വീട്ടമ്മമാരുടെ ബോധം കെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിക്കല്‍ പരിപാടി

മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ നടത്തിയ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി സ്ത്രീകൾ തളർന്ന് വീണു.

വീട്ടമ്മമാരുടെ ബോധം കെടുത്തിയ റേഷൻ കാർഡ്  അപേക്ഷ സ്വീകരിക്കല്‍ പരിപാടി

നെയ്യാറ്റിൻകര: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസിൽ അഞ്ച് കൗണ്ടറുകളിലായി 12 ജീവനക്കാര്‍ ചേര്‍ന്ന് നടത്തിയ റേഷൻ കാർഡ് മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കല്‍ പരിപാടി വീട്ടമ്മമാര്‍ക്ക് ദുരിതമായി മാറി.

മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ നടത്തിയ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി സ്ത്രീകൾ തളർന്ന് വീണു. ചിലർക്ക് മോഹാലസ്യമുണ്ടായി. അയ്യായിരത്തിൽപ്പരം പേരാണ് അപേക്ഷ നൽകാൻ ഇന്നലെ രാവിലെ എത്തിയത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇവരോടൊപ്പം കൊച്ചുകുട്ടികളുമുണ്ടായിരുന്നു. പൊരിവെയിലിൽ മണിക്കൂറുകൾ കാത്തുനിന്ന് അവശരായും ഉന്തിലും തള്ളിലും പെട്ടുമാണ് പലരും കുഴഞ്ഞ് വീണത്.


പുതിയ റേഷൻ കാർഡിന്റെ കരട് പട്ടിക 20നാണ് അധികൃതർ പ്രസിദ്ധീകരിച്ചത്. പട്ടികയിൽ പരാതിയും ആക്ഷേപവുമുള്ളവർ 30നകം നിർദ്ദിഷ്ട ഫാറത്തിൽ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. തദ്ദേശ സ്ഥാപനങ്ങളിൽ കരട് പട്ടിക എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം യഥാസമയം ജനങ്ങളിലെത്തിക്കാൻ അധികൃതർക്കായില്ല. ഇതാണ് അപേക്ഷകരുടെ വൻതിരക്കിനിടയാക്കിയത്.

നിലവിൽ ബിപിഎൽ ലിസ്റ്റിലുള്ള ഭൂരിഭാഗം കാർഡുടമകളും പുതിയ റേഷൻകാർഡ് കരട് പട്ടിക പ്രകാരം മുൻഗണനേതര വിഭാഗത്തിലാണ്. ഇതിനെതിരെ പരാതി സമർപ്പിക്കാനെത്തിയവരായിരുന്നു  ഭൂരിഭാഗവും.

Read More >>