ജേക്കബ് തോമസ് വിഷയത്തില്‍ തല പുകച്ചു തലസ്ഥാനം; നിലപാട് വ്യക്തമാക്കി നേതാക്കള്‍

മുന്‍മന്ത്രി ഇ പി ജയരാജനെതിരായ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ജേക്കബ് തോമസ് മാറുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും മോശം പ്രതിച്ഛായ സൃഷ്‌ടിക്കുമെന്ന വിലയിരുത്തലിലാണ് സി പിഐ(എം) നേതൃത്വം

ജേക്കബ് തോമസ് വിഷയത്തില്‍ തല പുകച്ചു തലസ്ഥാനം; നിലപാട് വ്യക്തമാക്കി നേതാക്കള്‍

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നൽകിയ കത്തിനെക്കുറിച്ച് തലസ്‌ഥാനത്ത് തിരക്കിട്ട കൂടിയാലോചനകൾ തുടരുന്നു. 

മുന്‍മന്ത്രി ഇ പി ജയരാജനെതിരായ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ജേക്കബ് തോമസ് മാറുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും മോശം പ്രതിച്ഛായ സൃഷ്‌ടിക്കുമെന്ന വിലയിരുത്തലിലാണ് സി പിഐ(എം) നേതൃത്വം. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും പ്രതികരിച്ചു. 
വിജിലന്‍സ് ഡയ‌റക്‌ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റുന്ന കാര്യം സിപിഐ(എം) അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് പരിഗണിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന്, എകെജി സെന്ററില്‍ ഉണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യുകയും അദ്ദേഹം മാറേണ്ട സാഹചര്യം നിലവിലില്ലയെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തി ചേരുകയും ചെയ്തു.


ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്ന നിലപാടാണ് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും സ്വീകരിച്ചത്. ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും  ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നുമാണ്  വിഎസ് പ്രതികരിച്ചത്.

വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും ജേക്കബ് തോമസ് ഇന്നലെയാണ് കത്ത് നല്‍കിയത്. തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് രാവിലെ ജേക്കബ് തോമസ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ ജേക്കബ് തോമസ് വിഷയം ഇന്നും നിയമസഭയിൽ പരാമർശമായി. കണ്ണൂരിലെ അക്രമ സംഭവങ്ങളെക്കുറിച്ച് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷ അംഗം കെസി ജോസഫാണ് വിഷയം ഉന്നയിച്ചത്. സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥർ തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസത്തിലാണെന്നും അതിനാൽ ഭരണസ്തംഭനമാണെന്നുമായിരുന്നു ജോസഫിന്റെ വിമർശനം.

Read More >>