ഗോവയ്ക്ക് അഞ്ചാം തോൽവി, ജയത്തോടെ ഡൽഹി നാലാം സ്ഥാനത്തേക്ക്

ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടിയ ഡൽഹി നാലാം സ്ഥാനത്തേക്ക് കയറി. ഏഴ് കളികളിൽ നിന്ന് നാല് പോയിന്റ് മാത്രമുള്ള ഗോവ അവസാനക്കാരായി തുടരുകയാണ്.

ഗോവയ്ക്ക് അഞ്ചാം തോൽവി, ജയത്തോടെ ഡൽഹി നാലാം സ്ഥാനത്തേക്ക്

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ദൗർഭാഗ്യം വേട്ടയാടുന്ന നിലവിലെ റണ്ണറപ്പുകൾക്ക് ടൂർണമെന്റിലെ അഞ്ചാം തോൽവി. ഗോവൻ മണ്ണിൽ ആതിഥേയർക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച് ഡൽഹി ഡയനാമോസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 72-ആം മിനുറ്റിൽ ബ്രസീലിയൻ താരം മാഴ്‌സലീഞ്ഞോയും 76-ആം മിനുറ്റിൽ റിച്ചാർഡ് ഗാഡ്‌സെയും നേടിയ ഗോളിലാണ് ഡൽഹിയുടെ വിജയം.

കളി തുടങ്ങി അഞ്ചാം മിനുറ്റിൽ തന്നെ ഗോവയ്ക്ക് ഒരവസരം വീണുകിട്ടിയെങ്കിലും ഭാഗ്യക്കേട് വിനയായി. ജൂലിയോ സെസർ ജോഫ്രിക്ക് കൈമാറിയ പന്ത് റഫേൽ കൊയ്‌ലോയ്ക്ക് നൽകി. കൊയ്‌ലോ പന്ത് ചിപ്പ് ചെയ്ത് ഡൽഹി ഗോളിക്ക് മീതെ കൂടി പറത്തിയെങ്കിലും പ്രതിരോധനിരയിൽ നിന്നും അനസ് ഗോൾ ലൈനിൽ വച്ച് കുത്തിയകറ്റി കോർണറാക്കി. അഞ്ചാം മിനുറ്റിലായിരുന്നു ഇത്. ഇതിനിടെ തന്നെ ഗോവൻ പ്രതിരോധത്തിലെ പാളിച്ചകളും ആദ്യപകുതിയിൽ പ്രകടമായിരുന്നു. 16-ആം മിനുറ്റിൽ ഗോവയും 20-ആം മിനുറ്റിൽ ഡൽഹിയും മുന്നേറ്റം നടത്തി. 26-ആം മിനുറ്റിൽ ഗോവയുടെ മന്ദർ തൊടുത്ത പന്ത് ക്രോസ്ബാറിൽ തട്ടി പുറത്തുപോയി. ആദ്യപകുതിയിൽ ആക്രമണ പ്രത്യാക്രമണം ഇരുഭാഗത്തേക്കും ഉണ്ടായെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.


രണ്ടാം പകുതിയുടെ 72-ആം മിനുറ്റിൽ ഡൽഹി ഗോളി അന്റോണിയോ ഡോബ്‌ളസ് സന്റാന നീട്ടിയടിച്ച പന്ത് പിടിച്ചെടുത്ത് ഗോവൻ ഡിഫൻഡർമാരെ കബളിപ്പിച്ച് മുന്നേറിയാണ് മാഴ്‌സലീഞ്ഞോ ഗോൾ നേടിയത്. നാലു മിനുറ്റിനകം മാഴസലീഞ്ഞോ ബോക്‌സിനുള്ളിലേക്ക് ഹെഡ് ചെയ്തിട്ട പന്ത് വലയിലേക്ക് അടിച്ചുകയറ്റിയാണ് ഗാഡ്‌സെ ഡൽഹിയുടെ രണ്ടാം ഗോൾ നേടിയത്.
ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടിയ ഡൽഹി നാലാം സ്ഥാനത്തേക്ക് കയറി. ഏഴ് കളികളിൽ നിന്ന് നാല് പോയിന്റ് മാത്രമുള്ള ഗോവ അവസാനക്കാരായി തുടരുകയാണ്.

Read More >>