ധു നിയമനം; സിപിഐഎമ്മിനെതിരെ സിപിഐ മുഖപത്രം; സ്വജനപക്ഷപാതം അഴിമതി തന്നെ

അഴിമതി നിറഞ്ഞ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിന് അറുതി വരുത്തിക്കൊണ്ടാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത് എന്നാല്‍ വിവാദങ്ങള്‍ സര്‍ക്കാരിനുമേല്‍ കരിനിഴല്‍ വീഴ്ത്തി.

ബന്ധു നിയമനം; സിപിഐഎമ്മിനെതിരെ സിപിഐ മുഖപത്രം; സ്വജനപക്ഷപാതം അഴിമതി തന്നെ

ബന്ധു നിയമന വിവാദത്തില്‍ സിപിഐഎമ്മിനെതിരെ മുഖപ്രസംഗമെഴുതി സിപിഐ മുഖപത്രം ജനയുഗം. എല്‍ഡിഎഫിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച നിയമനവിവാദത്തെ മുന്‍നിര്‍ത്തിയാണ് സിപിഐ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയിരിക്കുന്നത്. അഴിമതി നിറഞ്ഞ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിന് അറുതി വരുത്തിക്കൊണ്ടാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത് എന്നാല്‍ വിവാദങ്ങള്‍ സര്‍ക്കാരിനുമേല്‍ കരിനിഴല്‍ വീഴ്ത്തി. മുഖപ്രസംഗം വ്യക്തമാക്കുന്നു.

'സ്വജനപക്ഷപാതം നിസംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ല. ഉന്നത യോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. എതിരാളികളുടെ അഴിമതിക്കഥകളും അവര്‍ നേരിടുന്ന നടപടികളും നിരത്തിവച്ച് സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ജനത്തിന്റെ മുമ്പിലും നിമയത്തിന്റെ മുമ്പിലും വിലപ്പോവില്ല.' എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.


എന്നാല്‍, 'ആര്‍ക്കും ഒന്നും സ്വകാര്യമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്തത്ര സുതാര്യമായ ലോകത്താണ് നാം ജീവിക്കുന്നത്. വിവരസാങ്കേതിക വിദ്യാ വിസ്‌ഫോടനം സാമൂഹിക ജീവിതത്തെ സുതാര്യമാക്കുക മാത്രമല്ല വിശ്വാസങ്ങള്‍ക്കും പ്രതിബദ്ധതയ്ക്കും അവ ശക്തമായ അടിത്തറയായി മാറുകയും ചെയ്തിരിക്കുന്നു. വിവരസാങ്കേതിക വിദ്യ സ്വകാര്യതകളുടെയും രഹസ്യങ്ങളുടെയും ഉരുക്കുമതിലുകളെ തകര്‍ക്കുകയും തത്സമയ പ്രതികരണം സാര്‍വത്രികമാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളില്‍ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആര്‍ക്കാണ് അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച് തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന് കരുതലോടെ ഓര്‍ക്കുക.' സിപിഐ സിപിഐഎമ്മിനെ  ഓര്‍മ്മിപ്പിക്കുന്നു

മുഖ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

അഞ്ച് വര്‍ഷക്കാലത്തെ അഴിമതി വാഴ്ചയ്ക്ക് അറുതിവരുത്തി അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മേല്‍ നിഴല്‍വീഴ്ത്തിയ വിവാദങ്ങളാണ് മുഖ്യധാരാ ദൃശ്യഅച്ചടി മാധ്യമങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിറഞ്ഞുനില്‍ക്കുന്നത്. വിവാദങ്ങളില്‍ ഉള്‍പ്പെട്ട മന്ത്രിയും നേതാക്കളും വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ തിരുത്താനും അവരെ അത് ബോധ്യപ്പെടുത്താനും തിരുത്തിക്കാനും മുഖ്യമന്ത്രിയടക്കം ഉന്നത നേതൃത്വത്തിനും സത്വരം കഴിഞ്ഞു എന്നത് ആശ്വാസകരമാണ്.

വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് നടന്ന വിവാദനിയമനം റദ്ദാക്കിയെങ്കിലും അതിന്റെയും മറ്റുചില നിയമനങ്ങളുടെയും പേരില്‍ കോണ്‍ഗ്രസും ബിജെപിയുമടക്കം പ്രതിപക്ഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയും സിപിഐ(എം) നേതൃത്വവും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ് വിവാദപ്രശ്‌നങ്ങളെ സമീപിക്കുന്നതെന്ന് അവരുടെ കാര്യമാത്ര പ്രസക്തങ്ങളായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

വീഴ്ചകള്‍ തിരിച്ചറിയാനും തെറ്റുകള്‍ തിരുത്താനും ബന്ധപ്പെട്ടവര്‍ തയാറാകുന്നതോടെ അതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങുമെന്ന് കരുതാം. പ്രശ്‌നത്തില്‍ അതിന് അപ്പുറത്ത് എന്തെങ്കിലുമുണ്ടെങ്കില്‍ അവയ്ക്ക് പ്രതിവിധിയായി നിയമത്തിന്റെ വഴികള്‍ ആരായാന്‍ വിമര്‍ശകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അധികാരത്തിലേറി നാല് മാസം പിന്നിടുമ്പോഴേയ്ക്കും എല്‍ഡിഎഫ് മന്ത്രിസഭയും മുന്നണിയും നേരിടേണ്ടി വന്ന ഈ വിവാദങ്ങള്‍ നിതാന്ത ജാഗ്രത എല്ലാ രംഗത്തും എല്ലായ്‌പ്പോഴും കൂടിയേ തീരൂ എന്ന പാഠവും മുന്നറിയിപ്പുമാണ് നല്‍കുന്നത്. പ്രതിപക്ഷം ഉയര്‍ത്തുന്ന വിവാദങ്ങളെക്കാള്‍ ഏറെ എല്‍ഡിഎഫിനെ ആത്മാര്‍ഥമായി പിന്തുണയ്ക്കുകയും അതില്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിക്കുന്ന ജനങ്ങളോടുള്ള ആദരവും പ്രതിബദ്ധതയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മന്ത്രിസഭയുടെയും വിലപ്പെട്ട മൂലധനമെന്നത് ബന്ധപ്പെട്ടവര്‍ ഒരിക്കലും വിസ്മരിച്ചുകൂട.

ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഇന്നത്തെ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അതിന്റെ പ്രവര്‍ത്തകരും നേതാക്കളും ഇതര പാര്‍ട്ടികളിലേതില്‍നിന്നും വിഭിന്നരല്ലെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ലോകമെങ്ങും നടന്നുവരുന്നത്. മൂലധനശക്തികളും അതിന്റെ യുക്തിയും ആധിപത്യം പുലര്‍ത്തുന്ന ആധുനിക സമൂഹങ്ങളില്‍ ആ ധാരണ തെറ്റാണെന്ന് ബോധ്യപ്പെടുത്തുക ശ്രമകരമാണ്. എന്നിട്ടും കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും ജനങ്ങള്‍ പൂര്‍ണമായി കൈവിട്ടിട്ടില്ല. അതുതന്നെയാണ് അഴിമതിയുടെ കുത്തൊഴുക്കിന് അഞ്ച് വര്‍ഷം സാക്ഷ്യം വഹിച്ച കേരള ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതാന്‍ തയാറായതിന്റെ കാരണവും.

ആര്‍ക്കും ഒന്നും സ്വകാര്യമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്തത്ര സുതാര്യമായ ലോകത്താണ് നാം ജീവിക്കുന്നത്. വിവരസാങ്കേതിക വിദ്യാ വിസ്‌ഫോടനം സാമൂഹിക ജീവിതത്തെ സുതാര്യമാക്കുക മാത്രമല്ല വിശ്വാസങ്ങള്‍ക്കും പ്രതിബദ്ധതയ്ക്കും അവ ശക്തമായ അടിത്തറയായി മാറുകയും ചെയ്തിരിക്കുന്നു. വിവരസാങ്കേതിക വിദ്യ സ്വകാര്യതകളുടെയും രഹസ്യങ്ങളുടെയും ഉരുക്കുമതിലുകളെ തകര്‍ക്കുകയും തത്സമയ പ്രതികരണം സാര്‍വത്രികമാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളില്‍ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആര്‍ക്കാണ് അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച് തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന് കരുതലോടെ ഓര്‍ക്കുക.

അഴിമതിക്കെതിരായ എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ് മുന്നണിയെ അധികാരത്തിലെത്തിച്ചത്. മുന്നണിയുടെ വിജയം അഭിമാനകരമെന്ന് വിലയിരുത്തുമ്പോഴും അതിന്റെ താരതമ്യകരുത്ത് വില കുറച്ചു കണ്ടുകൂട. സ്വജനപക്ഷപാതം നിസംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ല. ഉന്നത യോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. എതിരാളികളുടെ അഴിമതിക്കഥകളും അവര്‍ നേരിടുന്ന നടപടികളും നിരത്തിവച്ച് സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ജനത്തിന്റെ മുമ്പിലും നിമയത്തിന്റെ മുമ്പിലും വിലപ്പോവില്ല.

ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സങ്കീര്‍ണതകളില്‍ ഇടതുപക്ഷത്തെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഉന്നതവും സുതാര്യവുമായ ധാര്‍മികസ്ഥിരതയാണ്. അതിന് കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ പാടില്ല. അത് താങ്ങാനുള്ള കരുത്ത് കേരളത്തിലെ ഇടതുപക്ഷത്തിനില്ല. അതിനുള്ള സഹിഷ്ണുത ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുമില്ല. സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണം. അത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്നണി മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. അത് എല്‍ഡിഎഫിനുമേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കുന്നതാവണം. അതാവട്ടെ മുന്നണിയിലേയും ഘടകക്ഷികളിലെയും ആഭ്യന്തര ജനാധിപത്യ പ്രക്രിയ കൂടുതല്‍ ആഴവും വ്യാപ്തിയുമുള്ളതും അര്‍ഥപൂര്‍ണവുമാക്കി മാറ്റുന്നതിലൂടെയേ കൈവരിക്കാനാവൂ. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ആ ദിശയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എല്‍ഡിഎഫിന് പ്രചോദനമാകണം.

Story by
Read More >>