ചന്ദ്രികയിലെ പ്രതിസന്ധിക്കു പിന്നിൽ ലീഗിലെ അധികാരത്തർക്കവും; അണികളുടെ വികാരം മാനിച്ച് കുഞ്ഞാലിക്കുട്ടി

ചന്ദ്രികയുടെ പ്രതിസന്ധിയിൽ അബ്ദുൾവഹാബിന്റെ പങ്കെന്ത്? കുഞ്ഞാലിക്കുട്ടി വീണ്ടും രക്ഷകവേഷമണിയുമോ? പത്രം ആധുനീകരിക്കുക എന്ന മുൻ എഡിറ്റർ ചെറൂപ്പയുടെയും മുൻ ജനറൽ മാനേജർ മുഹമ്മദ് കക്കോടന്റെയും ലക്ഷ്യം സാധിതപ്രായമാകുമോ? ചന്ദ്രിക ഓഫീസ് സ്ഥിതി ചെയ്യുന്ന കോഴിക്കോട് കണ്ണൂർ റോഡിലെ കണ്ണായ സ്ഥലം ലീഗിനു നഷ്ടപ്പെടുമോ? ലീഗ് അണികളിൽ ചോദ്യങ്ങൾ ഉയരുകയാണ്.

ചന്ദ്രികയിലെ പ്രതിസന്ധിക്കു പിന്നിൽ ലീഗിലെ അധികാരത്തർക്കവും; അണികളുടെ വികാരം മാനിച്ച് കുഞ്ഞാലിക്കുട്ടി

കെ ജി ബിജു, സെബിൻ ഏബ്രഹാം ജേക്കബ്

യുഡിഎഫ് സർക്കാരിൽ കനപ്പെട്ട വകുപ്പുകൾ ഭരിച്ച അഞ്ചു മന്ത്രിമാർ. ഗൾഫിലും നാട്ടിലുമുളള കോടീശ്വരന്മാരായ വ്യവസായികളുമായി ഉറ്റബന്ധമുള്ള നേതാക്കളുള്ള പാർടി. പരമ്പരാഗത പാർടിക്കാരുടെ പ്രാണനായ മുഖപത്രം. ആ പത്രത്തിലെ ജീവനക്കാരാണ് കഴിഞ്ഞ രണ്ടുമാസമായി ശമ്പളം കിട്ടാതെ നെട്ടോട്ടമോടുന്നത്.

ഏറ്റവും അവിശ്വസനീയമായ ഒരു കെട്ടുകഥയെക്കാൾ വിചിത്രമാണ് ചന്ദ്രികയുടെ സാമ്പത്തിക മാനേജ്മെന്റ്. മുസ്ലിംലീഗിന്റെ പത്രത്തിലെ ജീവനക്കാർക്ക് പെരുന്നാളിന് ശമ്പളമില്ലായിരുന്നു  എന്നതിനെക്കാൾ അവിശ്വസനീയമായ വാർത്തയെന്തുണ്ട്? നിലവിൽ കൊച്ചിയിലും മലപ്പുറത്തുമുള്ള ജീവനക്കാർക്കു മാത്രമാണ് ശമ്പളം കിട്ടുന്നത്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എഡിഷനുകളിലെ ജീവനക്കാർക്കു ശമ്പളമില്ല. പ്രതിസന്ധിയെത്തുടർന്ന് കോട്ടയം ബ്യൂറോ പൂട്ടി. അവിടെ ജീവനക്കാരുണ്ട്. പക്ഷേ,  ശമ്പളമില്ല. വാടക കുടിശിക പെരുകിക്കയറിയതു മൂലം വടകര ബ്യൂറോ പ്രവർത്തിച്ച കെട്ടിടം ഉടമസ്ഥർ താഴിട്ടുപൂട്ടി എന്നു പറഞ്ഞാൽ മലപ്പുറത്തെ ലീഗണികൾക്ക് വിശ്വസിച്ചേ മതിയാകൂ.


ഒരു മാനേജ്മെന്റിനു കീഴെ പ്രവർത്തിക്കുന്ന ചില എഡിഷനിലെ ജീവനക്കാർക്കു ശമ്പളം. മറ്റു ചിലർക്ക് പെരുന്നാളിനു പോലും ശമ്പളമില്ല. എന്തുകൊണ്ടങ്ങനെ? അവിടെയാണ് ചന്ദ്രിക മാനേജ്മെന്റിന്റെ ഓഫീസ് ശൈലി തീർത്തും വിചിത്രമാവുന്നത്. കൊച്ചിയിലും മലപ്പുറത്തും പത്രത്തിനു വരവുണ്ട്. പക്ഷേ, ആ വരവിന് കണക്കൊന്നുമില്ല എന്നു പറയുന്നു, ചില ജീവനക്കാർ. ആരൊക്കെയോ നിയന്ത്രിക്കുന്ന കറണ്ട് അക്കൗണ്ടുകളിലേക്കാണ് ഇതൊക്കെ പോകുന്നത്.

വരവും ചെലവും കേന്ദ്രീകൃതമായി പരിപാലിക്കുന്ന ശീലം ചന്ദ്രികയിലില്ല . അതുപോലെയാണ് ഗൾഫിന്റെ കാര്യവും. ഗൾഫിലേയ്ക്കുള്ള പത്രം ടൈപ്പ് സെറ്റ് ചെയ്ത് കയറ്റി വിടുന്നത് കേരളത്തിൽ നിന്നാണ്. പക്ഷേ, ആ വകയിൽ ഒരു വരവും കേരളത്തിലേയ്ക്കില്ല. ഏതോ അജ്ഞാത അക്കൗണ്ടിലേയ്ക്കാണത്രേ ആ പണവും പോകുന്നത്. മദർബോർഡിലേക്ക് ആ പണം വരുന്നില്ല എന്നാണ് ജീവനക്കാർ പറയുന്നത്. ചന്ദ്രിക ഗൾഫ് എഡിഷൻ സ്ഥാപിച്ചത് കെഎംസിസിയുടെ മേൽനോട്ടത്തിലും.

ലാഭമുള്ള എഡിഷനുകളുടെ വരുമാനം കൈക്കലാക്കുന്നവർക്ക് മറ്റ് എഡിഷനുകളിലെ ജീവനക്കാർ എങ്ങനെ ജീവിച്ചാലും പ്രശ്നമല്ല. ആ മനോഭാവമാണ് യഥാർത്ഥത്തിൽ രണ്ടുമാസമായി ശമ്പളമില്ലാതെ കഴിയേണ്ട സ്ഥിതിയിലേയ്ക്ക് മറ്റു ജീവനക്കാരെ എത്തിച്ചത്. എല്ലാം ഒറ്റ സംവിധാനത്തിലാക്കാൻ ശ്രമിച്ചിരുന്നു, പഴയ എഡിറ്റർ ടി പി ചെറൂപ്പ. മുഹമ്മദ് കക്കോടൻ എന്ന ഡയറക്ടർ ബോർഡ് അംഗത്തിന്റെ പിന്തുണയും ചെറൂപ്പയ്ക്കുണ്ടായിരുന്നു. ഇതിനാവശ്യമായ ഒരു സോഫ്റ്റുവെയർ രൂപകൽപന ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ലീഗ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു ചെറൂപ്പയും, അബ്ദുൽ വഹാബുമായി വഴക്കിട്ട് മുഹമ്മദ് കക്കോടനും ചന്ദ്രികയുടെ പടിയിറങ്ങിയപ്പോൾ എല്ലാത്തിനും ഫുൾസ്റ്റോപ്പു വീണു.

ലീഗ് ഭരിച്ചിട്ടും ചന്ദ്രിക രക്ഷപെട്ടില്ല

പത്രം നടത്തണമെന്നാണു നിലവിലുള്ള ഭൂരിപക്ഷം പാർടി നേതാക്കൾക്കും താൽപര്യമെന്ന് തുറന്നു പറയുന്നു, ചന്ദ്രികയിലെ ജീവനക്കാർ. പ്രതിസന്ധി ഘട്ടങ്ങളിൽ കുഞ്ഞാലിക്കുട്ടിയാണ് സഹായഹസ്തവുമായി എത്തിയിരുന്നത്. പത്രത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ടായിരുന്ന കാലത്ത് എങ്ങനെയെങ്കിലുമൊക്കെ ശമ്പളം സംഘടിപ്പിച്ചു കൊടുക്കുമായിരുന്നത്രേ.

പത്രവരുമാനത്തിൽ നിന്നല്ല ശമ്പളച്ചെലവ്. ലീഗിനെ സഹായിക്കുന്ന  കോടീശ്വരന്മാരുടെ ദയാവായ്പു കൊണ്ടാണ് ചന്ദ്രികയിലെ ജീവനക്കാർ മിക്കപ്പോഴും കുടുംബം പോറ്റുന്നത്. അങ്ങനെയൊരു കൈവഴി ചന്ദ്രികയിലേയ്ക്കു വെട്ടിവെച്ചത്  കുഞ്ഞാലിക്കുട്ടിയും.

ഡയറക്ടർ ബോർഡിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ചന്ദ്രികയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന പതിവ് കുഞ്ഞാലിക്കുട്ടി നിർത്തലാക്കി. അതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ചെറൂപ്പയ്ക്കും മുഹമ്മദ് കക്കോടനും പകരം വന്നവരോട് കുഞ്ഞാലിക്കുട്ടിയ്ക്ക് വലിയ മതിപ്പില്ലെന്നതും ഒരു കാരണമായി പറയുന്നുണ്ട്.

ഭൂമിയെച്ചൊല്ലി സംഘർഷം, കോഴിക്കോട് ചന്ദ്രിക വഹാബിന്റെ കൈയിലെത്തുമോ?

ചന്ദ്രിക ദിനപത്രത്തെ രക്ഷിക്കാൻ ഡയറക്ടർ ബോർഡ് അംഗവും രാജ്യസഭാ എം പിയുമായ പി വി അബ്ദുൽ വഹാബിന്റെ കൈവശം ഒരു ഫോർമുലയുണ്ട്. കോഴിക്കോട് കണ്ണൂർ റോഡിലുളള ചന്ദ്രികയുടെ ഓഫീസും പ്രസും സ്ഥിതി ചെയ്യുന്ന 56 സെന്റ് സ്ഥലം വഹാബിനു നൽകുക. പകരം രാമനാട്ടുകരയിലെ കാക്കഞ്ചേരിയിൽ സ്ഥലം ലീസിനെടുത്ത് ഓഫീസും പ്രസും സ്ഥാപിച്ചു നൽകും. അഞ്ചുകോടിയോളം രൂപയുടെ കടബാധ്യതയും വഹാബ് ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്തുവത്രേ.

എന്നാൽ ആ വാഗ്ദാനം ജീവനക്കാരും ലീഗ് നേതൃത്വവും തള്ളി. കോഴിക്കോട് നഗരത്തിലെ കണ്ണായ സ്ഥലത്ത് ഇൻഡസിനു വേണ്ടി ഒരു ഷോപ്പിംഗ് കോംപ്ലക്സ് വഹാബിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. ഏതാണ്ട് ഒരു വർഷം മുമ്പും അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ സംഘടിതമായ എതിർപ്പിനു മുന്നിൽ വഹാബിന്റെ നിർദ്ദേശം നടപ്പായില്ല.

1935 ജൂൺ 19ന് സ്ഥാപിച്ച മുസ്ലിം പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനിയാണ് ചന്ദ്രിക പത്രം പ്രസിദ്ധീകരിക്കുന്നത്. പുളിക്കൽ വീട്ടിൽ അബ്ദുൽ വഹാബ് കമ്പനിയുടെ ഡയറക്ടർ ബോർഡിലെത്തിയത് 2002 ഒക്ടോബറിൽ. ലീഗിലേയ്ക്ക് വഹാബിനെ കൈപിടിച്ചു കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടി. ഇതേ വഹാബ് 2012ൽ പള്ളിക്കര ഇബ്രാഹീംഹാജി അബ്ദുള്ള എന്ന വൻ വ്യവസായ പ്രമാണിയെക്കൂടി ലീഗ് ഡയറക്ടർ ബോർഡിലെത്തിച്ചു. 11 കമ്പനികളിലാണ് വഹാബിന് ഉടമസ്ഥതയെങ്കിൽ ഇബ്രാഹിംഹാജി അബ്ദുള്ളയുടെ കൈവശം മലബാർ ഗോൾഡ് അടക്കം 20 കമ്പനികളുണ്ട്. ഇവരെക്കൂടാതെ സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ, ഇ അഹമ്മദ്, പി കെ കെ ബാവ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ളത്.

സാമ്പത്തിക സ്ഥിതി നോക്കിയാൽ ബോർഡ് അംഗങ്ങളായ രണ്ടുപേർക്ക്, ലീഗിനെ മൊത്തം വിഴുങ്ങാനുള്ള ശേഷിയുണ്ട്. ചന്ദ്രിക പോലൊരു സ്ഥാപനം എല്ലാ സാമ്പത്തികബാധ്യതയും പരിഹരിച്ച് ഒരു പ്രയാസവുമില്ലാതെ പി വി അബ്ദുൽ വഹാബിനും ഇബ്രാഹിംഹാജിയ്ക്കും നടത്തിക്കൊണ്ടുപോകാവുന്നതേയുള്ളൂ. എന്നാൽ ഭൂരിപക്ഷം മുസ്ലിംലീഗ് അണികൾക്കും അതിൽ താൽപര്യമില്ല.

പുത്തൻകൂറ്റു പണക്കാരുടെ താൽപര്യങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്ന ശക്തമായ അഭിപ്രായം ലീഗിന്റെ താഴേത്തട്ടിൽ ഇപ്പോഴും ശക്തമാണ്. എന്തൊക്കെ ആരോപണങ്ങൾക്ക് ഇരയാകുമ്പോഴും, ഏറനാടൻ മാപ്പിളയുടെ രാഷ്ട്രീയ നന്മ എങ്ങനെയൊക്കെയോ അടിത്തട്ടിൽ നിന്ന് മുകളറ്റം വരെ ഇപ്പോഴും ലീഗിനെ ചുറ്റിവരിയുന്നുണ്ട്. ആ കെട്ടുപൊട്ടിക്കുക അത്ര എളുപ്പമല്ല. പെരുന്നാളിനു പട്ടിണി കിടന്നാലും കോഴിക്കോട്ടെ ചന്ദ്രികയുടെ മണ്ണു വിട്ടുകൊടുക്കില്ല എന്നു തീരുമാനിക്കുന്ന  ജീവനക്കാർക്കൊപ്പം നിൽക്കാൻ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ളവരുണ്ട്. അതും ലീഗു രാഷ്ട്രീയത്തിന്റെ സവിശേഷതയായിത്തന്നെ കാണണം.

ചന്ദ്രികയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കണ്ണായ സ്ഥലങ്ങൾ പലതും മറ്റുള്ളവരുടെ കൈവശമെത്തിയ കഥകളറിയുന്നവരും ഭൂമി കൈമാറ്റത്തിന് എതിരാണ്. കൊച്ചിയിൽ ഹൈക്കോടതിയ്ക്കടുത്ത് ചന്ദ്രികയുടെ പേരിലുണ്ടായിരുന്ന സ്ഥലം തുച്ഛമായ വിലയ്ക്കാണ് വിറ്റത്. അതുപോലെ കോഴിക്കോട് ചന്ദ്രികയ്ക്കു സമീപം പുതിയ പിട്ടാപ്പള്ളിൽ ഷോറൂമിന്റെ എതിർവശത്തും ചന്ദ്രികയുടെ പേരിൽ സ്ഥലമുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. ഈ സ്ഥലത്തിന്റെ അടിയാധാരംതന്നെ ചന്ദ്രികയിൽ നിന്നു കടത്തിയാണ് രഹസ്യക്കച്ചവടം നടന്നതെന്നാണ് കിംവദന്തി. നിലവിൽ ഒരു  വമ്പൻ വ്യവസായ ഗ്രൂപ്പിന്റെ കൈയിലാണ് മാർത്തോമാ പള്ളിയോടു ചേർന്നിരിക്കുന്ന ഈ സ്ഥലം. കോഴിക്കോട് ബീച്ചിലും ചന്ദ്രികയ്ക്കു സ്ഥലമുണ്ടായിരുന്നുവെന്നും ഇപ്പോഴിത് ആരുടെ പേരിലാണെന്ന് അറിയില്ലെന്നും ജീവനക്കാരിൽ ചിലർ അടക്കം പറയുന്നുണ്ട്.

പാണക്കാടു തങ്ങളുടെ പ്രഥമ പരിഗണന സമസ്തയ്ക്ക്

മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എസ്‌വൈഎസ് (ഇകെ വിഭാഗം) പ്രസിഡന്റു കൂടിയാണ്. സമസ്തയുടെ കീഴിലുള്ള സുപ്രഭാതം പത്രത്തിന്റെ ചെയർമാനും ഇദ്ദേഹമാണ്. സുപ്രഭാതത്തിന് ഒരാവശ്യം വന്നപ്പോൾ 40 ലക്ഷം രൂപയുടെ സഹായമാണ് വഹാബ് നൽകിയത് എന്ന് ചന്ദ്രിക ജീവനക്കാർ തന്നെ പറയുന്നു. ഇത് ഹൈദരലി തങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നുവത്രേ.

ഏതായാലും കഴിഞ്ഞ രണ്ടുവർഷമായി കുഞ്ഞാലിക്കുട്ടിയും വഹാബും തമ്മിൽ മുന്നാളാണ്. അതിനു സമസ്തയിലെ തർക്കങ്ങളും വഴിമരുന്നിട്ടിട്ടുണ്ട്. പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ ലീഗനുകൂല നിലപാടുകളിൽ നിന്ന് പുറന്തിരിഞ്ഞുനിന്ന് ലീഗിനോടു കണക്കുചോദിക്കുന്ന സമീപനമാണ് കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയിലെ പുതിയ അധികാരകേന്ദ്രങ്ങൾ തുടരുന്നത്.

യുവജനരംഗത്ത് അബ്ദുൾഹമീദ് ഫൈസി അമ്പലക്കടവ്, വിദ്യാർത്ഥി മുന്നണിയിൽ സത്താർ പന്തല്ലൂർ, നാസർ ഫൈസി കൂടത്തായി തുടങ്ങിയവരാണ് ഇതിനു നേതൃത്വം നൽകുന്നത്. ഇത്തരം നീക്കങ്ങളോടു മൃദുസമീപനമാണ് ഹൈദരാലി ശിഹാബ് തങ്ങൾ പുലർത്തുന്നത്. ബാപ്പു മുസ്ലിയാരുടെ ഒരു ലേഖനം തിരസ്കരിച്ചതാണ് ചെറൂപ്പയുടെ പുറത്തേക്കുള്ള പോക്കിനെ ത്വരിതപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

മുമ്പ് അഖിലേന്ത്യാ ലീഗുകാരനായിരുന്ന ചെറൂപ്പയെ കുഞ്ഞാലിക്കുട്ടി ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമത്തിൽ നിന്നു മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിലേക്ക് എത്തിക്കുന്നതു തന്നെ പത്രം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ആ പ്രൊഫഷണൽ സമീപനത്തിന്റെ ഭാഗമായാണ് സമുദായത്തർക്കങ്ങൾക്ക് പത്രത്തിൽ പ്രാധാന്യം നൽകേണ്ടതില്ലെന്ന തീരുമാനം ചെറൂപ്പ കൈക്കൊണ്ടത്.

എന്നാൽ അത് ഇകെ വിഭാഗത്തെ അവമതിക്കുന്നതായാണ് സമസ്ത വിലയിരുത്തിയത്. എ പി കുഞ്ഞാമുവിനെക്കൊണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ലേഖനമെഴുതിച്ചതും ചെറൂപ്പയാണെന്ന് ഇവർ ഉറച്ചുവിശ്വസിച്ചു. ഇതു സമുദായങ്ങൾക്കിടയിൽ ശൈഥില്യത്തിനു വഴിവച്ചു എന്നാണ് അവരുടെ വിലയിരുത്തൽ. സമസ്തയുടെ ഇഷ്ടക്കേടിനു വിധേയമായതോടെ അദ്ദേഹത്തിനു പുറത്തേക്കുള്ള വഴി കാട്ടുകയായിരുന്നു, പാണക്കാട് കുടുംബം.

ഈ സാഹചര്യം വഹാബ് നന്നായി മുതലെടുക്കുന്നുണ്ട് എന്നാണു അണിയറ വർത്തമാനം. കെ പി എ മജീദിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കം ഹൈദരലി തങ്ങളെ സ്വാധീനിച്ച് അട്ടിമറിച്ചു കൊണ്ടാണ് ലീഗിനുള്ളിലെ അധികാരരാഷ്ട്രീയത്തിന്റെ അമരം വഹാബ് പിടിച്ചെടുക്കുന്നത്. ഇ അഹമ്മദ് പ്രായാധിക്യം മൂലം നിശബ്ദനായതോടെയാണ് എം കെ മുനീറും കെ എം ഷാജിയും അടങ്ങുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയുടെ നേതൃത്വത്തിലേക്ക് വഹാബ് കടന്നുവരുന്നത്. പി കെ ഫിറോസ്, അഷ്റഫ് അലി എന്നിവർക്കെതിരെ സമസ്താവിരുദ്ധർ എന്നാക്ഷേപിച്ചു നടന്ന ആക്രമണങ്ങൾ പോലും കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടന്ന നീക്കങ്ങളായിരുന്നു. കുഞ്ഞാലിക്കുട്ടിയാണ് ഇരുവരെയും ലീഗ് യുവജന വിദ്യാർത്ഥി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ ബന്ധുകൂടിയായ കക്കോടൻ മുഹമ്മദ് 2010-'11ൽ ചന്ദ്രികയുടെ ജനറൽ മാനേജർ ആയി എത്തിയത്. അദ്ദേഹം ജിഎം ആയി ചാർജ് എടുത്ത ഘട്ടത്തിൽ വഹാബുമായി പരസ്യമായ തർക്കമുണ്ടാവുകയും ജീവനക്കാരുടെ മുമ്പിൽ വച്ച് അദ്ദേഹം വഹാബിനോടു കയർക്കുകയും ചെയ്തിരുന്നു. തുടർന്ന് വഹാബിന്റെയും ഇബ്രാഹിം ഹാജിയുടെയും സമ്മർദ്ദത്തിൽ കക്കോടനേയും ചന്ദ്രികയിൽ നിന്നു കെട്ടുകെട്ടിച്ചു.  2015 അവസാനം കുഞ്ഞാലിക്കുട്ടി ഇടപെട്ട് ഇദ്ദേഹത്തെ വീണ്ടും ചന്ദ്രികയിൽ എത്തിച്ചെങ്കിലും സെയ്തലവി മുതൽപ്പേരുടെ എതിർപ്പു മൂലം നാലുമാസം മുമ്പ് ഇദ്ദേഹത്തിന് രണ്ടാമതും പുറത്തുപോകേണ്ടിവന്നു.

പൂർണ്ണസമയ രാഷ്ട്രീയക്കാർ പത്രപ്രവർത്തകരാവുമ്പോൾ...


ഈ തർക്കങ്ങളിൽ കാര്യമായ പങ്കുവഹിച്ച മറ്റൊരാൾ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയായ നജീബ് കാന്തപുരമാണ്. ചന്ദ്രികയിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ആയിരിക്കുമ്പോഴാണ് ഇദ്ദേഹം കഴിഞ്ഞതിന്റെ മുന്നിലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തിലേക്കു മത്സരിക്കുന്നത്.

സംഘടനാപ്രവർത്തനം മൂലം അല്ലാതെ തന്നെ നജീബിന് പല ദിവസവും പത്രത്തിൽ ശ്രദ്ധിക്കാൻപറ്റാതെ വരുന്നുണ്ടായിരുന്നു. ആ ഘട്ടത്തിൽ പത്രപ്രവർത്തനവും പഞ്ചായത്ത് മെമ്പർ പണിയും കൂടി ഒരേ സമയം നടക്കില്ലെന്നും ഏതെങ്കിലും ഒന്നിൽ ശ്രദ്ധിക്കണമെന്നും ചെറുപ്പ നജീബിനോട് ആവശ്യപ്പെട്ടിരുന്നു. നജീബ് അതു ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ചെറൂപ്പയെ ചന്ദ്രികയിൽ നിന്നു കെട്ടുകെട്ടിക്കുമെന്ന് ന്യൂസ് റൂമിൽ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ ടേമിൽ അദ്ദേഹം ജില്ലാ പഞ്ചായത്ത് മെമ്പറാണ്. പത്രത്തിൽ പണിയെടുക്കാൻ തീർത്തും സമയമില്ലാത്ത അവസ്ഥ. ഇതിനെ ചെറൂപ്പ ചോദ്യം ചെയ്തതോടെ ഇവർക്കിടയിലെ കാലുഷ്യം ഉച്ചസ്ഥായിലായി.

ചന്ദ്രികയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ നജീബ് കാന്തപുരം ചന്ദ്രികയിലെ കേരള പത്രപ്രവർത്തക യൂണിയന്റെ (കെയുഡബ്ള്യുജെ) യൂണിറ്റ് നേതൃത്വത്തിലേക്കു കടന്നുവന്നു. നജീബ് പ്രസിഡന്റും ലുക്മാൻ മമ്പാട് സെക്രട്ടറിയുമായ പുതിയ കമ്മിറ്റി ചെറൂപ്പയ്ക്കും മുഹമ്മദ് കക്കാടനും എതിരെ പാണക്കാടു തങ്ങൾക്കു മുമ്പിൽ വലിയ കുറ്റപത്രമാണ് സമർപ്പിച്ചത്.

സ്വജനപക്ഷപാതം, അനർഹർക്കു പ്രൊമോഷൻ, അനാവശ്യമായ ട്രാൻസ്ഫർ തുടങ്ങിയ ആരോപണങ്ങളാണ് അവർ നിരത്തിയത്. യൂണിയൻ നേതാക്കളെന്ന നിലയിലെ ഇവരുടെ പരാതി കൂടി പരിഗണിച്ചാണ് ചെറൂപ്പയേയും കക്കോടനേയും ചന്ദ്രികയിൽ നിന്നു പുറത്താക്കുന്നത്. വ്യക്തിവിദ്വേഷവും നേതൃബാന്ധവവും കൂടിച്ചേർന്നപ്പോൾ പത്രം നന്നാക്കാനുള്ള ശ്രമത്തിനു കർട്ടൻ വീഴുകയായിരുന്നു.

ഇതോടെ ചന്ദ്രികയുടെ ആസ്തിബാധ്യതകളെക്കുറിച്ചൊന്നും കുഞ്ഞാലിക്കുട്ടി അന്വേഷിക്കാതെയായി. നേരത്തെ ഇത്തരം കാര്യങ്ങളിലൊക്കെ കൃത്യമായ ശ്രദ്ധ കൊടുക്കുകയും ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുകയും ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. ഇപ്പോഴാകട്ടെ കുടിശികയൊന്നും കൊടുക്കുന്നില്ലെന്നു മാത്രമല്ല, തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് ഇനത്തിൽ ഒന്നരക്കോടി രൂപയോളം അടയ്ക്കാനുമുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അറസ്റ്റ് വാറണ്ട് പോയതോടെയാണ് കഴിഞ്ഞ മാസം അടിയന്തിര ഡയറക്റ്റർ ബോർഡ് കൂടി തങ്ങളെ മോചിപ്പിക്കുന്നതിനു വേണ്ടി പിഎഫ് അടയ്ക്കുന്നതിനു തീരുമാനമെടുത്തത്. ഇപ്പോഴും ആ തുക അടച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ഇനി ഭരണമില്ലാക്കാലം; ഭൂമി കൊടുത്തില്ലെങ്കിൽ വഹാബും കനിയില്ല; പിന്നെയെന്തു പോംവഴി?

മുപ്പതുകളിലെ എഡിറ്റോറിയൽ ശീലങ്ങളുമായാണ് ഇന്നും ചന്ദ്രിക പുറത്തിറങ്ങുന്നത് എന്ന വിമർശനം ജീവനക്കാരിൽത്തന്നെയുണ്ട്. പഴയ രീതികൾ ഉപേക്ഷിച്ച് മുഖ്യധാരാ ദിനപ്പത്രത്തിനു വേണ്ട പ്രൊഫഷണൽ മികവോടെ പുറത്തിറങ്ങിയാൽ കേരളത്തിൽ ഏറ്റവും കൂടുതൽ പരസ്യവരുമാനമുള്ള പത്രമായിരിക്കും ചന്ദ്രിക. കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്നൊരു ഫോൺ സന്ദേശം മതി, സകല കടബാധ്യതയും തീർക്കാനുള്ള പണം ചന്ദ്രികയുടെ ഖജനാവിൽ നിറയാൻ.

പത്രത്തെ ആധുനീകരിക്കുകയും ശമ്പള വിതരണത്തിന് ചെറൂപ്പ തുടങ്ങി വെച്ച കേന്ദ്രീകൃത സംവിധാനം നടപ്പിലാക്കുകയും ചെയ്താലേ ഈ പ്രതിസന്ധി ശാശ്വതമായി തരണം ചെയ്യാൻ കഴിയൂ. അതിനാദ്യം, പാർടിയ്ക്കു പത്രം വേണമെന്ന തോന്നൽ പാർടിയുടെ നേതാക്കളിൽ ഉണ്ടാവുകയാണ് വേണ്ടത്. യുഡിഎഫിലെ രണ്ടാം കക്ഷിയെന്ന നിലയിൽ നേതാക്കളുടെ പബ്ലിസിറ്റിഭ്രമം ഒരു പരിധി വരെ മുഖ്യധാരാ മാധ്യമങ്ങൾ തൃപ്തിപ്പെടുത്തുന്നുണ്ട്. പിന്നെന്തിന് ചന്ദ്രിക എന്നൊരു തോന്നൽ ചില നേതാക്കൾക്കെങ്കിലുമുണ്ടെന്നാണ് ആക്ഷേപം.

ലീഗു കണ്ട ഏറ്റവും മികച്ച സംഘാടകനായ കുഞ്ഞാലിക്കുട്ടി വീണ്ടും പത്രത്തിന്റെ കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങിയത് നല്ല ലക്ഷണമായി പലരും കാണുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ വെളുത്ത പുക ഉയരുക തന്നെ ചെയ്യുമെന്നാണ് ചന്ദ്രികയിലെ ജീവനക്കാർ പ്രതീക്ഷിക്കുന്നത്.

Read More >>