ക്വട്ടേഷനുണ്ടോ ഏരിയാ സെക്രട്ടറി സഖാവേ ഒരു ഭീഷണിയെടുക്കാന്‍?

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ തൃക്കാക്കര മുന്‍ അസി. കമ്മീഷണര്‍ ബിജോ അലക്സാണ്ടറായിരുന്നു സക്കീര്‍ ഹുസൈനെ അതിരുവിട്ടു സഹായിച്ചിരുന്നതെന്ന് നേരത്തെ മുതല്‍ ആരോപണം ഉണ്ടായിരുന്നുവെങ്കിലും അധികൃതര്‍ ഇരുവരെയും സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിരുന്നത്.

ക്വട്ടേഷനുണ്ടോ ഏരിയാ സെക്രട്ടറി സഖാവേ ഒരു ഭീഷണിയെടുക്കാന്‍?

കൊച്ചി: വെണ്ണല സ്വദേശിയും വ്യവസായിയുമായ ജൂബി പൗലോസിനെ തട്ടിക്കൊണ്ടു പോയി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ പോയ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ വ്യാപകമായ പരാതികള്‍. സമാനമായ സംഭവങ്ങള്‍ പലപ്പോഴും ആവര്‍ത്തിച്ചിട്ടും സക്കീര്‍ ഹുസൈനെ പോലീസ് ബന്ധങ്ങളും ഭരണപക്ഷത്തെ സ്വാധീനവുമാണ് പലപ്പോഴും തുണച്ചത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് സക്കീര്‍ ഹുസൈന്‍ പലപ്പോഴും പ്രതിയോഗികളെ തന്റെ വരുതിക്ക് നിര്‍ത്തിയിരുന്നത്. നിലം നികത്തലും വാടകക്കാരെ ഒഴിപ്പിക്കലും എല്ലാം ഇതില്‍പ്പെടും. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചുളള ഓപ്പറേഷന് ശേഷം സക്കീര്‍ തന്നെ ഒത്തുതീര്‍പ്പുകാരന്റെ റോള്‍ എടുത്തണിയും.


അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ തൃക്കാക്കര മുന്‍ അസി. കമ്മീഷണര്‍ ബിജോ അലക്സാണ്ടറായിരുന്നു സക്കീര്‍ ഹുസൈനെ അതിരുവിട്ടു സഹായിച്ചിരുന്നതെന്ന് നേരത്തെ മുതല്‍ ആരോപണം ഉണ്ടായിരുന്നുവെങ്കിലും അധികൃതര്‍ ഇരുവരെയും സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ജൂബി പൗലോസ് നല്‍കിയ പരാതിയില്‍ കൃത്യമായി ബിജോ അലക്‌സാണ്ടറുടെ പേര് പരമാര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തിരുമാനിച്ചത്. വിജലന്‍സ് കേസില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ബിജോ അലക്‌സാണ്ടര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ അന്വേഷണ സംഘത്തിനു മുന്‍പില്‍  ഹാജരാകുമെന്നാണ്  സൂചന.

പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശിച്ചവരെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ നിരവധി സംഭവങ്ങളും സക്കീര്‍ ഹുസൈന്റെ അക്കൗണ്ടില്‍ ഉണ്ട്.

തട്ടിക്കൊണ്ടു പോയി പരിക്കേല്‍പ്പിച്ചുവെന്നാണ് സക്കീര്‍ ഹുസൈനെതിരായുളള കേസ്. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവം സക്കീര്‍ ഹുസൈന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ജൂബി പറയുന്നു.

എറണാകുളം കങ്ങരപ്പടിയിലുളള അക്‌സാ ഓര്‍ഗാനിക് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഷീലാ തോമസും  ലിന്റിക് ഓര്‍ഗാനമിക്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ  ജൂബിയും തമ്മില്‍ ബിസിനസ് ബന്ധങ്ങള്‍ ഉണ്ടായിരുന്നു. 35 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു ഷീല തോമസുമായി ചേര്‍ന്നു വ്യവസായം ആരംഭിച്ചുവെന്നും പിന്നീട് സ്ഥാപനത്തിന്റെ പൂര്‍ണ അവകാശം ഷീല തോമസിനു വിട്ടുകൊടുണമെന്ന് ആവശ്യപ്പെട്ട് സക്കീര്‍ ഭീഷണിപ്പെടുത്തിയെന്നും ജൂബി പൗലോസ് പറയുന്നു.

ജൂബിയും ഷീലയും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ലിന്റിക് എന്ന സ്ഥാപനത്തിലൂടെയായിരുന്നു ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റിരുന്നത്. കരാര്‍ ഉറപ്പിക്കുമ്പോള്‍ വന്‍ നഷ്ടത്തിലായിരുന്നു ഷീലയുടെ സ്ഥാപനമെന്ന് ജൂബി പറയുന്നു.  മൂന്ന് വര്‍ഷത്തെ കരാര്‍ ആയിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. കച്ചവടം ലാഭത്തിലായപ്പോള്‍ ഷീല കരാരില്‍ നിന്ന് പിന്‍മാറി.  ഇതേത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായെന്നും തന്നെ തന്റെ സ്ഥാപനത്തില്‍ കയറുന്നതില്‍ നിന്നു ഷീലയും ജീവനക്കാരും വിലക്കിയെന്നും തല്ലിച്ചതച്ചെന്നും ജൂബിയുടെ പരാതിയില്‍ പറയുന്നു. കോടതി വിധി അനുകൂലമായതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്നെ ബലമായി കാറില്‍ തട്ടിക്കൊണ്ടു പോയി പരിക്കേല്‍പ്പിച്ചത്. ബിജോ അലക്‌സാണ്ടര്‍ പല തവണ തന്നെ ഭീഷണിപ്പെടുത്തിയെന്നും ജൂബി പരാതിപ്പെട്ടിരുന്നു.

സക്കീര്‍ ഒളിവിലാണെന്നു പറയുമ്പോഴും അന്വേഷണ സംഘത്തിന് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പ്രതി സംസ്ഥാനം വിട്ടുവെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. കണ്ണൂരില്‍ ഒളിത്താവളത്തില്‍ പാര്‍ട്ടി സംരക്ഷണം ഒരുക്കിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സക്കീറിനെ കളമശേരി മാര്‍ക്കറ്റില്‍ കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു ക്വിക് റെസ്‌പോണ്‍സ് ടീം ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കളമശേരിയില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയതായി സൗത്ത് സിഎ സിബി ടോം നാരദാ ന്യൂസിനോട് പറഞ്ഞു.

സക്കീര്‍ ഹുസൈന്റെ ഫോണ്‍ ഓഫ് ആയത് ആലുവയിലാണെന്നും അതിനുശേഷം ജില്ല വിട്ടെന്നുമായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണു ശനിയാഴ്ച വൈകിട്ടു വൈപ്പിന്‍കര മേഖലയിലും കഴിഞ്ഞ ദിവസം  രാവിലെ എട്ടോടെ കളമശേരി മാര്‍ക്കറ്റിലും കണ്ടതായി അഭ്യൂഹമുയര്‍ന്നത്. ഇതേ തുടര്‍ന്നു സിറ്റി ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ നടന്നിരുന്നു.

സക്കീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നംവബര്‍ നാലിലേയ്ക്ക മാറ്റി.  കഴിഞ്ഞ വെള്ളിയാഴ്ച സക്കീര്‍ ഹുസൈന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജ്യാമ്യാപേക്ഷയിലാണ് കോടതി തീരുമാനം.

Read More >>