വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ജേക്കബ് തോമസിന്‍റെ കത്ത്

വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് ജേക്കബ് തോമസ് സർക്കാറിന് നൽകിയ കത്തിലൂടെ ആവശ്യപ്പെടുന്നത്.

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ജേക്കബ് തോമസിന്‍റെ കത്ത്തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.  വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് ജേക്കബ് തോമസ് സർക്കാറിന് നൽകിയ കത്തിലൂടെ ആവശ്യപ്പെടുന്നത്. കത്ത് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും.

വിജിലന്‍സുമായി ബന്ധപ്പെട്ടു ബന്ധുനിയമന വിവാദം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ദിനംദിന ചര്‍ച്ചയാകുന്ന വേളയിലാണ് ജേക്കബ് തോമസിന്‍റെ പുതിയ നീക്കം. ജേക്കബ് തോമസിനെതിരെ പ്രതിപക്ഷവും ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും ശക്തമായ നിലപാടെടുത്തിരുന്നുവെങ്കിലും ആരോപണ കൊടുങ്കാറ്റിനെ നേരിടുമെന്നായിരുന്നു നേരത്തെ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നത്.


ഇപി ജയരാജനെതിരായ പരാതിയിൽ ത്വരിത പരിശോധനാ തീരുമാനം വൈകിപ്പിച്ചു, തീരുമാനത്തിന് മുമ്പ് അതിരാവിലെ സ്വകാര്യ വാഹനത്തിൽ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു എന്നൊക്കെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്.

തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നുവെന്ന ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെ എം മാണിക്കെതിരെ വിജിലൻസ് നീങ്ങിയ ഘട്ടത്തിലാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുറമുഖ ഡയറക്റായിരിക്കെ ജേക്കബ് തോമസ് കൈക്കൊണ്ട തീരുമാനങ്ങൾ അന്വേഷിക്കാൻ ധനകാര്യ പരിശോധനാ വിഭാഗത്തെ ധനകാര്യവകുപ്പ് ചുമതലപ്പെടുത്തിയത്. മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം രൂപീകൃതമായ സംഘം അന്നു നൽകിയ റിപ്പോർട്ടാണ് പുതിയ റിപ്പോർട്ട് എന്ന വ്യാജേന ഇപ്പോൾ പത്രങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത് എന്നാരോപണം ഉണ്ട്. ജേക്കബ് തോമസിന്റെ നീക്കങ്ങളിൽ അതൃപ്തരായ ഐഎഎസ് - ഐപിഎസ് ലോബിയാണ് ഇതിനു പിന്നിൽ എന്ന ആരോപണം നിലവിലുണ്ട്.

Read More >>