മിസ്റ്റർ ജേക്കബ് തോമസ്, കവുങ്ങിന്റെ തളപ്പുമായി തെങ്ങിൽ കയറാനിറങ്ങരുത്...

സഹാറയും ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചും കമ്പനികാര്യമന്ത്രാലയവും നിയമമന്ത്രാലയവും ഉയർത്തിയ വാദങ്ങളും യുക്തികളും എബ്രഹാമിന്റെ ധിഷണയ്ക്കു മുന്നിൽ തകർന്നു തരിപ്പണമായി. സുപ്രിംകോടതിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും അദ്ദേഹത്തിന്റെ വാദങ്ങളെ ശരിവച്ചു.

മിസ്റ്റർ ജേക്കബ് തോമസ്, കവുങ്ങിന്റെ തളപ്പുമായി തെങ്ങിൽ കയറാനിറങ്ങരുത്...

പറയാതിരിക്കാൻ വയ്യ, സർ. അതൊരു തറവേലയായിരുന്നു. ഫ്ലാറ്റിന്റെ അളവെടുക്കാൻ ഏഴു പോലീസുകാരെ പറഞ്ഞുവിട്ട്  ചാനലിൽ വാർത്ത വരുത്തി കെ എം എബ്രഹാമെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയെ നാണംകെടുത്താൻ കാണിച്ച വക്രബുദ്ധിയ്ക്ക്  വേറെ വിശേഷണമില്ല.  വിജിലൻസ് നടത്തിയ ആ പരിശോധനയിൽ ചില വീഴ്ചകളുണ്ടായി എന്ന് നിയമസഭയിൽ മുഖ്യമന്ത്രിയ്ക്കും സമ്മതിക്കേണ്ടി വന്നു.

ജേക്കബ് തോമസ് ഐപിഎസിന്റെ അഴിമതി വിരുദ്ധ പോരാട്ടം, വ്യക്തിവൈരാഗ്യം തീർക്കാനുളള കേവലമായ അധികാരപ്രയോഗവും പകവീട്ടലുകളുമായി തരംതാഴുകയാണെന്ന് കേരള മുഖ്യമന്ത്രിയ്ക്കും മനസിലായിട്ടുണ്ടാകും. വാലു പൊക്കുന്ന കാളയുടെ നെഞ്ചിടിപ്പളക്കുന്ന കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ വല്യപ്പച്ചനാണ് പിണറായി വിജയൻ.

കെ എം എബ്രഹാമിനോടു കൊരുക്കാനിറങ്ങുന്നതിനു മുമ്പ് അത്യാവശ്യം ഗൃഹപാഠം ജേക്കബ് തോമസ് നടത്തേണ്ടതായിരുന്നു. വിഷയം അഴിമതിയും അന്വേഷണവും കുറ്റപത്രവും ജയിലുമൊക്കെ ആകുമ്പോൾ ചുരുങ്ങിയ പക്ഷം അദ്ദേഹം സഹാറാ ഗ്രൂപ്പു ചെയർമാൻ സുബ്രതോ റോയിയുടെ കഥയെങ്കിലും വായിക്കണമായിരുന്നു. ആ മനുഷ്യന്റെ തീഹാർ ജയിൽവാസത്തിൽ കേരളത്തിന്റെ ധനവകുപ്പു സെക്രട്ടറിയുടെ പങ്കും.

സെബിയുടെ പൂർണ അംഗമായിരിക്കെ, 2011 ജൂൺ 23ന്  ഡോ. കെ എം എബ്രഹാം എഴുതിയ വിധിന്യായം ജേക്കബ് തോമസിനൊരു പാഠപുസ്തകമാകണം. നീതിമാനും ധർമ്മിഷ്ഠനുമായ ഒരു ഉദ്യോഗസ്ഥന്റെ വളയാത്ത നട്ടെല്ലും കുലുങ്ങാത്ത നിശ്ചയദാർഢ്യവും അസൂയപ്പെടുത്തുന്ന നിർഭയത്വവും 99 പേജുകളിലായി നിവർന്നു നിൽക്കുന്ന വിധിയെഴുത്താണത്. ഒപ്പം ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിനെഴുതിയ കത്തുകളും.

km-ABRAHAMനമുക്കു സങ്കൽപിക്കാവുന്നതിനും എത്രയോ അപ്പുറത്ത് സമ്പത്തും സ്വാധീനവും അംഗരക്ഷകരുമുളള  സഹാറാ ഗ്രൂപ്പു ചെയർമാൻ സുബ്രതോ റോയിയാണ് ഈ ഉദ്യോഗസ്ഥൻ കാരണം രണ്ടുകൊല്ലം  തീഹാർ ജയിലിൽ കിടന്നത്. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴിൽദായകനെന്ന് 2004ൽ ടൈം വാരികയുടെ ബഹുമതി കിട്ടിയ വ്യവസായപ്രമുഖനാണദ്ദേഹം. ഏറ്റവും സ്വാധീനമുളള ഇന്ത്യയിലെ 10 ബിസിനസുകാരിൽ ഒരാളെന്ന് 2012ൽ ഇന്ത്യാ ടുഡേ പ്രകീർത്തിച്ച പ്രമാണി. സ്വാഭാവികമായും അധികാരവും അധോലോകവും തമ്മിലുളള ഇടനാഴികളിൽ പലതിന്റെയും നിർമ്മാതാവു കൂടിയാണ് റോയി.

ഇന്നത്തെ ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജിയായിരുന്നു, അന്നത്തെ ധനമന്ത്രി. ആ പ്രണബ് മുഖർജിയുടെ അവിഹിത ഇടപെടലുകൾക്കെതിരെ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തുകൾ ഒരു ഗൂഗിൾ സെർച്ചിൽ ജേക്കബ് തോമസിന് വായിക്കാം.  ഉരുക്കിൽ പണിത നട്ടെല്ലു സ്വന്തമായുളളവർക്കു മാത്രം എഴുതാൻ കഴിയുന്ന കത്തുകളാണവ.

പ്രണബ് മുഖർജിയുടെയും സർവശക്തയും സർവവ്യാപിയും സർവോപരി ഉഗ്രരൂപിണിയുമായ അദ്ദേഹത്തിന്റെ ഉപദേശക ഒമിതാ കൌളിന്റെയും സമ്മർദ്ദങ്ങളെയും പ്രലോഭനങ്ങളെയും ഭീഷണികളെയും പുല്ലുപോലെ അവഗണിച്ചാണ് കെ എം എബ്രഹാം, സുബ്രതോ റോയിയ്ക്ക് തീഹാർ ജയിലിൽ ഒരു മുറി സംഘടിപ്പിച്ചു കൊടുത്തത്.

അബ്രഹാമെഴുതിയ ഉത്തരവിനെ പ്രതിരോധിക്കാൻ ഇന്ത്യയിലെ ഒന്നാംനിര കോർപറേറ്റുകൾ കോടികളെറിഞ്ഞ് കളത്തിലിറക്കിയ അഭിഭാഷകപ്രതിഭകൾക്കൊന്നും കഴിഞ്ഞില്ല. സൂത്രശാലികളും സൂക്ഷ്മബുദ്ധികളും തലച്ചോറിന്റെ ശേഷിയത്രയും ഊറ്റിപ്പിഴിഞ്ഞിട്ടും സഹാറാ ഗ്രൂപ്പിനെതിരെ അദ്ദേഹം നിരത്തിയ വാദങ്ങളെയോ എത്തിച്ചേർന്ന തീർപ്പുകളെയോ അസ്ഥിരപ്പെടുത്താനായില്ല.

സഹാറയും ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചും കമ്പനികാര്യമന്ത്രാലയവും നിയമമന്ത്രാലയവും ഉയർത്തിയ വാദങ്ങളും യുക്തികളും എബ്രഹാമിന്റെ ധിഷണയ്ക്കു മുന്നിൽ തകർന്നു തരിപ്പണമായി. സുപ്രിംകോടതിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും അദ്ദേഹത്തിന്റെ വാദങ്ങളെ ശരിവച്ചു. അങ്ങനെയാണ് സുബ്രതോ റോയിയ്ക്ക് മേൽവിലാസം തീഹാർ ജയിലെന്നു തിരുത്തേണ്ടി വന്നത്. ഈ ഉത്തരവു പുറത്തിറങ്ങിയ ഒരു മാസത്തിനുളളിൽ സെബിയിൽ നിന്ന് അദ്ദേഹം പുറത്താവുകയും ചെയ്തു. അബ്രഹാമിന്റെ സർവീസ് നീട്ടിക്കൊടുക്കണമെന്ന സെബിയുടെ ശിപാർശ ധനമന്ത്രാലയം തളളി.

രാജ്യഭരണത്തിന്റെ പൂട്ടും താക്കോലും കൈവെളളയിലുളള റിലയൻസിനെതിരെയും ധീരമായ നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് കെ എം അബ്രഹാം. ഓഹരി വിപണിയിൽ അംബാനിമാർ നടത്തുന്ന കള്ളക്കളികൾ തുറന്നുകാട്ടപ്പെട്ടു. അംബാനിമാർക്കെതിരെ അന്വേഷണം നടന്നതും പിഴ ചുമത്തിയതും ഇന്ത്യയിലെ കോർപറേറ്റ് ലോകത്തിനുമീതെ വീണ വെള്ളിടികളായിരുന്നു. അവരുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയിരുന്നെങ്കിൽ ലോകത്തെവിടെയും അയ്യായിരമോ പതിനായിരമോ കോടി രൂപ അദ്ദേഹത്തിനു നിക്ഷേപമായി ലഭിക്കുമായിരുന്നു. ആ സാധ്യതയെ പുറംകാലുകൊണ്ട് തൊഴിച്ചു കളഞ്ഞാണ്, തിരുവനന്തപുരത്ത് ജഗതിയിലെ മില്ലേനിയം ഫ്ലാറ്റിൽ താമസിക്കാനും കേരളത്തിന്റെ ധനകാര്യ സെക്രട്ടറിയായി ജോലി ചെയ്യാനും കെ എം എബ്രഹാം തീരുമാനിച്ചത്.

പോക്കറ്റിൽ നിറമുള്ള കാർഡുകളുമിട്ട് കെ എം എബ്രഹാം ആർക്കുമെതിരെ പത്രസമ്മേളനം നടത്തിയില്ല. ഗിമ്മിക്കുകളുടെ ബലൂൺ ഊതിപ്പെരുപ്പിച്ചല്ല, അദ്ദേഹം കഴിവു തെളിയിച്ചത്. സ്വന്തം ബുദ്ധിശക്തിയിലും നിലപാടുകളിലും അടിയുറച്ചു നിന്നുകൊണ്ട് ഏറ്റെടുത്ത ഉത്തരവാദിത്തം സത്യസന്ധമായി നിറവേറ്റിയപ്പോൾ അത്ഭുതാദരങ്ങൾ സ്വയംഭൂവാവുകയായിരുന്നു. സത്യാന്വേഷകനുവേണ്ട അപാരമായ ബുദ്ധിയും ഏകാഗ്രതയോടെ കഠിനാധ്വാനം ചെയ്യാനുളള നിശ്ചയദാർഢ്യവും പഴുതുകളടച്ച വിശകലനപാടവവും തനിക്കുണ്ടെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചിട്ടുണ്ട്, കെ എം അബ്രഹാം. അക്കാര്യത്തിൽ അദ്ദേഹത്തിനു സമശീർഷരായി അധികംപേരില്ല.

അങ്ങനെയൊരാൾ, തന്റെ ഫ്ലാറ്റിലെ മുറികളുടെ നീളവും വീതിയുമളക്കാൻ ഏഴു പോലീസുകാരെ ജേക്കബ് തോമസ് നിയോഗിച്ചുവെന്ന വാർത്ത ചാനലുകളിൽ കണ്ടാലുടനെ വിരണ്ടുപോകുന്ന കാര്യം സംശയമാണ്. അത്തരമൊരു തറവേല പയറ്റുന്നതിന്റെ കാര്യകാരണങ്ങളറിയാൻ കവടി നിരത്തേണ്ട കാര്യം പിണറായി വിജയനുമില്ല.

ഇവിടെ ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധപ്പോരാട്ടത്തിന്റെ സത്യസന്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മറവിൽ, കിട്ടിയ അധികാരമുപയോഗിച്ച് മനസിൽ കുറിച്ചിട്ട പഴയ കണക്കുകൾ തീർക്കുകയാണോ അദ്ദേഹമെന്ന് ശങ്കിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. അങ്ങനെയാണെങ്കിൽ, പരിഹാസ്യരാകുന്നത് ജേക്കബ് തോമസിനെ വിശ്വസിച്ച ജനങ്ങളും സർക്കാരുമാണ്. ഏതായാലും ധനവകുപ്പു സെക്രട്ടറിയുടെ കണ്ണിൽപ്പെടാതെ വിജിലൻസ് ഡയറക്ടർ ഒരകലം സൂക്ഷിക്കുന്നത് നല്ലതാണ്. കാൺപൂർ ഐഐടിയിൽ നിന്നുള്ള ബിരുദത്തിനും അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ നിന്നുള്ള പിഎച്ച്ഡിയ്ക്കും പുറമെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും അബ്രഹാമിനുണ്ടെന്നൊരു കേൾവിയുണ്ട്.

കോടതിയിലെത്തുന്ന കുറ്റപത്രങ്ങളിലാണ് ജേക്കബ് തോമസിന്റെ മികവും മിടുക്കും തെളിയേണ്ടത്. ബ്രേക്കിംഗ് ന്യൂസുകളിലും ചാനൽ ഫ്ലാഷുകളിലുമല്ല. അതിനു പണി വേറേയെടുക്കണം. പക വീട്ടാൻ, ഇരുട്ടിന്റെ മറവിൽ എതിരാളികളുടെ കുടിവെള്ളത്തിൽ വിസർജ്യം കലക്കുന്നവരുണ്ട്. അതിലെന്തു മിടുക്ക്?

അത്തരമൊരു ഇരുട്ടല്ല, വിജിലൻസ് ഡയറക്ടറുടെ അധികാരം. തെളിച്ചു പറഞ്ഞാൽ, ഭാരിച്ച ചുമതലകളേറ്റിരിക്കുന്നവരുടെ ബുദ്ധിസ്ഥിരതയ്ക്കു നേരെ ചോദ്യചിഹ്നമുയരുന്ന അവസ്ഥയുണ്ടാകുന്നത് തികച്ചും പരിതാപകരമാണ്.